കടുവകളെ കാണാന്‍ കൂട്ടുകാരികള്‍ക്കൊപ്പം കാട്ടിലേക്ക്; മാളവികയുടെ പുതിയ യാത്ര!

malavika-mohan
Image Source: Social Media
SHARE

നടി മാളവിക മോഹനന്‍റെ വന്യജീവികളോടുള്ള പ്രിയം ഏറെ പ്രശസ്തമാണ്. സാധാരണയായി മറ്റെല്ലാം നടീനടന്മാരും ബീച്ചുകളും ലക്ഷ്വറി ഡെസ്റ്റിനേഷനുകളും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുമ്പോള്‍, കാടും കടുവകളുമെല്ലാമാണ് മാളവികയുടെ പ്രിയപ്പെട്ട കാഴ്ചകള്‍. വിവിധ വന്യജീവിസങ്കേതങ്ങളില്‍നിന്നുള്ള യാത്രാചിത്രങ്ങള്‍ മാളവിക ഇടയ്ക്കിടെ സോഷ്യൽ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്. നല്ലൊരു ഫൊട്ടോഗ്രഫര്‍ കൂടിയായ മാളവിക എടുക്കുന്ന ഈ ചിത്രങ്ങളും ജീവസ്സുറ്റതാണ്.

ഇപ്പോഴിതാ മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് മാളവിക. കൂട്ടുകാരികള്‍ക്കൊപ്പമാണ് യാത്ര.

‘‘ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കടുവകളെ കാണാന്‍ പറ്റുന്ന ഇടമാണെന്ന് അറിഞ്ഞത് മുതല്‍, വർഷങ്ങളായി തഡോബ ടൈഗർ റിസർവ് സന്ദർശിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു, ഒടുവിൽ ഇതാ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരികള്‍ക്കൊപ്പം ഞാൻ ഇവിടെയെത്തിയിരിക്കുന്നു. ആദ്യത്തെ സഫാരിയിൽത്തന്നെ ഞങ്ങൾ രണ്ടു കടുവകളെയും ഒരു പുള്ളിപ്പുലിയെയും കണ്ടു. ഇനി മെലാനിസ്റ്റിക് പുള്ളിപ്പുലിയെ കാണാമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.” ചിത്രങ്ങള്‍ക്കൊപ്പം മാളവിക കുറിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ദേശീയോദ്യാനമാണ് ചന്ദ്രപുർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവ്. 1955 ൽ തുറന്ന ഈ റിസർവിനുള്ളിൽ തഡോബ നാഷനൽ പാർക്കും അന്ധാരി വന്യജീവി സങ്കേതവും ഉൾപ്പെടുന്നു. റിസർവിന്‍റെ ആകെ വിസ്തീർണം 625.4 ചതുരശ്ര കിലോമീറ്ററാണ്. 116.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തഡോബ ദേശീയ ഉദ്യാനവും 508.85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അന്ധാരി വന്യജീവി സങ്കേതവും ഇതിൽ ഉൾപ്പെടുന്നു. മൃഗസ്നേഹികളുടെയും വന്യജീവി ഫൊട്ടോഗ്രഫര്‍മാരുടെയും പറുദീസയാണ് തഡോബ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. 

ഈ പ്രദേശത്ത് ജീവിക്കുന്ന ഗോത്രവർഗക്കാർ വാഴ്ത്തുന്ന "തഡോബ" അഥവാ "തരു" എന്ന ദൈവത്തിന്‍റെ പേരിൽ നിന്നാണ് റിസര്‍വിന് ആ പേര് കിട്ടിയത്. ഇതിലൂടെ ഒഴുകുന്ന അന്ധാരി നദിയുടെ പേരിൽ നിന്നാണ് ഒപ്പമുള്ള "അന്ധാരി" ഉണ്ടായത്. 

പാര്‍ക്കിന്‍റെ തെക്കുപടിഞ്ഞാറായി, വനപ്രദേശത്തിനും ഇരായ് ജലസംഭരണി വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ കൃഷിയിടത്തിനും ഇടയിൽ കടുത്ത വേനലില്‍പോലും വറ്റാത്ത തഡോബ തടാകമുണ്ട്. ഇവിടം മുതലകളുടെ വിഹാരകേന്ദ്രമാണ്. കോൽസ തടാകവും അന്ധാരി നദിയുമാണ് റിസർവിനുള്ളിലെ മറ്റ് തണ്ണീർത്തട പ്രദേശങ്ങള്‍. വടക്കും പടിഞ്ഞാറും ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട മലനിരകളാണ്. തെക്കു ഭാഗത്താവട്ടെ, കുന്നുകൾ കുറവാണ്.

കടുവകളാണ് പാര്‍ക്കിന്‍റെ പ്രധാന ആകര്‍ഷണം. 2016 ഓഗസ്റ്റ് വരെ, റിസർവിനുള്ളില്‍ ൽ 88 ഉം റിസർവിന് പുറത്തുള്ള വനങ്ങളിൽ 58 ഉം കടുവകളുണ്ട് എന്നാണ് കണക്ക്. കൂടാതെ, ഇന്ത്യൻ പുള്ളിപ്പുലി, സ്ലോത്ത് കരടികൾ, ഗൗർ, നീൽഗായ്, ധോലെ, ഇന്ത്യൻ സിവെറ്റ്, കാട്ടുപൂച്ചകൾ, സാമ്പാർ, ബ്ലാക്ക് പാന്തര്‍ തുടങ്ങി വംശനാശഭീഷണി നേരിടുന്നവ അടക്കമുള്ള ജീവജാലങ്ങള്‍ ഈ പ്രദേശത്ത് വസിക്കുന്നു.

ഒക്ടോബറിൽ ആരംഭിച്ച്, ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലമാണ് തഡോബ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ സമയത്ത് 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയായിരിക്കും താപനില. മണ്‍സൂണ്‍ കഴിഞ്ഞ് എങ്ങും കനത്ത പച്ചപ്പും കുളിരും നിറയുന്ന സമയമാണിത്. തഡോബ അന്ധാരി ടൈഗർ റിസർവിന്‍റെ കോർ സോണുകൾ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളില്‍ അടച്ചിടുകയാണ് പതിവ്. ഈ സമയത്ത് ബഫർ സോൺ മാത്രം വിനോദസഞ്ചാരികൾക്കായി തുറന്നിടുന്നു. എല്ലാ വര്‍ഷവും ഒക്ടോബർ 15 മുതൽ ജൂൺ 30 വരെ പാർക്ക് സന്ദർശകർക്കായി തുറന്നിരിക്കും, ചൊവ്വാഴ്ച അവധിയാണ്.

തഡോബ നാഷനൽ പാർക്കിന്‍റെ പ്രധാന ആകർഷണം ടൈഗർ സഫാരി ആണ്. സഞ്ചാരികള്‍ക്ക് ഇതു നേരത്തേ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://mytadoba.org/wildlife-safaris/ 

English Summary: Malavika Mohan Jungle Safari

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA