ആപ്പിൾ തോട്ടങ്ങളും മഞ്ഞും; ഹിമാചലിന്റെ നിഗൂഢഭംഗിയുമായി കാണാത്ത നാട്

thachi-valley
Image From hpmandi.nic.in official site
SHARE

ഹിമാചല്‍പ്രദേശ്‌ സംസ്ഥാനം എന്തുകൊണ്ട് സഞ്ചാരികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടി എന്നതിന് മിക്ക സഞ്ചാരികള്‍ക്കും കൃത്യമായ ഒരു ഉത്തരമുണ്ട്. കുളു മണാലിയും ഷിംലയും കസോളുമൊക്കെ പോലെ എല്ലാ സഞ്ചാരികളും എപ്പോഴും പോകാറുള്ള ഇടങ്ങളെപ്പോലെതന്നെ, അധികമാരും ചെന്നെത്താത്ത ഒട്ടേറെ മനോഹരസ്ഥലങ്ങളും ഇവിടെയുണ്ട്. ഒരുപക്ഷേ, എത്ര കാലം കഴിഞ്ഞാലും, എത്രയേറെ സഞ്ചാരികള്‍ വന്നാലും ആരാരും കാണാതെ ഒരു ഇടം എപ്പോഴും ഈ മനോഹരഭൂമി ഉള്ളിന്റെയുള്ളില്‍ കാത്തുവയ്ക്കും. 

ഹിമാചലിന്‍റെ  നിഗൂഢഭംഗി

താച്ചി താഴ്‌വര പോലുള്ള സ്ഥലങ്ങൾ ഹിമാചലിന്‍റെ ഈയൊരു നിഗൂഢഭംഗിക്ക് തെളിവാണ്. സമൃദ്ധമായ ആപ്പിൾ തോട്ടങ്ങളും മനോഹരമായ പുൽമേടുകളും കുന്നുകളും മലകളും  പുരാതനമായ ഹിമാചലി ക്ഷേത്രങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായ താച്ചി താഴ്‌വര, ബജറ്റ് യാത്രക്കാര്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും ഏറെ അനുയോജ്യമായ ഒരിടമാണ്. ക്യാംപിങ്, പാരാഗ്ലൈഡിങ്, ട്രെക്കിങ് തുടങ്ങി, സാഹസിക പ്രേമികൾക്കായി നിരവധി വിനോദങ്ങളും ഈ താഴ്‍‍‍വരയിലുണ്ട്. 

thachi-valley2
Image From hpmandi.nic.in official site

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ സെറാജ് മേഖലയിലാണ് ഈ താഴ്‍‍‍വര. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താച്ചി താഴ്‌വരയില്‍ ആഡംബരസൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. തികച്ചും ഗ്രാമീണത തുളുമ്പുന്ന അന്തരീക്ഷമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുക. ഭക്ഷണം കഴിക്കാനായി കഫേകളോ ഫാൻസി റെസ്റ്റോറന്റുകളോ ഒന്നും കാണാനാവില്ല, പകരം ചൂടു പറക്കുന്ന മോമോസും നാടന്‍ ഹിമാചലി വിഭവങ്ങളും വിളമ്പുന്ന ഫുഡ് ജോയിന്റുകളും ധാബകളുമെല്ലാം യഥേഷ്ടമുണ്ട്.

ഡൽഹിയിൽ നിന്ന് താച്ചി താഴ്‌വരയിലെത്താൻ പരമാവധി 13-14 മണിക്കൂർ സമയമെടുക്കും. ഡൽഹിയിൽ നിന്ന് എല്ലാ ദിവസവും മണാലി, കുളു അല്ലെങ്കിൽ ഭുന്തർ എന്നിവിടങ്ങളിലേക്ക് ബസുകളുണ്ട്. മണാലിക്ക് 2 മണിക്കൂർ മുമ്പ്, ഔട്ട് ടണല്‍ കഴിയുന്നിടത്ത് ബസിറങ്ങി ഇവിടെ നിന്നും താച്ചി താഴ്‌വരയിലേക്ക് പോകുന്ന ബസുകളില്‍ കയറാം. മഞ്ഞുമൂടിയ ഹിമാലയത്തലപ്പുകളുടെ കാഴ്ച കണ്ടാസ്വദിച്ച് ബസില്‍ താച്ചിയിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. 

