മുടങ്ങിയതല്ല, മുടക്കിയതാണ്; ഇനി അത് രഹസ്യമായിത്തന്നെ ഇരിക്കട്ടെ: വിശേഷങ്ങൾ പങ്കുവച്ച് എലീന

alina-travel
SHARE

‘‘വിവാഹശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കിൽ ചുറ്റണമെന്നായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകൾ കണ്ടൊരു റൈഡ്’’ –  യാത്രകളും ഡ്രൈവിങ്ങും ഏറെ ഇഷ്ടപ്പെടുന്ന, മലയാളികളുടെ പ്രിയതാരം എലീന പടിക്കലിന്റെ വാക്കുകളാണിത്. രോഹിതുമായി നീണ്ടകാലത്തെ സൗഹൃദം പ്രണയത്തിലും വിവാഹത്തിലുമെത്തുകയായിരുന്നു. വിവാഹശേഷം ഷൂട്ടും ഡ്രൈവിങ്ങും യാത്രകളുമൊക്കെയായി തിരക്കിലാണ് എലീന.

alina-travel11

ഒരേ വൈബാണ്

‘‘യാത്രയുടെ കാര്യത്തിൽ എനിക്കും രോഹിത്തിനും ഒരേ വൈബാണ്. ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളും ഒരേ പോലെയാണ്– ബീച്ചുകളും ഹിൽസറ്റേഷനുകളും. എവിടെയാണെങ്കിലും അവിടം ആസ്വദിക്കും. എന്റെ ബെസ്റ്റ് ചോയ്സാണ് രോഹിത്.

alina-travel5

എന്റെ എല്ലാ കാര്യങ്ങള്‍ക്കും കട്ടസപ്പോർട്ടുമാണ് അദ്ദേഹം. രോഹിത്തിന്റെ കെയറിങ്ങും സ്നേഹവും കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള ക്വാളിറ്റിയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. 

മുടങ്ങിയതല്ല, മുടക്കിയതാണ് 

‘‘കല്യാണശേഷം ഒരുമിച്ച് പോകാനായി നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. കോവിഡ് സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. യാത്രാവിലക്കുകൾ കാരണം, പ്ലാൻ ചെയ്ത ഞങ്ങളുടെ യാത്രകൾ സ്വപ്നം മാത്രമായി. മാലദ്വീപ്, മൗറീഷ്യസ്...അങ്ങനെ രോഹിത്തിനൊപ്പം ചുറ്റിയടിക്കാ‌നായി ഒരുപാട് ആഗ്രഹിച്ചതായിരുന്നു. എപ്പോൾ തയാറെടുത്താലും എങ്ങനെയെങ്കിലും ആ യാത്ര മുടങ്ങുക പതിവായി, അതോടെ ആ യാത്രാസ്വപ്നങ്ങള്‍ തൽക്കാലം ഞങ്ങൾ മാറ്റിവച്ചിരിക്കുകയാണ്.

alina-travel4

വിവാഹം കഴിഞ്ഞാൽ ഹണിമൂണ്‍ യാത്ര എന്നൊരു നിർബന്ധം ഞങ്ങളുടെ ഇടയിൽ ഇല്ല. അന്നും ഇന്നും വീണുകിട്ടുന്ന ഒാരോ നിമിഷവും ഞങ്ങളുടെത് മാത്രമാക്കുക. അതാണ് ഏറെ സന്തോഷം. പിന്നെ പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹമായിരുന്നു ഒരുമിച്ചുള്ള പോണ്ടിച്ചേരി ട്രിപ്പ്. ആ യാത്ര നടത്താനായി.

alina-travel8

പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമാണു പാരഡൈസ് ബീച്ച്. ബീച്ചിലെ കാഴ്ചകളും അനുഭവവും മറക്കാനാവില്ല. ഞാനും രോഹിത്തും ഒരുമിച്ച ആ യാത്ര ശരിക്കും അടിച്ചുപൊളിച്ചു.

alina-travel88

കോഴിക്കോടും തിരുവനന്തപുരവും 

‘‘രോഹിത്തിന്റെ വീട് കോഴിക്കോടാണ്. എന്റെ ഷൂട്ടുകൾ തിരുവനന്തപുരത്തും. ഇപ്പോൾ അവിടേക്കുള്ള യാത്രകളാണ് കൂടുതലും. എനിക്ക് പണ്ടേ സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകൾ ഒരുപാട് ഇഷ്ടമായതുകൊണ്ട് മടുപ്പു തോന്നാറില്ല. 

സ്വന്തം വാഹനത്തിൽ യാത്ര ചെയ്ത് പോകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രയാണെങ്കിൽ ഓരോ സ്ഥലത്തെക്കുറിച്ചും അറിഞ്ഞും വഴി മനസ്സിലാക്കിയും കാഴ്ചകൾ കണ്ടുമൊക്കെ യാത്ര ചെയ്യാം. സമയനിഷ്ഠയും വേണ്ട, നമ്മുടെ സൗകര്യത്തിന് യാത്ര പ്ലാൻ ചെയ്യാം. എനിക്കേറ്റവും ഇഷ്ടവും അങ്ങനെയുള്ള യാത്രകളാണ്.

alina-travel7

പുലിയെയാണ് പ്രതീക്ഷിച്ചത്, പക്ഷേ....

‘‘കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കുള്ള ഞങ്ങളുടെ യാത്ര മാനന്തവാടി, വിരാജ്പേട്ട വഴിയായിരുന്നു. രോഹിത് പറഞ്ഞു, ഇൗ റൂട്ടിലൂടെയുള്ള യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ ആനയെയും മാനിനെയും കാണാമെന്ന്.

സാധാരണ രോഹിത് ഇതുവഴി യാത്ര ചെയ്യുമ്പോൾ ആനയെ കാണാറുണ്ടെന്നും ഒരിക്കൽ പുലിയെ കണ്ടെന്നും പറഞ്ഞിരുന്നു. എന്റെ മനസ്സിൽ പുലിയായിരുന്നു, ഇപ്പോൾ പുലിയെ കാണാം എന്നായിരുന്നു കരുതിയത്. പുലിയ്ക്ക് പകരം ആനയെയും മാൻകുട്ടിയെയും കണ്ടു. ആദ്യമായാണ് രാത്രി യാത്രയിൽ ഇങ്ങനെയൊരു കാഴ്ച കാണുന്നത്. ആ യാത്രാനുഭവം മറക്കാനാവില്ല.

alina-travel3

കരിയറും ജീവിതവും

‘‘വിവാഹം കഴിഞ്ഞെന്നു കരുതി എന്റെ കരിയറിനെ മാറ്റി നിർത്താൻ രോഹിത്തും ഫാമിലിയും ഒരിക്കലും പറയില്ല. മുമ്പ് എങ്ങനെയാണോ അത് തുടരുന്നു. എന്റെ ഫാമിലിയുടെ കൂടെയും രോഹിത്തിന്റെ ഫാമിലിയുടെ കൂടെയും സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. രോഹിത്തിന്റെ പിന്തുണയിൽ കരിയറും ലൈഫും അടിപൊളിയായി തന്നെ മുന്നോട്ടു കൊണ്ടുപോകുന്നു.

അത് രഹസ്യമായിത്തന്നെ ഇരിക്കട്ടെ

alina-trip

‘‘കാണാത്ത ലോകത്തിലെ കാഴ്ചകൾ നേരിട്ട് ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. കൈപിടിച്ച് കാഴ്ചകൾ കാണാൻ രോഹിത്തും ഒപ്പമുണ്ടെങ്കിൽ ആ യാത്ര ശരിക്കും പ്രണയതുല്യമാകും. വിവാഹശേഷമുള്ള യാത്രാപ്ലാനുകൾ നിരവധിയായിരുന്നു. പക്ഷേ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം അവ ഒഴിവാക്കേണ്ടി വന്നു. 

ഇപ്പോൾ മനസ്സിൽ സൂക്ഷിച്ചിട്ടുള്ള യാത്രാപദ്ധതികൾ പുറത്തു പറയുന്നില്ല. അത് സർപ്രൈസായി അങ്ങനെ തന്നെ ഇരിക്കട്ടെ. ആഗ്രഹിച്ച യാത്രകളൊന്നും നടക്കാത്തതുകൊണ്ട്, ഇൗ യാത്രകൾ രഹസ്യമായി തന്നെ ഇരിക്കട്ടെ. ഇനിയുള്ള ജീവിതം രോഹിത്തിനോടൊപ്പമുള്ള യാത്രയാണ്. ഭൂമിയിലെ ഒാരോ കാഴ്ചയും ഒരുമിച്ച് ആസ്വദിക്കണം. 

alina-rohit-5

English Summary: Memorable Travel Experience by Alina Padikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA