ജീവനുള്ള വേരുകള്‍ കൊണ്ടുള്ള പാലങ്ങള്‍; തോരാമഴയുടെ മായാലോകത്തെ കാഴ്ചകള്‍

meghalaya-trip
SHARE

ലോകത്തിലെ ഏറ്റവും മഴയുള്ള ഇടങ്ങളില്‍ ഒന്നാണ് മേഘാലയയിലെ ചിറാപുഞ്ചി എന്ന കാര്യം അറിയാത്ത ആളുകള്‍ ഉണ്ടാവില്ല. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലുള്ള ഈ പട്ടണത്തിന് സോഹ്ര എന്നും പേരുണ്ട്. സഞ്ചാരികള്‍ അധികമാരും വന്നെത്താത്ത ഈ നാട് മോഹിപ്പിക്കുന്ന സവിശേഷതകളോടു കൂടിയതാണ്. വിചിത്രമായ കാഴ്ചകളും എപ്പോഴും പെയ്യുന്ന മഴയുമെല്ലാം ചേര്‍ന്ന്, ചിറാപുഞ്ചിയെ ഒരു മായാലോകമാക്കി മാറ്റുന്നു. ഓരോ ഇന്ത്യന്‍ സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ഭൂമിയിലെ ഈ സ്വര്‍ഗം. പച്ചപിടിച്ച മലനിരകള്‍ക്കിടയിലൂടെയുള്ള ട്രെക്കിങ്ങും പ്രകൃതി ഒരുക്കുന്ന അദ്ഭുതക്കാഴ്ചകളുമെല്ലാം സഞ്ചാരികള്‍ക്ക് ഒരു ജന്മം മുഴുവന്‍ ഓമനിക്കാന്‍ പോന്ന ഓര്‍മകള്‍ നല്‍കും എന്നതില്‍ സംശയമില്ല. ചിറാപുഞ്ചി സഞ്ചാരികള്‍ക്കായി ഒരുക്കിവക്കുന്ന ചില വിസ്മയക്കാഴ്ചകളിലേക്ക്.

രംഗ്ജിർതെ ട്രെക്ക്

സോഹ്‌റ സയിംഷിപ്പിന് കീഴിലുള്ള ഒരു പ്രശസ്തമായ ഗ്രാമമായിരുന്നു രംഗ്ജിർതെ. ഈസ്റ്റ് ഖാസി ഹിൽസിലെ ലൈത്ത്‌ദുഹ് ഗ്രാമങ്ങൾക്ക് സമീപമുള്ള പ്രസിദ്ധമായ ഡെയ്‌ൻത്‌ലെൻ വെള്ളച്ചാട്ടത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ഇരുമ്പ് ഉരുക്കുന്നതിനുള്ള വ്യാവസായിക കേന്ദ്രമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. 

meghalaya-trip1

ഇരുമ്പയിര്, ശുദ്ധീകരിച്ച ഇരുമ്പ് എന്നിവ ബംഗ്ലാദേശിലെ സിൽഹറ്റിലേക്ക് കയറ്റുമതി ചെയ്തത് രംഗ്ജിർതെയിൽ നിന്നാണ്. ഇരുമ്പ് ചൂളകളുടെ അവശിഷ്ടങ്ങൾ രംഗ്ജിർതെ ഈ പരിസരങ്ങളില്‍ ഇന്നും കാണാം. മാത്രമല്ല, സൊഹ്‌റയിലെ പ്രശസ്തമായ ഓറഞ്ച് ഈ ഗ്രാമങ്ങളിൽ നിന്നാണ് വരുന്നത്. ഇവിടേക്കുള്ള ട്രെക്കിംഗ് സഞ്ചാരികളെ പുരാതനലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.

സോഖ്മി ട്രെക്ക്

കുത്മാദൻ വില്ലേജിൽ നിന്ന് 15-20 അടി താഴേയായാണ്‌ സോഖ്മി ഗ്രാമം സ്ഥിതിചെയ്യുന്നത്. സോഹ്‌റ മാർക്കറ്റിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കുത്തനെയുള്ള വഴിയിലൂടെ സഞ്ചരിച്ചുവേണം സോഖ്മിയിലെത്താൻ. ഒരു ചെറിയ ട്രെക്കിങ് ആണെങ്കിലും, അല്‍പ്ം കഠിനമാണ് ഈ ട്രെക്കിങ്. ഗ്രാമത്തിലുടനീളം നീണ്ടുകിടക്കുന്ന വാ ലിങ്കാം നദി യാത്രക്കിടെ കാണാം. ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ ഇവിടെ നിന്നും മീന്‍ പിടിച്ചാണ് ഉപജീവനം കഴിക്കുന്നത്. ഇടയ്ക്കിടെ മീന്‍പിടിക്കുന്ന നാട്ടുകാരെ കാണാം, അവരുമായി സൊറ പറയാം.

Meghalaya.jpg.image.845.440

ഡേവിഡ് സ്കോട്ട് ട്രെക്ക്

മേഘാലയയിലെ അതിമനോഹരമായ ഒരു റൂട്ടാണ് ഖാസി കുന്നുകളിലെ ഡേവിഡ് സ്കോട്ട് ട്രെക്ക്. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ഡേവിഡ്‌ സ്കോട്ട് ആണ് ഇത് കണ്ടെത്തിയത്. കോവർകഴുത ട്രാക്ക് എന്നും ഈ റൂട്ടിന് പേരുണ്ട്. പരമ്പരാഗതമായി ആളുകൾ മോഫ്ലാംഗില്‍നിന്ന് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ചു വരൂന്ന ഈ റൂട്ട് ട്രെക്കിങ്ങിനും ഏറെ അനുയോജ്യമാണ്. ഷില്ലോങ്ങിലെ മോഫ്ലാംങ് ബ്ലോക്കിലെ കുന്നുകളും വനങ്ങളും കടന്നുള്ള അഞ്ചര മണിക്കൂർ ട്രെക്കിങ് ആണിത്.

ഷെല്ല ട്രെക്ക്

സൊഹ്‌റയിൽ നിന്ന് ഏകദേശം 45-50 കിലോമീറ്റർ അകലെയുള്ള ഷെല്ല, മത്സ്യബന്ധനത്തിനും സാഹസിക ജലവിനോദങ്ങൾക്കും പേരുകേട്ടതാണ്. 

ലിവിങ് റൂട്ട്സ് ബ്രിഡ്ജ് (നോൺഗ്രിയറ്റ് ട്രെക്ക്)

meghalaya-trip3

മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ലിവിങ് റൂട്ട് ബ്രിഡ്ജുകൾ എന്നറിയപ്പെടുന്നത്. റബർ മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്രക്കാര്‍ ഉണ്ടാക്കുന്ന പാലമാണ് ഇത്. മേഘാലയയില്‍ ഇത്തരം പാലങ്ങള്‍ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആർക്കും അറിയില്ല, ചില പാലങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

മേഘാലയയിലെ ഏറ്റവും പ്രശസ്തമായ റൂട്ട് ബ്രിഡ്ജാണ് ചിറാപുഞ്ചിയിലെ "ഡബിൾ ഡെക്കർ" റൂട്ട് ബ്രിഡ്ജ്. 150-ലധികം വർഷം പഴക്കമുള്ള ഈ മനുഷ്യനിർമിത പ്രകൃതി വിസ്മയം, ലംസോഫി വില്ലേജിൽ നിന്ന് ഏകദേശം 1400 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പടികൾ കയറി ഇരുമ്പ് തൂക്കുപാലം കടന്ന് വേണം ഡബിൾ ഡെക്കർ പാലത്തിലെത്താൻ. ആരെയും വിസ്മയിപ്പിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്.

സന്ദര്‍ശിക്കാന്‍ മികച്ച സമയം

ലോകത്തില്‍ തന്നെ ആകെ ഒറ്റ ഋതു മാത്രമുള്ള ഒരു സ്ഥലം മാത്രമേയുള്ളൂ, മഴ ഒരിക്കലും തീരാത്ത ചിറാപുഞ്ചി. എന്നിരുന്നാലും ഇവിടുത്തെ പ്രധാന മഴക്കാലം ഏപ്രിലിൽ ആരംഭിച്ച് ഒക്ടോബർ വരെ തുടരും. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. മഴ ഇഷ്ടപ്പെടുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടമാണ് ചിറാപുഞ്ചി.

English Summary: Complete Travel Guide to Meghalaya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA