ADVERTISEMENT

ട്രെക്കിങ്ങ് ഇഷ്ട വിനോദം ആയപ്പോൾ മനസ്സിൽ പതിഞ്ഞ പേരാണ് ഹരിഹർ ഫോർട്ട്. ഹരിഹർ കില,ഹർഷ് ഘട്‌ എന്നൊക്കെ വിളിക്കുന്ന മലമുകളിലെ ഈ കോട്ട മഴക്കാലത്ത് കാണാൻ കൊതിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ യാത്രയ്ക്ക് തടസ്സമായി. തെക്ക് പടിഞ്ഞാറൻ മൺസൂൺ അവസാനിച്ച്, മഹാരാഷ്ട്രയില്‍ വരണ്ട കാലാവസ്ഥ ആരംഭിച്ച ശേഷമാണ് ഹരിഹർ ട്രിപ്പിന് അവസരം കൈവന്നത്.

ഒക്ടോബർ 24ന് ആലുവയിൽ നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ നാസിക് ലക്ഷ്യമാക്കി പുറപ്പെട്ടു. കൂട്ടിന് പ്രിയ യാത്രാപങ്കാളി ജമീമയും അവളുടെ അനുജൻ സാംസണും. 

ഹിന്ദി വേണ്ടാത്ത നാസിക്ക്

കൊങ്കൺ മേഖല കഴിഞ്ഞതോടെ പ്രകൃതി മാറി. ഭൂമി വരണ്ട പ്രദേശങ്ങളായി. കൃഷിയിടങ്ങളിൽ ചോളവും  കാബേജും  പരുത്തിയുമായി. മുന്നോട്ടു നീങ്ങവേ റെയിൽവേ പാളത്തിനു സമാന്തരമായി മഹാരാഷ്ട്ര സ്‌റ്റേറ്റ് ബസുകൾ ഓടുന്ന ഹൈവേ എത്തി. ഒപ്പം വലുതും ചെറുതുമായ കോളനികൾ, ചേരികൾ, വെയിലു കൊണ്ട് നടക്കുന്ന പിഞ്ചു ബാല്യങ്ങൾ അങ്ങനെ പോകുന്നു പാതയോരത്തെ കാഴ്ചകൾ. 5 മണിയോടെ നാസിക് റോഡ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തി.

harihar-fort-trekking2

അവിടെ നിന്നു ബസിൽ നാസിക് നഗരത്തിലെ സെൻട്രൽ ബസ് സ്റ്റാൻഡ്(സിബിഎസ്) ലേക്ക്. അര മണിക്കൂർ സഞ്ചരിച്ച് സിബിഎസ് എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. നാസിക്കിൽ ഹിന്ദികൊണ്ടു വലിയ കാര്യമില്ലെന്നു പെട്ടന്നു മനസ്സിലായി. മറാത്തി ഭാഷയാണ് എല്ലാവരും സംസാരിക്കുന്നത്. ഹിന്ദി ചിലർക്കേ അറിയൂ. ബസുകളിൽ ബോർഡ് മറാത്തിയിലാണ്. സ്റ്റാൻഡിന്റെ വശത്ത് കണ്ട മഹാരാഷ്ട്ര ഗവണ്മെന്റ് ബസിലെ ഡ്രൈവറോട് ‘ത്ര്യംബക് ഹേ?’എന്നു ചോദിച്ചു. ആ... ത്ര്യംബക്’ എന്ന് മറുപടി കിട്ടി.

 

ബസിന്റെ പുറത്തും അകത്തും ജനാലയിലും വരെ പൊടിയും ചെളിയും. 40 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്. അരമണിക്കൂർ കൊണ്ട് ത്ര്യംബകേശ്വർ എത്തി. ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ത്ര്യംബകേശ്വര ശിവക്ഷേത്രം ഹൈന്ദവ തീർഥാടനസ്ഥലം കൂടിയാണ്. 12 ജ്യോതിർലിംഗക്ഷേത്രങ്ങളിലൊന്നാണ് ത്ര്യംബകേശ്വര ശിവക്ഷേത്രം. ബസ് ഇറങ്ങിയ ഞങ്ങളെ ഹോട്ടൽ, റൂം ശുപാർശകളുമായി ഓട്ടോ ഡ്രൈവർമാർ വളഞ്ഞു. 1500 മുതൽ 2000 രൂപ വരെ അവർ പറയുന്നു. അതു ശ്രദ്ധിക്കാതെ അൽപ സമയം തിരഞ്ഞപ്പോൾ ബസ് സ്റ്റാൻഡിനു സമീപം റൂം ലഭിച്ചു, 3 പേർക്ക് 500 രൂപ മാത്രം. ബാഗുകൾ മുറിയിൽ വച്ച് ഞങ്ങൾ പുറത്തേക്ക്

