ADVERTISEMENT

ഏതോ വിചിത്രലോകത്ത് ചെന്നെത്തിയ പോലെയുള്ള അനുഭവമാണ് സഞ്ചാരികള്‍ക്ക് ലഡാക്ക് നല്‍കുന്നത്. മഞ്ഞും പര്‍വതനിരകളും പ്രത്യേകതരം മനുഷ്യരുമെല്ലാമായി ഇന്ത്യയില്‍ത്തന്നെയാണോ എന്നൊരു സംശയം ഏതൊരു സഞ്ചാരിക്കും ഉണ്ടാകാം. മനോഹരമായ കാലാവസ്ഥയ്ക്കും കാഴ്ചകള്‍ക്കും പുറമേ ചരിത്രമുറങ്ങുന്ന ഒട്ടനവധി ഇടങ്ങളും ലഡാക്കിലുണ്ട്. 

ലഡാക്കിലെ ലേ ജില്ലയിലെ ഒരു ഗ്രാമമാണ് ക്യാഗാർ എന്നും അറിയപ്പെടുന്ന തേഗർ. നുബ്ര താഴ്‍‍‍വരയിലെ നുബ്ര തെഹ്‌സിലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ കൾച്ചറൽ ഏരിയയുടെ അതിർത്തിയിലുള്ള ഒരു ബുദ്ധ ഗ്രാമമാണ് ഇത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട  കാഴ്ചകളില്‍ ഒന്നാണ് പുരാതനമായ സാംസ്ഖാങ് കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍. 

കൊട്ടാരക്കാഴ്ചയിലേക്ക്

തേഗർ ഗ്രാമത്തിൽ നിന്ന് കാൽനടയാത്ര ചെയ്തുവേണം കൊട്ടാരത്തില്‍ എത്താന്‍. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് പറയപ്പെടുന്നു, അക്കാലത്ത് ഗവർണറുടെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ലേയിലെ രാജാവിന്‍റെ കൊട്ടാരത്തോട് സാദൃശ്യം പുലർത്തുന്ന കൊട്ടാരം, തനത് ടിബറ്റൻ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായിരുന്നു.

Kyagar
Soloviova Liudmyla/shutterstock

കൊട്ടാരത്തിന് ആകെ മൂന്ന് നിലകളുണ്ട്, രണ്ടാം നിലയിൽ നാല് ബാൽക്കണികളും കാണാം. തകർന്ന അടുക്കളയിൽ നന്നായി അലങ്കരിച്ച ഒരു കല്ലടുപ്പുമുണ്ട്. കൊട്ടാരത്തിന്‍റെ ഭാഗങ്ങള്‍ ഇപ്പോൾ അധികമൊന്നും അവശേഷിക്കുന്നില്ല. ഇപ്പോഴും ഉപയോഗിക്കുന്ന ഒരു പൂജാമുറിയുണ്ട് ഇവിടെ. ഈ മുറിക്കുള്ളിൽ മനോഹരമായ പ്രതിമകളും തങ്കകളും കാണാം. മനോഹരമായ ടിബറ്റൻ ബുദ്ധ ചിത്രങ്ങളാണ് തങ്കകൾ എന്നറിയപ്പെടുന്നത്. സാധാരണയായി കോട്ടൺ അല്ലെങ്കിൽ സിൽക്കിലാണ് ഇത് നിർമിക്കുന്നത്. ഈ പെയിന്റിങ്ങുകൾ ബുദ്ധമത ദേവത അഥവാ മണ്ഡലയെയാണ് ചിത്രീകരിക്കുന്നത്.

കൊട്ടാരത്തിന്‍റെ മേല്‍ക്കൂരയുടെ പല ഭാഗങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ നല്ല ശ്രദ്ധയോടെ വേണം ഓരോ കാലടിയും വയ്ക്കാന്‍. ഈയിടെ കൊട്ടാരം നവീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. 

ലഡാക്കിലെ പുരാതന ജനതയുടെ ജീവിതത്തെയും കാലത്തെയും കുറിച്ച് സഞ്ചാരികള്‍ക്ക് ഉൾക്കാഴ്ച നല്‍കുന്ന ഈ കൊട്ടാരം, ലഡാക്കില്‍ അധികം സഞ്ചാരികൾ സന്ദർശിക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ്. "ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ ചുരം" എന്ന് വിളിക്കപ്പെടുന്ന കർദുങ് ലായിലൂടെയാണ് കൊട്ടാരത്തിലേക്ക്  എത്തിച്ചേരുന്നത്. ‌‌

തെഗാർ ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറണം. 18000 അടി ഉയരത്തിലാണ് ചുരം. നുബ്ര നദിക്കരയിലുള്ള സുമൂർ ഗ്രാമത്തിലാണ് കൊട്ടാരത്തിലേക്ക് ട്രെക്കിങ് നടത്താനെത്തുന്ന മിക്ക സഞ്ചാരികളും തങ്ങുന്നത്. യാത്ര തുടങ്ങുന്നതിനു  മുമ്പ് എല്ലാ സഞ്ചാരികളും ലേയിൽ പ്രത്യേക പെർമിറ്റ് വാങ്ങണം.

English Summary: Zamskhang Palace, the hidden gem of Nubra Valley Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com