ADVERTISEMENT

എന്റെ പേരിലും ഒരു സ്ഥലമോ? അവിടെ അതേ പേരിലൊരു ഗുഹയോ? മേഘാലയയിലാണ് സിജു എന്ന നദിയോര ഗ്രാമവും വവ്വാലുകൾ ഉള്ളതുകൊണ്ട് ബാറ്റ് കേവ് എന്നും ധബോഖോൽ എന്നു പ്രാദേശിക ഭാഷയിലും പേരുള്ള ഗുഹയും. സാഞ്ചാരയിടങ്ങൾ തിരയുന്നതിനിടയിലാണ് യാദൃശ്ചികമായി ഗൂഗിൾ ഇത് കൺമുന്നിലെത്തിച്ചത്. അപ്പോഴേ ഉറപ്പിച്ചു, അടുത്ത മേഘാലയ യാത്രയിലെ ആദ്യം പോകുന്നയിടമാണ് സിജു.

ഗാരോ മലനിരകളിലെ സിജു ഗുഹയും സിജു ഗ്രാമവുമൊന്നും മേഘാലയയ്ക്കു പുറത്തുള്ള സഞ്ചാരികൾക്കു പരിചിതമായ ഇടമല്ല. സുന്ദരമായ അനാഘ്രാത പുഷ്പം പോലൊരു ഗ്രാമം. മേഘാലയയിലാണെങ്കിലും എത്തിച്ചേരാൻ എളുപ്പം ഗുവാഹത്തിയിൽ നിന്നാണ്. 220 കിലോമീറ്റർ യാത്ര ചെയ്യാൻ ആറു മണിക്കൂർ എടുക്കും.

siju-village5

സിജുവിൽ എങ്ങനെ എത്തും എവിടെ താമസിക്കും എന്ന അന്വേഷണത്തിലാണു പ്ലിൻറ്റാർ മാരാക്കിനെ കിട്ടുന്നത്. സിജു ഗ്രാമത്തിലെയും ഗുഹയിലേയും ഒരു ചെറിയ ട്രാവൽ സംഘാടകനും ഗൈഡുമാണ് മാരാക്. താമസവും ഭക്ഷണവും മറ്റു കാര്യങ്ങളും മാരാക് ഏറ്റു.

വേറിട്ട വഴി

പൊതുവേ മേഘാലയ യാത്രികർ ഷില്ലോങ്ങിലേക്കാണ് ആദ്യം പോകുക. അതിർത്തി കടക്കാനുള്ള പ്രധാന വഴിയും അതു തന്നെ. സിജുവിലേക്ക് പോകാൻ മറ്റൊരു അതിർത്തിവഴിയാണ് തിരഞ്ഞെടുത്തത്. ഗുവാഹത്തി, ദുദ്‌നായ്, റോങ്ങ്‌ജെങ്, നെംഗ്ക്ര, നൊംഗൽബിബ്ര വഴി സിജു. രസകരമായ കാര്യം ഗൂഗിൾ മാപ്പിലെ സിജു കഴിഞ്ഞു പത്തു കിലോമീറ്റർ എങ്കിലും കഴിഞ്ഞാണു യഥാർത്ഥ സ്ഥലം. സുന്ദരമായ സ്ഥലങ്ങൾ. ഇടക്കൊക്കെ വണ്ടി നിർത്തി ആളുകളെയൊക്കെ കണ്ടാണു യാത്ര. ആസ്വദിച്ചു പുകവലിക്കുന്ന വൃദ്ധയും കൂടെയുള്ള സ്ത്രീകളെയൊക്കെ കെട്ടിപ്പിടിച്ചുള്ള തന്റെ ഫോട്ടോ എടുപ്പിച്ച നവവൃദ്ധനും ഒരു നദിയോര ചായക്കടയിലെ കൗതുകങ്ങൾ ആയി.

സിംസാങ്ങിന്റെ തീരത്ത്

ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന, സോമേശ്വരി നദിയെന്ന് കൂടി പേരുള്ള സിംസാങ്ങ് നദിയാണ് സിജുവിന്റെ ജീവനാഡി. ഞങ്ങൾ താമസിച്ച ടൂറിസ്റ്റ് ലോഡ്ജ് പുഴക്കരയിൽ ആണ്. മഴക്കാലം കഴിഞ്ഞ് കുറേ ആയതു കൊണ്ട് വെള്ളം കുറവാണ്. പുഴയിലെ നല്ലൊരു മുങ്ങിക്കുളി കഴിഞ്ഞതോടെ യാത്രാ ക്ഷീണം സിംസാങ്ങ് കടന്നു.

siju-village1

നദിയിൽ കൊച്ചു കൊച്ചു തോണികളിൽ മീൻപിടുത്തക്കാർ. തോണിയെന്ന് പറഞ്ഞു കൂടാ. ഒറ്റമരം ചെത്തിക്കുഴിച്ച് തോണിയാക്കിയതാണ്. നമ്മുടെ കട്ടമരം പോലെ. ചെറിയ ശരീരപ്രകൃതിയുള്ള തദ്ദേശീയർക്കു വലുപ്പം പാകം. നമ്മൾക്കിരിക്കാൻ ഞെങ്ങി ഞെരുങ്ങണം. കേരളത്തിൽ കുട്ടികൾ സൈക്കിൾ എടുത്തു കറങ്ങും പോലെ ഇവിടെ മിക്കവാറും കുട്ടികൾ തോണിയുമായി പുഴയിലാണ്.

നദിയുടെ മറുതീരത്താണു സിജു വൈൽഡ് ലൈഫ് സാങ്ച്വറി. പ്രധാനമായും ഇതൊരു ബേർഡ് സാങ്ച്വറിയാണ്. കാട്ടിലൂടെ ട്രക്കിങ് സൗകര്യമൊക്കെ ഫോറസ്റ്റ് വകുപ്പ് നൽകുന്നുണ്ട്. മേഘാലയയുടെ ആദ്യ മുഖ്യമന്ത്രിയും സ്ഥാപകനുമായ ട്രൈബൽ നേതാവ് ക്യാപ്റ്റൻ വില്യംസൺ സംഗ്മ ഈ നാട്ടുകാരനാണ്. ബാഗ്മാരയിൽ ജനിച്ച അദ്ദേഹത്തിന്റെ സ്മാരകമായി പ്രതിമയും അഡ്വഞ്ചർ പാർക്കുമൊക്കെ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.

രാത്രി, മുറിയിൽ നിന്ന് പുറത്ത് നദിയിലേക്ക് നോക്കിയപ്പോൾ നദിയിൽ നിറയെ വെളിച്ചം. മീൻപിടുത്തക്കാരാണ്. രാത്രി, ടോർച്ച് വെളിച്ചത്തിൽ മീൻ പിടിക്കാൻ നിരവധി പേരുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം. വെളിച്ചം കണ്ട് കണ്ണഞ്ചിനിൽക്കുന്ന മീനുകളെ ചെറിയ കൈവലകളിൽ കോരിയെടുക്കും. രാത്രി അവർക്കൊപ്പം ക്യാമറയുമായി ഏറെ നേരം പുഴയിൽ ചെലവഴിച്ചു. നമ്മുടെ ചീനവലയുടെ മിനിയേച്ചർ പതിപ്പ് വല ഉപയോഗിച്ചും മീൻപിടുത്തം ഉണ്ട്. കൊതുകുവല മലർത്തി വെളളത്തിൽ മുക്കി വച്ച പോലെ. മണലും ഗോതമ്പ് പൊടിയും ചേർത്തു വലക്കുള്ളിൽ ഇടും.

siju-village3

ഭാരത്തിനും മീനിനെ ആകർഷിക്കാനും. കുറെ സമയം കഴിയുമ്പോൾ വലിച്ചു പൊക്കും. 400 രൂപയുടെ മീനൊക്കെ കിട്ടാറുണ്ടെന്ന് ഒരാൾ പറഞ്ഞു. പക്ഷേ അന്നെന്തായാലും കുഞ്ഞിപ്പരലു പോലും പാവത്തിന്റെ വലയിൽ കയറിയില്ല. മലനിരകളിലെ കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും മറ്റ് രാസവസ്തുക്കളുമൊക്കെ പുഴയിലേക്കാണ് എത്തുന്നത്. അതു കൊണ്ട് നദിയിൽ മീൻ കുറഞ്ഞു വരുന്നുവത്രെ. അമ്പതിലധികം ക്വാറികൾ പരിസരത്ത് ഉണ്ടുപോലും. ചെറുപ്പക്കാർ, പ്രത്യേകിച്ച് കുട്ടികൾ റാറ്റ് ഹോൾ എന്ന് വിളിക്കുന്ന ഖനികളിൽ ജോലിക്ക് പോകുകയാണെന്ന് അയാൾ പറഞ്ഞു. മേഘാലയയുടെ നാശത്തിന് വേഗത കൂട്ടിക്കൊണ്ടിരിക്കുകയാണ് അനധികൃത ഖനനവും ചൂഷണവും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com