ആഗ്രയിലെ രത്‍‍നപ്പെട്ടി, മിർസാ ഗിയാസ് ബേഗിന്റെ ഓർമയ്ക്ക് നിർമിച്ച ബേബി താജ്

itmad-ud-daulah1
SHARE

ആഗ്ര ബസ് സ്റ്റാൻഡിലെ അന്വേഷണമുറിയിൽ ചെന്ന് ഇത്‌മാദ് ഉദ് ദൗളയ്ക്ക് ബസ് ഉണ്ടോ എന്നു ചോദിച്ചു. അവിടിരുന്നയാൾ കൈമലർത്തി. ബസ് ഉണ്ടെന്നോ ഇല്ലെന്നോ എന്താണ് അയാൾ പറയുന്നതെന്ന് മനസ്സിലാകുന്നുമില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ നിൽ‌പുണ്ടായിരുന്നു. ടാക്സി ഡ്രൈവർ ദിലീപ്. കാറിൽ പോകാമെന്ന് അയാ‍ൾ പറഞ്ഞപ്പോൾ വേണ്ട ഓട്ടോയിൽ പൊയ്ക്കൊള്ളാം എന്നായി ഞാൻ. അയാൾ നിർബന്ധിക്കുന്നതിനിടയിലാണ് കാർ കണ്ടത്. ഒരു പഴഞ്ചൻ അംബാസഡർ. അയാളുടെ ഭാവം കണ്ടപ്പോൾ ഒരു പക്ഷേ, ദിവസങ്ങളായിക്കാണും അയാൾക്ക് ഒരു ഓട്ടം കിട്ടിയിട്ട് എന്ന് തോന്നി. അതോടെ ആ കാർ മതിയെന്ന് ഉറപ്പിച്ചു. ദിലീപിന്‌ പെരുത്ത് സന്തോഷം. അറുപതിനു മേൽ പ്രായം തോന്നിക്കുന്ന ദിലീപിന്റെ ചെറുപ്പകാലത്ത് വാങ്ങിയതാവണം ആ കാർ. അങ്ങനെ പൌരാണികമാ‍യ ആഗ്രാ നഗരത്തിലൂടെ പുരാതനമായ ഒരു അംബാസഡറിൽ കാ‍ഴ്ചകാണാനിറങ്ങി.

itmad-ud-daulah

തിരക്കേറിയ, അഴുക്കുപിടിച്ച തെരുവുകൾ പിന്നിട്ട് അരമണിക്കൂറോളം സഞ്ചരിച്ചു. യമുനാ നദിയുടെ കിഴക്കേ കരയിലുള്ള ചരിത്രസ്മാരകത്തിനു മുന്നിൽ ടിക്കറ്റ് കൌണ്ടറിലെത്തുമ്പോൾ ഇന്ത്യക്കാരായി ഞങ്ങളും അവിടുത്തെ കുറേ പണിക്കാരും മാത്രമാണുണ്ടായിരുന്നത്. മൂന്നു മണിയുടെ ചൂടിൽ നഗരം കത്തിക്കാളുന്നതു കൊണ്ടാവാം സന്ദർശകർ കുറവ്. ഉള്ളതാകട്ടെ വിദേശികളും. ദാഹം തീർക്കാനായി കൂളറിൽ എപ്പോഴും ശുദ്ധജലം ലഭ്യമാണ്. ഡൽ‌ഹിയിലെയും ആഗ്രയിലെയും മിക്ക ചരിത്രസ്മാ‍രകങ്ങളിലും ഈ സൌകര്യം ഒരുക്കിയിട്ടുണ്ടെന്നത് സഞ്ചാരികൾക്ക് ഒരാശ്വാസമാണ്.

ടിക്കറ്റ് കൌണ്ടറിൽ നിന്നു തന്നെ പ്രവേശനകവാടം കാ‍ണാം. മുഗൾ സ്മാരകങ്ങളുടെ പ്രത്യേകതയായ ചെങ്കല്ലിൽ തീർത്ത ഒരു കൂറ്റൻ കെട്ടിടം. രണ്ടു നില വരുന്ന കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാൽ പങ്ക് ഉയരത്തിലുള്ള പടു കൂറ്റൻ പ്രവേശനവാതിലാണതിന്. രണ്ടു നിലകളിലുമായുള്ള നാലു ജനാലകൾക്കും ആ നിലയ്ക്കൊപ്പം ഉയരമുണ്ട്. പ്രവേശന കവാടത്തിലേക്കുള്ള വഴിയുടെ ഇരുവശവും ഭംഗിയായി വെട്ടിയൊരുക്കിയിരിക്കുന്ന പുല്ലുകൾ.

ഭാഗ്യവുമായി വന്ന മകൾ

പ്രവേശനകവാടത്തിൽ തന്നെ സ്മാരകത്തിന്റെ ചരിത്രം പറയുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ പത്നി നൂർജഹാൻ തന്റെ പിതാവ് മിർസ ഗിയാസ് ബേഗിന്റെ ഓർമയ്ക്ക് നിർമിച്ച സ്മാരകം. ഇറാ‍നിലെ കച്ചവടക്കാരനായിരുന്നു മിർസ. അവിടെ വ്യാപാരം നഷ്ടത്തിലായപ്പോൾ ഗർഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും കുട്ടി ഇന്ത്യയിലേക്ക് പുറപ്പെട്ടു അയാൾ. വഴിക്കുവച്ച് കൊള്ളക്കാർ സമ്പാദ്യം മുഴുവൻ തട്ടിയെടുത്തു.

itmad-ud-daulah3

എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ദിവസങ്ങളിലൊന്നിലായിരുന്നു ഭാര്യ ഒരു പെൺ‌കുഞ്ഞിനു ജന്മം നൽ‌കിയത്. കുഞ്ഞിനെ വളർത്താൻ പാങ്ങില്ലാത്തതിനാൽ അതിനെ ഉപേക്ഷിക്കാമെന്നു കരുതിയിരിക്കെ ഒരു കച്ചവടസംഘത്തിൽ കയറിപ്പറ്റിയ മിർസാ ഗിയാസ് ഒടുവിൽ എത്തിച്ചേർന്നത് അക്ബർ ചക്രവർത്തിയുടെ സദസ്സിലാണ്. ഈയൊരു സൌഭാഗ്യം തങ്ങൾക്കു സമ്മാനിച്ച പെൺകുട്ടിക്ക് അവർ മെഹറുന്നീസ (സ്‌‌ത്രീത്വത്തിന്റെ സൂര്യൻ) എന്നു പേരിട്ടു. സമർഥനായിരുന്ന മിർസ പടിപടിയായി ഉയർന്ന് ഖജനാവിന്റെ ചുമതലയുള്ള ദിവാനായി. അയാളുടെ കഴിവിൽ സം‌പ്രീതനായ ചക്രവർത്തി ഇ‌ത്‌മാദ് ഉദ് ദൌള അഥവാ രാജ്യത്തിന്റെ സ്‌തംഭം എന്ന ബഹുമതിയും നൽ‌കി. മെഹറുന്നീസ പിന്നീട് ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയായി, നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു. മകൾ രാജ്ഞിയായതോടെ പ്രധാനമന്ത്രി സ്ഥാ‍നത്തേക്ക് ഉയർന്ന മിർസ തന്റെ ഭാര്യ മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ, 1622-ൽ ഈ ലോകത്തോട് വിടചൊല്ലി. നൂർജഹാന്റെ ആഗ്രഹപ്രകാരം 1622-നും 1628നും ഇടയിൽ നിർമിച്ചതാണ് ഈ മണിമന്ദിരം.

മുഗൾ മാജിക്

കവാട കെട്ടിടത്തിന്റെ ആനവാതിലിനടിയിൽ കയറുമ്പോൾ തന്നെ തണുപ്പ് വന്നു നമ്മളെ പൊതിയും, അതു ചെങ്കല്ലിന്റെ മാന്ത്രികത. അതിനേക്കാൾ വലിയൊരു മാജിക്കാണ് നമ്മെ ഉള്ളിൽ കാത്തിരിക്കുന്നത്-വെള്ളമാർബിളിൽ തീർത്ത കൂറ്റൻ സമ്മാനപ്പെട്ടിപോലെ തോന്നിക്കുന്ന ഒരു ശവകുടീരം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA