ADVERTISEMENT

മാധവൻ നായകനായി അഭിനയിച്ച ‘രെഹ്ന ഹേ തേരെ ദിൽ മേം’ എന്ന ചിത്രത്തിലൂടെയാണ് ദിയ മിര്‍സ എന്ന അഭിനേത്രി ആദ്യമായി സിനിമാലോകത്തേക്ക് എത്തുന്നത്. അതിനു മുന്നേ തന്നെ നിരവധി സൗന്ദര്യമത്സരങ്ങളിലെ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു ദിയ. ജര്‍മന്‍- ബംഗാളി പാരമ്പര്യമുള്ള ഈ നാല്‍പ്പതുകാരി ഇപ്പോഴും നടി, മോഡല്‍, സിനിമാ നിർമാതാവ്, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിലെല്ലാം തന്നെ ഏറെ സജീവമാണ്. 

യാത്രകളെ ഏറെ സ്നേഹിക്കുന്ന ദിയ മിര്‍സ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള യാത്രാവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ കോക്സറിലുള്ള ചന്ദ്ര താഴ്‍‍‍വരയിൽ നിന്നുമാണ് ദിയ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മനോഹരമായ നീലാകാശത്തിന് കീഴില്‍, താഴ്‍‍‍വാരത്തെ പുല്‍മേട്ടില്‍ ഇരിക്കുന്ന ദിയയെ ചിത്രത്തില്‍ കാണാം.

ലഹൗളിലെ ഏറ്റവും തണുപ്പുള്ള സ്ഥലം

ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിറ്റി ജില്ലയിലെ ഗ്രാമങ്ങളിലൊന്നാണ് കോക്സർ. ലേ- മണാലി ഹൈവേയിലാണ് കോക്സർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.  ലഹൗളിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് ഇവിടം എന്നൊരു പ്രത്യേകത കൂടിയുണ്ട്. മഞ്ഞുകാലമാകുമ്പോള്‍ അതിഭയങ്കരമായ മഞ്ഞുവീഴ്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ വേനൽക്കാലമാകുമ്പോള്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതോടെ ഇവിടെയുള്ള പിഡബ്ല്യുഡി റെസ്റ്റ് ഹൗസും റസ്‌റ്റോറന്റുകളുമെല്ലാം സജീവമാകും.  

റോഹ്താങ് ചുരത്തിൽ നിന്ന് 19 കിലോമീറ്ററും അടൽ ടണൽ റോഹ്താങ്ങിന്‍റെ നോർത്ത് പോർട്ടലിൽ നിന്ന് 7 കിലോമീറ്ററും അകലെയാണ് കോക്സർ. അതിമനോഹരമായ ഒരു പർവതപ്രദേശമാണ് ഇവിടം. മനോഹരമായ നിരവധി കാഴ്ചകളും ഹൈക്കിംഗ് പാതകളുമെല്ലാം ഇവിടെ കാണാൻ കഴിയും. 

ലാഹൗളിൽ പ്രവേശിച്ചതിന് ശേഷമുള്ള ആദ്യത്തെ ഗ്രാമമാണ് കോക്സര്‍. മാത്രമല്ല, പ്രശസ്തമായ ചന്ദ്ര താലിൽ നിന്ന് (ചന്ദ്രതടാകം) ഏറ്റവും അടുത്തുള്ള ലഹൗലി ഗ്രാമം കൂടിയാണ്. 

സമുദ്രനിരപ്പില്‍ നിന്നും 14100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചന്ദ്രതാല്‍ തടാകവും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരികൾക്കും ട്രെക്കിംഗ് പ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ചന്ദ്രക്കലയുടെ ആകൃതി ഉള്ളതിനാലാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ടിബറ്റിൽ നിന്നും ലഡാക്കിൽ നിന്നുമെല്ലാം  എത്തിയ വ്യാപാരികളാണ് ചന്ദ്രതാല്‍ തടാകം ആദ്യമായി കണ്ടെത്തിയത്. 

ചന്ദ്രതാല്‍ തടാകത്തിന് ഏകദേശം 2.5 കിലോമീറ്റർ വീതിയുണ്ട്. ചന്ദ്ര നദിയുടെ ഉത്ഭവസ്ഥാനമായ ഇത് പിന്നീട് ഭാഗ നദിയുമായി ലയിച്ച് ചന്ദ്രഭാഗ നദിയായി  രൂപപ്പെടുകയും പിന്നീട് ചെനാബുമായി ചേര്‍ന്നൊഴുകുകയും ചെയ്യുന്നു.

വേനൽക്കാലത്ത് മാത്രമേ ചന്ദ്രതാല്‍ തടാകം സന്ദർശിക്കാൻ കഴിയൂ. സീസണിൽ ബാക്കിയുള്ള സമയങ്ങളിൽ തടാകം തണുത്തുറഞ്ഞ നിലയിലായിരിക്കും. മെയ് അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയുള്ള സമയത്ത്  നിരവധി സഞ്ചാരികള്‍ തടാകം കാണാന്‍ എത്തുന്നു.

ചന്ദ്രതാല്‍ തടാകം സ്ഥിതിചെയ്യുന്ന താഴ്‌വാരം പൊതുവേ തരിശുഭൂമിയാണ്. ഇവിടെ ആള്‍ത്താമസമില്ല. എന്നാല്‍ വേനല്‍ക്കാലമാകുമ്പോള്‍ ഇവിടുത്തെ ഭൂമി അസാധാരണമായ സൗന്ദര്യത്തോടെ തിളങ്ങും. ആകാശം പ്രതിഫലിച്ച്, തടാകം സമുദ്രനീല നിറമാകും. പച്ച പുല്ലിന്‍റെ വിശാലമായ പരവതാനി അതിരിടുന്ന തടാകവും താഴ്വരയും കണ്ണുകളെ മോഹിപ്പിക്കുന്ന കാഴ്ചയാകും. ഈ സമയത്ത് നിരവധി സഞ്ചാരികള്‍ ഇവിടെ ടെന്‍റടിച്ച് താമസിക്കുന്നു. ഇതുകൂടാതെ, കുൻസും പാസിലും ബത്തലിലും ഗ്രാമവാസികൾ വാടകയ്ക്ക് നൽകുന്ന പിഡബ്ല്യുഡി ഗസ്റ്റ്ഹൗസുകളും മുറികളുമുണ്ട്. ഭക്ഷണത്തിനായി ബറ്റാലിലും കുൻസും പാസ്സിലും ചില ധാബകളുണ്ട്. ചന്ദ്രതാലിലെ ഭക്ഷണശാലകൾ പ്രധാനമായും ടിബറ്റൻ ഭക്ഷണവും ഇന്ത്യൻ ഭക്ഷണവുമാണ് വിളമ്പുന്നത്.

ഹിന്ദു പുരാണമനുസരിച്ച്, പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരനെ മർത്യ രൂപത്തിൽ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ദേവരാജാവായ ഇന്ദ്രൻ തന്‍റെ രഥത്തിൽ ഇറങ്ങിവന്ന സ്ഥലമാണ് ചന്ദ്രതാല്‍. യക്ഷികൾ രാത്രിയിൽ തടാകം സന്ദർശിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.

English Summary: Dia Mirza Shares Travel Pictures from Himachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com