കേരളത്തില്‍ ഒരു ഏലമലയുണ്ട്, ഇടുക്കിയില്‍ പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി സ്ഥിതിചെയ്യുന്ന ഈ മല ഏലക്കാത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ്. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെത്തന്നെ, തമിഴ്നാട്ടിലും ഏലക്കായുടെ പേരില്‍ അറിയപ്പെടുന്ന ഒരു മലമ്പ്രദേശമുണ്ട്. യേലഗിരി എന്നറിയപ്പെടുന്ന ഈ പ്രദേശവും മനംമയക്കുന്ന പ്രകൃതിസൗന്ദര്യത്തിനും സാഹസിക അനുഭവങ്ങള്‍ക്കും സഞ്ചാരികള്‍ക്കിടയില്‍ പേരുകേട്ടതാണ്.
യേലഗിരിയുടെ മടിത്തട്ടിലേയ്ക്ക്
തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലാണ് യേലഗിരി അഥവാ ഏലഗിരി ഹില്‍സ്റ്റേഷന്‍. നിറയെ പനിനീര്‍ പൂന്തോട്ടങ്ങളും പച്ച പുതച്ച താഴ്‍വാരങ്ങളും നാനാജാതി പുഷ്പങ്ങളുടെ പരിമളം വഹിച്ചെത്തുന്ന കാറ്റുമെല്ലാം ചേര്‍ന്ന ഈയിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. വാണിയമ്പാടി - തിരുപ്പത്തൂർ റൂട്ടിലാണ് ഈ സ്ഥലം.

സമുദ്രനിരപ്പിൽ നിന്ന് 1410 മീറ്റർ ഉയരത്തിലാണ് യേലഗിരി ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഏകദേശം 14 കുഗ്രാമങ്ങളും നിരവധി കുന്നുകളിലായി പരന്നുകിടക്കുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടുത്തെ പ്രധാന കാഴ്ചകളില്‍ ഉൾപ്പെടുന്നു. കൂടാതെ, ട്രെക്കിങ്, പാരാഗ്ലൈഡിങ്, റോക്ക് ക്ലൈമ്പിങ്ങ് മുതലായ വിനോദങ്ങള്‍ക്കും പിക്നിക്കിനുമെല്ലാം ബെസ്റ്റ് സ്ഥലങ്ങള്‍ യേലഗിരിയുടെ മടിത്തട്ടിലുണ്ട്.
ജമീന്ദാരുടെ കയ്യില്‍ നിന്ന് സര്‍ക്കാരിലേക്ക്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ്, ഒരു ജമീന്ദാർ കുടുംബത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്ന യേലഗിരി, 1950 കളിൽ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. റെഡ്ഡിയൂരിൽ സ്ഥിതി ചെയ്യുന്ന ജമീന്ദാര്‍ കുടുംബവസതി വിനോദസഞ്ചാരികൾക്ക് ഇപ്പോഴും സന്ദർശിക്കാം. മാത്രമല്ല, ഈ നാട്ടിലെ ഗോത്രവര്‍ഗക്കാരുടെ അതുല്യവും അപൂര്‍വവുമായ ആചാരങ്ങളും പാരമ്പര്യങ്ങളും വീടുകളുടെ ഘടനയുമെല്ലാം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മനംമയക്കും ഈ കാഴ്ചകളും അനുഭവങ്ങളും
ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റ് ഹിൽ സ്റ്റേഷനുകളെപ്പോലെ അത്ര വികസിതമല്ല യേലഗിരി ഹിൽസ്റ്റേഷൻ. ഏകദേശം 4,338 അടി ഉയരമുള്ള സ്വാമിമലൈ കുന്നാണ് യേലഗിരിയിലെ ഏറ്റവും ഉയർന്ന സ്ഥലം. ട്രെക്കിങ് നടത്തുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നും മനോഹരമായ ഒരു വ്യൂ പോയിന്റുമാണ് സ്വാമിമലൈ. ഇടതൂര്‍ന്ന വനങ്ങളിലൂടെ നിരവധി ട്രെക്കിംഗ് പാതകൾ ഇവിടെയുണ്ട്. ഈ കുന്നിന്‍റെ അടിവാരത്താണ് മംഗലം എന്ന ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. ജവാദി ഹിൽസ്, പാലാമതി ഹിൽസ് തുടങ്ങിയ ചെറിയ കൊടുമുടികൾ ഉൾപ്പെടുന്ന മറ്റ് ട്രെക്കിങ് ഓപ്ഷനുകളുണ്ട്.

യേലഗിരിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മറ്റൊരു ആകർഷണമാണ് ജലഗംപാറ വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്കിടയിലൂടെ, മൂടല്‍മഞ്ഞ് പൊതിഞ്ഞ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച തന്നെ പ്രത്യേക അനുഭൂതിയാണ്. ഏകദേശം 5 കിലോമീറ്റർ ദൂരമുള്ള ട്രെക്കിംഗിന് ശേഷമാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിലെ വെള്ളത്തിന് വിവിധ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള ശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പിക്നിക്കിനും പറ്റിയ പരിസരമാണ് ഇവിടെയുള്ളത്.
പുങ്ങന്നൂർ കായലിനോട് ചേർന്ന് പന്ത്രണ്ട് ഏക്കറിലാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയായ നേച്ചര്‍ പാർക്ക് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്നതും സമൃദ്ധവുമായ സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ് പാർക്ക്. ബഹുവർണ്ണ ലൈറ്റിംഗ് ഉള്ള ഒരു സംഗീത ജലധാര, ഫിഷ് അക്വേറിയം, കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക്, ഒരു മുള വീട്, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയെല്ലാമാണ് നേച്ചര്‍ പാര്‍ക്കിലെ കാഴ്ചകള്‍.

മനോഹരമായ വാസ്തുവിദ്യ, കാർത്തിഗൈ തിരുനാൾ ഉത്സവം എന്നിവയ്ക്ക് പേരുകേട്ട വേലവന്‍ ക്ഷേത്രവും ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍പ്പെടുന്നു. മനോഹരമായ ഈ ക്ഷേത്രം മുരുകനാണ് സമർപ്പിച്ചിരിക്കുന്നത്. ഘടോല്‍കചന്‍റെയും ഗണപതിയുടെയും അതുല്യമായ വിഗ്രഹങ്ങളും ഇവിടെയുണ്ട്.
ഇവ കൂടാതെ, പുങ്ങന്നൂർ തടാകത്തിന് സമീപം, വനംവകുപ്പ് സംരക്ഷിച്ചിരിക്കുന്ന ഹെർബൽ ഫാം, ബോട്ടിങ് മുതലായ ജലവിനോദങ്ങള്‍ക്ക് പേരുകേട്ട നിലവൂര്‍ തടാകം എന്നിവയെല്ലാം യേലഗിരിയുടെ മാന്ത്രിക കാഴ്ചകളില്‍ പെടുന്നു.
വേനലിന്‍റെ ആഘോഷകാലം
എല്ലാവര്‍ഷവും മെയ് അവസാനം വിനോദസഞ്ചാരികള്‍ക്കായി, യേലഗിരി വേനൽക്കാല ഉത്സവം സംഘടിപ്പിക്കാറുണ്ട്. തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് ബോർഡാണ് ഇത് ഒരുക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ഫ്‌ളവേഴ്‌സ് ഷോ, ബോട്ട് ഹൗസ്, വിവിധ സാംസ്‌കാരിക പരിപാടികൾ, വിവിധയിനം നായ്ക്കളുടെ പ്രദർശനം എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ഒരുക്കാറുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഈ വാർഷിക ഉത്സവത്തിൽ പങ്കെടുക്കുന്നു.
എങ്ങനെ എത്താം?
ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ യേലഗിരിയിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. ഹിൽ സ്റ്റേഷനിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ബെംഗളൂരു രാജ്യാന്തര വിമാനത്താവളമാണ് യേലഗിരിക്ക് ഏറ്റവും അടുത്തുള്ളത്. 260 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെന്നൈ വിമാനത്താവളമാണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം, ടാക്സി വാടകയ്‌ക്കെടുക്കാം,

ജോലാർപേട്ട റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ഇവിടെ നിന്നും ഏകദേശം 21 കിലോമീറ്റർ ദൂരമുണ്ട്. സമീപ നഗരങ്ങളായ തിരുപ്പത്തൂരിലും ജോലാർപേട്ടയിലുമാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡുകൾ.
English Summary: Places To Visit In Yelagiri Hillstation Tamil Nadu