ADVERTISEMENT

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സ്വപ്‌നങ്ങളെ വെല്ലുന്ന ചില യാത്രകളുണ്ട്. അത്തരമൊരു യാത്ര കഴിഞ്ഞതിന്റെ ആവേശത്തിലാണ് എറണാകുളം പുല്ലേപ്പടിയില്‍ ലവകുശ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന സിമി അഗസ്റ്റിനും അനാമിഹയും. ഇന്ത്യയുടെ വൈവിധ്യവും ബുദ്ധന്റെ നേപ്പാളും സ്‌കൂട്ടറില്‍ കറങ്ങി വഴിയോരത്തു ടെന്റടിച്ച് താമസിച്ച രണ്ടു പെണ്ണുങ്ങളാണിവര്‍. ആ സംഭവബഹുലമായ 75 ദിവസങ്ങളിലെ അനുഭവങ്ങൾ സിമിയും അനാമിഹയും പങ്കുവയ്ക്കുന്നു.

സ്‌കൂട്ടറില്‍ ഒരു ഇന്ത്യന്‍ യാത്ര നടത്താന്‍ മൂന്നു വര്‍ഷം മുൻപേ പദ്ധതിയിട്ടിരുന്നു. 2019 മാര്‍ച്ചില്‍ സ്‌കൂട്ടി പെപ്പില്‍ യാത്ര പോകാനായിരുന്നു തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴായിരുന്നു ലോകത്തെ തന്നെ ലോക്ഡൗണിലാക്കിക്കൊണ്ടുള്ള കോവിഡിന്റെ മാസ് എന്‍ട്രി. അതോടെ ആദ്യത്തെ സ്‌കൂട്ടറിലുള്ള ഇന്ത്യ കാണല്‍ ബാഗോടെ പൂട്ടിക്കെട്ടി. 

കോവിഡിന്റെ ആശങ്കകള്‍ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ് അന്ന് പൂട്ടിക്കെട്ടി വച്ച ബാഗ് പൊടി തട്ടിയെടുത്തത്. ഇത്തവണ പുത്തന്‍ ടിവിഎസ് എന്‍ടോര്‍ക്കായിരുന്നു വാഹനം. 2021 നവംബര്‍ ഏഴിന് കലൂര്‍ സ്റ്റേഡിയത്തിൽ ഒാള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ കൂട്ടായ്മയും അടുത്ത കൂട്ടുകാരും ചേര്‍ന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ladies-travel-3

ഊതിവീര്‍പ്പിച്ച ആശങ്ക

രണ്ടു പെണ്ണുങ്ങള്‍ സ്‌കൂട്ടറില്‍ ഇന്ത്യ ചുറ്റാനിറങ്ങുന്നുവെന്നത് ആശങ്കയോടെയാണ് ഭൂരിഭാഗം പേരും കണ്ടത്. ആ 'ശങ്ക' യാത്രയുടെ തുടക്കത്തിൽ തന്നെ ഞങ്ങളിലും കുടിയേറി. അതുകൊണ്ട് ഇരുട്ടുന്നതിനുമുൻപു വൈകിട്ട് അഞ്ചരയാകുമ്പോഴേക്കും യാത്ര അവസാനിപ്പിക്കുക. 50 കിലോമീറ്റര്‍ കഴിഞ്ഞാല്‍ വിശ്രമം. ഇങ്ങനെയൊക്കെ കരുതലോടെയായിരുന്നു യാത്രയുെട തുടക്കം. എന്നാൽ, പിന്നീടങ്ങോട്ട് ആശങ്കകള്‍ അലിഞ്ഞില്ലാതാവുകയും ചെയ്തു. യാത്രയ്ക്കിടെ ഒരിക്കല്‍ പോലും സ്ത്രീകളെന്ന നിലയില്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു. 

