ADVERTISEMENT

അതിമനോഹരമായ പശ്ചിമഘട്ട പര്‍വതപ്രദേശങ്ങളും, ഹരിതാഭയാര്‍ന്ന താഴ്‌വരകളും വിശാലമായ ബീച്ചുകളുമെല്ലാമായി തികച്ചും ആകർഷകവും വൈവിധ്യപൂർണവുമായ പ്രകൃതിദൃശ്യങ്ങൾക്ക് പ്രസിദ്ധമാണ് ഇന്ത്യയുടെ കേരളം അടങ്ങുന്ന തെക്കേഭാഗം. പച്ചപ്പിനും ഹരിതസമൃദ്ധിക്കും ജനപ്രിയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ടുകളെക്കുറിച്ച് അറിയാം.

മുംബൈ-ഗോവ

സഹ്യാദ്രിയുടെ കുളിരും അറബിക്കടലിന്‍റെ ഉപ്പുപുളിയും പേറിവരുന്ന കാറ്റേറ്റ് സുന്ദരമായൊരു യാത്രയാണ് മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ട്രെയിന്‍ യാത്ര. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളില്‍ ഒന്നാണിത്. 

train-travel1
Image From Shutterstock

ഗോവയ്ക്കും ഇടയില്‍ കൊങ്കൺ റെയിൽവേ ശൃംഖലയുടെ ഭാഗമായ മണ്ഡോവി എക്സ്പ്രസില്‍ യാത്ര ചെയ്യാം. തുരങ്കങ്ങൾ, പാലങ്ങൾ, തീരപ്രദേശങ്ങൾ, എണ്ണമറ്റ ചെറിയ നദികൾ, സീസണൽ അരുവികൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ തുടങ്ങി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞതാണ് ഈ റൂട്ട്.

 ഹുബ്ലി-മഡ്ഗാവ്

ഇന്ത്യയിലെ ഏറ്റവും ആവേശകരവും ആകർഷകവുമായ ട്രെയിൻ യാത്രകളില്‍ ഒന്നാണ് ഹൂബ്ലിയിൽ നിന്ന് മഡ്ഗാവിലേക്ക് ഉള്ള യാത്ര. 300 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന അതിമനോഹരവുമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിനരികിലൂടെ ട്രെയിൻ കടന്നുപോകുന്നു. 

train-travel5

 

ദൂദ്സാഗർ വെള്ളച്ചാട്ടത്തിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനായ ലോണ്ട ജംഗ്ഷനിൽ ഇറങ്ങിയാല്‍ ഈ കാഴ്ച കുറച്ചുകൂടി വ്യക്തമായി ആസ്വദിക്കാനാവും.

train-travel3
Image From Shutterstock

മത്തേരൻ-നെരാള്‍

മഹാരാഷ്ട്രയിലെ 2 അടി നാരോ-ഗേജ് പൈതൃക തീവണ്ടിപ്പാതയാണ് മത്തേരൻ ഹിൽ റെയിൽവേ. പശ്ചിമഘട്ട വനപ്രദേശത്തിനുള്ളിലൂടെ, മത്തേരനില്‍ നിന്നും നെരാളിലേക്കുള്ള 21 കിലോമീറ്റർ ദൂരം താണ്ടുന്ന ഈ തീവണ്ടിയാത്ര അതുല്യമായ അനുഭവമാണ്. മാത്രമല്ല, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ താൽകാലിക പട്ടികയിലും ഈ റൂട്ട് ഉള്‍പ്പെട്ടിട്ടുണ്ട്. 

കർജത്–ലോണാവാല

പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന മറ്റൊരു പാതയാണ് കർജാത്തിൽ നിന്ന് താക്കുർവാഡി, മങ്കി ഹിൽസ്, ഖണ്ടാല എന്നിവയിലൂടെ ലോണാവാലയിലേക്കുള്ള യാത്ര. മഴക്കാലമാണ് ഈ വഴി കൂടുതല്‍ സുന്ദരമാകുന്നത്. 

train-travel4
Image From Shutterstock

മണ്ഡപം- രാമേശ്വരം

തമിഴ്‌നാട്ടിലെ മണ്ഡപത്തിൽ നിന്ന് പാമ്പൻ ദ്വീപിലെ രാമേശ്വരത്തേക്കുള്ള ട്രെയിൻ യാത്ര ത്രില്ലിനും സാഹസികതയ്ക്കും പുറമേ, ശാന്തതയും പകരുന്നു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ പാലമായ പാൽക് കടലിടുക്കിലൂടെ കടന്നുപോകുന്ന ഈ റൂട്ട്, ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തെ പാമ്പൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണ്.

മേട്ടുപ്പാളയം–ഊട്ടി

Nilgiri-Ooty-Train-Route-1068x713--1-

മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മൌണ്ടന്‍ റെയില്‍വേ. 1908 മുതൽ പ്രവർത്തിക്കുന്ന ഈ റെയില്‍, റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയില്‍വേ റൂട്ടാണ്. 

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂര്‍ നീളുന്ന യാത്രയില്‍, കല്ലാർ, അഡർലി, ഹിൽഗ്രോവ്, കാടേരി, റണ്ണീമേഡ്, കാടേരി, കൂനൂർ, ലവ്‌ഡേൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയാത്ര അവിസ്മരണീയമായ അനുഭവമാണ്.

train-travel2
Image From Shutterstock

വിശാഖപട്ടണം-അരക്കു താഴ്‍‍വര

വിശാഖപട്ടണത്ത് നിന്ന് അരക്കു താഴ്വരയിലേക്കുള്ള യാത്രയില്‍ അസംഖ്യം തുരങ്കങ്ങളിലൂടെയും വളഞ്ഞുപുളഞ്ഞ വഴികളിലൂടെയും ട്രെയിന്‍ കടന്നുപോകും. ഛത്തീസ്ഗഡിൽ നിന്ന് വിശാഖപട്ടണത്തേക്ക് ഇരുമ്പയിരും മറ്റ് ധാതുക്കളും എത്തിക്കുന്നതിനുള്ള ഒരു മാർഗമായി ആരംഭിച്ച ഈ റെയിൽവേ പാതയിലെ പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ കണ്ണുകള്‍ക്ക് വിരുന്നാണ്.

English Summary: most beautiful rail journeys in south India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com