ADVERTISEMENT

നദികളാല്‍ സമൃദ്ധമായ നമ്മുടെ ഇന്ത്യയില്‍ മുംബൈ, ഗോവ, ലക്ഷദ്വീപ്, കേരളത്തിലെ കായലുകൾ, സുന്ദർബൻസ്, ആൻഡമാൻ, ഗംഗ, ബ്രഹ്മപുത്ര തുടങ്ങി, മനോഹരമായ ജലയാത്രകള്‍ക്കായി നിരവധി ഇടങ്ങളുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയ്ക്ക് ഒരുങ്ങുകയാണ് അന്താര ലക്‌ഷ്വറി റിവര്‍ ക്രൂസ് കമ്പനി. ബുക്ക് ചെയ്ത സഞ്ചാരികളെയും വഹിച്ചുകൊണ്ട്, കമ്പനിയുടെ അന്താര ഗംഗാ വിലാസ് കപ്പൽ 53 ദിവസത്തെ നദീയാത്ര ഉടന്‍ ആരംഭിക്കും.

ഈ ഡിസംബറിലായിരിക്കും 3000 മൈൽ ദൈർഘ്യമുള്ള യാത്ര ആരംഭിക്കുക. ഗംഗ, ബ്രഹ്മപുത്ര നദികളിലൂടെ സഞ്ചാരികളെയും വഹിച്ചുകൊണ്ട് കപ്പല്‍ കടന്നുപോകും. യാത്ര, ഉത്തർപ്രദേശിലെ കാശിയിൽനിന്ന് ആരംഭിച്ച് അസമിലെ ദിബ്രുഗഡിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ 27 ചെറിയ നദികളിലൂടെ സഞ്ചരിക്കുന്ന കപ്പൽ ബംഗ്ലദേശിലൂടെയും സഞ്ചരിക്കും.

ദക്ഷിണേഷ്യന്‍ സംസ്കാരത്തെ അടുത്തറിയാനും ആഴത്തില്‍ മനസ്സിലാക്കാനും ഈ യാത്ര വിനോദസഞ്ചാരികൾക്ക് അവസരം നല്‍കും. സാംസ്കാരികവും ചരിത്രപരവുമായ പ്രധാന്യമുള്ള ഇടങ്ങളിലൂടെയും പ്രകൃതിമനോഹാരിത വഴിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലൂടെയുമെല്ലാം ഇത് കടന്നുപോകും. യാത്രക്കാര്‍ക്ക് ഹോപ്പ്-ഓൺ, ഹോപ്പ്-ഓഫ് ഓപ്ഷനുകള്‍ ഉപയോഗിച്ച് മുഴുനീളയാത്രയില്‍ പങ്കെടുക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍നിന്ന് കയറുകയും കാണേണ്ട സ്ഥലം കഴിയുമ്പോള്‍ ഇറങ്ങുകയും ചെയ്യാം.

ഗ്രാൻഡ് ക്രൂസ് എന്നാണ് ഈ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ലോക പൈതൃക സൈറ്റുകളും ഈ യാത്രയില്‍ ഉള്‍പ്പെടും. ബംഗാളിലെ പ്രശസ്തമായ സുന്ദര്‍ബന്‍സ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ബംഗ്ലദേശിലേക്കും കപ്പല്‍ പ്രവേശിക്കും. ബംഗ്ലദേശിലെ ബാരിസൽ, ബാഗർഹട്ട്, ധക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സഞ്ചാരികളെ കൊണ്ടുപോകും. ഇരു രാജ്യങ്ങൾക്കുമിടയിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യ, ബംഗ്ലദേശ് സർക്കാരുകളുടെ പരസ്പര പിന്തുണയും സഹായവും സഹകരണവുമാണ് ഈ യാത്ര സാധ്യമാക്കുന്നത്.

മലിനീകരണരഹിതമായ നിര്‍മാണശൈലിയാണ് അവലംബിച്ചിരിക്കുന്നത് എന്നതിനാല്‍ കപ്പല്‍ ഗുരുതരമായ പാരിസ്ഥിതിക ആഘാതമൊന്നും ഉണ്ടാക്കില്ല. പനോരമിക് ലോഞ്ച്, സൺ ഡെക്ക്, പവലിയൻ, സ്പാ, ജിം എന്നിവയെല്ലാം ഒരുക്കിയിട്ടുള്ള ഗംഗാവിലാസ് കപ്പല്‍, ഒരു ലക്‌ഷ്വറി ഹോട്ടലിന് സമാനമായ അനുഭവം സഞ്ചാരികള്‍ക്ക് നല്‍കും.

English Summary: This cruise from India is set to embark on the world's longest river journey!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com