ജിറാഫിനൊപ്പം ‘ഉന്നതതല’ യോഗം; പിഷാരടിയുടെ ഹൈദരാബാദ് കറക്കം!

ramesh-pisharody
Image Source: Social Media
SHARE

കാലങ്ങളായി മലയാളികളുടെ സ്വീകരണമുറികളില്‍ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുന്ന മികവുറ്റ ഹാസ്യകലാകാരനാണ് രമേഷ് പിഷാരടി. സ്റ്റേജ് കലാകാരന്‍ എന്നതിലുപരി, ഒരു ചലച്ചിത്ര സംവിധായകനും നടനും കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഹൈദരാബാദിലൂടെ കുടുംബത്തോടൊപ്പം നടത്തിയ യാത്രയുടെ രസകരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.

‘ഉന്നതതലയോഗം’ എന്ന രസകരമായൊരു ക്യാപ്ഷനോടെ, നെഹ്‌റു സുവോളജിക്കൽ പാർക്കില്‍ ഒരു ജിറാഫിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പിഷാരടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഹൈദരാബാദിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഹൈദരാബാദ് മൃഗശാല, സൂ പാർക്ക് എന്നെല്ലാം അറിയപ്പെടുന്ന നെഹ്‌റു സുവോളജിക്കൽ പാർക്ക്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ പേരിലാണ് ഈ പാർക്ക് അറിയപ്പെടുന്നത്. 1959 ഒക്ടോബർ 26- ന് ആരംഭിച്ച പാര്‍ക്ക് 1963 ഒക്ടോബർ 6- നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. തെലങ്കാനയിലെ ഹൈദരാബാദിൽ മിർ ആലം ടാങ്കിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെലങ്കാന വനം വകുപ്പാണ് ഈ പാർക്ക് നോക്കി നടത്തുന്നത്.

ഇന്ത്യൻ കാണ്ടാമൃഗം , ഏഷ്യൻ സിംഹം , ബംഗാൾ കടുവ , പാന്തർ , ഗൗർ , ഇന്ത്യൻ ആന , പെരുമ്പാമ്പ് , മാൻ , പക്ഷികൾ തുടങ്ങിയ തദ്ദേശീയ ജീവിവര്‍ഗ്ഗങ്ങള്‍ ഉൾപ്പെടെ നൂറോളം ഇനം പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ എന്നിവ മൃഗശാലയിൽ ഉണ്ട്. മാത്രമല്ല, നൂറുകണക്കിന് ദേശാടന പക്ഷികളും എല്ലാവര്‍ഷവും ഇവിടേക്ക് പറന്നെത്തുന്നു. കൂടാതെ അക്വേറിയം, ഡൈനോ പാർക്ക്, ബട്ടർഫ്ലൈ പാർക്ക്, ആമ വീട് എന്നിവയുമുണ്ട്. 2014 മുതൽ പുറത്തുനിന്നുള്ള മൃഗസ്നേഹികള്‍ക്ക് ഇവിടെയുള്ള മൃഗങ്ങളെ ദത്തെടുക്കാനും അവയുടെ പരിപാലനത്തിനായി പണം നല്‍കാനുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു.

ഇവ കൂടാതെ, സഞ്ചാരികള്‍ക്കായി സഫാരി യാത്രകളും നടത്തുന്നു. ഓരോ ദിവസവും പ്രത്യേക വിദ്യാഭ്യാസ പ്രദർശനങ്ങളും ഭക്ഷണ സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രകൃതി ചരിത്ര മ്യൂസിയമാണ് ഇവിടെയുള്ള മറ്റൊരു പ്രധാന ആകര്‍ഷണം. ഹൈദരാബാദ് നിസാമുമാരുടെ കൊട്ടാരമായ ചൌമഹല്ല പാലസില്‍ ഇരിക്കുന്ന മറ്റൊരു ചിത്രവും പിഷാരടിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്. 

അസഫ് ജാഹി രാജവംശത്തിന്‍റെ ആസ്ഥാനവും ഹൈദരാബാദ് നിസാമുമാരുടെ ഔദ്യോഗിക വസതിയുമായിരുന്നു ഇത്. നിസാം സലാബത്ത് ജങ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. നിസാമുകളുടെ സ്ഥാനാരോഹണവും ഗവർണർ ജനറലിനുള്ള സ്വീകരണവും ഉൾപ്പെടെയുള്ള എല്ലാ ആചാരപരമായ ചടങ്ങുകളും ഈ കൊട്ടാരത്തിലാണ് അരങ്ങേറിയിരുന്നത്. കൊട്ടാരത്തിൽ രണ്ട് മുറ്റങ്ങളും ഖിൽവത് (ധർബാർ ഹാൾ),  ജലധാരകൾ, പൂന്തോട്ടങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കൊട്ടാരം യഥാർത്ഥത്തിൽ 45 ഏക്കർ ആയിരുന്നു, എന്നാൽ ഇന്ന് 12 ഏക്കർ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2010 മാർച്ച് 15- ന് സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്‌കോ ഏഷ്യാ പസഫിക് മെറിറ്റ് അവാർഡ് ചൗമഹല്ല പാലസിന് ലഭിക്കുകയുണ്ടായി. ഇന്ന് ഹൈദരാബാദ് സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് കൊട്ടാരം.

ഹൈദരാബാദിലെ മറ്റൊരു ആകര്‍ഷണമാണ് കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്ന ഗോൽക്കൊണ്ട കോട്ട. 120 മീറ്റർ ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിന് മുകളിലായി, കാകതീയ രാജവംശമാണ് ഗോൽഗോണ്ട കോട്ട നിർമ്മിച്ചത്. 

ഒരു കാലത്ത് വജ്രവ്യാപാരത്തിന്‍റെ വിപണി നഗരമായിരുന്നു ഗോൽകൊണ്ട, പ്രസിദ്ധമായ കോഹിനൂർ പോലെയുള്ള വജ്രങ്ങൾ സൂക്ഷിച്ചിരുന്ന ഒരു നിലവറ ഗോൽക്കൊണ്ട കോട്ടയിൽ ഉണ്ടായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഔദ്യോഗിക സ്മാരകങ്ങളുടെ പട്ടികയിൽ ഗോൽക്കൊണ്ട കോട്ട ഒരു പുരാവസ്തു നിധിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

English Summary: Ramesh Pisharody Family Vacation In Hyderabad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA