ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി എന്ന എറണാകുളംകാരി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് പ്രേക്ഷകശ്രദ്ധ കൂടുതല്‍ നേടിയത്. അതിനുശേഷം, തമാശ, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി, പ്രതി പൂവൻകോഴി തുടങ്ങിയ മറ്റു നിരവധി ചിത്രങ്ങളിലൂടെയും ഗ്രേസ് ആന്റണി മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് സുപരിചിതയായി. സിനിമാ അഭിനേത്രി മാത്രമല്ല, മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ്.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് സോഷ്യല്‍മീഡിയയില്‍ തന്റെ യാത്രാചിത്രങ്ങള്‍ പങ്കുവക്കാറുണ്ട്. ഈയിടെയായി ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗില്‍ നിന്നുള്ള ചിത്രവും ഗ്രേസ് പങ്കുവച്ചിരുന്നു.
സെലിബ്രിറ്റികള്‍ അടക്കമുള്ള സഞ്ചാരപ്രിയരുടെ പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കൂര്‍ഗ്. പൂത്തുലഞ്ഞു പരിമളം പരത്തുന്ന കാപ്പിത്തോട്ടങ്ങളും മലനിരകളില്‍ നിന്നൊഴുകി വരുന്ന പാല്‍മഞ്ഞും കുളിരും വിളഞ്ഞുകിടക്കുന്ന ഓറഞ്ചുതോട്ടങ്ങളുമെല്ലാം ചേരുന്ന കൂര്‍ഗ് അതിമനോഹരമായ യാത്രാനുഭവമാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
കര്‍ണാടകയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായി, പശ്ചിമഘട്ടത്തിലാണ് കുടക് എന്നറിയപ്പെടുന്ന കൂര്‍ഗ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടും കാവേരി നദിയുടെ തുടക്കമായ തലക്കാവേരിയുമെല്ലാം കുടകിലെ കാഴ്ചകളാണ്. കൂടാതെ, ഏഴു നിലകളായി ഒഴുകുന്ന അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളുള്ള ഗദ്ദിഗെ, ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, നഗരക്കാഴ്ചകളുടെ വിദൂരദൃശ്യം ഒരുക്കുന്ന രാജാസീറ്റ്, വനത്തിലൂടെയുള്ള യാത്രയുടെ ആനന്ദം പകരുന്ന നിസർഗ്ഗധാം, കുടകിലെ ഒരേയൊരു ജലസംഭരണിയായ ഹാരങ്കി ഡാം, വനം വകുപ്പിന്റെ ആനപരിശീലനകേന്ദ്രമായ ദുബാരെ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും അനുഭവങ്ങളുമെല്ലാം കുടകിലുണ്ട്. ട്രെക്കിങ് പ്രേമികള്‍ക്ക്, വനത്തിന്റെ കുളിരും കാഴ്ചകളുമെല്ലാം അറിഞ്ഞു നടക്കാനുള്ള നിരവധി പാതകളും ഇവിടെയുണ്ട്. കൂടാതെ, ക്യാംപിങ്, റിവർ റാഫ്റ്റിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ പലയിടത്തുമുണ്ട്.
കുടകിലെ നാട്ടുകാര്‍ ആതിഥ്യമര്യാദയ്ക്ക് ഏറെ പ്രസിദ്ധരാണ്. വിനോദസഞ്ചാരികളെ വളരെ സൗഹൃദപരമായാണ് അവര്‍ സ്വീകരിക്കുന്നത്. ഭക്ഷണപ്രിയര്‍ക്ക് രുചികരമായ ഭക്ഷണം വെച്ചുവിളമ്പാനും അവരെ സ്നേഹത്തോടെ സ്വീകരിക്കാനുമെല്ലാം ഇവര്‍ ഏറെ മുന്നിലാണ്. ആയോധനകലകളിൽ വൈദഗ്ദ്ധ്യം നേടിയ ‘കൊടവർ’ എന്ന പ്രാദേശിക വംശവിഭാഗവും കൂര്‍ഗിന്റെ മുഖമുദ്രയാണ്.
പൊതുവേ മികച്ച കാലാവസ്ഥയായതിനാല്‍ വർഷം മുഴുവനും സന്ദര്‍ശിക്കാവുന്ന ഇടമാണ് കൂര്‍ഗ്. എന്നിരുന്നാലും ട്രെക്കിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളില്‍ താഴ്വരള് നിറയെ പൂക്കള്‍ കൊണ്ട് പൊതിയുന്ന കാഴ്ച അതിമനോഹരമാണ്.
English Summary: Grace Antony Shares travel pictures from Kodagu