അടുക്കള ടു ലഡാക്ക് ബുള്ളറ്റിൽ, ഹിമാലയത്തോളമെത്തിയ അമ്മ സ്‌നേഹം: മലയാളി പൊളിയാ മച്ചാനെ

himalayan-trip1
SHARE

അടുക്കളയില്‍ നിന്നും അരങ്ങത്തേക്കല്ല അങ്ങ് ലഡാക്കിലേക്കാണ് ഈ അമ്മയും മകനും ബൈക്കില്‍ പോയത്. വെറുതേയങ്ങ് പോവുക മാത്രമല്ല അങ്ങ് ഹിമാലയത്തിലെ സോജുലാപാസില്‍ വരെ അമ്മ സിന്ധു മകനായ ഗോപകുമാറിനേയും പിന്നിലിരുത്തി ബൈക്ക് ഓടിച്ചു. ഈ മാതൃദിനത്തില്‍ അമ്മയെ സ്വപ്‌നം കാണാനും യാത്ര പോകുവാനും പ്രേരിപ്പിച്ച മകന്റേയും ആകാശത്തോളം കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായ ഒരമ്മയുടേയും വിശേഷങ്ങളിലേക്ക്.

bike-trip2

മഹാരാജാസ് കോളേജ് കാന്റീനില്‍ 17 വര്‍ഷത്തോളമായി പാചകക്കാരിയാണ് സിന്ധു. എടവനക്കാട് സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ്മാനാണ് ഗോപകുമാര്‍. മാതൃദിനമായ ഇന്ന് ഈ അമ്മയും മകനും അങ്ങ് മണാലിയില്‍ നിന്നും ചുരമിറങ്ങിക്കൊണ്ടിരിക്കുകയാണ്. ലഡാക്ക് യാത്രയെന്ന് വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയശേഷമാണ് ഇരുവരുടേയും തിരിച്ചിറക്കം.

അടുക്കള ടു ലഡാക്ക്

മൂന്ന് നാല് വര്‍ഷമായി അമ്മക്കൊപ്പം യാത്ര പോകണമെന്ന ആഗ്രഹം ഗോപകുമാറിനുണ്ടായിരുന്നു. വീടും അടുക്കളയും ജോലിയുമായി നടന്ന സിന്ധുവില്‍ ഹിമാലയയാത്രയെ വലിയ സ്വപ്‌നമാക്കിയത് മകനാണ്. ആദ്യം ലഡാക്ക് ട്രിപ്പെന്നും പറഞ്ഞപ്പോള്‍ സിന്ധുവിന് യാതൊരു ആവേശവുമുണ്ടായിരുന്നില്ല. റൈഡര്‍മാരുടേയും സഞ്ചാരികളുടേയും വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ കാണിച്ചതോടെ എല്ലാം മാറി. പിന്നീട് എപ്പോൾ പോകുമെന്ന്് ഏറ്റവും കൂടുതല്‍ മകനോട് ചോദിച്ചത് അമ്മയായിരുന്നു. 

bike-trip

കോവിഡും മറ്റുമായി യാത്ര പിന്നെയും നീണ്ടുപോയി. ഒടുവില്‍ ഇപ്പോള്‍ അവസരം ഒത്തുവന്നപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. 'രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഒരേ രീതിയിലായതുകൊണ്ട് പിന്നെ അങ്ങട്ട് പൊളിച്ച്'. എന്നാണ് ഇപ്പൊ യാത്രയെ ഗോപകുമാര്‍ വിശേഷിപ്പിക്കുന്നത്.

യാത്ര ഇങ്ങനെ

ഏപ്രില്‍ 20നാണ് യാത്ര തുടങ്ങുന്നത്. കേരളത്തില്‍ നിന്നും കൊങ്കണ്‍ തീരം വഴിയായിരുന്നു പോയത്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍ വഴി ലഡാക്കിലെത്തി. പിന്നെ മണാലി വഴി താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ യാത്ര 18 ദിവസം പൂര്‍ത്തിയായിട്ടുണ്ട്. 

himalayan-trip2

പോയവഴിയില്‍ കണ്ട കാഴ്ചകളെല്ലാം ജീവിതത്തില്‍ അനുഭവങ്ങളായിരുന്നു. ഒട്ടും പരിചയമില്ലാത്ത, ഒരിക്കലും പരിചയപ്പെടുമെന്ന് പോലും വിചാരിക്കാത്ത ഒരുപാട് പേരെ യാത്രക്കിടെ ഈ അമ്മക്കും മകനും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. പ്രകൃതിയിലെ കാഴ്ച്ചകള്‍ക്കൊപ്പം ആ മനുഷ്യരും യാത്രയെ കൂടുതല്‍ സുന്ദരമാക്കി. 

മലയാളി പൊളിയാ ഡാ...

