ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക്; റോഡ് ട്രിപ്പിന് 3 അടിപൊളി റൂട്ടുകൾ

bangalore-to-wayanad
Denny George/shutterstock
SHARE

വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയുള്ള ബെംഗളൂരു, സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. ബെംഗളൂരുവിൽ പോയി വരുമ്പോള്‍ നമ്മുടെ സ്വന്തം വയനാട് വഴി ഒരു ബൈക്ക് ട്രിപ്പ് ആയാലോ? പ്രകൃതിസുന്ദരമായ മൂന്നു റൂട്ടുകളാണ് ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് ഉള്ളത്. കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് പോയി വരാവുന്ന ഈ മൂന്നു റൂട്ടുകളും വഴിയിലെ പ്രധാന കാഴ്ചകളും അറിയാം. 

1: മൈസൂരു റൂട്ട്

വഴി: ബെംഗളൂരു – ചന്നപട്ടണ – ശ്രീരംഗപട്ടണം – മൈസൂരു – കാട്ടിക്കുളം – വയനാട്. സാധാരണയായി ആളുകള്‍ പോകുന്ന  റൂട്ടാണിത്. എൻഎച്ച് 275 വഴി 300 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 7 മണിക്കൂർ എടുക്കും.

വഴിയിലെ പ്രധാന ആകര്‍ഷണങ്ങള്‍

ഹെറിറ്റേജ് വൈനറി: വൈൻ പ്രേമികൾക്ക് ചന്നപട്ടണയിൽ വൈൻ ടൂർ നടത്താം. വൈനുകൾ എങ്ങനെ നിർമിക്കുന്നുവെന്ന് അടുത്തറിയാം.

ബരാച്ചുക്കി വെള്ളച്ചാട്ടം: മഴക്കാലത്താണ് റോഡ് യാത്രയെങ്കിൽ, ചന്നപട്ടണ കഴിഞ്ഞാൽ മാണ്ഡ്യയിലെ ശിവനസമുദ്രയ്ക്ക് സമീപമുള്ള ഈ സ്ഥലം സന്ദര്‍ശിക്കാം.

ഗുംബസ്: ശ്രീരംഗപട്ടണത്തിൽ, ടിപ്പു സുൽത്താന്റെയും കുടുംബത്തിന്റെയും ശ്മശാന അറകൾ കാണാം.

മൈസൂരു: അംബാ വിലാസ് കൊട്ടാരം, ബൃന്ദാവൻ ഗാർഡൻസ് എന്നിവയെല്ലാം കാണാം. പ്രശസ്തമായ മൈസൂർ മധുരപലഹാരങ്ങൾ ആസ്വദിക്കാം. 

bangalore-to-wayanad1
Vivek BR/shutterstock

നാഗർഹോള ദേശീയോദ്യാനം: കാട്ടിക്കുളത്തുനിന്ന് അൽപം വഴിമാറിപ്പോയാല്‍ വൈവിധ്യമാർന്ന വന്യജീവികളെയും കടുവകളെയും കാണാന്‍ നാഗര്‍ഹോളയിലേക്ക് പോകാം.

ബാണാസുര സാഗർ അണക്കെട്ട്: കാട്ടിക്കുളം കഴിഞ്ഞു വയനാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ്, ബാണാസുര സാഗർ അണക്കെട്ടിൽ ബോട്ടിങ്, സ്പീഡ് ബോട്ടിങ് തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള അവസരമുണ്ട്.

2: കനകപുര റൂട്ട്

വഴി: ബെംഗളൂരു – കനകപുര – കൊല്ലേഗൽ – ചാമരാജനഗർ – ഗുണ്ടൽപേട്ട് – വയനാട്

എൻഎച്ച് 948 ലൂടെ കടന്നുപോകുന്ന മറ്റൊരു മനോഹരമായ റൂട്ടാണിത്, ഈ യാത്രയ്ക്ക് ഏകദേശം 6 മുതൽ 7 വരെ മണിക്കൂർ എടുക്കും.

വഴിയിലെ പ്രധാന ആകര്‍ഷണങ്ങള്‍

ചുഞ്ചി വെള്ളച്ചാട്ടം: കനകപുര പട്ടണം കഴിഞ്ഞ് അൽപം വഴിമാറിയാല്‍ മനോഹരമായ വെള്ളച്ചാട്ടം കാണാം. ചെറിയ രീതിയിലുള്ള ട്രെക്കിങ് നടത്താനും ഇവിടെ അവസരമുണ്ട്.

മുതുമല ദേശീയോദ്യാനം: മുതുമല നാഷനൽ പാർക്ക് സന്ദർശിക്കാം, ആനകളെയും മയിലുകളെയും മാനുകളെയുമെല്ലാം അടുത്തു കാണാം.

സുൽത്താൻ ബത്തേരി: പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ജൈനക്ഷേത്രമടക്കമുള്ള കാഴ്ചകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

bangalore-to-wayanad2
Sunil Onamkulam/shutterstock

വയനാട് ഹെറിറ്റേജ് മ്യൂസിയം: പുരാവസ്തുക്കളുടെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

എടക്കൽ ഗുഹകൾ: സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും  പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ ഈ പ്രകൃതിജന്യ ഗുഹകളില്‍ ശിലായുഗ സംസ്കാര കാലഘട്ടത്തിലെ ശിലാലിഖിതങ്ങള്‍ കാണാം

3: സോമനാഥ്പൂർ- ബന്ദിപ്പുർ റൂട്ട്

വഴി: ബെംഗളൂരു – ചന്നപട്ടണ – മലവള്ളി – സോമനാഥപുര – ഗുണ്ടൽപേട്ട്– ബന്ദിപ്പുർ – വയനാട്

ബന്ദിപ്പുർ കടുവാ സങ്കേതത്തിലെ കാഴ്ചകള്‍ ആസ്വദിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ റൂട്ട് ഒരു ഓപ്ഷനാണ്. എൻഎച്ച് 275, 766 എന്നിവ വഴിയുള്ള 300 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 7 മണിക്കൂർ എടുക്കും.

വഴിയിലെ പ്രധാന ആകര്‍ഷണങ്ങള്‍

ചെന്നകേശവ ക്ഷേത്രം: ഹൊയ്സാല സാമ്രാജ്യത്തിന്‍റെ അതിമനോഹരമായ വാസ്തുവിദ്യയാണ് സോമനാഥ്പുരിലെ ഈ ക്ഷേത്രത്തിന്‍റെ ഹൈലൈറ്റ്.

ഗോപാലസ്വാമി ബേട്ട: ബന്ദിപ്പുർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ ഗുണ്ടൽപേട്ടിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. 

ബന്ദിപ്പുർ ദേശീയോദ്യാനം: കടുവകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനാവുന്ന ബന്ദിപ്പുര്‍ ദേശീയോദ്യാനം മൃഗസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.

ചെമ്പ്ര കൊടുമുടി: മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള തടാകവും നീലക്കുറിഞ്ഞിപ്പൂക്കളും കണ്ണിനുത്സവമൊരുക്കുന്ന ചെമ്പ്ര കൊടുമുടി, വയനാട് ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ്.

bangalore-to-wayanad3
Sids/shutterstock

യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ബെംഗളൂരു- മൈസൂരു സ്ട്രെച്ച് റോഡ്‌ ട്രിപ്പുകാരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു റോഡാണ്. നേരത്തേ പുറപ്പെട്ടാല്‍ റോഡിലെ ട്രാഫിക് കുരുക്കും തിരക്കും ഒഴിവാക്കാനാകും.

∙ഗുണ്ടൽപേട്ടിനു ശേഷം ഫോറസ്റ്റ് റിസർവ് ഏരിയയിൽ പ്രവേശിക്കും, അതിനാൽ റോഡിലെ സൈൻബോർഡുകളും അറിയിപ്പുകളും ശ്രദ്ധിക്കുക.

∙മഴക്കാലത്ത് റോഡുകൾ വഴുക്കല്‍ ഉള്ളതാകാം. അതിനാൽ പ്രധാന ഹൈവേകൾ കഴിഞ്ഞാൽ വേഗം കുറയ്ക്കുക. സുൽത്താൻ ബത്തേരിക്ക് ചുറ്റുമുള്ള ചില ഭാഗങ്ങൾ സാധാരണയായി മോശം അവസ്ഥയിലായിരിക്കും.

∙മൈസൂരുവിലോ കനകപുരയിലോ ചന്നപട്ടണയിലോ വാഹനം നിർത്തി ലഘുഭക്ഷണവും വിശ്രമവുമാകാം.

∙ഈ പ്രദേശത്തെ തനതു മത്സ്യവിഭവങ്ങൾ ആസ്വദിക്കാൻ ഫോറസ്റ്റ് റിസർവ് ഏരിയകൾക്ക് സമീപമുള്ള ചെറിയ ഹോട്ടലുകളില്‍ നിർത്തുക.

∙ബൈക്ക് യാത്രയാണെങ്കിൽ, ക്ഷീണം ഒഴിവാക്കാൻ നാലോ അഞ്ചോ ഇടവേളകൾ എടുക്കുക.

സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം

വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് വയനാട്. ഓരോ സമയത്തും ഓരോ മുഖഭാവമാണ് ഈ റൂട്ടുകള്‍ക്ക്. വന്യജീവികളെ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒക്‌ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് നല്ലത്. ഈ സമയത്തെ താപനില 10 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്. മൺസൂൺ യാത്രയാണ്‌ പ്ലാന്‍ ചെയ്യുന്നതെങ്കില്‍  ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ തിരഞ്ഞെടുക്കാം.

English Summary: 3 Exciting Routes for a Bengaluru to Wayanad Road Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA