പൊലൂർ എന്ന സ്വർഗഭൂമിയും മൺവീട്ടിലെ താമസവും; മഞ്ഞും മഴയും ഒരുമിച്ച യാത്ര

polur-travel2
ചിത്രങ്ങൾ: ഹരി പുലരി
SHARE

കഴിഞ്ഞ രണ്ടു വർഷമായി അതിർത്തികളിൽ മണ്ണിട്ടും ബാരിക്കേഡുകൾ വച്ചും സൂക്ഷ്മാണുവിനെ തടയാൻ ഉള്ള ശ്രമം. കാലാവസ്ഥാ മാറ്റം മനുഷ്യന്റെ കണക്കുകളാണ് തെറ്റിച്ചത്, പ്രകൃതിയുടെ കണക്കുകളൊക്കെ ഏറെക്കുറെ കൃത്യമായിട്ടാണ് പോകുന്നത്. എന്തായാലും യാത്രകൾക്ക് കൂച്ചുവിലങ്ങിട്ട വല്ലാത്ത ഒരു ജീവിതം.

polur-travel1
ചിത്രങ്ങൾ: ഹരി പുലരി

എല്ലാം ഏകദേശം ഒന്നു മെരുങ്ങി വന്നപ്പോൾ യാത്ര പോകാമെന്ന് ഉറപ്പിച്ചു. ഇത്തവണ പൊലൂർ എന്ന സ്വർഗഭൂവിലേക്കാണ് യാത്ര. വെളുപ്പിന് 4 മണിക്ക് ഞങ്ങൾ പുറപ്പെട്ടു. പതിവുപോലെ സുഹൃത്ത് ഹരിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഇറങ്ങിയപ്പോൾ മഴ തിമർത്തു പെയ്യുകയാണ്. എന്തായാലും തീരുമാനിച്ചു, ഇനി പിന്നോട്ടില്ല. യാത്ര തിരിച്ചു. ഇടുക്കി വഴി പോകണം എന്നായിരുന്നു ആഗ്രഹം. വഴി ഏതാണ്ട് മുഴുവനും മണ്ണിടിഞ്ഞു കിടക്കുന്നതിനാൽ നാഗർകോവിൽ വഴി കന്യാകുമാരി - ഡിണ്ടിഗൽ ബൈപാസിലൂടെയാണ് യാത്ര. 

നാഞ്ചിനാടിന്റെ ഭംഗി ആസ്വദിച്ച യാത്ര

നാഗർകോവിൽ എത്തുന്നതു വരെ മഴ കൂടെയുണ്ടായിരുന്നു. വഴിയും വളരെ മോശമാണ്. തകർന്ന് കിടക്കുന്നു. ഇതുവഴി പോകുമ്പോൾ നാഞ്ചിനാടിന്റെ സൗന്ദര്യം ആസ്വദിക്കാതെ പോകാൻ പറ്റില്ല. ഉദയസൂര്യനെ കൈക്കുമ്പിളിൽ സ്വീകരിക്കുന്ന മലനിരകൾ കണ്ടപ്പോഴാണ് പറഞ്ഞും വായിച്ചും കേട്ടിരിക്കുന്നതിനെക്കാൾ എത്രയോ ഗംഭീരമാണ് നാഞ്ചിനാടിന്റെ ഭംഗി എന്നു ബോധ്യപ്പെട്ടത്. വാഹനം ബൈപാസിലേക്കു കയറിയതും തമിഴ്നാട്ടിലെ പിഡബ്ല്യുഡി അധികാരികളെ അറിയാതെ നമിച്ചു. എത്ര കൃത്യതയോടെയാണ് റോഡ് ഒരുക്കിയിരിക്കുന്നത്. 

polur-travel3
ചിത്രങ്ങൾ: ഹരി പുലരി

തിരുനെൽവേലി എത്താറായി. എല്ലാവർക്കും വിശപ്പും തുടങ്ങി. ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി തമിഴ് തനതു വിഭവങ്ങൾ കഴിച്ചു തൽക്കാലം വിശപ്പടക്കി. ഉച്ചയോടെ കൊടൈക്കനാലിൽ എത്തണം. അവിടെനിന്നു 45 കിലോമീറ്ററോളം കാട്ടിലൂടെ വേണം ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ പൊലൂരിലെത്താൻ. 

polur-travel4
ചിത്രങ്ങൾ: ഹരി പുലരി

ഇടയ്ക്കിടെ വഴിയിൽ ആൾക്കൂട്ടങ്ങളും കരകാട്ടങ്ങളും ചെറിയ കെട്ടുകാഴ്ചകളും നിറഞ്ഞ ഘോഷയാത്രകൾ. കാതടപ്പിക്കുന്ന വെടിയൊച്ചകളും. ഏതോ കോവിലിൽ ഉൽസവം ആണ്. ഇവിടെ കൊറോണയും സാമൂഹിക അകലവും ഒക്കെ എന്നോ മറവിയിലായിരിക്കുന്നു. ചുവന്ന മണ്ണിന്റെ ഭംഗിയും ചെമ്മരിയാടുകളുടെ കൂട്ടങ്ങളും ഒക്കെ കടന്നു കൊടയ് ചുരം എത്തി. യാത്രാക്ഷീണം അകറ്റാനായി കരിക്ക് കുടിക്കാൻ വഴിയരികിൽ നിർത്തി. ചുരം കയറാൻ പോകുകയല്ലേ. കാഴ്ചകൾ കണ്ട് മനസ്സ് നിറച്ചതുപോലെ ശരീരത്തെയും തണുപ്പിക്കാമെന്നു കരുതി. കരിക്ക് കുടിച്ച് എല്ലാവരും ഉഷാറായി. 

ചുരം കയറി കൊടൈക്കനാലിലേക്ക്

യാത്രയ്ക്കിടയിൽ, കൊടൈക്കനാലിൽ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽനിന്നു വിളി വന്നു. അവിടെ നല്ല മഴ തുടങ്ങിയെന്ന്. അയ്യോ, യാത്ര കുളമാവുമോ... ചെറിയ ഒരു പേടി. എല്ലാവരെയും  വേഗം വണ്ടിയിൽ കയറ്റി. ഇനി ഇടയ്ക്കൊന്നും ഇറങ്ങില്ല എന്നു മുന്നറിയിപ്പ് കൊടുത്തു വാഹനം എടുത്തു. ഹെയർപിന്നുകൾ ഓരോന്നായി കയറി മലഞ്ചരുവിലെ കോടമഞ്ഞിലേക്ക്. അതിസുന്ദരമായിരുന്നു കാഴ്ച. ചുരം തുടങ്ങുന്നതിനു മുൻപ് ദൂരെ ഏതോ മലമടക്കിൽനിന്നു താഴേക്ക് പതിക്കുന്ന പാലരുവി കണ്ടിരുന്നു. ആ മിഴിവേകുന്ന കാഴ്ചയുടെ തൊട്ടടുത്ത് എത്തിയിരിക്കുന്നു. പെരുമാൾ പുരം വെള്ളച്ചാട്ടമായിരുന്നു അത്. കുറച്ചു സമയം അവിടെനിന്ന് ഒന്നുരണ്ടു ഫോട്ടോ എടുത്തു. അന്താക്ഷരി കളിച്ചു കൊണ്ട് വീണ്ടും മുകളിലേക്ക്. 

polur-travel5
ചിത്രങ്ങൾ: ഹരി പുലരി

കൊടൈ ടോൾഗേറ്റ് എത്തിയപ്പോൾ മഴ അതിന്റെ പൂർണരൂപം കാട്ടിത്തുടങ്ങി. മൂന്നു മണിയോടെ, മഞ്ഞും മഴയും നിറഞ്ഞ കൊടൈക്കനാലിൽ ഞങ്ങൾ എത്തി. സിറ്റിയിൽ കണ്ട സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി അത്യാവശ്യം വിശപ്പടക്കി എല്ലാവരും. നേരേ ഹോംസ്റ്റേയിലേക്കു പോയി. 

റൂമിലെത്തിയതും കുഞ്ഞുകുട്ടി പരിവാരങ്ങളെ എല്ലാം കുളിപ്പിച്ചു ഡ്രസ് മാറി ഒന്നു ഫ്രഷ് ആയി. കുട്ടികൾക്ക് ഒരു രസത്തിനു വേണ്ടി വൈകുന്നേരം കൊടൈക്കനാല്‍ ലേക്കിന്റെ മനോഹാരിതയിലേക്ക് എത്തി. കുട്ടികളെ കുതിരപ്പുറത്തു കയറ്റി ഒന്നു രസിപ്പിച്ചു, ഓരോ ചൂട് കട്ടനും കുടിച്ചു തിരികെ റൂമിൽ എത്തി. 

തൊട്ടടുത്തു ദിവസം ആണ് ആ സ്വർഗഭൂവിലേക്കു ഉള്ള യാത്ര. രാവിലെ 8 മണി ആയപ്പോഴേ എല്ലാവരും റെഡി. ഭക്ഷണം കഴിച്ചു യാത്ര തുടങ്ങി. നല്ല തണുപ്പുണ്ട്. തലേദിവസം പെയ്തതുപോലെയല്ലെങ്കിലും ചാറ്റൽ മഴ പെയ്തുകൊണ്ടേയിരുന്നു. വട്ടക്കനാൽ പോകുന്ന വഴി രണ്ടര കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഡോൾഫിൻ നോസ് എന്ന ഒരു വ്യൂ പോയിന്റ് ഉണ്ട്. നേരേ അങ്ങോട്ടേക്കു തിരിച്ചു. തുടക്കത്തിൽ എല്ലാവർക്കും ഉണ്ടായിരുന്ന ആവേശം പതിയെ കുറഞ്ഞു വരുന്നത് കാണാമായിരുന്നു. കോടമഞ്ഞു ഭൂമിയെ മുഴുവൻ മൂടുന്ന കാഴ്ചയാണ് ഡോൾഫിൻ നോസിൽ കണ്ടത്. ട്രെക്കിങ്‌ കഴിഞ്ഞു ചെറുതായി  ഒന്നു ഫ്രഷ് ആയി പോലൂരിലേക്കു പുറപ്പെട്ടു. 

പ്രകൃതിയുടെ വശ്യമനോഹര കാഴ്ചകളുമായി പൊലൂർ

കൊടൈക്കനാലിൽ പില്ലർ റോക്കിലേക്കു പോകുന്ന വഴിയിൽനിന്നു വലത്തോട്ടു തിരിഞ്ഞു 45 കിലോമീറ്റർ സഞ്ചരിച്ചാൽ പൊലൂർ എത്താം. തൊണ്ണൂറു ശതമാനവും കാട്ടിലൂടെയാണ് യാത്ര. വളവും തിരിവും നിറഞ്ഞ വഴി നിറയെ പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന നല്ല കാഴ്ചകൾ മാത്രം. മഴ മാറി, പകരം മഞ്ഞു മൂടി. പകുതി ദൂരം പിന്നിട്ടപ്പോൾ ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചു– മന്നവന്നൂർ. ധാരാളം തമിഴ്, കന്നഡ ചിത്രങ്ങൾക്ക് ലൊക്കേഷൻനായിട്ടുള്ള അതിമനോഹരമായ ഗ്രാമം. പഴയ മൺവീടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും അവയോടൊപ്പം കളിച്ചു നടക്കുന്ന അർധനഗ്നരായ കുട്ടികളും.

polur-travel
ചിത്രങ്ങൾ: ഹരി പുലരി

ഇവിടെ സഞ്ചാരികൾക്കായി ഒരു ലേയ്ക്കും ചെറിയ ബോട്ടിങ്ങും ഒക്കെ ഒരുക്കിയിട്ടുണ്ട് തമിഴ്നാട് വനംവകുപ്പ്. സമയക്കുറവു കാരണം ഞങ്ങൾ അധികനേരം അവിടെ നിന്നില്ല. വണ്ടി പൊലൂരിലേക്കു വിട്ടു. അഗാധമായ കൊക്കകളിലും മലഞ്ചരിവുകളിലും അടുക്കോടെയും കൃത്യതയോടെയും എങ്ങനെ കൃഷി ചെയ്യാമെന്ന് പഠിക്കണമെങ്കിൽ ഈ വഴി വന്നാൽ മതി. തികഞ്ഞ ഒരു കലാകാരന്റെ കരവിരുത് പ്രകടമാകുന്ന കൃഷിയിടങ്ങൾ.  

റോഡിന് ഇരുവശവും ക്യാരറ്റും ഉരുളക്കിഴങ്ങും വെളുത്തുള്ളിയും ഒക്കെ പടവുകൾ പോലെ നിൽക്കുന്നു. പൂണ്ടി എന്ന അടുത്ത ഗ്രാമത്തിൽ എത്തി. എല്ലാ ഗ്രാമങ്ങളും ഏറെക്കുറെ ഒരുപോലെയാണ്. അൻപതോളം വീടുകളും രണ്ടോ മൂന്നോ പീടികയും ചെറിയ ഒരു ചന്തയും കാണും. പൂണ്ടിയും പിന്നിട്ടു നാലര മണി ആയപ്പോൾ ഞങ്ങൾ പൊലൂരിൽ എത്തി.

സമുദ്രനിരപ്പിൽനിന്ന് 6150 അടി ഉയരെ മഞ്ഞിൽ മൂടി മാനം മുട്ടി നിൽക്കുന്ന സുന്ദര ഗ്രാമം. സ്വർഗത്തിൽനിന്നെന്നപോലെ ഉദ്ഭവിച്ചു താഴേക്കു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ, മഞ്ഞുമഴയിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞു പൂക്കൾ, പ്രതീക്ഷിച്ചതിനെക്കാൾ ഒത്തിരി അപ്പുറം ആയിരുന്നു പൊലൂർ കാഴ്ചകൾ. 

പൊലൂരിലെ മൺവീട്

പൊലൂർ എന്ന ഗ്രാമത്തിൽ നമ്മുടെ സ്വന്തം കോഴിക്കോടുകാരൻ ശശിയേട്ടന്റെ ബ്ലൂ മൂൺ എന്ന ഒരു മൺവീട് ഉണ്ട്. നമുക്ക് താമസിക്കാൻ ഉള്ള ഏക സത്രം. അവിടെ നല്ല ചൂടു കട്ടൻ ചായയുമായി ആഷിക്ക് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പശുക്കുട്ടികൾ, കുതിര, ക്യാരറ്റ് തോട്ടം എന്നുവേണ്ട, ഒരു കുഞ്ഞു ഫാമാണ് സന്ദർശകരെ വരവേൽക്കുന്നത്. എല്ലാവരും നല്ല ആവേശത്തിലായി. ലഗേജ് ഒക്കെ ഇറക്കി. കുളിക്കണം എന്ന ആഗ്രഹം ഉണ്ട്. പക്ഷേ തണുപ്പ് അതിന് അനുവദിക്കുന്നില്ല. വൈകിട്ടത്തേക്ക് ചപ്പാത്തിയും വെജ് കറിയും അടുക്കളയിൽ ഞങ്ങൾക്കുവേണ്ടി ആഷിക്ക് ഉണ്ടാക്കുകയാണ്. 

നീലഗിരിയിലെ പല ഉൾപ്രദേശങ്ങളിലും ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയ്ക്കും സുന്ദരമായ ഒരു ഗ്രാമത്തിൽ ഇതാദ്യമാണ്. മഞ്ഞിന്റെ മടിത്തട്ടിൽ മയങ്ങിക്കിടക്കുന്ന പൊലൂരിൽ എത്താൻ വൈകിയോ എന്നൊരു സംശയം. 7.30 ആയപ്പോൾ നല്ല ചൂട് ചപ്പാത്തിയും ആവി പറക്കുന്ന ഗ്രീൻപീസ് കറിയും റെഡി. ശശിയേട്ടന്റെ മൺവീട്ടിൽ വിറക് അടുപ്പിൽ ഷെഫ് ആഷിക്കിന്റെ കയ്യൊപ്പ് പതിഞ്ഞ വിഭവങ്ങളുടെ രുചിവൈഭവം പറഞ്ഞറിയിക്കാൻ പറ്റില്ല. നാവിനെ ത്രസിപ്പിക്കുന്ന രുചി നേരിട്ട് തന്നെ അറിയണം. 

ക്ലാവര എന്ന ഗ്രാമത്തിന്റെ നെറുകയിൽ

പൊലൂരിലെ രാവിനു പോലും വല്ലാത്ത ഒരു ഭംഗിയാണ്. അടുത്ത ദിവസം രാവിലെ ചൂട് കട്ടൻ ചായ ഊതി കുടിക്കുമ്പോൾ പൊലൂർ വെള്ളച്ചാട്ടത്തെപ്പറ്റിയും ക്ലാവര എന്ന കുഞ്ഞുഗ്രാമത്തെപ്പറ്റിയും ആഷിക് ഒരു ചെറിയ വിവരണം നൽകി. ചായ കുടിച്ചു വണ്ടി ക്ലാവരയിലേക്ക് വിട്ടു. വളഞ്ഞുതിരിഞ്ഞ് കയറിയും ഇറങ്ങിയും കിടക്കുന്ന ചെറിയ വഴി. അതിരാവിലെ ആയതുകൊണ്ട് മൂടൽമഞ്ഞും ഞങ്ങളെ പിന്തുടർന്നു. ഇളം വെയിൽ ഊർന്നിറങ്ങുന്ന ചില വിടവുകളിൽ കമ്പിളി പുതച്ചുകൊണ്ടു കൂട്ടം കൂടി നിൽക്കുന്ന കുറേ മനുഷ്യർ. അവർക്ക് കൂട്ടായി വളർത്തു നായ്ക്കളും. 

വണ്ടി പതിയെ ക്ലാവര എന്ന ഗ്രാമത്തിന്റെ നെറുകയിൽ എത്തി. അവിടെനിന്നു ചുറ്റും നോക്കിക്കാണാൻ എന്തു രസമാണ്. കുറേസമയം അവിടെനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇനി പൊലൂർ വെള്ളച്ചാട്ടം കാണണം. കുട്ടികൾക്ക് വെള്ളച്ചാട്ടം എന്നു കേട്ടപ്പോഴേ ആവേശം കൂടി. ക്ലാവരയിൽനിന്നു 3 കിലോമീറ്റർ യാത്ര ചെയ്തു വെള്ളച്ചാട്ടത്തിനു സമീപം എത്തി. പക്ഷേ ഇറങ്ങാൻ പറ്റില്ല. അൽപം ദൂരെ പാറക്കൂട്ടങ്ങളിൽനിന്നു വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ താഴേക്കു പതിക്കുകയാണ് പൊലൂർ ഫാൾസ്. ഞങ്ങൾ നിൽക്കുന്നിടത്തുനിന്നു വളരെ കുറച്ചു ദൂരമേ ഉള്ളൂ വട്ടവട എത്താൻ. പഴയ മൂന്നാർ –കൊടൈക്കനാൽ റൂട്ട് ആണ്. ചില മുടന്തൻ നിയമ കുരുക്കുകളിൽ പെടുത്തി അടച്ചിരിക്കുകയാണ്. ആ വഴി തുറന്നാൽ സഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് ആയിരിക്കും. അത്ര മനോഹരം ആണ്. പുലർകാല കാഴ്ചകൾ വേണ്ടുവോളം കണ്ടു തിരികെ റൂമിൽ എത്തി. പുട്ടും കടലയും ഞങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നു. അതും ശാപ്പിട്ട് ആഷിക്കിനോടും ശശിയേട്ടന്റെ മണ്ണു സ്വർഗത്തോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഒരു ദിവസം കൂടി തങ്ങാമായിരുന്നു എന്ന് അപ്പോൾ ഓർത്തു. സാരമില്ല, ഇനിയും വരാമല്ലോ. തിരികെയുള്ള യാത്ര എപ്പോഴും വിരസമായിരിക്കും. അതൊഴിവാക്കാനും മാർഗം കണ്ടുപിടിച്ചു. കൂക്കൽ തടാകത്തിന്റെ കരയിലൂടെ മടക്കയാത്ര ഉറപ്പിച്ചു. 

കൂക്കൽ തടാകവും കാഴ്ചകളും

ബ്രിട്ടിഷുകാർ വിശ്രമ വേളകൾ ചെലവഴിക്കാൻ വേണ്ടി കണ്ടെത്തിയ സ്ഥലങ്ങളാണ് കൂക്കലും മന്നവന്നൂരും ഒക്കെ. പൊലൂരിൽനിന്ന് ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചു കൂക്കൽ എത്തി. കൂക്കലിലേക്ക് വരുന്ന വഴി അതിഗംഭീരമായ ഒരു താഴ്‌വര ഉണ്ട്. സ്വിറ്റ്സർലൻഡ് പോലെ പച്ചപ്പും പൈൻ മരങ്ങളും നിറഞ്ഞ താഴ്‌വരകൾ. ഒന്നു രണ്ട് അട്ട പിടിച്ചത് ഒഴിച്ചാൽ പച്ച പുതച്ച താഴ്‌വരക്കാഴ്ചകൾ ആവോളം ആസ്വദിച്ചു കൂക്കൽ തടാകക്കരയിലേക്ക് വണ്ടി വിട്ടു.

തടാകത്തിന്റെ മീതെ പഞ്ഞിക്കെട്ടുകൾ വാരി വിതറിയിരിക്കുന്നതു പോലെ കോടമഞ്ഞു പുതച്ചിരിക്കുന്നു. തീരങ്ങളിൽസഉരുളക്കിഴങ്ങു കൃഷിയിൽ വ്യാപൃതരായിരിക്കുന്ന ഗ്രാമീണർ. ഞങ്ങൾ ഒരു കൃഷിയിടത്തിലേക്ക് ഇറങ്ങി. ഞാനും മോനും കൂടി വിളവെടുപ്പിന് കൂടി. ആ പാവങ്ങൾക്ക് വിളകളുടെ മാർക്കറ്റ് വിലകൾ ഒന്നും അറിയില്ല. ആരൊക്കെയോ ചേർന്നു പറ്റിക്കുന്നു. സമയം 12 കഴിഞ്ഞിരുന്നു. ചുറ്റുപാടും നോക്കിയാൽ പുലർച്ചെ ഒരു 6.30 ആയെന്നേ തോന്നൂ. കാഴ്ചകൾ മതിയാവോളം ആസ്വദിച്ചു. ഇനി പൂമ്പാറ വഴി കൊടൈക്കനാൽ. അവിടെനിന്നു ഡിണ്ടിഗൽ കന്യാകുമാരി ബൈപാസ് വഴി തിരുവനന്തപുരത്തേക്ക് അതായിരുന്നു റൂട്ട്. ഇനിയും വരണം. കുറേ ദിവസങ്ങൾ തങ്ങണം എന്ന ചിന്തകൾ മനസ്സിലുരുവിട്ട് പൊലൂർ എന്ന സ്വർഗത്തിൽനിന്നു പതിയെ താഴേക്കിറങ്ങി.

English Summary: Polur Travel Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA