ADVERTISEMENT

രമ്യ, ശ്രുതി ആര്‍, ജിന്‍സി, ശ്രുതി ശ്രീകുമാര്‍, ശില്‍ക്ക... അഞ്ച് പെണ്ണുങ്ങള്‍, അവര്‍ ജനിച്ചതും വളര്‍ന്നതും വ്യത്യസ്ത സ്ഥലങ്ങളില്‍, ജോലിയും പ്രവൃത്തി മണ്ഡലവുമെല്ലാം അഞ്ചു തരം. എന്നിട്ടും അവര്‍ ഇക്കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ 12 ദിവസത്തോളം വലിയൊരു യാത്രക്കുവേണ്ടി ഒരൊറ്റ മനസായി. മഞ്ഞു മരുഭൂമിയെന്ന് വിളിപ്പേരുള്ള സ്പിതി താഴ്‌വരയിലേക്ക് ശൈത്യകാലത്ത് ബൈക്കില്‍ പോവുകയെന്ന വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാക്കിയത്. സ്പിതി താഴ്‌വര കീഴടക്കുന്ന ആദ്യ മലയാളി പെണ്‍ റൈഡര്‍മാര്‍ എന്ന പെരുമ സ്വന്തമാക്കിയാണ് ഈ പെണ്‍പട മടങ്ങിയത്. 

ഒന്നിപ്പിച്ച പാഷന്‍

റൈഡിങ്ങിനും യാത്രയ്ക്കും വേണ്ടിയുള്ള കൂട്ടായ്മകളില്‍ പലപ്പോഴായാണ് ഇവര്‍ അഞ്ചു പേരും പരിചയപ്പെടുന്നത്. ഡോണ്ട്‌ലസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സ് എന്ന കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് കൂട്ടായ്മ വഴിയായിരുന്നു ഇത്. 2018ലാണ് ഡോണ്ട്‌ലസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സിന്റെ എറണാകുളം ചാപ്റ്റര്‍ പ്രവര്‍ത്തനം തുടരുന്നത്. അതിന്റെ ചുമതലക്കാരായിരുന്നു ശ്രുതി ആറും രമ്യ ആര്‍ പിള്ളയും. അപ്പോഴാണ് ശ്രുതി ശ്രീകുമാര്‍ ഇവരെ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കൊളുക്കുമല റൈഡില്‍ വച്ചാണ് ഇവരുടെ കൂട്ടത്തിലേക്ക് ശില്‍ക്കയും ജിന്‍സിയും എത്തുന്നത്. 

bullet-travel

വ്യത്യസ്ത തൊഴില്‍മേഖലയിലുള്ള ഇവരെ ഒന്നിപ്പിച്ചത് യാത്രകളോടും ബൈക്ക് റൈഡിങ്ങിനോടുമുള്ള ഇഷ്ടവും ആവേശവുമാണ്. പി.സി.ബി.എല്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജരാണ് രമ്യ ആര്‍.പിള്ള, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡെന്റല്‍ ഹൈജീനിസ്റ്റാണ് ജിന്‍സി, ഫ്രീലാന്‍സ് അധ്യാപികയും ഗവേഷണ വിദ്യാര്‍ഥിനിയുമാണ് ശില്‍ക്ക, മൈ ജി ഇ കൊമേഴ്‌സ് എക്‌സിക്യൂട്ടീവാണ് ആര്‍. ശ്രുതി, ഡിലോയിറ്റ് എ.ഇ.ആര്‍.എസിലെ ഓഡിറ്റ് സീനിയര്‍ അസിസ്റ്റന്റാണ് ശ്രുതി ശ്രീകുമാര്‍. ഇവര്‍ അഞ്ചു പേരും ചേര്‍ന്നാണ് 'ബൈക്ക് ഒഡീസി 2022'' എന്നു പേരിട്ട സ്പിതിയിലേക്കുള്ള യാത്ര നടത്തിയത്. 

തയാറെടുപ്പുകള്‍

മൂന്ന് ബൈക്കുകളിലാണ് ഇവര്‍ സ്പിതിയിലേക്ക് റൈഡ് ചെയ്തത്. രമ്യ, ശ്രുതി ആര്‍, ശ്രുതി ശ്രീകുമാര്‍, ജിന്‍സി എന്നിവരായിരുന്നു ബൈക്ക് ഓടിച്ചത്. ശില്‍ക്ക റൈഡര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പില്യണായിരുന്നു. പെട്ടെന്നൊരു ദിവസം തീരുമാനിച്ച് പോയ യാത്രയല്ല ഇത്. കൃത്യമായ തയാറെടുപ്പുകള്‍ ഇവര്‍ യാത്രയ്ക്ക് വളരെ മുൻപ് തന്നെ നടത്തിയിട്ടുണ്ട്. 

bullet-travel4

യാത്രയ്ക്ക് മുന്നോടിയായി ഏതാണ്ട് ആറ് മാസത്തോളം ജിമ്മില്‍ പോവുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. മരംകോച്ചുന്ന തണുപ്പില്‍ സ്പിതിയിലേക്കുള്ള ബൈക്ക് യാത്ര ശാരീരികമായും മാനസികവുമായും വെല്ലുവിളിയാകുമെന്ന ബോധ്യത്തിലായിരുന്നു ഇത്. 2,000 കിലോമീറ്റര്‍ താണ്ടിയ യാത്രയില്‍ 50-60 കിലോമീറ്ററോളം റോഡുപോലുമില്ലാത്ത ഓഫ് റോഡിലൂടെയാണ് സഞ്ചാരം. ഈ വഴികളൊക്കെ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ ഇവരെ സഹായിച്ചത് മികച്ച മുന്നൊരുക്കങ്ങള്‍ കൂടിയായിരുന്നു. 

സ്പിതിയെന്ന സ്വപ്നം

2019 ഒക്ടോബറില്‍ രമ്യയും ശ്രുതി ആറും ചേര്‍ന്ന് കന്യാകുമാരി മുതല്‍ കശ്മീര്‍(K2K) വരെ ബൈക്ക് റൈഡ് നടത്തിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 18,380 അടി ഉയരത്തിലുള്ള കര്‍ദുംഗ്‍‍ല പാസ് വരെ ഇവര്‍ അന്ന് പോയിരുന്നു. ഈ റൈഡിന് ശേഷം രമ്യയാണ് സ്പിതിയിലേക്ക് പോകണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിക്കുന്നത്. ഹിമ മരുഭൂമിയെന്ന് വിശേഷണമുള്ള സ്പിതിയിലേക്ക് മഞ്ഞുകാലത്ത് തന്നെ ബുള്ളറ്റില്‍ പോകണമെന്ന രമ്യയുടെ സ്വപ്‌നമാണ്, ഒടുവില്‍ ഇവരുടെ അഞ്ചംഗ സംഘം ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയത്. 

bullet-travel1

ബൈക്കുകള്‍ മാര്‍ച്ച് 18ന് ചണ്ഡീഗഡിലേക്ക് ട്രെയിനില്‍ കയറ്റി അയച്ചു. മാര്‍ച്ച് 20ന് ചണ്ഡീഗഡില്‍ എത്തി 21ന് യാത്ര ആരംഭിച്ചു. മാര്‍ച്ച് 30ന് തിരിച്ച് ചണ്ഡീഗഡ് എത്തി. ഇതില്‍ മൂന്ന് ദിവസത്തോളം പൂര്‍ണ്ണമായും സ്പിതി താഴ്‌വരയില്‍ തന്നെയായിരുന്നു കഴിഞ്ഞത്. 

അത്രമേല്‍ പരിചിതമല്ലാത്ത ഭൂപ്രകൃതിയിലൂടെയുള്ള റൈഡിങ് വെല്ലുവിളി നിറഞ്ഞതാണ്. പ്രത്യേകിച്ച് ഹിമാലയന്‍ റോഡുകളിലെ ഓഫ് റോഡിംങ്. ഇക്കാര്യം അറിയാവുന്നതുകൊണ്ടുതന്നെ ബൈക്കുകള്‍ക്ക് വേണ്ട പരിശോധനകളും മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഒന്നു പൊട്ടിയാലും വഴിയില്‍ കിടക്കാതിരിക്കാന്‍ എക്‌സ്ട്രാ ക്ലച്ച് കേബിളും ആക്‌സിലേറ്റര്‍ കേബിളും ചേര്‍ത്തു. ആവശ്യമുള്ളവയുടെ ടയര്‍ മാറ്റി. കാരിയറുകള്‍ ഘടിപ്പിച്ചു. ഗുരുതരമായ പ്രശ്‌നം മൂലമല്ലാതെ യാത്ര മുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളായിരുന്നു ഇവയെല്ലാം. റൈഡര്‍മാരായതുകൊണ്ടുതന്നെ അഞ്ചുപേര്‍ക്കും സുരക്ഷാ ഗിയറുകളും റൈഡിംങ് വസ്ത്രങ്ങളുമൊക്കെ നേരത്തെ തന്നെ ഉണ്ടായിരുന്നു. 

സ്പിതി ഒരു വൈബാണ്

ചണ്ഡീഗഡില്‍ നിന്നും സ്പിതിയിലേക്കും തിരിച്ചുമാണ് ബൈക്കില്‍ ഇവര്‍ യാത്ര ചെയ്തത്. ഏതാണ്ട് 2,000 കിലോമീറ്റര്‍ ദൂരം ഇതിനിടെ ഇവര്‍ മറികടന്നു. സമുദ്ര നിരപ്പില്‍ നിന്നും 14,000 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ മലനിരകള്‍ക്കിടയിലെ സമതലമാണ് സ്പിതി. ഇടനാട് എന്നാണ് സ്പിതി എന്ന വാക്കിന്റെ അര്‍ഥം. ഭൂമിശാസ്ത്രപരമായി ടിബെറ്റിനും ഇന്ത്യക്കും ഇടയില്‍ സ്ഥിതി ചെയ്യുന്നതിനാലാവാം ഈ പേരു ലഭിച്ചത്.

ടിബറ്റിലും ലഡാക്ക് മേഖലയിലുമുള്ള വജ്രായന ബുദ്ധ വിശ്വാസികളാണ് സ്പിതി താഴ്‌വരയിലുമുള്ളത്. ശാന്തിയും സമാധാനവും ഏറെ ഇഷ്ടപ്പെടുന്ന കാപട്യങ്ങളില്ലാതെ പെരുമാറുന്നവരെന്നാണ് സ്പിതിയിലെ നാട്ടുകാരെക്കുറിച്ച് ഇവര്‍ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊന്നിലേക്കെത്താന്‍ പോലും കിലോമീറ്ററുകള്‍ ചെങ്കുത്തായ പാതകള്‍ താണ്ടണം. 

വളരെ മനോഹരമായ പ്രകൃതിയും അതിലും മനോഹരമായ മനുഷ്യരുമാണ് സ്പിതിയുടെ സവിശേഷത. നഗരത്തിന്റെ ബഹളങ്ങളും നെട്ടോട്ടവും കുറച്ചു ദിവസത്തേക്കെങ്കിലും മറക്കാനായി എത്തുന്നവരുടെ മനസില്‍ ശാന്തിയും സമാധാനവും നിറച്ചാണ് സ്പിതിയിലെ പ്രകൃതിയും മനുഷ്യരും തിരിച്ചയക്കാറ്. നിങ്ങളുടെ ഏത് സാധനവും ഇവിടെ പുറത്ത് വെച്ചു പോയാലും ആരും മോഷ്ടിക്കില്ലെന്ന് പറയുന്ന നാട്ടുകാരുടെ മാനസിക വിശാലത സ്പിതിയിലെ ഓരോ കാഴ്ച്ചകളിലുമുണ്ട്. 

bullet-travel3

മഞ്ഞുകാലത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവരുടെ അഞ്ചംഗ സംഘം സ്പിതിയിലെത്തുന്നത്. എന്നിട്ടും രാത്രിയില്‍ -17 വരെ താഴ്ന്നു താപനില. ഉറക്കത്തിനിടെ മൂക്ക് അടഞ്ഞു പോയി ശ്വാസം കിട്ടാതെ എഴുന്നേറ്റു പോയവരുണ്ട് ഇവരുടെ കൂട്ടത്തില്‍. ഈ കൊടും തണുപ്പിലും നിങ്ങളെങ്ങനെ ഇത്ര ചൂടില്‍ കഴിയുന്നുവെന്നാണ് സ്പിതിയിലെ നാട്ടുകാരുടെ ചോദ്യം. അത്രമേല്‍ സ്പിതിയുടെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ആ നാട്ടുകാര്‍ ഇഴുകി ചേര്‍ന്നിട്ടുണ്ട്.

തനി ഹിമാലയന്‍ ഗ്രാമങ്ങള്‍

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഹിക്കിമിലും തനി ഹിമാലയന്‍ ഗ്രാമമായ കിബ്ബറിലും ഇവര്‍ പോയി. വര്‍ഷത്തില്‍ പകുതി മാസങ്ങള്‍ മഞ്ഞു മൂടി കിടക്കുന്ന സ്പിതിയിലെ നിരവധി ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പോസ്റ്റ് ഓഫീസാണ് ഹിക്കിമിലേത്.

യാത്രയുടെ ഓര്‍മക്കായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇവര്‍ നിരവധി പോസ്റ്റ് കാര്‍ഡുകള്‍ ഹിക്കിമില്‍ നിന്നും അയക്കുകയും ചെയ്തു. അഞ്ചംഗ സംഘം യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റ് കാര്‍ഡുകള്‍ വിലാസങ്ങളിലെത്തി പോസ്റ്റല്‍ വകുപ്പ് കാര്യക്ഷമത തെളിയിക്കുകയും ചെയ്തു.

ആണും പെണ്ണുമില്ല, റൈഡര്‍മാര്‍ മാത്രം

റൈഡര്‍മാര്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. നിങ്ങള്‍ക്ക് റൈഡിംങ് ഇഷ്ടമാണോ? സ്ഥലങ്ങള്‍ കാണാനും ബൈക്ക് ഓടിക്കാനുമുള്ള ആവേശമുണ്ടോ? എങ്കില്‍ നിങ്ങളത് ചെയ്തിരിക്കും. ഇവരൊക്കെ തന്നെയാണ് അതിനുള്ള തെളിവുകള്‍. സ്ത്രീകളാണെന്ന പേരില്‍ യാത്രയില്‍ ഒരിടത്തും പ്രത്യേകം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

തീര്‍ച്ചയായും യാത്രകള്‍ക്ക് മുമ്പ് ആവശ്യമായ മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്തണം. നേരത്തെ റൈഡ് ചെയ്തിട്ടുള്ളവരോട് കാര്യങ്ങള്‍ ചോദിച്ചറിയാം. ഹൈദരാബാദും കാസര്‍ഗോഡുമൊക്കെയുള്ള റൈഡര്‍മാര്‍ സ്പിതി യാത്രയും നേരത്തെ നടത്തിയ K2K യാത്രക്കുമൊക്കെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ജി.പി.എസ് ഉപയോഗിക്കാനാവാത്തതിനാല്‍ വഴി തിരിച്ചറിയാന്‍ അടക്കം യാത്രയിലുടനീളം നിരവധി സഹായങ്ങള്‍ ജമ്മുവില്‍ നിന്നുള്ള സുമിത് എന്ന സുഹൃത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 

സ്വപ്‌നങ്ങളെ പല കാരണങ്ങള്‍ കൊണ്ടും നാളേക്ക് നീട്ടിവെക്കുന്നവരോട് ഇവര്‍ക്കൊന്നേ പറയാനുള്ളൂ. ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോയാല്‍ സഹായവും പിന്തുണയും നിങ്ങളെ തേടിവരും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബൈക്ക് റൈഡാണ് ഈ മലയാളി പെണ്‍കൂട്ടത്തിന്റെ ഭാവി സ്വപ്നം.

English Summary: Ladies Rider Group from Kerala Reach Spiti Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com