ADVERTISEMENT

ഇന്ത്യൻ റെയിൽവേയുടെ 'ഭാരത് ഗൗരവ്' പദ്ധതി അനുസരിച്ച് കോയമ്പത്തൂരിനും ഷിർദിക്കും ഇടയിൽ സർവീസ് നടത്തുന്ന ആദ്യ സ്വകാര്യ ട്രെയിൻ കഴിഞ്ഞ ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു.

ഭാരത് ഗൗരവ് ട്രെയിൻ. കോയമ്പത്തൂർ നോർത്തിൽ നിന്ന് 2022 ജൂൺ 14-ന് (ചൊവ്വ) 18:00 മണിക്ക് ആരംഭിച്ച് 2022 ജൂൺ 16-ന് (വ്യാഴം) 07:25 മണിക്ക് സായ്‌നഗർ ഷിർദിയിലെത്തി. തിരുപ്പൂർ, ഈറോഡ്, സേലം, യെലഹാൻക, ധർമ്മവാരം, മന്ത്രാലയം റോഡ്, വാടി എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള യാത്രാമധ്യേ, മന്ത്രാലയം ക്ഷേത്രത്തില്‍ ദർശനം നടത്തുന്നവര്‍ക്കായി മന്ത്രാലയം റോഡ് സ്റ്റേഷനിൽ 5 മണിക്കൂർ ട്രെയിന്‍ നിര്‍ത്തും.

തിരിച്ച്, സായിനഗർ ഷിർദിയിൽ നിന്ന് കോയമ്പത്തൂർ നോർത്തിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ജൂൺ 17-ന് (വെള്ളിയാഴ്ച) 07:25 മണിക്ക് ആരംഭിച്ച് ജൂൺ 18-ന് (ശനി) 12:00 മണിക്ക് കോയമ്പത്തൂർ നോർത്തിൽ എത്തിച്ചേരും. വാടി, ധർമ്മവാരം, യെലഹങ്ക, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളില്‍ ഈ ട്രെയിനും നിര്‍ത്തും.

ഒരു ഫസ്റ്റ് എസി കോച്ച് -1, മൂന്ന് 2-ടയർ എസി കോച്ചുകൾ, എട്ട് 3-ടയർ എസി കോച്ചുകൾ, അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, ഒരു പാൻട്രി കാർ, രണ്ട് ലഗേജ്-കം-ബ്രേക്ക് വാനുകൾ തുടങ്ങി ആകെ 20 കോച്ചുകളാണ് ട്രെയിനില്‍ ഉള്ളത്. അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി ഒരു ഡോക്ടർ ട്രെയിനില്‍ ഉണ്ടാകും. സുരക്ഷയ്ക്കായി റെയിൽവേ പോലീസ് സേനയ്‌ക്കൊപ്പം സ്വകാര്യ സെക്യൂരിറ്റിയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രീഷ്യൻമാരും എസി മെക്കാനിക്ക്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരും ട്രെയിനില്‍ ഉണ്ടാകും.

ബ്രാൻഡഡ് ഹൗസ് കീപ്പിംഗ് സേവന ദാതാക്കളാണ് ട്രെയിന്‍ വൃത്തിയായി പരിപാലിക്കുക. ജോലിക്കാര്‍ യൂട്ടിലിറ്റി ഏരിയകൾ ഇടയ്ക്കിടെ വൃത്തിയാക്കും. കൂടാതെ പരമ്പരാഗത വെജിറ്റേറിയൻ വിഭവങ്ങള്‍ തയാറാക്കുന്നതില്‍ പരിചയസമ്പന്നരാണ് ഇവിടെ കാറ്ററിംഗ് നടത്തുന്നവർ.

ഹൈ ബാസ്-സൗണ്ടിങ് സ്പീക്കറുകളും ഓൺ-റെയിൽ റേഡിയോ ജോക്കിയും ട്രെയിനിലുണ്ട്. യാത്ര രസകരമാക്കുന്നതിനായി ഭക്തിഗാനങ്ങളും ആത്മീയ കഥകളും തത്സമയ അഭിമുഖങ്ങളും ട്രെയിനിനുള്ളില്‍ ഉണ്ടാകും. പൂർണ്ണമായും പുകവലി രഹിതവുമാണ് ഭാരത് ഗൗരവ് ട്രെയിനുകൾ.

2021 നവംബറിലാണ് തീം അടിസ്ഥാനമാക്കിയുള്ള ഭാരത് ഗൗരവ് ട്രെയിന്‍ പ്രവർത്തനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും ലോകത്തിനു മുന്നില്‍ പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ വിശാലമായ ടൂറിസ്റ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇത്തരം തീം അധിഷ്‌ഠിത ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിന് ടൂറിസം മേഖലയിലെ പ്രൊഫഷണലുകളുടെ സഹായം പ്രയോജനപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നിലവിൽ ഐആർസിടിസി റെയിൽവേയിൽ നിരവധി ടൂറിസ്റ്റ് സർക്യൂട്ട് ട്രെയിനുകൾ ഓടുന്നുണ്ട്. ഈ നയം അവതരിപ്പിക്കുന്നതോടെ, 01-04-2022 മുതല്‍ എല്ലാ ടൂറിസ്റ്റ് സർക്യൂട്ട് ട്രെയിനുകളും ഈ നയത്തിന് കീഴിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കും. ഭാരത് ഗൗരവ് പദ്ധതി തൊഴിൽ പരിചയമുള്ള കൂടുതൽ ടൂർ ഓപ്പറേറ്റർമാരെ കണ്ടെത്തുന്നതിന് സഹായിക്കുകയും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: country’s first private train under Bharat Gaurav scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com