ഭക്ഷണസാധനങ്ങള്‍ക്കൊപ്പം പാചകം ചെയ്തു കഴിക്കാനായി അരിയും മറ്റും സാധനങ്ങളും കൊണ്ടുപോയിരുന്നു. നമുക്ക് ചോറ് കഴിക്കുന്ന തൃപ്തി മറ്റു ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടില്ലല്ലോ. അതിനായി യാത്രക്കിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനായി പലയിടത്തും അലയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കാര്‍ഗിലില്‍ വ്യത്യസ്തമായിരുന്നു അനുഭവം. 

കാര്‍ഗിലില്‍ വ്യത്യസ്തമായിരുന്നു

കാര്‍ഗില്‍ മെമ്മോറിയലിന് സമീപത്തെ ചെറിയൊരു ലോഡ്ജ് നടത്തുന്ന ആദിലിനോടും ഭക്ഷണം വച്ചോട്ടെയെന്ന് ചോദിച്ചു. അദ്ദേഹത്തിന് ആദ്യം എന്താണ് കാര്യമെന്ന് മനസിലായില്ല. ആദിലിന്റെ ഒരു സഹോദരന്‍ കേരളത്തില്‍ പഠിച്ചിട്ടുണ്ടായിരുന്നു അയാളെ വിഡിയോ കോള്‍ ചെയ്ത് സംസാരിച്ചാണ് കാര്യങ്ങള്‍ ആദ്യം മനസിലാക്കിയത്. കേരള കണക്ഷന്‍ വന്നതോടെ പിന്നീട് കാര്യങ്ങള്‍ വളരെ എളുപ്പമായി. എല്ലാ സൗകര്യങ്ങളും ആദില്‍ തന്നെ ചെയ്തു തന്നു. 

himalayan-trip3

ലഡാക്കില്‍ നിന്നും കര്‍ദുങ്‌ല പോയി അവിടെ നിന്നും 50 കിലോമീറ്ററോളം മണാലിയിലേക്കുള്ള വഴിയില്‍ പോയപ്പോഴേക്കും പൊലീസ് തടഞ്ഞു. മണാലിയിലേക്കുള്ള റൂട്ടില്‍ വലിയ മഞ്ഞുവീഴ്ച കാരണം റോഡ് തടസപ്പെട്ടതായിരുന്നു കാരണം. അങ്ങനെ അവിടെ റൂമെടുത്ത് താമസിക്കേണ്ടി വന്നു. അവിടെവച്ച് ഇരുപതോളം മലയാളി ബൈക്ക് റൈഡര്‍മാരെ പരിചയപ്പെട്ടു. 

സ്റ്റൗവും അരിയുമുണ്ട് ചോറുവച്ചാലോ എന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക് നൂറ്റൊന്നു വട്ടം സമ്മതം. ചോറൊക്കെ കിട്ടാതെ അവരും പൊരിഞ്ഞിരിക്കായിരുന്നു. അവരില്‍ ചിലരുടെ കയ്യിലും അരിയുണ്ടായിരുന്നു. അങ്ങനെ രണ്ട് പ്രാവശ്യമായി ചോറുവെച്ചു. എല്ലാരും ചേര്‍ന്ന് കഞ്ഞിയും അച്ചാറും ഉണക്ക ചെമ്മീന്‍ ചമ്മന്തിയും ഒക്കെ കഴിച്ചു. മലയാളി രുചി ആരും മറക്കില്ല. അങ്ങനെ അടുക്കളയേയും അമ്മയേയും  അങ്ങ് ലഡാക്കിലും അറിഞ്ഞു. 

കര്‍ദുങ്‌ലയിലെ കേരളീയ വേഷം

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സന്തോഷം തന്നെയായിരുന്നു. എങ്കിലും അമ്മയെ മഞ്ഞു കാണിച്ചതും മഞ്ഞിലൂടെ പോയി കര്‍ദുങ്‌ല പാസിലെത്തിയതുമാണ് ഏറ്റവും വലിയ സന്തോഷമായത്. കര്‍ദുങ്‌ലയിലെ വിഖ്യാതമായ ബോര്‍ഡിനോട് ചേര്‍ന്ന് പത്ത് മിനുറ്റ് മാത്രമേ ചിലവഴിക്കാന്‍ കഴിയൂ എന്ന് അവിടെയുള്ള സൈനികര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഡിയോയും ചിത്രങ്ങളുമൊക്കെ എടുക്കാനും കാണാനുമൊക്കെയായി ഈ സമയം തികഞ്ഞുമില്ല. 

himalayan-trip

അപ്പോഴാണ് ദൈവദൂതനെ പോലെ മലയാളിയായ ഒരു സൈനികന്‍ എത്തിയത്. അദ്ദേഹം നേരത്തെ തന്നെ ഈ അമ്മക്കൊപ്പമുള്ള യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നു. ഈ യാത്രയുടെ പ്രാധാന്യവും പ്രത്യേകതയും തിരിച്ചറിഞ്ഞ അദ്ദേഹമാണ് ചിത്രങ്ങളെടുക്കാനുള്ള സാവകാശവും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും അടക്കം എല്ലാ സഹായവും നല്‍കി. അങ്ങനെയാണ് കസവുസാരിയും മുണ്ടും ഉടുത്ത് തനി കേരളീയ വേഷത്തില്‍ ഗോപകുമാറിനും അമ്മ സന്ധ്യക്കും കര്‍ദുങ്‌ല പാസില്‍ നില്‍ക്കാനായത്. 

കേരളത്തില്‍ മാത്രമല്ല അങ്ങ് ഹിമാലയത്തിലും സിന്ധു ബൈക്ക് ഓടിച്ചു. സോജുലാ പാസില്‍ വച്ചായിരുന്നു സിന്ധു ഹിമാലയത്തിലേക്ക് ഓടിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലൈസന്‍സ് ഉണ്ടായിരുന്നു. ജീവിതത്തില്‍ മരവിച്ചിരിക്കുന്ന ആളുകളല്ലേ, എല്ലാവരും എല്ലാം പഠിക്കട്ടെ, ഒറ്റ ജീവിതമല്ലേ ഉള്ളൂ... എന്നും പറഞ്ഞാണ് അമ്മയുടെ ബൈക്ക് ഓടിക്കലിനെ മകന്‍ ഗോപകുമാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

ലഡാക്ക് ടു അടുക്കള

വീട്ടിലെ എല്ലാവരും കട്ടക്ക് സപ്പോര്‍ട്ടായിരുന്നു. മോളും ഭര്‍ത്താവും അമ്മയുമെല്ലാം തന്ന പിന്തുണയിലാണ് ഇങ്ങനെയൊരു യാത്ര സാധ്യമായത്. യാത്ര പുറപ്പെടുന്ന അന്ന് നാട്ടുകാരുടെ വക അപ്രതീക്ഷിത യാത്രയപ്പും ഉണ്ടായിരുന്നു. ഇത്രയേറെ പേര്‍ വന്ന് യാത്രയാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അന്ന് യാത്രയാക്കിയവരുടെ കണ്ണിലെ നനവാണ് തങ്ങളെ ഇവരെല്ലാം എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി തന്നതെന്നും സിന്ധു പറയുന്നു. അതു തന്നെയാണ് തിരിച്ചുള്ള യാത്രയിലും ഈ അമ്മക്കും മകനും ഊര്‍ജ്ജമാവുന്നത്. 

ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് തിരിച്ചെത്താനാവുമെന്നാണ് ഈ അമ്മയുടേയും മകന്റേയും പ്രതീക്ഷ. അടുക്കളയില്‍ നിന്നും ലഡാക്കിലേക്ക് പോയ അമ്മയും മകനുമാവില്ല ലഡാക്കില്‍ നിന്നും അടുക്കളയിലേക്ക് തിരിച്ചെത്തുക. അനുഭവങ്ങളുടേയും കാഴ്ചകളുടേയും യാഥാര്‍ഥ്യമാക്കിയ സ്വപ്‌നങ്ങളുടേയും വലിയ സമ്പാദ്യം ഇന്ന് ഇവര്‍ക്കുണ്ട്. ജീവിതത്തില്‍ ഇനിയൊരു യാത്ര പോലും ചെയ്തില്ലെങ്കിലും ചെറു വിഷമം പോലുമുണ്ടാവില്ലെന്നും ഈ അമ്മ പറയുന്നു. 

അമ്മയുടെ വാക്കുകളിലൂടെ

'എല്ലാവര്‍ക്കും അമ്മമാരെ ലഡാക്കിലേക്കൊന്നും കൊണ്ടുപോവാനായെന്ന് വരില്ല. എങ്കിലും അമ്മമാരുടെ ചെറിയ ചെറിയ ഇഷ്ടങ്ങളെങ്കിലും ഓരോ മക്കള്‍ക്കും സാധിച്ചുകൊടുക്കാനാവും. ഒരു പ്രതിഫലവും ചോദിക്കാതെ മക്കള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നവരാണ് അമ്മമാര്‍. പകരമാവില്ലെങ്കിലും, തിരിച്ചു കിട്ടുന്ന ഓരോ കരുതലും പറഞ്ഞറിയിക്കാനാവാത്ത വലിയ സന്തോഷമാണ് അമ്മമാര്‍ക്ക് നല്‍കുക. എങ്കിലും മദേഴ്‌സ് ഡേയില്‍ മാത്രമായി അമ്മമാരോടുള്ള സ്‌നേഹവും കരുതലും ചുരുക്കരുത്' എന്നാണ് എല്ലാ മക്കളോടുമായി സിന്ധുവിന് പറയാനുള്ളത്.

English Summary: Mother and son road trip from Kochi to Ladakh on a Royal Enfield Himalayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA