ADVERTISEMENT

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.

ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്. ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.‌

കഥയിൽ കണ്ട പോലെ– സിന്ധു വാഗബോണ്ട് (നഴ്സ്)

എന്റെയുള്ളിലെ കുട്ടിയെ സ്നേഹിക്കാനാണ് ചെയ്യുന്ന യാത്രകളെല്ലാം. കെട്ടുകഥകൾ കേൾക്കുമ്പോൾ അതിന്റെ ലോജിക്കിനെ കുറിച്ചു ചിന്തിക്കാതെ അദ്ഭുതം നിറഞ്ഞ ഹൃദയത്തോടെ അവയെ വാരിപ്പുണരും. അത്തരത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇംഗ്ലണ്ടിലെ ‘ഐൽ ഓഫ് സ്കൈ’ എന്ന സ്ഥലത്തേക്കു നടത്തിയ യാത്രയാണ്.

കുട്ടിക്കാലത്ത് കേട്ട കഥകളിലെ ദേവതമാരുടെ നാടിനെ കുറിച്ച് ഇംഗ്ലണ്ടിൽ ഒപ്പം ജോലി െചയ്യുന്ന ബ്രിട്ടിഷ് സുഹൃത്താണ് പറഞ്ഞു തന്നത്. ഉയർന്ന പർവതനിരകളും തിളങ്ങുന്ന നീല നദികളും നിഗൂഢത നിറ‍ഞ്ഞ, കഥകളുറങ്ങുന്ന വന്യമായ കുറ്റിക്കാടുകളും നീല മേഘങ്ങൾ പടർന്ന ആകാശവുമുള്ള മാജിക് ദ്വീപാണ് ‘ഐൽ ഓഫ് സ്കൈ’.

ഒരു ഹൈക്കിങ് സംഘത്തിനൊപ്പം നോർത് കോസ്റ്റ് 500 റോഡിലൂടെയായിരുന്നു എന്റെ മാന്ത്രിക യാത്ര. 516 മൈലുകൾ നീളുന്ന വഴി. ഹെയർപിൻ വളവുകളും റോഡിലേക്ക് ഇറങ്ങി വരുന്ന വന്യമൃഗങ്ങളും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാമുള്ള സ്വർഗീയ ഭംഗിയുള്ള പാതയാണ് NC 500. അവിടെ മലമുകളിെലത്തുമ്പോൾ ദേവതമാരുടെ കുളങ്ങൾ കാണാം. മരതകപച്ച നിറമുള്ള ആ കുളങ്ങളിൽ ‘ഫെയറികൾ’ കുളിക്കാനെത്തുമെന്നാണ് വിശ്വാസം. അതിനടുത്തു തന്നെയാണ് ഫെയറി ഗ്ലെൻ. ഉയരത്തിലുള്ള ആ കുന്നുകൾക്കിടയിൽ ചില നേരങ്ങളിൽ ദേവതമാർ യാത്ര ചെയ്യുമെന്നാണ് അവിടുത്തെ ജനങ്ങളുടെ വിശ്വാസം.

രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ടവിടെ. ഭൂമിയിൽ ചെവി ചേർത്തു വച്ചാൽ ദേവതമാരുടെ പാട്ടു കേൾക്കാമെന്ന് ഗൈഡ് പറഞ്ഞു. ഞാൻ ചെവി മണ്ണിനോടു ചേർത്തു വച്ചു. എന്തുകൊണ്ടാണ് എനിക്ക് ദേവതകളുടെ പാട്ടുകേൾക്കാൻ കഴിയാത്തത് എന്നോർത്ത് വെറുതേ വിഷമിച്ചു. ഫെയറികളെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു മക്കൾ ആൻമരിയയും നതാനിയയും. എത്രയോ ഫെയറി ടെയിൽസാണ് അവർക്കു പറഞ്ഞു കൊടുത്തിരിക്കുന്നത്.

കഥാപുസ്തകങ്ങളിൽ മനോഹരമായി വരച്ചു വച്ചിരുന്ന ഓരോ ദേവതമാരെയും ആ യാത്രയില്‍ ഓർമ വന്നു. ഇടുക്കിയിലെ വീട്ടിൽ ഇപ്പോഴുമുണ്ടാകും ഞാൻ കുട്ടിക്കാലത്ത് വായിച്ചിരുന്ന ദേവതമാരുടെ കഥകളുള്ള പുസ്തകങ്ങൾ. വഴിയരികിൽ ഇടതിങ്ങി നിൽക്കുന്ന ബിർച്ച് മരത്തലപ്പുകളിൽ സൂര്യവെളിച്ചം പൊട്ട് തൊടുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com