ADVERTISEMENT

കൊട്ടാരങ്ങളും ചരിത്രവും തേടിയുള്ള യാത്രയാണോ പ്ലാൻ ചെയ്യുന്നത് എങ്കിൽ പിങ്ക്സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിന്റെ മണ്ണിലേയ്ക്ക് യാത്ര തിരിക്കാം. രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്പൂരിനെ ആധുനിക ലോകം പിങ്ക് സിറ്റിയെന്നാണു വിശേഷിപ്പിക്കുന്നത്. രാജസ്ഥാനി, മുഗൾ വാസ്തുവിദ്യയുടെ അഴകിൽ തലയെടുപ്പോടെ നിൽക്കുന്ന കൊട്ടാരമാണ് ജയ്പൂരിന്റെ ഐശ്വര്യം. സിറ്റി പാലസ്, ജന്തർ മന്ദർ, രാജ കൊട്ടാരത്തിലെ സ്ത്രീകൾക്കു താമസിക്കാനുണ്ടാക്കിയ ഹവാ മഹൽ എന്നിവയാണ് മറ്റു സുപ്രധാന നിർമിതികൾ. ജയ്പൂരിന്റെ വിശേഷങ്ങളിലേക്ക്.

jaipur

സ്വാമി രാം സിങിന്റെ കാലത്ത് വെയില്‍സ് രാജകുമാരനെ സ്വാഗതം ചെയ്യാനാണ് ജയ്പൂര്‍ ആദ്യം പിങ്ക് നിറമണിഞ്ഞത്. പിന്നീടെത്തിയ സഞ്ചാരികളേയും ഇതേ നിറത്തില്‍ ജയ്പൂര്‍ സ്വാഗതം ചെയ്തതോടെ ഈ നഗരത്തിന്റെ പേരു തന്നെ പിങ്ക് സിറ്റിയെന്നായി. 

hawa-mahal

ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ജന്തര്‍ മന്ദര്‍ മഹാരാജാ സവായ് ജയ് സിംങ് രണ്ടാമന്റെ കാലത്ത് നിര്‍മിച്ചതാണ്. വാന നിരീക്ഷണത്തിനായി അദ്ദേഹം നിര്‍മിച്ച അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. സവായ് പ്രതാപ് സിംങ് രാജാവ് വേനല്‍കാല വസതിയായാണ് ഹവാ മഹല്‍ നിര്‍മിച്ചത്. രാജ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സാധാരണ മനുഷ്യരുടെ ജീവിതം അവരെ മറ്റുള്ളവര്‍ കാണാതെ കണ്ടറിയാനുള്ള അവസരവും ഇവിടെ ലഭിച്ചിരുന്നുവത്രേ. ഹൈന്ദവ ഇസ്ലാമിക നിര്‍മിതിയുടെ മികച്ച ഉദാഹരണമാണ് ഈ അഞ്ചു നില കെട്ടിടം. 

വെള്ളത്തില്‍ ചുറ്റപ്പെട്ട സുന്ദര കാഴ്ച

നാലു ഭാഗവും വെള്ളത്തില്‍ ചുറ്റപ്പെട്ട സുന്ദര കാഴ്ചയായ ജല്‍ മഹല്‍. ലേക്ക് പാലസ് എന്നും പേരുണ്ട്. മണ്ണു നിറമുള്ള കൊട്ടാരവും വെളിച്ചവും ആകാശവും വെള്ളവുമെല്ലാം ചേര്‍ന്ന് മനോഹരമായ കാഴ്ചകള്‍ ജല്‍ മഹല്‍ വിരുന്നുകാര്‍ക്ക് സമ്മാനിക്കാറുണ്ട്. ജയ്പൂരില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ അകലെയാണ് സമോദ് കൊട്ടാരം. 475 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ കൊട്ടാരത്തിന്. 

ജയ്പൂരിലെ മറ്റൊരു ലോക പൈതൃക കേന്ദ്രമാണ് ആമ്പര്‍ പാലസ്. ചുവന്ന മണല്‍ കല്ലുകളും വെള്ള മാര്‍ബിളുകളും കൊണ്ട് ഹിന്ദു മുഗള്‍ശൈലിയില്‍ ആറു നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഒരു കൊട്ടാരമാണിത്. സിറ്റി പാലസ്, നഹര്‍ഗഡ് കോട്ട, ഗല്‍താ കുണ്ട്, ജയ്ഗഡ് കോട്ട തുടങ്ങി കാണാന്‍ ഏറെയുണ്ട് ജയ്പൂരില്‍. ഇവക്കു പുറമേ ഹോട്ട് ബലൂണ്‍ യാത്രക്കും ഒട്ടകസവാരിക്കും മറ്റു റൈഡുകള്‍ക്കുമുള്ള നിരവധി കേന്ദ്രങ്ങളും ജയ്പൂരിലുണ്ട്.

English Summary: Jaipur: The Ancient 'Pink City' of Rajasthan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com