ADVERTISEMENT

ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഏതൊരു സഞ്ചാരിയും അറിയാതെ പറയും ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർത്ത് നെയ്തൊരു കഥാപുസ്തകമാണ് മുംബൈ.– ശരിയാണ്. ഒരിക്കലറിഞ്ഞു കഴിഞ്ഞാൽ, പിന്നീടൊരിക്കലും ഈ നഗരത്തെ മറന്നുകളയാനാവില്ല. ഉള്ളിൽ നിന്ന് പറിച്ചെടുക്കാനാവില്ല.

ഒരിക്കലും ഉറങ്ങാത്ത നഗരമാണ് മുംബൈ. പല ദേശക്കാർ, പല ഭാഷകൾ, വിവിധ സംസ്കാരത്തിനുടമകൾ ഇവരെല്ലാം ചേർന്ന് സുന്ദരമായ നഗരം. സ്വദേശീയർക്കു പുറമേ   മുംബൈ നഗരത്തെ അറിയാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല.  അതുകൊണ്ടു തന്നെ രാത്രികളും ഇവിടെ പകലുകൾ പോലെ സജീവമാണ്. മുംബൈയ്ക്ക് ഒരു മനോഹര മുഖമുണ്ട്. ഷോപ്പിങ് മാളുകളും, മറൈൻഡ്രൈവും, മന്ദിറുകളും ഇന്ത്യാഗേറ്റും എപ്പോഴും തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന കാറുകളും ക്യാബുകളും നിറഞ്ഞ സുന്ദരമായ മുംബൈ നഗരം. ഇവിടുത്തെ പ്രധാന കാഴ്ചയിലേക്ക്...

ഗേറ്റ് വേ ഓഫ് ഇന്ത്യ 

mumbai1
ഗേറ്റ് വേ ഓഫ് ഇന്ത്യ (Social Media Hub/shutterstock)

മുംബൈ നഗരത്തിന്റെ അടയാളമാണ് കടലിനോട് ചേർന്നുള്ള മനോഹര നിർമിതിയായ ഗേറ്റ് വേ ഓഫ് ഇന്ത്യ. കിങ് ജോർജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന്റെ ഭാഗമായായിരുന്നു നിർമാണം. പ്രാവുകൾ കൂട്ടമായി പറന്നിറങ്ങുന്ന ഗേറ്റ് വേയുടെ മുൻപിൽ നിരവധി വിനോദസഞ്ചാര സംഘങ്ങൾ എത്തിച്ചേരാറുണ്ട്. തൊട്ടടുത്തു തന്നെ പ്രശസ്തമായ താജ് ഹോട്ടൽ. രണ്ടു കാഴ്ചയും ഒറ്റ ഫ്രെയ്മിലൊതുങ്ങും. മുംബൈയിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ച.

മറൈൻ ഡ്രൈവ്

മറൈൻ ഡ്രൈവ്
മറൈൻ ഡ്രൈവ് (Sebastian Delgado C/shutterstock)

മുംബൈ ജീവിതത്തിന്റെ തുടിപ്പ് തങ്ങി നിൽക്കുന്നത് മറൈൻ ഡ്രൈവിലാണ്. കമിതാക്കളാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. കൈകൾ ചേർത്തു പിടിച്ച്, ഒരു കുടക്കീഴിൽ തിരമാലകളിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന അവരുടെ കാഴ്ച മറൈൻ ഡ്രൈവിനെ കൂടുതൽ പ്രണയാതുരമാക്കുന്നു. വൈകുന്നേരങ്ങളിൽ ഇവിടുത്തെ കാഴ്ചകൾ ഇതിനേക്കാൾ മനോഹരമാവുമാണ്. മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് ഏറ്റവും വലിയ പ്രത്യേകത. സൂര്യോദയത്തിന്റെ സമയത്തോ സൂര്യാസ്തമയത്തിന്റെ സമയത്തോ ഇവിടം സന്ദർശിച്ചാൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

