ADVERTISEMENT

ആദ്യമായി ഒരു ജോലി ലഭിച്ച് ശമ്പളമൊക്കെ കിട്ടി തുടങ്ങിയാല്‍ നമ്മളെന്തൊക്കെ ചെയ്യും? പുതു വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍, യാത്ര, പുതിയ ബൈക്ക്, കാറ്, വിവാഹം... അങ്ങനെയങ്ങനെ നീണ്ട ലിസ്റ്റുണ്ടാവും എല്ലാവര്‍ക്കും. എന്നാല്‍, ജോലിയുടെ പുതുക്കം മാറും മുൻപ് ജീവിതത്തിലെ ഏറ്റവും സാഹസികമായ യാത്ര നടത്തിയാണ് പ്രണവ് രാജ് എന്ന യുവ അധ്യാപകന്‍ വ്യത്യസ്തനാവുന്നത്. കേരളത്തില്‍ നിന്നും കശ്മീര്‍ വരെയായിരുന്നു പ്രണവിന്റെ സൈക്കിള്‍ യാത്ര.

അധ്യാപക ജോലിക്ക് കയറി നാലാം മാസത്തിലാണ് പ്രണവ് സൈക്കിളില്‍ കേരളത്തില്‍ നിന്നും കശ്മീര്‍ വരെ പോയത്. പ്രണവ് അധ്യാപകനായ തൃശൂര്‍ ജില്ലയിലെ യു.പി.എസ് താണിക്കുടം സ്‌കൂളില്‍ നിന്ന് ഏപ്രില്‍ ആറിനായിരുന്നു യാത്ര തുടങ്ങിയത്. സ്‌കൂളിലെ പ്രധാന അധ്യാപികയായ മാലതി ടീച്ചറാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളം മുതല്‍ കശ്മീര്‍ വരെയുള്ള ദൂരം പിന്നീടുള്ള 33 ദിവസം കൊണ്ട് പ്രണവ് സൈക്കിളില്‍ മറികടന്നു.

pranav-travel2

കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിങ്ങനെയായിരുന്നു പ്രണവും സൈക്കിളും സഞ്ചരിച്ചത്. മെയ് എട്ടിന് ലക്ഷ്യസ്ഥാനമായ ശ്രീനഗറില്‍ എത്തി. ഈ സൈക്കിള്‍ യാത്രയില്‍ ആകെ 3,730 കിലോമീറ്റര്‍ ദൂരം പ്രണവ് പിന്നിട്ടു. ഓരോ ദിവസവും ശരാശരി 140 കിലോമീറ്ററായിരുന്നു സഞ്ചരിച്ചത്. ചില ദിവസം 70 കിലോമീറ്ററാവുമ്പോഴേക്കും യാത്ര അവസാനിപ്പിച്ചിരുന്നു. മറ്റു ചില ദിവസങ്ങളില്‍ 170 കിലോമീറ്റര്‍ വരെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. തന്റെ യാത്രയുടെ വിശേഷങ്ങള്‍ പ്രണവ് മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

ജീവിതത്തിന്റെ ഭാഗമായ യാത്രകള്‍

യാത്രകള്‍ ചെറുപ്പം മുതലേ ഇഷ്ടമാണ്. അമ്മക്ക് നാഗാലാന്‍ഡിൽ നവോദയയിലായിരുന്നു ജോലി. എനിക്ക് മൂന്നു വയസുള്ളപ്പോള്‍ തന്നെ നാഗാലാന്‍ഡിൽ പോയിട്ടുണ്ട്. പ്രീസ്‌കൂളും സ്‌കൂളിന്റെ തുടക്കവുമെല്ലാം അവിടെയായിരുന്നു. അപ്പോള്‍ മുതല്‍ യാത്രകള്‍ തുടര്‍ച്ചയായുണ്ട്. 

യാത്രയോടുള്ള ഇഷ്ടം ഉള്ളിലുണ്ടെങ്കിലും കൂടുതല്‍ ശക്തമായത് കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്താണ്. വായനയും യാത്രാ വിഡിയോകളും യാത്ര ചെയ്യാതെ പറ്റില്ലെന്ന അവസ്ഥയിലെത്തിച്ചു. ആദ്യം ബൈക്കില്‍ ഓള്‍ ഇന്ത്യ ട്രിപ്പ് പോകാമെന്നാണ് കരുതിയത്. ജോലി ലഭിച്ചിട്ട് കുറച്ചു മാസങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ വലിയ സാമ്പത്തികം മുടക്കാതെ യാത്ര എങ്ങനെ ചെയ്യാമെന്ന ചിന്തയും സൈക്കിളില്‍ എത്തിച്ചു.

pranav-travel1

ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുകയെന്ന വലിയ ലക്ഷ്യത്തിന് മുൻപ് ഒരു ഓള്‍ കേരള യാത്രയും സൈക്കിളില്‍ നടത്തിയിരുന്നു. 2021 മാര്‍ച്ചിലായിരുന്നു ആ യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അന്ന് സൈക്കിള്‍ ചവിട്ടി. ആ യാത്രയിലാണ് സൈക്ലിങ്ങിനോടുള്ള ഇഷ്ടം കൂടിയതും, ഇന്ത്യചുറ്റാൻ യാത്രയ്ക്ക് സൈക്കിള്‍ മതിയെന്ന് തീരുമാനിക്കുന്നതും. ഈ ഓള്‍ കേരള യാത്രയ്ക്ക് ശേഷമാണ് സ്വന്തമായി പുതിയ സൈക്കിള്‍ വാങ്ങുന്നത്. 

യാത്രയും താമസവും

താമസത്തിന് പ്രധാനമായും ടെന്റ് തന്നെയായിരുന്നു. പെട്രോള്‍ പമ്പുകളിലും പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലുമൊക്കെ ടെന്റടിച്ചു. അനുവാദം ചോദിച്ച ഏതാണ്ടെല്ലായിടത്തും ടെന്റടിക്കാന്‍ സമ്മതം ലഭിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ യാത്രികനാണെന്ന് അറിയുന്നതാവാം കാരണം. പിന്നെ പലയിടത്തും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമൊക്കെ വീടുകളായിരുന്നു ആശ്രയം. രാജസ്ഥാന്‍ എത്തിയതോടെ ഗുരുദ്വാരകളും ചില ആരാധനാലയങ്ങളും ആശ്വാസമായി. 

യാത്രയെ സമ്പന്നമാക്കിയ മനുഷ്യര്‍

ഒരുപാട് പേരെ യാത്രക്കിടെ പരിചയപ്പെട്ടു. ഓരോ ദിവസവും അഞ്ചെട്ട് പേരെങ്കിലും നമ്മളെ ഇങ്ങോട്ടു വന്ന് പരിചയപ്പെടുകയും സഹായം വേണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. കേരള ടു കശ്മീര്‍ എന്ന സൈക്കിളിന്റെ പിന്നിലെ ചെറിയ ബോര്‍ഡ് കണ്ടാണ് ഇവരെല്ലാം വന്നിരുന്നത്. പലരും വാഹനങ്ങള്‍ നിര്‍ത്തും വിശേഷങ്ങള്‍ ചോദിക്കും ഭക്ഷണം വാഗ്ദാനം ചെയ്യും ചിലരെല്ലാം വീട്ടിലേക്ക് ക്ഷണിക്കും. ഒരു പരിചയവുമില്ലാത്ത ചിലരൊക്കെ പണം നിര്‍ബന്ധപൂര്‍വം തരുന്ന അനുഭവങ്ങളുമുണ്ടായി. 

pranav-travel

യാത്ര തുടങ്ങി അധികമായിട്ടില്ല, കേരളത്തില്‍ നിന്നും കര്‍ണാടകയുടെ അതിര്‍ത്തി കടന്നിട്ടേയുള്ളൂ. സാധാരണ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയുള്ള സമയത്താണ് സൈക്കിള്‍ ചവിട്ടാറ്. അന്ന് സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. അത് ലക്ഷ്യമായതുകൊണ്ട് രാത്രി എട്ടരയായിട്ടും സൈക്കിള്‍ ചവിട്ടുകയായിരുന്നു. 

അപ്പോള്‍ ഒരു KL 7 ലോറി മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ഡ്രൈവര്‍ ഏതാണ്ട് 25 വയസുള്ള പയ്യനായിരുന്നു. അവന്‍ ചാടിയിറങ്ങി ഭക്ഷണം കഴിച്ചോ താമസം എവിടെ എന്നൊക്കെ വിശേഷങ്ങള്‍ ചോദിച്ചു. സുഹൃത്തിന്റെ വീട്ടിലാണ് ഇന്ന് താമസമെന്ന് പറഞ്ഞു. ഒരു മിനുറ്റെന്ന് പറഞ്ഞ് ലോറിയിലേക്ക് തിരിച്ചുപോയി പേഴ്‌സുമായി വന്ന് അതിലുള്ള പൈസ മുഴുവന്‍ എടുത്തു തന്നു. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും സമ്മതിച്ചില്ല. നമ്മുടെ പല യാത്രകളും സ്വപ്‌നങ്ങളും മറ്റുള്ളവരുടേതു കൂടിയാണെന്നു കൂടിയാണെന്ന് അങ്ങനെ പ്രണവ് തിരിച്ചറിയുകയായിരുന്നു.

ഗോവയില്‍ നിന്നും മഹാരാഷ്ട്ര പോവുന്ന ദേശീയ പാതയില്‍ വെച്ചും സമാനമായ അനുഭവമുണ്ടായി. ഒരു കാര്‍ സൈക്കിളിന് അടുത്തു നിര്‍ത്തി. ഒരു ബ്രിഗേഡിയറായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. അവരുടെ വീട് ഡല്‍ഹിയിലായിരുന്നു. ഡല്‍ഹിയിലെത്തിയാല്‍ എന്തായാലും വിളിക്കണമെന്ന് പറഞ്ഞ് നമ്പര്‍ തന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ താമസസൗകര്യം ഏര്‍പാടാക്കി. പിന്നീടുള്ള യാത്രയിലും തിരിച്ചു വീട്ടിലെത്തുന്നതുവരെ വഴിയരികില്‍ വെച്ചു പരിചയപ്പെട്ട അദ്ദേഹം വിളിച്ച് അന്വേഷിക്കുമായിരുന്നു. 

pranav-travel3

ഒരു പരിചയവുമില്ലാത്ത മനുഷ്യര്‍ ഉച്ചസമയത്തും മറ്റും ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കാന്‍ സൗകര്യം നല്‍കിയിട്ടുണ്ട്. വൈകുന്നേരത്തേക്കും രാത്രിയിലേക്കും വരെ ഭക്ഷണം പൊതിഞ്ഞു തന്നിട്ടുണ്ട്. പകരം വെക്കാനില്ലാത്ത അനുഭവങ്ങളാണ് ഇത്തരം ഓരോ ദീര്‍ഘദൂരയാത്രകളും യാത്രികര്‍ക്ക് സമ്മാനിക്കുന്നതെന്ന് പ്രണവ് രാജിന്റെ അനുഭവം തന്നെ സാക്ഷ്യം. 

പഞ്ചാബികളുടെ സ്‌നേഹവും ഇടയലും

യാത്രക്കിടെ ഏറ്റവും സുന്ദരമായ സ്ഥലമായി തോന്നിയത് കശ്മീര്‍ തന്നെയാണ്. ഭൂമിയിലെ സ്വര്‍ഗത്തിലെ പ്രകൃതിയൊരുക്കിയ കാഴ്ചകള്‍ അത്രമേല്‍ സുന്ദരമായിരുന്നു. കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ച് പറഞ്ഞാല്‍ പഞ്ചാബികളാണ് കരുതല്‍ കൊണ്ട് അമ്പരപ്പിച്ചു കളഞ്ഞത്. അതേസമയം ഇടഞ്ഞാല്‍ ഒരു മയവുമുണ്ടാവില്ല ഇവരുടെ പെരുമാറ്റത്തിനെന്നും കണ്ടറിഞ്ഞു. 

ദീര്‍ഘദൂര സൈക്കിള്‍ യാത്രയില്‍ പഞ്ചര്‍ സ്ഥിരം സംഭവമാണ്. എവിടെ പഞ്ചര്‍ കിട്ടി ശരിയാക്കാനായി നിര്‍ത്തുമ്പോഴും ആരെങ്കിലുമൊക്കെ സഹായം വേണോന്ന് ചോദിക്കാറുണ്ട്. കുഴപ്പമില്ലെന്ന് പറഞ്ഞാല്‍ അവര്‍ പോവുകയും ചെയ്യും. എന്നാല്‍, പഞ്ചാബികള്‍ മാത്രം സഹായം വാഗ്ദാനം ചെയ്യുക മാത്രമല്ല, പഞ്ചറൊട്ടിച്ച് നമ്മള്‍ പോകുന്ന വരെ കൂടെ നില്‍കും. 

പഞ്ചാബിലൊക്കെ ഗുരുദ്വാരകളിലായിരുന്നു താമസിച്ചിരുന്നത്. അങ്ങനെ ഒരു ഗുരുദ്വാരക്ക് മുന്നില്‍ സൈക്കിള്‍ പൂട്ടി വച്ച് താമസത്തിന്റെ കാര്യം അന്വേഷിക്കുന്നതിന് ഉള്ളിലേക്ക് പോയി. തിരിച്ചുവരുമ്പോള്‍ ഗുരുദ്വാരക്ക് മുന്നില്‍ നിന്നിരുന്നവര്‍ ഒരു 15-16 വയസുള്ള പയ്യനെ വടികൊണ്ട് തല്ലുന്നതാണ് കണ്ടത്. ഗുരുദ്വാരക്ക് പുറത്ത് ഷൂ ഏല്‍പ്പിച്ചിരുന്നു. അവിടെ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോഴാണ് എന്റെ സൈക്കിളെടുക്കാന്‍ നോക്കിയതിനാണ് ആ പയ്യനെ തല്ലിചതച്ചതെന്ന് അറിഞ്ഞത്. എന്തുസഹായവും ചെയ്യുന്ന പഞ്ചാബികള്‍ തെറ്റുകണ്ടാല്‍ അതേ ആവേശത്തില്‍ പ്രതികരിക്കാനും മടിക്കാറില്ലെന്ന് അന്നു മനസിലായി. 

ബോധം കളയും ചൂട്

കാലാവസ്ഥയിലെ പ്രധാന വെല്ലുവിളി ചൂടായിരുന്നു. പലയിടത്തും 44-45 ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ട്. ചൂടു കൂടുതലുള്ള ഉച്ചസമയത്ത് സൈക്കിള്‍ ചവിട്ടാനാവില്ല. ഡല്‍ഹിയെത്തുന്നതിന് മുമ്പുള്ള ഗുര്‍ഗാവിലൂടെ പോവുകയായിരുന്നു. ഒരു സുഹൃത്തിന്റെ സ്ഥലത്തായിരുന്നു താമസം വിചാരിച്ചിരുന്നത്. അവിടെ എത്താനായി കഷ്ടി 20 കിലോമീറ്ററും കൂടിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉച്ചക്കും സൈക്കിള്‍ ചവിട്ടി. ഒരു മൂന്നുമണിയായിക്കാണും. സൈക്കിളില്‍ പോവുന്നതിനിടെ തന്നെ ആകെ തളര്‍ന്ന് പോവുന്ന പോലെ തോന്നി. ഒരു അരമണിക്കൂറോളം എന്താണ് സംഭവിച്ചതെന്ന് അറിയാനാവാത്തവിധം ബ്ലാക്ക് ഔട്ടായി പോയി. പിന്നെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വന്ന് കൂട്ടികൊണ്ടുപോവുകയായിരുന്നു. പിന്നെ വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. 

കുടുംബം ശ്രീനഗറില്‍

ഓള്‍ കേരള യാത്രക്ക് പോവുമ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് പലവിധ പേടികളുണ്ടായിരുന്നു. അത് കഴിഞ്ഞതോടെ നടക്കുമെന്ന വിശ്വാസമായി. പിന്നെ യാത്രക്കായുള്ള മുന്നൊരുക്കങ്ങളും മറ്റും കണ്ടതോടെ പകുതി പേടി കുറഞ്ഞു. യാത്ര തുടങ്ങിയ ശേഷം ഓരോ ദിവസവും വീട്ടിലേക്ക് വിളിച്ച് സംസാരിക്കുമായിരുന്നു. അങ്ങനെ പതിയ പതിയെ കുടുംബത്തിന്റെ ആശങ്കകള്‍ കുറഞ്ഞെന്ന് തോന്നുന്നു. 

എന്‍.എസ് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ അധ്യാപികയാണ് പ്രണവിന്റെ മാതാവ് എന്‍.എസ് വിനിജ. പിതാവ് ബാബുരാജന്‍ കെ.ആര്‍ കട നടത്തുന്നു. പ്രണവ് അധ്യാപകനായുള്ള താണിക്കുടം യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഹോദരി പാര്‍വതി കെ.ബി. 

കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള യാത്ര അവസാനിപ്പിച്ചത് ശ്രീനഗറിലായിരുന്നു. വലിയൊരു യാത്ര അവസാനിച്ചതിന്റെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് പ്രണവ് രാജിന്റെ കുടുംബവും ശ്രീനഗറിലേക്ക് എ്തിയിരുന്നു. അമ്മക്കും അച്ഛനും സഹോദരിക്കുമൊപ്പമാണ് നാല് ദിവസം കശ്മീര്‍ കറങ്ങിയത്. തിരിച്ച് സൈക്കിള്‍ കയറ്റി വിട്ട ശേഷം ട്രെയിനില്‍ വരികയായിരുന്നു. 

കേരളം ടു സിംഗപൂര്‍ 

ഓരോ യാത്രകളും മറ്റൊരു യാത്രയുടെ മുന്നൊരുക്കമാണ് സഞ്ചാരികള്‍ക്ക്. ഇന്ത്യന്‍ യാത്രക്ക് പിന്നാലെ പ്രണവിന്റെ ഉള്ളില്‍ ഒരു യാത്രാ സ്വപ്‌നം കൂടി പതിയെ ചിറകുവിടര്‍ത്തുന്നുണ്ട്. കേരളത്തില്‍ തുടങ്ങി സിംഗപൂര്‍ വരെയായിരിക്കും യാത്ര. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വഴി മ്യാന്മര്‍, തായ്‌ന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലൂടെ സിംഗപൂരില്‍ അവസാനിക്കുന്ന യാത്ര. ആറ് രാജ്യങ്ങള്‍ ഈ യാത്രയില്‍ കാണാനാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ യാത്ര സംഭവിക്കുമെന്നും പ്രണവ് ഉറപ്പിക്കുന്നു. 

സൈക്കിളിന് പുറകില്‍ വച്ച കേരളം ടു കശ്മീര്‍ എന്ന ബോര്‍ഡ് വഴി ഒരു പരിചയമില്ലാത്ത നിരവധി മനുഷ്യരാണ് പ്രണവിന്റെ യാത്രയിലേക്ക് കയറിവന്നത്. ഭാവിയിലെ യാത്രകളിലും ഇങ്ങനെ ഒരുപാട് മനുഷ്യര്‍ പ്രണവിന്റെ യാത്രകള്‍ക്കൊപ്പമുണ്ടാവും. ഒരു പാഠപുസ്തകവും പറഞ്ഞു തരാത്ത ഈ അനുഭവ പാഠങ്ങള്‍ കൂടിയാവും നാളെ ഈ അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുക.

English Summary: Pranav Kerala boy who Travelled India in his Bicycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com