ADVERTISEMENT

ചെലവാക്കുന്ന ഫുള്‍ പൈസ വസൂല്‍ എന്നു മനസ്സറിഞ്ഞു പറയാന്‍ ഏതൊരു സഞ്ചാരിക്കും പറ്റുന്ന ഒരു യാത്രയാണ് ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലേക്കുള്ളത്. വിനോദസഞ്ചാരികള്‍ക്ക് കണ്ണും മനസ്സും നിറയെ, ഉത്സവക്കാഴ്ചയൊരുക്കുന്ന ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നാണിത്. ജൈവവൈവിധ്യവും ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളും തടാകങ്ങളും മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളുമെന്നു വേണ്ട, സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്! 

Chitrakote-waterfalls

ഭാവിയിലെ വിനോദസഞ്ചാര സാധ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 45 മെഗാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ/ സർക്യൂട്ടുകളിൽ ഒന്നായി ജഗദൽപൂർ- തീരത്ഗഡ് - ചിത്രകൂട് - ബർസൂർ- ദന്തേവാഡ - തീരത്ഗഡ് സർക്യൂട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും മനസ്സു നിറയ്ക്കുന്ന പാരമ്പര്യവുമെല്ലാം കണ്ടും അറിഞ്ഞും ഒരിക്കല്‍ യാത്ര ചെയ്തവര്‍ക്ക് ജഗദല്‍പൂര്‍ എന്നത് എന്നെന്നും ഓമനിക്കാവുന്ന രമണീയമായ ഒരോര്‍മ്മയാണ്.

വെള്ളച്ചാട്ടങ്ങള്‍ക്ക് കണക്കില്ല

അതിമനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജഗദൽപൂർ. ഇവയില്‍ പലതും മഴക്കാലത്ത് മാത്രം ഉണ്ടാകുന്നവയാണ്. ജഗദല്‍പൂരിലെ പ്രശസ്തമായ ചില വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം.

ചിത്രധാര വെള്ളച്ചാട്ടം

ജഗദൽപൂരിൽ നിന്ന് 19 കി.മീ അകലെയാണ് കുതിരലാടത്തിന്‍റെ ആകൃതിയിലുള്ള ചിത്രധാര വെള്ളച്ചാട്ടമുള്ളത്. ഏറെ ജനപ്രിയമായ ഒരു പിക്നിക് കേന്ദ്രമാണ് ഇവിടം.

ചിത്രകോട്ട് വെള്ളച്ചാട്ടം

ജഗദൽപൂരിന് ഏകദേശം 38 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിത്രകോട്ട് വെള്ളച്ചാട്ടവും ഏറെ പ്രശസ്തമാണ്. "ഇന്ത്യൻ നയാഗ്ര വെള്ളച്ചാട്ടം" എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണിത്. ഇന്ദ്രാവതി നദി പൊടുന്നനെ 100 അടി താഴ്ചയുള്ള ഗുഹയിലേക്ക് പതിക്കുന്നിടത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. 

Chitrakote-Waterfalls

ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള മഴക്കാലത്തും അതിനു ശേഷവുമാണ് ചിത്രകോട്ട് വെള്ളച്ചാട്ടം ഏറ്റവും സമൃദ്ധമായി കാണപ്പെടുന്നത്. വെള്ളച്ചാട്ടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ താമസസൗകര്യവും ലഭ്യമാണ്. ഛത്തീസ്ഗഡ് ടൂറിസം ബോർഡിന്‍റെ (സിടിബി) ലോഗ് ഹട്ടുകൾ ആണ് ഇവിടെ സന്ദര്‍ശകര്‍ക്ക് താമസത്തിനായി ഒരുക്കിയിട്ടുള്ളത്. 

മണ്ഡവ വെള്ളച്ചാട്ടം

ജഗദൽപൂരിൽ നിന്ന് 31 കിലോമീറ്റര്‍ പടിഞ്ഞാറായാണ് മണ്ഡവ വെള്ളച്ചാട്ടം. ഇതു കൂടാതെ, 44 കിലോമീറ്റർ പടിഞ്ഞാറായി മെന്ദ്രി ഘുമർ, 45 കിലോമീറ്റർ പടിഞ്ഞാറായി തംദ ഘുമർ എന്നിവയുമുണ്ട്.

തീരത്ഗഡ് വെള്ളച്ചാട്ടം

300 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ജഗദൽപൂരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് അകലെയുള്ള കാംഗർ വാലി നാഷണൽ പാർക്കിലാണ്. പാര്‍ക്കിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് നടന്നു ചെന്നാല്‍, ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാം. തീരത്ഗഡ് വെള്ളച്ചാട്ടത്തിന് ചിത്രകോട്ട് പോലെ വീതിയില്ലെങ്കിലും, ഇവയുടെ ചുവട്ടിൽ നിന്ന് കൊതിതീരും വരെ നനയാം. അല്ലെങ്കിൽ നടുവിൽ നിന്ന് ഉയരുന്ന ഒരു പാറയുടെ മുകളിൽ കൂടി നടക്കാം. വെള്ളച്ചാട്ടത്തിന് എതിർവശത്ത് ഒരു വലിയ പാറയിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. ചുറ്റും 1,000 വർഷം പഴക്കമുള്ള, ഹിന്ദു നാഗരികതയുടെ അവശിഷ്ടങ്ങളും കാണാം. 

Chitrakote-waterfalls1

സന്ദര്‍ശകരുടെ പ്രിയപ്പെട്ട പിക്നിക് സ്പോട്ട് കൂടിയാണ് തീരത്ഗഡ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

പുരാതന ലോകത്തേക്ക് മിഴി തുറക്കുന്ന കാഴ്ചകള്‍

വെള്ളച്ചാട്ടങ്ങള്‍ കൂടാതെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. നഗര മധ്യത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ഒരു നരവംശശാസ്ത്ര മ്യൂസിയമുണ്ട്. ഇവിടെനിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായി, കക്തിയ രാജവംശത്തിലെ ഭരണാധികാരികൾ നിർമിച്ച പുരാതന കൊട്ടാരമുണ്ട്.

ജഗദൽപൂരിൽ ബോട്ടിങ് സൗകര്യമുള്ള ഒരു വലിയ തടാകവുമുണ്ട്. സഞ്ജയ് മാർക്കറ്റ് ഏരിയയിലൂടെ നടക്കുന്നതും സന്തോഷം പകരുന്ന അനുഭവമാണ്.

തടികളില്‍ കൊത്തിയുണ്ടാക്കുന്ന കലാരൂപങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം. ബസ്തറിന്‍റെ സംസ്കാരം, പാരമ്പര്യം, എന്നിവ കൊത്തിയെടുത്ത മരങ്ങളും ശില്‍പങ്ങളുമെല്ലാം വാങ്ങാനായി നിരവധിപ്പേര്‍ ഇവിടെയെത്താറുണ്ട്.

ഇവ കൂടാതെ, കൊതുംസർ ഗുഹകള്‍, ദണ്ഡക് ഗുഹകൾ  കംഗേർ ഘടി ദേശീയോദ്യാനം , ഇന്ദ്രാവതി ദേശീയോദ്യാനം , ദന്തേശ്വരി ക്ഷേത്രം, ബർസൂരിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങൾ, ജഗന്നാഥ ക്ഷേത്രം, മാവ്‌ലി ക്ഷേത്രം, ലക്ഷ്മി-നാരായണ ക്ഷേത്രം, ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം എന്നിവയും സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളാണ്. 

English Summary: Best Places to Visit in Jagdalpur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com