താച്ചിയില്‍ എത്തിക്കഴിഞ്ഞാല്‍പ്പിന്നെ താമസിക്കാനുള്ള സ്ഥലം കണ്ടുപിടിക്കണം. ആതിഥ്യമര്യാദയ്ക്കും ഊഷ്മളതയ്ക്കും പേരുകേട്ടവരാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ, താച്ചി താഴ്‍‍‍വരയും വ്യത്യസ്തമല്ല. നാട്ടുകാർ ഹോസ്പിറ്റാലിറ്റി ബിസിനസില്‍ കൂടുതല്‍ വ്യാപൃതരാണ്. ധാരാളം ഹോംസ്റ്റേകളും ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമെല്ലാം ഇവിടെയുണ്ട്. ഓണ്‍ലൈനില്‍ ആദ്യമേ ബുക്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. മിക്ക താമസകേന്ദ്രങ്ങളിലും ഭക്ഷണവും വിനോദാനുഭവങ്ങളും ഉള്‍പ്പെടെയുള്ള പാക്കേജാണ് നല്‍കുന്നത്. 

പതിനൊന്നു തലകളുള്ള മഹാവിഷ്ണുവിന്‍റെ വിഗ്രഹമുള്ള ബിത്തു നാരായൺ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്. എല്ലായിടത്തും ഉയരമുള്ള ദേവദാരുക്കളാൽ ചുറ്റപ്പെട്ട ക്ഷേത്രപരിസരം അങ്ങേയറ്റം ശാന്തമാണ്. ബസ് സ്റ്റാൻഡിന് സമീപത്തായതിനാല്‍ ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.ക്ഷേത്രത്തിന് സമീപമുള്ള താച്ചി പ്രധാന മാർക്കറ്റ് കടന്ന് കുത്തനെ താഴോട്ട് ട്രെക്ക് ചെയ്തു പോയാല്‍ ആഷു അല്ലി വെള്ളച്ചാട്ടത്തിലെത്താം. ഇതേ പാതയില്‍ത്തന്നെയുള്ള ഗൗൺബീഡ് വെള്ളച്ചാട്ടവും ഗൗൺബീഡ് പീഠഭൂമിയും കാണാം.

thachi-valley1
Image From hpmandi.nic.in official site

ഹഡിംബ മാതയ്ക്ക് സമർപ്പിച്ചിരിക്കുന്ന മറ്റൊരു പുണ്യസ്ഥലമായ ഹഡിംബ ക്ഷേത്രം അഥവാ ഹിദാബ് കൊടുമുടി, നാഗദേവതയ്ക്ക് സമർപ്പിക്കപ്പെട്ട പുണ്ഡിക് ഋഷി ക്ഷേത്രം എന്നിവയും കാണേണ്ടതു തന്നെയാണ്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെയും താഴ്‌വരകളുടെയും 180° കാഴ്ച കണ്ടുകൊണ്ടുള്ള രസികന്‍ ട്രെക്കിങ് ആണ് ചഞ്ച്വാല കൊടുമുടിയിലേക്കുള്ള ട്രെക്കിംഗ്. 11,000 അടി ഉയരത്തിലാണ് കൊടുമുടി. ഏറ്റവും മുകളില്‍ ഒരു ക്ഷേത്രവുമുണ്ട്. ഏകദേശം 18 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് ഏറ്റവും മുകളില്‍ എത്താം. താല്പര്യമുള്ളവര്‍ക്ക് മഞ്ഞുകാലത്തൊഴിച്ച് ഇവിടെ രാത്രി ക്യാംപ് ചെയ്യാനും സൗകര്യമുണ്ട്.

താച്ചി മാർക്കറ്റിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സ്പെയ്നി ധാറിലാണ് പ്രധാനമായും പാരാഗ്ലൈഡിങ് സംഘടിപ്പിക്കുന്നത്. താഴ്‌വരയുടെ മനോഹരമായ കാഴ്ചയൊരുക്കുന്ന പച്ചപ്പ് നിറഞ്ഞ പുൽമേടാണിത്. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് സ്പെയ്നി ടോപ്പ്. 

ട്രെക്കിങ്ങും കാഴ്ചയും

താച്ചി താഴ്‌വരയിൽ നിന്ന് ആരംഭിക്കുന്ന 3 ദിവസത്തെ ട്രെക്കായ തുംഗഷി ടോപ്പ് ട്രെക്ക് തുടക്കക്കാര്‍ക്ക് അനുയോജ്യമാണ്. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, കുളങ്ങൾ, മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ കാഴ്ചകൾ, വന്യജീവികൾ, വനങ്ങൾ തുടങ്ങിയവയെല്ലാം കടന്നു പോകുന്ന അതിമനോഹരമായ ഒരു യാത്രയാണിത്. താച്ചിയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആകർഷകമായ കാഴ്ചയാണ് ജൂഹി വെള്ളച്ചാട്ടവും ജൂഹി ക്ഷേത്രവും.

ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മറ്റ് പല സ്ഥലങ്ങളെയും പോലെ, വർഷത്തിൽ ഏത് സമയത്തും നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് താച്ചി താഴ്‌വര. എന്നാലും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളായിരിക്കും മഞ്ഞും മഴയും കടുത്ത വേനലുമില്ലാതെ യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യം.

English Summary: Thachi Valley Hidden Gem in Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA