ADVERTISEMENT

നാഗാലാന്‍ഡിന് കിഴക്കിന്റെ സ്വിറ്റ്‌സര്‍ലൻഡ് എന്ന് പേരു വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജംപ്ഫു കൊടുമുടിയാണ്. അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയയിടമായി പച്ചപ്പുല്‍മേടുകളുടേയും പൂക്കളുടേയും താഴ്‌വരയായ ജംപ്ഫു മാറിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവേയുള്ള കൃത്രിമത്വങ്ങളില്ലാത്ത പ്രകൃതി ഭംഗി തന്നെയാണ് ജംപ്ഫുവിന്റേയും പ്രധാന ആകര്‍ഷണം. 

മലകയറ്റക്കാരുടെ സ്വര്‍ഗം

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3,084 മീറ്റര്‍(10,100 അടി) ഉയരത്തിലുള്ള ജംപ്ഫു പ്രകൃതിക്കുള്ളിലേക്ക് കയറിപ്പോവാന്‍ ഇഷ്ടപ്പെടുന്ന മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. കൊഹിമയില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരത്തിലുള്ള കിഗ്‌വേമ ഗ്രാമത്തിലെ ജംപ്ഫു ക്രിസ്റ്റ്യന്‍ കോളേജിനടുത്തു നിന്നാണ് ട്രെക്കിങ് ആരംഭിക്കുക. നാഗാലാൻഡിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ജംപ്ഫു കഠിനമായ െട്രക്കിങ്ങുകളിലൊന്നാണ്. മുകളിലെത്താന്‍ ഏതാണ്ട് അഞ്ച് മണിക്കൂറും തിരിച്ചിറങ്ങാനായി നാല് മണിക്കൂറുമാണ് ശരാശരി വേണ്ടത്. 

നാഗാലാൻഡി പുഷ്പം റോഡോഡെന്റോണ്‍

ലോകത്തെ ഏറ്റവും വലിയ റോഡോഡെന്റോണ്‍ പൂമരമുള്ളത് ജംപ്ഫുവിലാണ്. നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പമാണ് റോഡോഡെന്റോണ്‍. ജംപ്ഫുവിലെ റോഡോഡെന്റോണ്‍ പൂമരത്തിന് ഏതാണ്ട് 109 അടി ഉയരമാണ് കണക്കാക്കപ്പെടുന്നത്. ഇത് ഒൻപത് നില കെട്ടിടത്തോളം ഉയരം വരും. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡില്‍ ഈ റോഡോഡെന്റോണ്‍ പൂമരത്തിന്റെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

nagaland
Image from Youtube

പ്രകൃതിയുടെ വെല്ലുവിളികള്‍ പിന്നിട്ട് ജംപ്ഫുവിയുട മുകളിലെത്തിയാല്‍ പച്ചപ്പും പൂക്കളും നിറഞ്ഞ സുകോ താഴ്‌വര നല്‍കുന്ന കാഴ്ചകള്‍ മനസു നിറക്കുന്നതാണ്. ട്രെക്കിങ്ങിന്റെ പാതയും സഞ്ചാരികളില്‍ ഊര്‍ജം നിറയ്ക്കുന്ന പ്രകൃതി ഭംഗിയുള്ളവയാണ്. വടക്കു കിഴക്കിന്റെ 'പൂക്കളുടെ താഴ്‌വര' എന്ന വിശേഷണവും ഈ പ്രദേശത്തിനുണ്ട്. ഏതോ കാലത്ത് സജീവമായിരുന്ന ഒരു കൂറ്റന്‍ അഗ്നിപര്‍വതമാണ് ഈ അദ്ഭുത ഭൂമിക സൃഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്. 

കൊഹിമയും കാണാം

ട്രെക്കിങ്ങിനും ക്യാംപിങ്ങിനും പുറമേ എന്തുണ്ട് കാണാനെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട് കൊഹിമയില്‍. ഈ വടക്കു കിഴക്കന്‍ നഗരത്തിലെ മാര്‍ക്കറ്റുകളില്‍ തികച്ചും വ്യത്യസ്തമായ വിഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പല ഉത്പന്നങ്ങളും വില പേശിക്കൊണ്ടു തന്നെ സ്വന്തമാക്കാനാകും. യാത്രയുടെ ഓര്‍മ്മകള്‍ക്കായും അടുപ്പക്കാര്‍ക്ക് മറക്കാനാവാത്ത സമ്മാനമായുമൊക്കെ ഇവ മാറിയേക്കാം. 

കൊഹിമയിലെ രാത്രിജീവിതവും സജീവമാണ്. ബാറുകളും നിശാക്ലബുകളും പ്രാദേശിക ഭക്ഷണവൈവിധ്യവും സംഗീതവും മദ്യവുമെല്ലാം വേറിട്ട അനുഭവം സമ്മാനിക്കും. ഫ്‌ളേമിംങ് വോക്, ഡ്രീംസ് കഫേ തുടങ്ങിയവ പ്രദേശത്തെ പ്രസിദ്ധമായ റസ്റ്ററന്റുകളില്‍ ചിലതാണ്. സമീപത്തെ വിശ്വേമ ഗ്രാമവും ഗോത്രവര്‍ഗക്കാരെയും നേരിട്ട് കണ്ടറിയാനുള്ള അവസരവുമുണ്ട്. 

എങ്ങനെ എത്താം

നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് ജംപ്ഫു എന്നതുകൊണ്ടു തന്നെ താരതമ്യേനം എളുപ്പമാണ് ഇവിടെ എത്തിച്ചേരാൻ. ദിമാപൂറാണ് കൊഹിമയുമായി ഏറ്റവും ചേര്‍ന്നു കിടക്കുന്ന വിമാനത്താവളം. റെയില്‍ റോഡ് ഗതാഗത സൗകര്യങ്ങളും കൊഹിമയിലേക്കുണ്ട്. കൊഹിമയില്‍ എത്തിക്കഴിഞ്ഞാല്‍ ടാക്‌സികളേയോ പൊതുഗതാഗത സംവിധാനമോ ഉപയോഗിച്ച് ജംപ്ഫു പിടിക്കാം. 

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ജംപ്ഫു സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയത്ത് പൂക്കള്‍ നിറഞ്ഞു കിടക്കുന്ന താഴ്‌വര വ്യത്യസ്തമായ അനുഭവമാകും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. പകല്‍ സമയത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാലും രാത്രികളില്‍ പത്ത് ഡിഗ്രി വരെ താപനില താഴാറുണ്ട്. 

English Summary: Japfu Peak, Kohima - Nature Spot in Nagaland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com