സുന്ദരമായ പടിഞ്ഞാറന്‍ തീരദേശ പാതയിലൂടെയായിരുന്നു യാത്ര. ഗോകര്‍ണവും മുരുടേശ്വരുമെല്ലാം കഴിഞ്ഞാണ് ഗോവ ലക്ഷ്യമാക്കിയത്. കേരളത്തിനു പുറത്ത് പൊതുവേ ആരും മാസ്‌ക് ധരിച്ചിരുന്നില്ല. എവിടെയും മലയാളികളെ പെട്ടെന്നു തിരിച്ചറിയാനായി. കാരണം, അവരും ഞങ്ങളെപ്പോലെ മാസ്‌ക് വച്ചിരുന്നു! ദീര്‍ഘദൂരയാത്രകളില്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കരുതെന്ന ആദ്യ പാഠം ലഭിച്ചത് കർണാടകയില്‍ വച്ചാണ്. ഗൂഗിള്‍ തെളിയിച്ച വഴിയിലൂടെ പോയി ഏതോ ഉള്‍ഗ്രാമത്തിലെത്തി. തിരിച്ച് നേര്‍വഴി പിടിക്കാന്‍ ഓടിക്കേണ്ടി വന്നത് 70 കിലോമീറ്ററിലേറെ. പക്ഷേ, അതൊരു സാംപിള്‍ മാത്രമായിരുന്നുവെന്ന് പിന്നീടു മനസ്സിലായി.

KL വണ്ടിയും കോവിഡുംകർണാടകയില്‍ കോവിഡിനെച്ചൊല്ലി കാര്യമായ പരിശോധനകളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍, കർണാടക–ഗോവ അതിര്‍ത്തിയില്‍ കളി മാറി. കാര്‍വാറില്‍ വച്ച് ചെക്‌പോസ്റ്റിലെ പൊലീസുകാരന്‍ വണ്ടി തടഞ്ഞു.ആർടിപിസിആർ ഇല്ലാതെ കടത്തിവിടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.. പ്രത്യേകിച്ച് KL വണ്ടി! സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ഈ പരിശോധന ഇല്ലായിരുന്നു. 

 

ഒടുവില്‍ കാര്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും പരിശോധനാ സമയം കഴിയുകയും ചെയ്തു. രാവിലെ ഒൻപതു മുതല്‍ ഒരു മണി വരെയാണ് ആര്‍ടിപിസിആര്‍ പരിശോധന ഉണ്ടായിരുന്നത്. പരിശോധനയും ഫലവുമൊക്കെയായി രണ്ടു ദിവസം കാര്‍വാറില്‍ കുടുങ്ങി. കാര്‍വാറിലെ ക്ഷീണം തീര്‍ത്തത് ഗോവയിലായിരുന്നു. മൂന്നു ദിവസം ഗോവയിലെ ബീച്ചുകളും കടലും ആസ്വദിച്ചു. ഉപ്പുവെള്ളം ആവശ്യത്തിലേറെ കുടിച്ചതുകൊണ്ടാകാം കൂട്ടത്തിലൊരാള്‍ക്ക് പനി പിടിക്കുകയും ചെയ്തു. അങ്ങനെ ചൂടോടെ മഹാരാഷ്ട്രയിലേക്ക്. 

ladies-travel-2

മഹാരാഷ്ട്രയിലെ മലനിരകളാണു മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരാഴ്ചയോളമാണ് മഹാരാഷ്ട്രയിലെ മലകള്‍ കയറിയിറങ്ങിയത്. ഇതില്‍ ഹരിഹര്‍ ഫോർട്ട് മറക്കാനാവില്ല. കൂറ്റന്‍ മലയുടെ നടുംപുറത്തെ നട്ടെല്ല് കുഴിയിലൂടെ തെന്നിത്തെറിച്ചു കിടക്കുന്ന പാറകളാണ് മുകളിലേക്കുള്ള ഒരേയൊരു ശരണം. ഇതിനിടെ കോരിച്ചൊരിയുന്ന മഴ കൂടി വന്നതോടെ ആരും ശരണം വിളിച്ചു പോകുന്ന അവസ്ഥയായി. 

ആ മലകയറ്റം ഒരിക്കലും മറക്കാനാവാത്ത ഏടാണ്. വെല്ലുവിളികളെ മറികടന്ന് നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹരിഹര്‍ ഫോര്‍ട്ടിലെത്തിയപ്പോള്‍ ലോകം കാല്‍കീഴിലാക്കിയ തോന്നലായിരുന്നു. ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകളാവട്ടെ പകരം വയ്ക്കാനില്ലാത്തതും. പിന്നീടുള്ള ദിവസങ്ങളില്‍ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. അത്യാവശ്യം ആശയവിനിമയത്തിന് ഭാഷയുടെ പോലും ആവശ്യമില്ലെന്ന് അപ്പോഴാണ് അറിഞ്ഞത്. ദിവസം ഒരു നേരം മാത്രമായിരുന്നു ഭക്ഷണം. ടെന്റടിച്ച് രാത്രി താമസം. സാധാരണക്കാരായ ഗ്രാമീണരുടെ പറമ്പിലും പെട്രോള്‍ പമ്പിലുമെല്ലാം ടെന്റടിച്ചു കിടന്നു. ഒരിക്കല്‍പോലും യാത്ര തുടങ്ങും മുൻപു പേടിപ്പിച്ചതുപോലുള്ള മോശം അനുഭവങ്ങളുണ്ടായില്ല. 