ഇറങ്ങി. ചുറ്റും പല തരത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള മധുര പലഹാരങ്ങൾ വിൽക്കുന്ന കടകൾ.ക്ഷേത്രം സന്ദർശിക്കാമെന്നു കരുതിയെങ്കിലും സമയം 8 കഴിഞ്ഞതിനാൽ ക്ഷേത്ര കവാടം അടച്ചിരുന്നു.

ഫോണിലൂടെ വിലപേശൽ

ഹരിഹർ ഫോർട്ടിലെത്താൻ രണ്ട് വഴികളുണ്ട്. ഒന്ന് ത്ര്യംബക്കിൽ നിന്നും ഹർഷേവാടി ഗ്രാമത്തിലൂടെ 13.1 കിലോമീറ്റർ പാത. ഈ വഴി ഹരിഹർ ഫോർട്ട് ബേസ് ക്യാംപിൽ വളരെ വേഗത്തിൽ എത്തിച്ചേരാം, തുടർന്നുള്ള ട്രെക്കിങ് ദൂരവും കുറവാണ്. നിർഗുഡപാഠ ഗ്രാമത്തിലൂടെയാണ് രണ്ടാമത്തെ മാർഗം. ത്ര്യംബക്കിൽ നിന്ന് 22.4 കിലോമീറ്ററുണ്ട് ഇവിടേക്ക്. ഹരിഹർ ഫോർട്ടിന്റെ രണ്ടു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണ് ഹർഷേവാടിയും നിർഗുഡപാഠയും. ട്രെക്കിങ്ങും കാഴ്ച കണ്ട് നടക്കുന്നതും ഇഷ്ടപ്പെടുന്നവർക്ക് നിർഗുഡപാഠ വഴി യോജിക്കും.

ഈ വഴി 4 കിലോമീറ്റർ നടന്നു വേണം ബേസ് ക്യാമ്പിൽ എത്താൻ. എന്റെ അഭിപ്രായത്തിൽ മൺസൂൺ കാലങ്ങളിൽ മാത്രം ഈ വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മഴയും മൂടിയ അന്തരീക്ഷവും മടുപ്പിക്കില്ല. അല്ലാത്തപ്പോൾ ഈ പാതയിലൂടെ ഹരിഹർ ഫോർട്ട് എത്തുമ്പോഴേക്ക് അന്തരീക്ഷം ചൂടു പിടിക്കും. ഹർഷെവാടി വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഈ റൂട്ടിൽ ബസ് സർവീസ് കുറവാണ്.ഷെയര്‍ ടാക്സികൾ രണ്ട് ഗ്രാമത്തിലേക്കും ലഭ്യമാണ്. വെയിലുറച്ച്, ചൂടുകൂടും മുൻപ് കോട്ടയിൽ എത്തുന്നതാണ് നല്ലത്.

അതിനാൽ ഷെയർ ടാക്സിക്കു വേണ്ടി കാത്തിരുന്നു സമയം കളയാതെ ഓട്ടോയോ ടാക്സിയോ അന്വേഷിച്ചു. ഡ്രൈവർമാർ ഒരു വശത്തേക്കു മാത്രം 600 രൂപയാണ് പറഞ്ഞത്, ടാക്സി ഡ്രൈവർമാർ പോയി വരാൻ 1500 രൂപയും. ഭാഷാപരിമിതി കാരണം സഞ്ചാരി സുഹൃത്ത് സുജീഷേട്ടനെക്കൊണ്ട് ഫോണിൽ സംസാരിപ്പിച്ച് 1000 രൂപയ്ക്ക് ടാക്സി ഉറപ്പിച്ചു. പുലർച്ചെ ക്ഷേത്രത്തിൽ നിന്നും ശംഖൊലികേൾക്കാം. ആറ് മണിക്ക് ഡ്രൈവർ ഹോട്ടലിന് മുൻപിലെത്തി.

രാത്രി ഒളിപ്പിച്ചു വച്ച സൗന്ദര്യം പുലർവെട്ടത്തിൽ ദൃശ്യമായി. ബ്രഹ്മഗിരി മലയുടെ താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. 3 കിലോമീറ്ററുണ്ട് ബ്രഹ്മഗിരിയിലേക്ക്. ഹരിഹർ ട്രെക്കിങ് കഴിഞ്ഞ് ബ്രഹ്മഗിരി കൂടെ കയറിയാലോ എന്നു തോന്നി.

ഹർഷേവാടിയിൽ

വാഹനം പ്രധാന പാതയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്ക് കയറി. ചുറ്റും ഓല മേഞ്ഞതും ഷീറ്റ് ഇട്ടതുമായ ചെറിയ വീടുകൾ.  ‌കൃഷിയാണ് ഗ്രാമീണരുടെ ഉപജീവന മാർഗ്ഗം. ഏറെ സ്ഥലത്തും നെൽകൃഷിയാണ് കാണുന്നത്. നെൽച്ചെടിക്കു തീരെ ഉയരം ഇല്ല. കറുത്ത മണ്ണിൽ അവ കൃഷി ചെയ്തിരിക്കുന്നു. ചുറ്റും വന മേഖലയാണ്. മനോഹരമായ ടാർ ചെയ്ത വഴി ഹരിഹർ ഫോർട്ട് പ്രവേശന സ്ഥലം വരെ നീണ്ടു കിടക്കുന്നു. 6.45 ന് ഹർഷേവാടി ഗ്രാമത്തിൽ എത്തി. ഡ്രൈവർ കയ്യിൽ ഒരു ഇരുമ്പ് വടി എടുത്ത്, വഴികാട്ടിയായി ഞങ്ങൾക്കൊപ്പം ട്രെക്കിങ്ങിനു വരാനുള്ള തയാറെടുപ്പിലാണ്. ബ്രഹ്മഗിരി മലനിര ഇടതു വശത്ത് കാണാം.

സൂര്യൻ മലയുടെ പിന്നിലാണ്. നേരെ വലതു ഭാഗത്ത് കാണുന്ന കാനന പാതയിലൂടെ  സഞ്ചരിച്ചു വേണം ബേസ് ക്യാംപിൽ എത്താൻ. ഗൈഡിനെപ്പോലെ മുൻപിൽ നടന്ന ഡ്രൈവറെ ഞങ്ങൾ പിന്തുടർന്നു. ചെറിയ അരുവി മുറിച്ചു കടന്നു. ഉരുളൻ കല്ലുകളും മണലും ഞങ്ങളെ തെന്നി വീഴ്ത്താൻ ശ്രമിക്കുന്നു. ചിലയിടത്ത് കുത്തനെയുള്ള മൺതിട്ടകൾ പിടിച്ചു കയറി.

പാറക്കൂട്ടം കടന്നു മുൻപോട്ട് നോക്കുമ്പോൾ ബേസ് ക്യാംപ് കണ്ടു. ഞങ്ങൾക്കു പിന്നിൽ ബാഗും തൂക്കി വന്ന ഒരാൾ നിമിഷനേരം കൊണ്ടു മല കയറി പോയപ്പോൾ അദ്ഭുതം തോന്നി. അവിടെ കച്ചവടം ചെയ്യുന്ന ഒരാളാണ് അതെന്ന് പിന്നെ മനസ്സിലായി. വഴിയിൽ ഒട്ടേറെ ഓല മേഞ്ഞ കടകളുണ്ട്. നാരങ്ങ വെള്ളവും ബിസ്കറ്റുമായി കാത്തിരിക്കുന്ന, പാവപ്പെട്ട ഗ്രാമവാസികൾ. അവരുടെ ഉപജീവന മാർഗ്ഗം ഇവിടെത്തുന്നസഞ്ചാരികളാണ്. ബേസ് ക്യാംപിന് നേരെ ഇടതു ഭാഗത്ത് നിർഗുഡപാഠ ഗ്രാമവും അവിടെ നിന്നുള്ള ട്രെക്കിങ്ങ് പാതയും കാണാം.

നെൽപാടത്തിന് ഇടയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചെറിയ വൈക്കോൽ മേഞ്ഞ വീടുകൾ. വലതു ഭാഗത്ത് ഹർഷേ വാടി ഗ്രാമം. അതിനപ്പുറത്ത് ബ്രഹ്മഗിരി മലനിര. നടുവിൽ 117 പടികളുമായി ഹരിഹർ കോട്ട.ബേസ് ക്യാംപിൽ നിന്നും നോക്കുമ്പോൾ ചതുരാകൃതിയിലാണ് കോട്ട കാണുന്നത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com