കാൻഹേരി ഗുഹകൾ

mumbai
കാൻഹേരി ഗുഹകൾ

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനുള്ളിലാണ് കന്‍ഹേരി ഗുഹകള്‍. മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിൽ സ്ഥിതിചെയ്യുന്ന പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമാണിത്. 109 പ്രത്യേക പ്രവേശന കവാടങ്ങളാണ് കന്‍ഹേരി ഗുഹകളെ ശ്രദ്ധേയമാക്കുന്നത്. ഇതിന് പുറമെ നിരവധി ശില്‍പ്പങ്ങളും പെയിന്റിങ്ങുകളും കാണാന്‍ കഴിയും. ചുറ്റുപാടും വനത്തിന്റെ പച്ചപ്പാണ്. ഇവിടേക്ക് കല്ലില്‍ കൊത്തിയ പടിക്കെട്ടുകള്‍ വഴി കയറിച്ചെല്ലാം. 

എലഫന്റാ ഗുഹകൾ

mumbai-travel1
എലഫന്റാ ഗുഹകൾ

ഗുഹാക്ഷേത്രം. ശില്‍പങ്ങളാണ് പ്രധാന ആകർഷണം. ഗേറ്റ് വേ ഓഫ്  ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗം എത്തിച്ചേരാം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ചിട്ടുണ്ട് എലഫന്റാ ഗുഹകൾ. 

ഗാന്ധി സ്മരണകളുടെ മണി ഭവൻ

ഗാന്ധി സ്മരണകളുടെ മണി ഭവൻ
ഗാന്ധി സ്മരണകളുടെ മണി ഭവൻ (TK Kurikawa/shutterstock)

ഗാന്ധിജിയുടെ ഓർമകൾ തങ്ങിനിൽക്കുന്ന മണിഭവൻ. ശാന്തമായ അന്തരീക്ഷത്തിൽ വൃക്ഷത്തണലിലൊരു പഴയ കെട്ടിടം. 1917 മുതൽ 1934 വരെ ഗാന്ധിയുടെ മുംബൈയിലെ വസതിയായിരുന്നു മണി ഭവൻ. റൗളത്ത് ആക്റ്റിനെതിരെയുള്ള സത്യഗ്രഹം, സിവിൽ നിയമലംഘനം എന്നിങ്ങനെ ചരിത്രപ്രധാനമായ പല തീരുമാനങ്ങൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്. കയറിച്ചെല്ലുന്ന നിലയിൽ വിശാലമായ ലൈബ്രറിയാണ്. അൻപതിനായിരത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഗാന്ധിജി താമസിച്ചിരുന്ന മുറി, ചിത്രങ്ങൾ, ജീവിതത്തിലെ നിർണായക നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന മിനിയേച്ചർ ചിത്രീകരണങ്ങൾ തുടങ്ങിയവയാണ് മറ്റു നിലകളിലുള്ളത്.

ഷോപ്പിങ്ങിന്റെ മുംബൈ

mumbai-travel
ഫാഷൻ സ്ട്രീറ്റ്

ഷോപ്പിങ് പ്രേമികൾക്കും പ്രിയമാണ് മുംബൈ. ഷോപ്പിങ് കാഴ്ചകൾ എവിടെയാരംഭിക്കണമെന്ന ചോദ്യത്തിനുത്തരമാണ് മെഹ്ദി ഫാഷൻ സ്ട്രീറ്റ്. വസ്ത്രങ്ങളാണ് ഫാഷൻ സ്ട്രീറ്റിന്റെ ഹൈലൈറ്റ്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇനങ്ങളാണ് ഏറെയും. റോഡരികിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരനിരയായി കടകൾ. വൈകുന്നേരത്തിന്റെ തിരക്കിൽ കച്ചവടം പൊടിപൊടിക്കും പറയുന്ന വിലയുടെ പകുതിക്കും പകുതിയുടെ പകുതിക്കുമൊക്കെയാണ് വിൽപന നടക്കുന്നത്. ഈ തെരുവിന്റെ രീതിയാണിത്. വില പേശാനറിയുന്നവർക്ക് ഒരു വില. അല്ലാത്താവർക്ക് മറ്റൊരു വില. 

English Summary: Best Places to Visit in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com