ലൈസൻസും ഹെല്‍മറ്റും വേണ്ട; കുറഞ്ഞ ചെലവിൽ ഇലക്ട്രിക് സ്കൂട്ടറിൽ ഇന്ത്യചുറ്റിയ ചുണക്കുട്ടികൾ

electric-scooter-trip
SHARE

പെട്രോളിന്റെ പൊള്ളുന്ന വില ഇന്ന് സാധാരണക്കാരായ മനുഷ്യരുടെ പോക്കറ്റിനാണ് തീപ്പിടിപ്പിക്കുന്നത്. വീട്ടിൽ നിന്ന് സ്വന്തം വണ്ടിയെടുത്ത് ഒന്ന് പുറത്തിറങ്ങാമെന്ന് വച്ചാൽ ഈ തീവിലയോർമ വരും. പിന്നെ എല്ലാം മടക്കി പോക്കറ്റിലിടും. ഒരു റോഡ് ട്രിപ്പ് പോയിട്ടെത്ര നാളായി എന്ന് പാവം വണ്ടി സങ്കടപ്പെടുന്നത് ആരെങ്കിലും അറിയുന്നുണ്ടോ. 

electric-travel1

ഈ പറഞ്ഞത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരേട് മാത്രം. എന്നാൽ കൊച്ചിയിൽ നിന്ന് മൂന്ന് ചെറുപ്പക്കാർ ഇരുചക്രവാഹനത്തിൽ കശ്മീരിലേക്ക് പോയി. പെട്രോളും ലൈസൻസും കീശ കാലിയാകുന്ന ചെലവുകളും ഒഴിവാക്കി ഇലക്ട്രിക് സ്കൂട്ടറിൽ രാജ്യം ചുറ്റിയ ചുണകുട്ടികളുടെ യാത്രാനുഭവത്തിലേക്ക്. 

ഓട്ടോ യാത്ര ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറിയപ്പോൾ

ഇലക്ട്രിക് സ്കൂട്ടറിൽ മൂന്നു ചെറുപ്പക്കാർ കൊച്ചിയിൽ നിന്നും കശ്മീരിലേക്ക് യാത്ര പുറപ്പെടുന്നു കേട്ടാൽ ആരും മൂക്കത്ത് വിരല്‍വയ്ക്കും. ഇലക്ട്രിക് സ്കൂട്ടർ ആയതിനാൽ ലൈസൻസ് ആവശ്യമില്ല,  കുത്തനെ ഉയരുന്ന പെട്രോൾ വില കീശ കാലിയാക്കുമെന്ന ഭയവും വേണ്ട.

വൈക്കം സ്വദേശി അഭിജിത്, ആലപ്പുഴ ചേർത്തല സ്വദേശികളായ അഖിലും ഷിബിനും, ഇവരാണ് ഈ തകർപ്പൻ യാത്രയുടെ സാരഥികൾ. യാത്രകളെ സ്നേഹിക്കുന്ന ഈ മൂവർ സംഘം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ടാണ് ഈ ഓൾ ഇന്ത്യ പര്യടനം പ്ലാൻ ചെയ്യുന്നത്. 

electric-travel

അഖിലാണ് അവരുടെ സംഭവ ബഹുലമായ കഥ ആദ്യം പറഞ്ഞു തുടങ്ങിയത്. എല്ലാവരും ട്രിപ്പ് പോകുന്നവരാണ്. പക്ഷേ എല്ലാവരേയും പോലെ ആകാതെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആലോചനയിലാണ് കശ്മീരിലേക്ക് പോയേക്കാം എന്ന ആശയം ഉദിച്ചത്. പക്ഷേ എങ്ങനെ? ഞങ്ങൾ മൂന്നുപേരുള്ളതു കൊണ്ട് ഓട്ടോറിക്ഷയിൽ പോകാം എന്ന് തീരുമാനിച്ചു, അതിനായി ഒരു പുതിയ ഓട്ടോ വാങ്ങി. നമ്മുടെ യാത്രപ്പോലെ ഓട്ടോയും വെറൈറ്റി ആകണ്ടേ. അതിന് പ്രത്യേകം പെയിന്റൊക്കെ അടിച്ച് അത് ഓടിക്കാനുള്ള അനുവാദം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്നും വാങ്ങി എല്ലാം റെഡിയാക്കിയപ്പോഴാണ് പെട്രോൾ വില അങ്ങ് ഹിമാലയം തൊട്ടത്. 

electric-scooter2

പിന്നെ പ്ലാൻ മാറ്റി, പെട്രോളടിക്കാതെ, ഏറ്റവും ചെലവ് കുറച്ച് എങ്ങനെ പോയി വരാം എന്നായി ചിന്ത. അങ്ങനെ ഞങ്ങൾ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചു. ഇനിയുള്ളത് ഞാൻ പറയാം. അഖിലിൽ നിന്നും ബാറ്റൺ അഭിജിത്തിലേക്ക് കൈമാറപ്പെട്ടു. 

electric-scooter3

ഈ ഇലക്ട്രിക് സ്കൂട്ടർ കുറേ പ്രത്യേകതകൾ ഉള്ളതാണ്. ഇതോടിക്കാൻ ലൈസൻസും ഹെൽമറ്റും വേണ്ട. പിന്നെ ആകെയൊരു പ്രശ്നമുള്ളത് 25 കിലോമീറ്റർ സ്പീഡിലേ വണ്ടി പോകൂ. നല്ല ക്ഷമയുള്ളവർക്ക് പറ്റിയ വണ്ടിയാണിതെന്ന് തമാശയായി അഭിജിത്ത് പറഞ്ഞു. 50 ദിവസമെടുത്തു ഞങ്ങൾ ഇവിടെ നിന്നും കശ്മീരെത്താൻ. ഇതിനിടെ ഈ പടക്കുതിര ഞങ്ങളെ ഒരിടത്തും ചതിച്ചില്ലെന്നത് എടുത്തു പറയണം. 

വണ്ടി റെഡിയായി, ഇനി ട്രിപ്പ് എങ്ങനെ?

ട്രിപ്പ് പൊളിയായിരുന്നു. പതുക്കെ പോകുന്നതിനാൽ ഓരോ മുക്കും മൂലയും വരെ വിശദമായി കണ്ട് യാത്ര ചെയ്യാനായി എന്ന് മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു. രണ്ട് സ്കൂട്ടറിലായിട്ടായിരുന്നു യാത്ര. ഒരു സ്കൂട്ടറിന് രണ്ട് ബാറ്ററിയാണുള്ളത്. ഒരെണ്ണം ഫുൾ ചാർജ്ജിൽ 120 കിലോമീറ്റർ വരെ ഓടും. 

പാഠപുസ്തകത്തിലെ ഇന്ത്യ കണ്ടപ്പോൾ

ഞങ്ങൾ പോയ റൂട്ട് ഇങ്ങനെയായിരുന്നു. കേരളം, മംഗലാപുരം, ഗോവ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, കശ്മീർ. സ്ഥലങ്ങളിലൂടെയാണെങ്കിലും ഇതു കൂടാതെ കടന്നുപോയ ഇഷ്ടം പോലെ സ്ഥലങ്ങൾ എടുത്തുപറയേണ്ടതുണ്ട്. കേരളം വിട്ടാൽ പിന്നെ നാഷണൽ ഹൈവേ ഇങ്ങനെ കിടക്കുവല്ലേ നീണ്ടു നിവർന്ന്.

electric-scooter1

ഞങ്ങള്‍ പതുക്കെയാണ് പോക്ക്. കാണുന്നയിടത്തൊക്കെ നിർത്തി, എല്ലാം ആസ്വദിച്ചായിരുന്നു യാത്ര. വണ്ടി ചാർജ്ജ് ചെയ്യാൻ 2-3 മണിക്കൂർ യാത്രക്കിടയിൽ ഇടവേളയെടുക്കും. രാത്രിയിലും വണ്ടിയോടിച്ചിട്ടുണ്ട്. താമസം ഞങ്ങളുടെ ടെന്റിൽ. ടെന്റ് അടിയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഹോട്ടൽ മുറിയെടുക്കും.   

kashmir-travel

അങ്ങനെ പൂനെ കഴിഞ്ഞ് ചെല്ലുമ്പോൾ ഗോരഖ്പൂർ റൂട്ടുണ്ട്. ശരിക്കുപറഞ്ഞാൽ പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ പുസ്തകത്തിൽ കാണുന്ന ചില ചിത്രങ്ങളില്ലേ. ഒറ്റയടിപ്പാതയ്ക്ക് ഇരുവശത്തും വയലുകളും ചെറിയ വീടുകളും. അത് അക്ഷരാർത്ഥത്തിൽ വരച്ചു വച്ചിരിക്കുന്നതാണോ എന്ന് തോന്നും ആ വഴി പോകുമ്പോൾ. ഇതുപോലെയുള്ള കാഴ്ചകൾ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ടെന്ന് കാണുമ്പോൾ അദ്ഭുതപ്പെട്ടുപോകും. 

electric-scooter-trip1

ഹൈവേയിൽ നിന്ന് മാറി നാട്ടുവഴികളിലേക്ക് കയറിയാൽ നമ്മൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മനുഷ്യജീവിതങ്ങൾ നേരിട്ടറിയാം. മെട്രോ നഗരത്തിൽ നിന്നും പോയ ഞങ്ങൾക്ക് അതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അങ്ങനെയാണെങ്കിൽ ഈ യാത്രയിലെ മറക്കാനാവാത്ത ഒരനുഭവം പറയാനുണ്ടെന്ന് അഖിൽ. അങ്ങനെ വരട്ടെ, കഥയിൽ ഒരു ട്വിസ്റ്റൊക്കെ വേണ്ടേ. 

ഗുജറാത്തിലെ മലയാളിച്ചേട്ടന്‍

നമ്മുടെ നാട് വിട്ടാൽ ചോറ് കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഞങ്ങളുടേത് ഒരു ബജറ്റ് ട്രിപ്പായതു കൊണ്ട് തന്നെ ഏറ്റവും ചെലവ് ചുരുക്കിയായിരുന്നു പോയിരുന്നത്. ലഘുഭക്ഷണങ്ങളും വെള്ളവും പിന്നെ ചെല്ലുന്നയിടത്ത് കുറഞ്ഞ ചെലവിൽ കിട്ടുന്ന ഭക്ഷണവുമെല്ലാമായിരുന്നു.

scooter-trip1

അങ്ങനെ വണ്ടി ഓടിച്ച് ഗുജറാത്തിലെത്തിയപ്പോൾ ഒരു പഫ്സിന് 5 രൂപ എന്ന് കണ്ട കടയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. ഉള്ളിലൊന്നുമില്ലാത്ത ആ പഫ്സിനെക്കുറിച്ച് സംസാരിച്ചത് കേട്ടിട്ടാവണം ഇങ്ങനെയൊരു ചോദ്യം കടക്കാരൻ ഞങ്ങളോട് ചോദിച്ചു.   

 "മലയാളികളാണോ?

അതെ എന്ന ഞങ്ങളുടെ ഉത്തരം കേട്ടതും അയാൾ ഫോണെടുത്ത് ആരെയോ വിളിച്ചു. സംഭവം പ്രശ്നമാകുമോ എന്ന് വിചാരിച്ച് ഞങ്ങൾ പതിയെ അവിടെ നിന്നും വിട്ടാലോ എന്നാലോചിച്ച് നിൽക്കുമ്പോൾ ഒരാൾ അടുത്തേയ്ക്ക് വന്ന് എവിടെ പോകുന്നു എന്ന് നല്ല പച്ചമലയാളത്തിൽ ഒരു ചോദ്യം. ആദ്യം ഞങ്ങൾ ഞെട്ടി. പിന്നെയാണ് കാര്യം പിടികിട്ടിയത് ,ആ കടക്കാരൻ വിളിച്ചത് ഈ മലയാളിച്ചേട്ടനെയായിരുന്നു. ഈ ചേട്ടനും പറയാനുണ്ടൊരു സംഭവബഹുലമായ ജീവിത കഥ. 

scooter-trip

"മുപ്പത് വർഷമായി ഞാനിവിടെയെത്തിയിട്ട്"

ചേട്ടൻ പറഞ്ഞു തുടങ്ങി. തിരുവനന്തപുരത്ത് നിന്നും ചെറിയ പ്രായത്തിൽ ഗുജറാത്തിലെത്തിയ ഈ മനുഷ്യൻ മുപ്പത് വർഷങ്ങൾക്കിപ്പുറം ഈ നാടിന്റെ മകനാണ്. നമ്മുടെ മൂവർ സംഘത്തിന് കച്ചിലേക്കാണ് ഇനി പോകേണ്ടത് എന്ന് പറഞ്ഞപ്പോൾ, കുറച്ച് ചോറുണ്ടിട്ട് പോയാൽ പോരെ എന്ന് മറുചോദ്യം വന്നു. ചോറെന്ന് കേട്ടതും തങ്ങൾ മൂന്ന് പേരും പുള്ളിയുടെ പുറകെ പോയി.

ആ ചേട്ടൻ വീടെല്ലാം കാണിച്ചു തന്നു. പിന്നെ ഒരു സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ഞങ്ങളെ കൊണ്ടു പോയി. നല്ല രസമുള്ള വല്ല ഗ്രാമക്കാഴ്ചകളുമായിരിക്കും എന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ ഉള്ളിപ്പാടത്തിന്റെ അരികിലൂടെ കടന്നു പോയപ്പോൾ ഞങ്ങളത് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചെന്ന് നിന്നത് ഒരു ഒഴിഞ്ഞ സ്ഥലത്ത്.

scooter-trip2

കണ്ടാൽ ഏതോ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എന്നൊക്കെ തോന്നാം. വഴിയിൽ മടിച്ചു നിന്ന ഞങ്ങളെ അദ്ദേഹം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അതൊരു ശ്മശാനമായിരുന്നു. ഞങ്ങളെ കൊണ്ടു പോയത് അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ മരിച്ചു പോയ മകന്റെ കൂടീരത്തിങ്കലേക്കും. ശവകുടീരമാണെങ്കിലും നമുക്ക് അങ്ങനെ അത് തോന്നില്ല. കാരണം അവിടെ സന്ദർശകർക്ക് ഇരിക്കാനുള്ള മന്ദിരവും കുടിവെള്ളത്തിനുള്ള സൗകര്യവും ആ ചേട്ടൻ ഒരുക്കിയിട്ടുണ്ട്. തന്റെ മകന്റെ ഓർമക്കായി ലക്ഷങ്ങൾ മുടക്കിയാണ് അദ്ദേഹമത് ചെയ്തത്. ഞങ്ങൾക്കതൊരു വല്ലാത്ത അനുഭവമായിരുന്നു. 

ഇതിനിടെ അഹമ്മദാബാദിൽ വച്ച് ബാഗ് മോഷണം പോയിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു. മുടിയില്ലാത്തവൻ മൊട്ടയടിച്ചപ്പോൾ കല്ല് മഴ എന്ന് പറഞ്ഞതുപോലെ പിശുക്കി പിശുക്കി വച്ചിരുന്ന പൈസയുടെ ഒരു ഭാഗം ആ കള്ളൻ കൺമുമ്പിൽ നിന്നും എടുത്തോണ്ട് ഓടുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. 

ഇനി വണ്ടി കച്ചിലേക്ക്

ഗുജറാത്ത് കാഴ്ചകളിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത കാഴ്ചയാണ് റാൻ ഓഫ് കച്. ഇവിടെ വരെ വന്നിട്ട് ആ മനോഹരയിടം കാണാതെ പോകുന്നതെങ്ങനെയാണ്. ദേശീയ പാതയിൽ നിന്ന് ഉള്ളിലേക്കുള്ള യാത്രയായിരുന്നു അത്.  

688019396

പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന ആ ഉപ്പ് മരുഭൂമിയിലൂടെ ഞങ്ങൾ വണ്ടിയോടിച്ചു. പാക്കിസ്ഥാന്‍. അതിർത്തി അകലെ കാണാമായിരുന്നുവെങ്കിലും രാത്രി ആയതിനാൽ ഞങ്ങൾ പോയില്ല. കാരണം അവിടെ പ്രശ്നങ്ങളുള്ള സ്ഥലങ്ങൾ ആണെന്നും മോഷണവും പിടിച്ചുപറിയും മറ്റു ഉപദ്രവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പലരും പറഞ്ഞതിനാൽ മടങ്ങി പോരേണ്ടി വന്നു. പക്ഷേ ജീവിതത്തിൽ മറക്കാനാവാത്ത യാത്ര അനുഭവങ്ങളിൽ ഒന്ന് തന്നെയായിരുന്നു കച്ചിലേക്കുള്ളത്.

കശ്മീരിലും കിട്ടി എട്ടിന്റെ പണി 

അങ്ങനെ വണ്ടി കശ്മീരിലേക്ക് കയറി. ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. രാത്രിയായപ്പോഴാണ് അവിടെ എത്തുന്നത് കൊടുംതണുപ്പും. താമസിക്കാൻ മുറി അന്വേഷിക്കാമെന്ന് കരുതി നിൽക്കുമ്പോഴാണ് ഒരാൾ വണ്ടിയുമായി അടുത്തെത്തി മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കാം എന്ന് പറഞ്ഞ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരാൾക്ക് 300 രൂപ തന്നാൽ മതി എന്നായിരുന്നു അയാൾ ആദ്യം പറഞ്ഞത്. 

Trip-To-Rann-Of-Kutch

ടൗണിൽ നിന്നും മൂന്നു നാല് കിലോമീറ്റർ ഉള്ളിലേക്ക് യാത്ര ചെയ്തു ഒരു ഹോട്ടലിൽ എത്തി. അവിടെയെത്തിയപ്പോൾ അയാളുടെ വിധം മാറി,300 എന്നുള്ളത് 500 ആയി. തിരിച്ചു പോരാം എന്നു കരുതിയാൽ വഴിയും അറിയില്ല രാത്രി സമയവും, എന്തു ചെയ്യും. പിന്നെ അയാൾ പറഞ്ഞതിന് വഴങ്ങി ഞങ്ങൾ അവിടെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു.

പിറ്റേന്ന് 12 മണിക്കാണ് വെക്കേറ്റ് ചെയ്യേണ്ടത്. ഞങ്ങൾ 12. 30 ന് റിസപ്ഷനിൽ എത്തിയപ്പോൾ 3 മിനിറ്റ് വൈകിയതിന് 3000 രൂപ അയാൾ ചോദിച്ചു. കൂടെ ഭക്ഷണത്തിൻറെ 600 രൂപ വേറെയും. പെട്ടുപോയ അവസ്ഥയായിരുന്നു.

ഇതെന്താ വെള്ളരിക്കാപട്ടണമാണോ?

ശരിക്കും പണിപാളിയ അവസ്ഥയായിരുന്നു കശ്മീരിലേത്. പണം നൽകാനാവില്ലെന്ന് ഞങ്ങളും തരാതെ ഇവിടെനിന്ന് വിടില്ലെന്ന് അയാളും. പിന്നീട് അയാളുടെ സംസാരത്തിന്റെ രീതിയെല്ലാം മാറാൻ തുടങ്ങി. നിങ്ങൾ എവിടെനിന്നു വരുന്നു ,ഏതു മതക്കാരാണ് എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഞങ്ങൾ ആകെ പെട്ട അവസ്ഥ. പിന്നെ ഷിബിന്റെ പരിചയത്തിലുള്ള ആർമിയിലെ ഒരു ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. പുള്ളി നാട്ടിൽ ആയിരുന്നു അപ്പോൾ. പക്ഷേ അദ്ദേഹം വേഗം തന്നെ കശ്മീരിലുള്ള സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു.

kashmir

ഉടൻതന്നെ മലയാളികളായ പട്ടാളക്കാർ ഞങ്ങളെ വിളിച്ചു സഹായം വേണോ എന്ന് ചോദിച്ചു. ഞങ്ങൾ ആർമിയെ വിളിക്കുന്നതറിഞ്ഞ അയാൾ നയം മാറ്റി. പണം പകുതി തന്നാൽ മതിയെന്നായി. പട്ടാളക്കാർ പറഞ്ഞു, അവരുടെ കയ്യിൽ ആയുധമുണ്ടാകും സൂക്ഷിക്കണമെന്ന്. ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കുറച്ച് മലയാളികളെ കണ്ടുമുട്ടി അതോടെ അയാൾ ഞങ്ങളുടെ വഴിക്ക് വന്നു. അങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. 

അവിടെ വച്ച് പരിചയപ്പെട്ട ഒരു മലയാളി ചേട്ടൻ അദ്ദേഹത്തിന്റെ ഹോംസ്റ്റേയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഇവിടെയുള്ളവർക്ക് കേരളം എന്നുപറഞ്ഞാൽ കോഴിക്കോടും മലപ്പുറവും കൊച്ചിയും മാത്രമാണ്. മറ്റ് നാടുകൾ ഒന്നുമില്ല. കോഴിക്കോടുകാരനായ ചേട്ടൻ കശ്മീരിൽ ഹോംസ്റ്റേ ബിസിനസ് നടത്തുകയാണ്. 

അതിമനോഹരം ഇൗ കാഴ്ച

മലയിടിഞ്ഞു വരുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയും ദാല്‍  തടാകത്തിന്റെ മനോഹരമായ ദൃശ്യവും എല്ലാം ആവോളം തങ്ങൾ ആസ്വദിച്ചു അനുഭവിച്ചു. ജീവിതത്തിൽ ഇതുപോലെ ഒരു ലക്ഷ്യം കൈവരിക്കാൻ ആകും എന്ന് ഞങ്ങൾ മൂന്നുപേരും കരുതിയിരുന്നില്ലെന്നും അഖിൽ പറഞ്ഞു.

INDIA-KASHMIR-HEALTH-VIRUS-EDUCATION

രണ്ട് വ്യത്യസ്ത അനുഭവങ്ങളിലും ഞങ്ങൾക്ക് തുണയായത് മലയാളികളായിരുന്നു എന്നത് ഈ യാത്രയിൽ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. യാത്രയിലെ ആകെ ഒരു ചെറിയ നഷ്ടം എന്നുപറയുന്നത് വാഗാ അതിർത്തിയിലെ പരേഡ് കാണാനായില്ല എന്നതു മാത്രമാണെന്ന് അഖിൽ പറയുന്നു. ദൂരെനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൊടികൾ പാറുന്നത് മാത്രം കണ്ടു ഞങ്ങൾ മടങ്ങി. പക്ഷേ അടുത്ത യാത്രയിൽ തങ്ങൾ അതും കാണും എന്ന് മൂവരും ഒരുമിച്ചു പറയുന്നു. 

അങ്ങോട്ട് സ്കൂട്ടർ ഓടിച്ചു പോയെങ്കിലും തിരിച്ചു ട്രെയിനിലായിരുന്നു യാത്ര. കാരണം കൊറോണയുടെ വർദ്ധിച്ചുവരുന്ന വ്യാപനവും ഒപ്പം പലസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതും ബൈക്കിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാവും എന്ന് തോന്നിയതിനാലാണ് അങ്ങനെ തീരുമാനം എടുത്തത്. മനസ്സുവച്ചാൽ നടക്കാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല. അടുത്ത യാത്ര ഓട്ടോറിക്ഷയിൽ കേരള പര്യടനമാണ്.

English Summary: No Licence Required youth Indian Tour in Electric Scooter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA