ഭാഗ്യമുണ്ടെങ്കിൽ പുള്ളിപുലിയെ കാണാം; കോടമഞ്ഞും നൂൽമഴയും ആസ്വദിക്കാം

kudremukh-tourism1
Udayaditya Kashyap/shutterstock
SHARE

കുദ്രിമുഖ് എന്നാൽ കന്നഡയിൽ കുതിരയുടെ മുഖം എന്നാണ് അർത്ഥം. കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കുതിരയുടെ മുഖത്തിന്‍റെ ആകൃതിയാണ് ചിക്കമംഗളൂരു ജില്ലയില്‍ പശ്ചിമഘട്ടത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കുദ്രിമുഖ് കൊടുമുടിയുടേത്. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രിമുഖ് ദേശീയ ഉദ്യാനത്തിന് കീഴിലുള്ള ഈ കൊടുമുടി വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ട്രെക്കിങ് സ്പോട്ടാണ്. 

അപൂര്‍വമായ നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കുദ്രിമുഖ്. 6,207 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മുള്ളയ്യൻഗിരി, ബാബ ബുദാൻഗിരി എന്നിവയ്ക്ക് ശേഷം കർണാടകയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.

kudremukh-tourism
Yash Singhania/shutterstock

പച്ചപ്പാര്‍ന്ന കുന്നുകളും മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകളും കടന്നുള്ള മനോഹരമായ ഒരു യാത്രയാണിത്. ട്രെക്കിങ്ങിനിടെ മാനുകളെയും മയിലുകളെയും മറ്റു വന്യജീവികളെയുമെല്ലാം യഥേഷ്ടം കാണാനാകും.  

കുദ്രിമുഖ് എങ്ങനെ എത്തിച്ചേരാം

കലാസയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുള്ളോടി ഗ്രാമത്തിൽ നിന്നാണ് കുദ്രിമുഖ് ട്രെക്ക് ആരംഭിക്കുന്നത്. മുള്ളോടിയിലേക്ക് നേരിട്ട് എത്തുന്നത് എളുപ്പമല്ല. കലാസയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള കുദ്രിമുഖ് പ്രവേശന കവാടത്തിൽ ആദ്യം എത്തണം. പ്രവേശന കവാടത്തിൽ നിന്ന്, മുള്ളോടി ഗ്രാമത്തിലേക്ക് ഒരു ജീപ്പ് വാടകയ്ക്ക് എടുക്കുക. ഇവിടെയാണ് ഫോറസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത്. അവിടെനിന്നും അനുമതി വാങ്ങി ട്രെക്കിങ് ആരംഭിക്കാം. 

ഷോല വനത്തിനുള്ളിലെ ട്രെക്കിങ്

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പുൽമേടുകളുടെയും കുറ്റിച്ചെടികളുടെയും പ്രാദേശിക നാമമാണ് ഷോല. കുദ്രിമുഖ് കൊടുമുടിയിൽ എത്താൻ ഷോല വനത്തിലൂടെയാണ് ട്രെക്ക് ചെയ്യേണ്ടത്.

kudremukh-tourism3
Vivek BR/shutterstock

മാൻ, സിംഹവാലൻ മക്കാക്ക്, മലബാർ ഭീമൻ അണ്ണാൻ, പുള്ളിപ്പുലി, കോമൺ ലാംഗൂർ തുടങ്ങി നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ വനം. ഭാഗ്യമുണ്ടെങ്കിൽ, ട്രെക്കിങ്ങിനിടയിൽ ഇവയെ കാണാം. മഴക്കാലത്ത് കാലില്‍ വിടാതെ തൂങ്ങിക്കിടന്നു ചോര കുടിക്കുന്ന അട്ടകള്‍ ഇവിടെ സര്‍വസാധാരണമാണ്.

വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളുമാണ് ഇവിടെയുള്ള ഏറെ ആകർഷണീയമായ മറ്റൊരു കാഴ്ച. ചെറിയ ചെറിയ അരുവികളിലൂടെ ഇറങ്ങി നടക്കേണ്ടി വരുന്ന ഭാഗങ്ങള്‍ ധാരാളമുണ്ട്.

ഷോല വനത്തിൽ നിന്ന് പുറത്തുവരുമ്പോൾ, ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയാണ് വരവേല്‍ക്കുക. ഇളംപച്ചയും കടും പച്ചയും ഇടകലര്‍ന്ന നിറത്തില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലകള്‍. അവയ്ക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന മൂടല്‍മഞ്ഞ്. മഴക്കാലത്ത് ഈ പ്രദേശം പൂർണ്ണമായും മൂടൽമഞ്ഞില്‍ പൊതിയും. മേഘങ്ങൾക്കും കോടമഞ്ഞിനും ഇടയില്‍ ഇടയ്ക്കിടെ തെളിയുന്ന താഴ്‌വരയുടെ ഭംഗി കാണുന്നത് സ്വര്‍ഗീയമായ അനുഭവമാണ്.

കുദ്രിമുഖ് കൊടുമുടിയുടെ ദൂരക്കാഴ്ച കണ്ടുതുടങ്ങിയാല്‍പ്പിന്നെ ആവേശം കൂടും. ഏറ്റവും മുകളില്‍ നിന്ന് നോക്കിയാല്‍ പച്ച പരവതാനി വിരിച്ച താഴ്‍‍‍വരകളുടെ 270 ഡിഗ്രി കാഴ്ച നിങ്ങൾക്ക് കഴിയും. നല്ല കാറ്റും കൂടിയാകുമ്പോള്‍ ഈ കാഴ്ച കൂടുതല്‍ ആസ്വാദ്യകരമായ അനുഭവമാകുന്നു. 

ഏകദേശം നാലു മണിക്കൂറോളം സമയം വേണം ഏറ്റവും മുകളില്‍ എത്താന്‍. ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടെ തിരിച്ച് ഇറങ്ങണം. താഴേക്ക് ഇറങ്ങാൻ കുറഞ്ഞത് 3 മണിക്കൂറെങ്കിലും വേണ്ടിവരും. വൈകുന്നേരം 6 മണിക്ക് ശേഷം ഈ പ്രദേശത്ത് വനം വകുപ്പിന്‍റെ നിയന്ത്രണമുണ്ട്.

യാത്രയ്ക്ക് ഏറ്റവും മികച്ച സമയം

ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് കുദ്രിമുഖ് ട്രെക്കിങ് ചെയ്യാൻ ഏറ്റവും നല്ല സീസൺ. മഴപെയ്ത് ഇവിടം മുഴുവന്‍ ഒരു പച്ചക്കടല്‍ പോലെയായി മാറുന്ന സമയമാണിത്. കലസ മേഖലയിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ്. 

English Summary: Mullodi Kudremukh Tourism in Karnataka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA