ADVERTISEMENT

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ലൈറ്റ് കോഫീ നിറത്തിലുള്ള ഡ്രെസ്സും മള്‍ട്ടികളര്‍ ഷൂസുമണിഞ്ഞ്‌ അതിസുന്ദരിയായാണ് പൂര്‍ണിമ ചിത്രത്തില്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തില്‍, പിന്നിലായി കടലിന്‍റെ ദൃശ്യങ്ങളും കാണാം. 

ഗ്രേറ്റ് ആന്‍ഡമാന്‍റെ കിഴക്ക് ഭാഗത്തുള്ള,  ഹാവ്‌ലോക്ക് ദ്വീപ് എന്നറിയപ്പെട്ടിരുന്ന സ്വരാജ് ദ്വീപില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. പോർട്ട് ബ്ലയറിൽ നിന്നും സ്വകാര്യ ക്രൂസ് മുഖേന ആണ് ഇവിടേക്ക് എത്തുന്നത്. ഇതോടൊപ്പം സർക്കാർ നടത്തുന്ന കടത്തുവള്ളങ്ങളും ഹെലിക്കോപ്റ്റര്‍ സേവനവും ഉണ്ട്. രാധാനഗർ ബീച്ച്, വടക്കുപടിഞ്ഞാറൻ തീരത്തുള്ള എലിഫന്റ് ബീച്ച്, കിഴക്കൻ തീരത്തെ വിജയ് നഗർ ബീച്ച് (നമ്പർ 5), ബീച്ച് നമ്പർ 3, ബീച്ച് നമ്പർ 1, കാലാപത്തർ എന്നിങ്ങനെ നിരവധി മനോഹര ബീച്ചുകള്‍ ഇവിടെയുണ്ട്.

ഹാവ്‌ലോക്ക് ദ്വീപിലെ, കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്ങും സാഹസിക സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമാണ്. ഇവയിലൂടെ യാത്ര ചെയ്ത് പോയാല്‍ നേരെ എത്തുന്നത് കടലിലേക്കാണ് ചെമ്മീൻ, ആൽഗകൾ, മുത്തുച്ചിപ്പികൾ, സ്‌പോഞ്ച്‌കൾ, ചെളി ലോബ്‌സ്റ്ററുകൾ, കണ്ടൽ ഞണ്ടുകൾ എന്നിങ്ങനെ നിരവധി ജീവജാലങ്ങളെ ഈ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കാണാം.ആന്‍ഡമാന്‍റെ തലസ്ഥാനമായ പോര്‍ട്ട്ബ്ലെയറില്‍ നിന്നും എടുത്തിട്ടുള്ള മറ്റൊരു ചിത്രവും പൂര്‍ണിമ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

Andaman

പവിഴപ്പുറ്റുകളും കടലിനടിയിലെ വിസ്മയക്കാഴ്ചകളും

കണ്ടാല്‍ ആരും കൊതിക്കുന്നത്ര സുന്ദരമായ ബീച്ചുകളും അതിമനോഹരമായ പവിഴപ്പുറ്റുകളും കടലിനടിയിലെ വിസ്മയക്കാഴ്ചകളുമെല്ലാമൊരുക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ഏകദേശം 572 ദ്വീപുകളുള്ള ഈ ദ്വീപസമൂഹത്തിലെ 36 എണ്ണം വിനോദസഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. 

ലോകപ്രസിദ്ധമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹം. ലോകസഞ്ചാരികളായ ടോളമിയും മാർക്കോ പോളോയും ഈ ദ്വീപുകളെ ക്രൂരമായ മനുഷ്യവേട്ടക്കാരുടെ ആവാസകേന്ദ്രമായി രേഖപ്പെടുത്തിയിരുന്നു. മലയ് ഭാഷയില്‍ 'ഹണ്ടുമാൻ എന്നറിയപ്പെട്ടിരുന്ന ഹനുമാനിൽ നിന്നാണ് ആൻഡമാൻ എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് അനുമാനം. ദക്ഷിണേന്ത്യൻ പദമായ 'നക്കവാരം' (നഗ്നരുടെ നാട്) എന്നതില്‍ നിന്നുമാണ് നിക്കോബാര്‍ എന്ന വാക്ക് വന്നതെന്ന് എഡി 1050- ലെ തഞ്ചാവൂർ ലിഖിതത്തിൽ പറയുന്നു.

Andaman Islands

ജൈവവൈവിധ്യത്തിനും ആഗോളപ്രാധാന്യമുള്ള സ്ഥലമാണ് ആന്‍ഡമാന്‍. ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് അടക്കം മൂന്നിനം കടലാമകള്‍ ഇവിടെയുണ്ട്. ലോകത്ത്, കരയിൽ ജീവിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ആർത്രോപോഡായ കോക്കനട്ട് ക്രാബ് ആണ് മറ്റൊരു പ്രധാന ജീവിവര്‍ഗ്ഗം. ദ്വീപിന് ചുറ്റുമുള്ള ജലത്തിൽ ഡോൾഫിനുകൾ, തിമിംഗലങ്ങൾ, ഡുഗോങ്ങുകൾ, കടലാമകൾ, സെയിൽഫിഷ്, സീ അനിമോണുകൾ, മറ്റ് സമുദ്രജീവികൾ എന്നിവ ധാരാളമുണ്ട്. നാലു പതിറ്റാണ്ടിലേറെയായി ആൻഡമാൻ ദ്വീപുകൾക്ക് ചുറ്റുമുള്ള കടല്‍ഭാഗങ്ങളില്‍ വാണിജ്യ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏക സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് ഇവിടെയാണ്‌ ഉള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്  3 കിലോമീറ്റർ വീതിയുണ്ട്. ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്.

andaman-islands6

English Summary: Poornima Indrajith shares Travel pictures from Andaman and Nicobar Islands 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com