മനുഷ്യൻ 35 വർഷം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ശേഖരിച്ചുവച്ച കലാവസ്തുക്കളും പുസ്തകങ്ങളും പിൽക്കാലത്ത് ലോകത്തിലെ തന്നെ വലിയൊരു മ്യൂസിയമായി മാറിയ കഥ, ഹൈദരാബാദിലെ സലർജങ് മ്യൂസിയത്തിന്റെ ചരിത്രം ഏറ്റവും ചുരുക്കി ഇങ്ങനെ പറയാം.രണ്ടു തവണ ഹൈദരാബാദ് യാത്ര നടത്തിയിട്ടും സന്ദർശനഭാഗ്യം കിട്ടാതെ പോയൊരിടം. അതിനാൽ ഇത്തവണത്തെ യാത്രയിലെ പ്രധാന ലക്ഷ്യം സലർജങ് മ്യൂസിയം പൂർണമായും കാണുകയെന്നതു തന്നെ.

കൊച്ചിയിൽ നിന്നും അതിരാവിലെ യാത്ര തുടങ്ങി. ചരിത്ര ശേഷിപ്പുകളുടെ സൗന്ദര്യമാണ് ഹൈദരാബാദിനെ ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ഇന്ത്യൻ മ്യൂസിയങ്ങളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമാണ് സലർജങ് മ്യൂസിയത്തിന്. എന്നാൽ ഒരൊറ്റ മനുഷ്യന്റെ കലാശേഖരങ്ങൾ മ്യൂസിയമായി മാറിയ കാഴ്ച ലോകത്ത് ഇതൊന്നേയുള്ളൂ. രാത്രി ഏറെ വൈകിയാണ് ഹോട്ടലിലെത്തിയത്. ‘നിസാമിന്റെ നാട്ടിലെ’ സുന്ദരിമാർ വെൽകം ഡ്രിങ്ക് നൽകി സ്വാഗതമരുളി. ഒരു രാത്രിയ്ക്കപ്പുറം സലർജങ് മ്യൂസിയത്തിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാം.
റെബേക്ക, മൂടുപടമിട്ട സുന്ദരി
മ്യൂസി നദീതീരത്താണ് ഹൈദരാബാദ് നഗരം വികസിച്ചത്. പക്ഷെ നദി കണ്ടാൽ നാം ഉള്ളിൽ കരയും.നഗരത്തിലെ എല്ലാ അഴുക്കുചാലും പൂർണമായി ഏറ്റുവാങ്ങുന്നതു മ്യൂസിനദിയാണ്. ദാറുൽഷിഫായിൽ മ്യൂസിനദീയുടെ തെക്കേകരയിലാണ് സലർജങ് മ്യൂസിയം. ഹൈദരാബാദിലെ ഏഴാം നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന മിർ യൂസഫ് അലിഖാൻ സലർജങ് മൂന്നാമന്റെ സ്വകാര്യ ശേഖരമാണ്പി ൽക്കാലത്ത് മ്യൂസിയമായി മാറിയത്. 43000 ത്തിലധികം കലാവസ്തുക്കളും 47000 പുസ്തകങ്ങളും 9000 കയ്യെഴുത്തുപ്രതികളും സലർജങ് മ്യൂസിയത്തിലുണ്ട്. അർധവൃത്താകൃതിയിൽ 38 ഗാലറികളിലായാണ് പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളത്. രണ്ട് നിലകളിലായാണ് മ്യൂസിയത്തിന്റെ നിർമിതി.

ഒന്നാമത്തെ നിലയിൽ 20 ഗാലറികൾ. ബാക്കി 18 എണ്ണം രണ്ടാമത്തെനിലയിലും. സലർജങ് മൂന്നാമന്റെ ശേഖരത്തിലെ പകുതി മാത്രമേ മ്യൂസിയത്തിലുള്ളൂ എന്നാണ് പറയപ്പെടുന്നത്. ബാക്കി കണ്ടെടുത്തിട്ടില്ല. പലതും മോഷണം പോയെന്നും നശിച്ചുപോയെന്നുമൊക്കം അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ടിപ്പുസുൽത്താന്റെ കസേര, ഔറംഗസേബിന്റെ വാൾ, ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നും പേർഷ്യയിൽ നിന്നുമുള്ള അലങ്കാരങ്ങൾ തുടങ്ങി കണ്ണെടുക്കാൻ തോന്നാത്തത്ര ദൃശ്യ വിസ്മയങ്ങളാണിവിടെ. പക്ഷേ,
ഇവിടെയെത്തുന്ന ആരും ആദ്യം തേടുന്നത് ഒരു സുന്ദരിയെയാണ്, റബേക്ക. മൂടുപടമിട്ട അതിസുന്ദരമായ മാർബിൾ ശിൽപം. ഗാലറിയുടെ പതിനഞ്ചാമത്തെ സെക്‌ഷനിലേക്കെത്തുമ്പോൾ ഹൃദയമിടിപ്പ് കൂടി.16 മണിക്കൂർ നീണ്ട യാത്ര ചെയ്തു വന്നത് ഈ ദൃശ്യം കാണാനാണ്, ഇറ്റാലിയൻ ശിൽപി ജിയോവാണി മരിയ ബെൻസോണി വെണ്ണക്കല്ലിൽ തീർത്ത വിസ്മയം വെയ്ൽഡ് റെബേക്ക.അർധതാര്യമായ ശിരോവസ്ത്രത്തിനിടയിൽ കൂടി തിളങ്ങുന്ന ജൂതവധുവിന്റെ പരിശുദ്ധമായ മുഖം കാണാം. തുടുത്തു നീണ്ട വിരലുകളാൽ ശിരോവസ്ത്രം താങ്ങിയിട്ടുണ്ട്. നീളൻ വിവാഹവസ്ത്രത്തില്‍ തെളിഞ്ഞു കാണുന്ന മനോഹരമായ ഞൊറികൾ.ഞൊറികൾക്കുള്ളിലമർന്ന വടിവൊത്ത ശരീരത്തിന്റെ രൂപേഖകൾ.ഇതൊരു ശിൽപമോ! അതീവ സൂക്ഷ്മതയോടെ കൊത്തിയെടുത്ത സുതാര്യമായ ശിരോവസ്ത്രവും അഴകൊഴുകുന്ന സ്ത്രീ രൂപവും കണ്ണെടുക്കാതെ നോക്കി നിന്നുപോകും. ഹീബ്രു ബൈബിളിൽ തന്റെ ഭാവി വരനായ ഇസഹാക്കിനെ കാണാനെത്തിയ അതിസുന്ദരിയായ വധുവാണ് ഇവിടുത്തെ റെബേക്ക.
മനുഷ്യകരങ്ങൾക്കു സാധ്യമായതോ എന്നുതോന്നുന്നവിധം അതീവസുന്ദരമായ ഒരു സൃഷ്ടി. 167 സെന്റിമീറ്റർ നീളത്തിൽ ഒത്ത ഉയരവുമായി സൗന്ദര്യത്തികവോടെ ഉയർന്നു നിൽക്കുന്നു മൂടുപടമിട്ട റെബേക്ക. ജിയോവാണി നിർമിച്ച നാലു ശില്പങ്ങളിൽ മൂന്നും ഇന്നു അമേരിക്കയിലെ പല മ്യൂസിയങ്ങളെയും അലങ്കരിക്കുന്നു ഇവയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ റെബേക്ക വലതുകയ്യിലാണ് ശിരോവസ്ത്രം പിടിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റലിയുടെ നിയോക്ലാസിക്കൽ ശൈലി വെളിവാക്കുന്ന ശിൽപം. റോമിൽ നിന്നും കടൽ കടന്നാണ്റെബേക്കവഇവിടെയെത്തിയത്. ആധുനികമായവയാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൂർണമായും മനുഷ്യപ്രയത്നത്താൽ ഉണ്ടാക്കിയത്.