ADVERTISEMENT

തെക്കൻ തമിഴ്‌നാട്ടിലെ  തിരുനെൽവേലി ജില്ലയില്‍, അംബാസമുദ്രം എന്ന പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് മാഞ്ചോലൈ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1000 മുതൽ 1500 മീറ്റർ വരെ ഉയരത്തിലുള്ള ഈ സ്ഥലത്ത് അതിസുന്ദരമായ കാഴ്ചകളും മനോഹരമായ കാലാവസ്ഥയുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എങ്ങും നിറഞ്ഞുനില്‍ക്കുന്ന തേയിലത്തോട്ടങ്ങളും ഇടതൂര്‍ന്ന കാടുകളും ഈ ഹിൽ സ്റ്റേഷന്‍റെ ഭംഗി കൂട്ടുന്നു. കോടമഞ്ഞും കാറ്റും മത്സരിച്ച് കുന്നിറങ്ങി വന്നു മുഖത്തു തട്ടുമ്പോള്‍, ഒരു സ്വപ്നലോകത്തെത്തിയ പ്രതീതിയാണ്. ശാന്തമായ അന്തരീക്ഷവും പ്രകൃതിരമണീയതയുമെല്ലാം കാരണം മാഞ്ചോലൈയെ "പാവപ്പെട്ടവരുടെ ഊട്ടി" എന്നും വിളിക്കാറുണ്ട്.

manjolai-hill-station1
Vembu VK/shutterstock

കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് ഏരിയയ്ക്കുള്ളിലായാണ് മാഞ്ചോലൈ മലനിരകള്‍. വനത്തിനുള്ളിലൂടെ വേണം യാത്ര ചെയ്ത് എത്തേണ്ടത് എന്നതിനാല്‍ ഇവിടെക്കേത്താന്‍ വനംവകുപ്പിന്‍റെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. അനുമതി ലഭിച്ചാല്‍ വനത്തിനുള്ളിൽ ട്രെക്ക് ചെയ്യാനും കഴിയും. സംസ്ഥാന സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് നടത്തുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കണമെങ്കില്‍ അവ കൃഷി ചെയ്യുന്ന സ്വകാര്യ കമ്പനികളുടെ അനുമതിയും വാങ്ങാം.

മണിമുത്താർ വെള്ളച്ചാട്ടവും കക്കാച്ചി തടാകവും

മണിമുത്താർ അണക്കെട്ടിന് മുകളിലായാണ് മാഞ്ചോലൈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കാഴ്ചയ്ക്ക് അതിമനോഹരമായ വെള്ളച്ചാട്ടമാണ് മണിമുത്താർ വെള്ളച്ചാട്ടം. പോകുംവഴി ഇതുകൂടാതെ ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഈ വഴിയിലെ മറ്റൊരു പ്രധാനപ്പെട്ട വ്യൂ പോയിന്റാണ് അപ്പർ കൊടയാർ ഡാം. കക്കാച്ചി തടാകം ഇവിടുത്തെ മനോഹരമായ ഒരു തടാകമാണ്. പട്ടണത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ പച്ചപ്പ് നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ട ടാർസൺ കുളവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം.

എങ്ങനെ എത്താം

തിരുനെൽവേലി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് മാഞ്ചോലൈയിലേക്ക് തമിഴ്‌നാട് സംസ്ഥാന സർക്കാർ ബസ് വഴി എത്തിച്ചേരാം. കുതിരവെട്ടി വരെയാണ് ഈ ബസുകൾ പോകുന്നത്. മണിമുത്താര്‍ ഡാം, മണിമുത്താര്‍ വെള്ളച്ചാട്ടം, മാഞ്ചോലൈ, കക്കച്ചി, നാലുമുക്ക് വഴിയാണ് ബസ് പോകുന്നത്. തിരുനെൽവേലിയും മാഞ്ചോലൈയും തമ്മിലുള്ള ദൂരം ഏകദേശം 70 കിലോമീറ്ററാണ്.

manjolai-hill-station2
Vinodh Sivamani/shutterstock

സഞ്ചാരികള്‍ക്ക് താമസിക്കാനും സര്‍ക്കാര്‍ സൗകര്യം ലഭ്യമാണ്. സർക്കാർ അതിഥി മന്ദിരമായ മുണ്ടന്തുറ ഫോറസ്റ്റ് റെസ്റ്റ് ഹൗസ് വാടകയ്ക്ക് ലഭിക്കും. അംബാസമുദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെയും വൈൽഡ് ലൈഫ് വാർഡന്റെയും ഓഫീസിൽ ബന്ധപ്പെട്ടാല്‍ ഇത് ബുക്ക് ചെയ്യാം. 

English Summary:Manjolai Hill Station Tirunelveli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com