രാജസ്ഥാനെത്തിയതോടെ ചൂടിനൊപ്പം തണുപ്പും അറിഞ്ഞു തുടങ്ങി. ഗുരുദ്വാരകളുടെ സ്‌നേഹവും കരുതലും അറിഞ്ഞതും തുടര്‍ന്നങ്ങോട്ടായിരുന്നു. ജാതി-മത- ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യര്‍ക്കും ഭക്ഷണവും താമസവും നല്‍കുന്ന സിക്ക് ഗുരുദ്വാരകള്‍. പഞ്ചാബിലെ മനുഷ്യരുടെ സ്‌നേഹം ഒന്നു വേറെ തന്നെയായിരുന്നു. സുവര്‍ണ ക്ഷേത്രവും വാഗ ബോര്‍ഡറും കടന്ന് ശ്രീനഗര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 

വളഞ്ഞ് പട്ടാളം 

ജമ്മു–കശ്മീരിലേക്കു കടക്കാന്‍ വീണ്ടും ആര്‍ടിപിസിആര്‍ എടുക്കേണ്ടി വന്നു. കയ്യിലുള്ള ഡീസല്‍ സ്റ്റൗ ഉപയോഗിച്ചുള്ള കട്ടന്‍ ചായയും മാഗിയുമായിരുന്നു തണുപ്പിനെയും വിശപ്പിനെയും പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ശ്രീനഗറില്‍ വച്ച് തണുപ്പ് അസഹനീയമായപ്പോള്‍ പതിവുപോലെ ഒരു ചായ കുടിക്കാനായി വഴിയോരത്ത് സ്‌കൂട്ടര്‍ ഒതുക്കി. കൊടും തണുപ്പില്‍ ഡീസല്‍ സ്റ്റൗ പണി തന്നു. ഏറെ നേരം ശ്രമിച്ച ശേഷം തീയൊന്ന് ആളിയ ശേഷമാണ് സ്റ്റൗ കത്തിയത്. പിന്നെ നോക്കുമ്പോള്‍ ചുറ്റും പട്ടാളക്കാര്‍ തോക്കും പിടിച്ചു നില്‍കുന്നു. അപ്പോഴാണ് ഞങ്ങള്‍ സ്‌കൂട്ടര്‍ നിര്‍ത്തിയതിന്റെ മുന്നില്‍ രണ്ട് പട്ടാള വണ്ടികള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കിയതു തന്നെ. 

മുറി ഹിന്ദിയില്‍ പറയുന്നതൊന്നും പട്ടാളക്കാര്‍ക്കു മനസ്സിലായില്ല. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അപ്പോഴാണ് മൂന്നാമത്തെ വണ്ടി പട്ടാളക്കാരും എത്തിയത്. കാര്യം അറിയാനായി അവരും വാഹനം നിര്‍ത്തി. ആ വണ്ടിയില്‍ ഒരു മലയാളി പട്ടാളക്കാരനുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് അന്നത്തെ ചായകുടി മാറാതിരുന്നത്. മലയാളി ജവാന്‍ വഴി കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ പട്ടാളക്കാര്‍ അയഞ്ഞു. ഇതോടെ പ്രകൃതിസംരക്ഷണമെന്ന സന്ദേശവുമായി രാജ്യം ചുറ്റാനിറങ്ങിയ പെണ്‍പട്ടാളവുമായി ഇന്ത്യന്‍ പട്ടാളം ചായയും സൗഹൃദവും പങ്കുവച്ചു. പിന്നീട് കട്ടനും മാഗിയും ഉണ്ടാക്കി കഴിച്ചു കഴിയും വരെ കൂട്ടിരുന്നതും ഇതേ പട്ടാളക്കാരായിരുന്നുവെന്നും അനാമിഹയും സിമിയും അഭിമാനത്തോടെ ഓര്‍ക്കുന്നു. 

നാനാത്വം കാലാവസ്ഥയിലും മഞ്ഞുവീഴ്ചയും തണുപ്പും ആദ്യ ദിവസങ്ങളില്‍ അദ്‌ഭുതവും ആവേശവുമൊക്കെയായിരുന്നു. എന്നാല്‍, സൂര്യനെ കാണുകയെന്നത് സ്വപ്‌നത്തില്‍ മാത്രമായി അവസാനിച്ചതോടെ ആവേശമെല്ലാം മരവിപ്പായി. നേരിയ മഞ്ഞു പാളികളുള്ള റോഡിലൂടെയുള്ള യാത്രകളും കൂടുതല്‍ അപകടസാധ്യതയുള്ളതായി. പത്താന്‍കോട്ടുനിന്നു മണാലിയിലേക്ക് ഒറ്റദിവസം കൊണ്ടെത്താമെന്ന ഞങ്ങളുടെ വ്യാമോഹം കുളുവില്‍ രാത്രി എട്ടുമണിയോടെ അവസാനിച്ചു. പിറ്റേന്ന് മണാലിയിലെത്തിയപ്പോഴേക്കു ശാരീരികമായി അവശനിലയിലായി. ഗോവയില്‍ പിടിച്ച പനി മണാലിയിലെത്തിയപ്പോഴേക്കും കൂടി. ഒരാഴ്ചയോളം മണാലിയില്‍ വിശ്രമിച്ച ശേഷമാണ് യാത്ര തുടരാനായത്. 

മണാലിയിലെ മഞ്ഞു പേടിച്ച് ഷിംലയിലെത്തിയപ്പോള്‍ അവിടെയും മഞ്ഞുവീഴ്ച. ഒടുവില്‍ ഹരിദ്വാര്‍, വാരാണസി വഴി നേപ്പാളിലേക്കുള്ള യാത്ര കഠിനമായ തണുപ്പില്‍നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു. നേപ്പാളില്‍ മൂന്നു ദിവസമാണ് കറങ്ങിയത്. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയും മലയാളികള്‍ക്കു സുപരിചിതമായ 'യോദ്ധ' സിനിമ ചിത്രീകരിച്ച സ്വയംഭൂനാഥ് ക്ഷേത്രവുമൊക്കെ കാണാനായി. തിരിച്ച് ഇന്ത്യൻ അതിര്‍ത്തിയില്‍ എത്തിയപ്പോൾ ആര്‍ടിപിസിആറും മൂക്കിനുള്ളിലെ കുത്തുമൊക്കെ പതിവിന്‍പടി നടന്നു. തിരിച്ചുള്ള യാത്ര മഞ്ഞു മടുത്ത് വെയിൽ കൊള്ളാന്‍ കൂടിയായിരുന്നു. വെയിൽ കൊതിച്ച് എത്തിപ്പെട്ടതാകട്ടെ പെരുമഴയത്തേക്കും. മഴക്കോട്ടില്ലാതിരുന്നത് കാര്യങ്ങള്‍ വഷളാക്കി. ബാഗിലെ വസ്ത്രങ്ങള്‍ വരെ നനഞ്ഞു കുതിര്‍ന്നു. പിറ്റേന്ന് ആദ്യം കണ്ട കടയില്‍നിന്നു റെയിന്‍ കോട്ട് വാങ്ങിയ ശേഷമാണ് യാത്ര തുടര്‍ന്നത്. 

ladies-travel

 

ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടുമെല്ലാം എത്ര വ്യത്യസ്തമാണ് നമ്മുടെ  ഇന്ത്യയെന്ന് ഈ യാത്രയിലൂടെ മനസ്സിലായി. തിരിച്ചുവരവില്‍ മധ്യപ്രദേശ് എത്തിയപ്പോഴേക്കും പെരുംമഴ പൊരിവെയിലിനു വഴി മാറി. യാത്രയ്ക്കിടെ ഒരു മാസത്തോളം വൈകിട്ട് നാലു മണിക്കുശേഷം സൂര്യവെളിച്ചം കണ്ടിരുന്നില്ല. മധ്യപ്രദേശില്‍ മഴ മാറി, വെയിൽ തെളിഞ്ഞതിന്റെ ആവേശത്തില്‍ പരമാവധി ദൂരം മറികടക്കാന്‍ ശ്രമിച്ചു. 

ഗൂഗിളിന്റെ കൊലച്ചതി

 

ഗൂഗിളിനെ വിശ്വസിച്ച് എളുപ്പമുള്ള വഴികളിലൂടെ യാത്ര തുടര്‍ന്നത് വന്‍ അബദ്ധമായി. വൈകിട്ട് മൂന്നു മണിക്കുശേഷം നല്ല റോഡ് പോലും കണ്ടില്ല. മുന്നില്‍ ഇടവഴികളും നടവഴികളുമൊക്കെയായി പാത ചുരുങ്ങിയപ്പോഴും ഗൂഗിള്‍ മാപ്പില്‍ വഴി തെളിഞ്ഞുകൊണ്ടേയിരുന്നു. സൂര്യന്‍ അസ്തമിച്ചിട്ടും കാട്ടുപ്രദേശത്തുകൂടെ യാത്ര ചെയ്യേണ്ടി വന്നു. പെട്രോള്‍ അവസാനിക്കുന്നുവെന്ന് മീറ്റര്‍ കൂടി പറഞ്ഞതോടെ ആശങ്ക കൂടി. അടുത്തെങ്ങും ആളുകളോ ജനവാസകേന്ദ്രങ്ങളോ ഇല്ല. കയ്യില്‍ കരുതിയിരുന്ന ഒരു ലീറ്റര്‍ പെട്രോള്‍ കൂടി ഒഴിച്ചു. ഒടുവില്‍ രാത്രി എട്ടരയോടെയാണ് മനുഷ്യരുള്ള പ്രദേശത്തേക്കെത്തിയത്. 

ആദ്യം കണ്ട പെട്രോള്‍ പമ്പില്‍നിന്നു പെട്രോളും അടിച്ച് ആദ്യം കണ്ട ഹോട്ടലില്‍ റൂമുമെടുത്തു തങ്ങി. അപ്പോഴേക്കും യാത്ര തുടങ്ങി രണ്ടു മാസത്തിലേറെയായിരുന്നു. വലിയൊരു സ്വപ്‌നം പൂര്‍ത്തിയാകുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ വേഗം കൂടി. കലൂരിലേക്കു തിരിച്ചെത്തിയത് ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷനും സുഹൃത്തുക്കളും ചേർന്നൊരുക്കിയ സ്വീകരണത്തിലേക്കായിരുന്നു. അങ്ങനെ 2021 നവംബര്‍ ഏഴിന് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച സ്വപ്‌നയാത്ര 2022 ജനുവരി 17ന് കലൂരിൽ തന്നെ ഫിനിഷ് ചെയ്തു. 

പൊളിയാണ് എന്‍ടോര്‍ക്ക്

ഇന്ത്യയിലും നേപ്പാളിലുമായി ആകെ 11,000 കിലോമീറ്ററാണ് ഞങ്ങള്‍ എന്‍ടോര്‍ക്കില്‍ താണ്ടിയത്. പുത്തന്‍ എന്‍ടോര്‍ക്കുമായി നേരെയങ്ങ് പോവുകയായിരുന്നു. ആദ്യ സർവീസ് കാര്‍വാറിലും  രണ്ടാം സര്‍വീസ് ഹരിയാനയിലും ചെയ്തു. ഇടക്ക് മണാലിയിൽ വച്ച് ഓയില്‍ ചെയ്ഞ്ച് ചെയ്തു. ടിവിഎസ് ടീമിന്റെ പിന്തുണ യാത്രയിൽ മുഴുവനും ഉണ്ടായിരുന്നു. ഹിമാലയം വരെയെത്തുന്ന യാത്രയായതിനാല്‍ കയ്യിലൊരു ആക്‌സിലറേറ്റര്‍ കേബിള്‍ അധികം കരുതണമെന്നു മാത്രമാണ് ടിവിഎസില്‍നിന്നു പറഞ്ഞത്. എന്നാല്‍, അത് ഉപയോഗിക്കേണ്ടി വന്നില്ല. ഈ സ്‌കൂട്ടര്‍ മല കയറുമോ എന്ന് റൈഡര്‍മാര്‍ പോലും ചോദിച്ചിരുന്നു. മല കയറിയെന്നു മാത്രമല്ല, പഞ്ചറായി വഴിയില്‍ കിടക്കേണ്ട അവസ്ഥ ഈ 11,000 കിലോമീറ്ററിനിടെ ഒരിക്കല്‍പോലുമുണ്ടായില്ല. ഏതു മഞ്ഞിലും സ്റ്റാര്‍ട്ടിങ് ട്രബിള്‍ പോലും ഉണ്ടായില്ല. അതുകൊണ്ടുതന്നെ പറയാതെ വയ്യ, ചുമ്മാ പൊളിയാണ് എന്‍ടോര്‍ക്ക്! 

English Summary: Two Friends from Kochi to Nepal in TVS Ntorq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com