മുംബൈയിലേക്കുള്ള യാത്രയ്ക്ക് മുന്‍കരുതലുകള്‍ വേണം; സുരക്ഷിതമാണോ ഇൗ നഗരം

mumbai
SHARE

സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളുമെല്ലാം നിറഞ്ഞ സംസ്ഥാനമാണ് മഹാരാഷ്ട്ര. തലസ്ഥാനമായ മുംബൈ സ്വപ്നങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നതു തന്നെ. ജീവിതം കരുപ്പിടിപ്പിക്കാനും കരിയര്‍ വളര്‍ച്ചയ്ക്കുമെല്ലാമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച്, കുറച്ചു മാത്രം മഹാരാഷ്ട്രിയന്‍ സംസ്കാരം കാണാനാവുന്ന ഇടമാണിത്. പലയിടങ്ങളില്‍നിന്നുള്ള ആളുകളുടെ സ്വപ്നങ്ങളും സംസ്കാരവുമെല്ലാം ഇഴചേര്‍ന്ന അന്തരീക്ഷമാണ് മുംബൈയുടേത്. എന്നാല്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം എത്രത്തോളം മികച്ച അനുഭവമാണ് മുംബൈ നല്‍കുന്നത്?

കുടുംബത്തിനും കുട്ടികൾക്കുമൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് മുംബൈയുടെ സ്ഥാനം എന്ന് ഈയിടെ പുറത്തുവന്ന ഒരു ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മുംബൈയിലേക്ക് പുറപ്പെടും മുന്‍പ് മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്നും പഠനം പറയുന്നു.

mumbai-travel2

യുഎസ് ആസ്ഥാനമായുള്ള ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ദ് ഫാമിലി വെക്കേഷൻ ഗൈഡ് ആണ് ഈ പഠനം പുറത്തിറക്കിയത്. മൊത്തത്തിലുള്ള സുരക്ഷ, കുടുംബ സൗഹൃദ താമസസൗകര്യങ്ങൾ, ശിശുസൗഹൃദ ഭക്ഷണശാലകൾ, കുടുംബ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള ഘടകങ്ങൾ അവലോകനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ മുംബൈ, ചൈനയിലെ ഗ്വാങ്‌ഷോ, ഷെൻഷെൻ, ബെയ്ജിങ്, ഈജിപ്തിലെ കയ്‌റോ, ജപ്പാനിലെ ഒസാക്ക, തുർക്കിയിലെ ഇസ്തംബുൾ, ഹോങ്കോങ്, തായ്‌ലൻഡിലെ ബാങ്കോക്ക് എന്നിവയും കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

റിപ്പോർട്ട് അനുസരിച്ച്, മുംബൈയിൽ വെറും 10% കുടുംബ സൗഹൃദ ഹോട്ടലുകളും 10% ശിശുസൗഹൃദ ഭക്ഷണശാലകളും 20% ശിശുസൗഹൃദ പ്രവർത്തനങ്ങളും ആകർഷണകേന്ദ്രങ്ങളും മാത്രമേയുള്ളൂ. യുനെസ്‌കോയുടെ ഒന്നിലധികം ലോക പൈതൃക സ്ഥലങ്ങൾ ഉണ്ടായിരുന്നിട്ടു പോലും, കുട്ടികൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലമാണ് മുംബൈ. 

mumbai-travel

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് നഗരമാണ് ഏറ്റവും കുടുംബസൗഹൃദപരമായ ടൂറിസ്റ്റ് കേന്ദ്രം. പത്തില്‍ 7.81 ആണ് സൂറിച്ചിന്‍റെ സ്കോര്‍. 3.27/10 ആണ് മുംബൈ നഗരം സ്കോര്‍ ചെയ്തത്. 7.45/10 പോയിന്റുമായി, പട്ടികയിൽ ക്രീറ്റ് ദ്വീപിലെ ഹെറാക്ലിയോൺ നഗരം രണ്ടാം സ്ഥാനത്തെത്തി. യുഎസ്, റോം, ഇറ്റലി, ലാസ് വെഗാസ് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബ സൗഹാർദ്ദപരമായ താമസ സൗകര്യങ്ങളുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. കൂടാതെ പട്ടായ, തായ്‌ലൻഡ്, എന്നിവയും കുടുംബ സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള പട്ടികയിലുണ്ട്. ഫ്ലോറൻസ്, വെനീസ്, റോം എന്നിവ കുടുംബ സൗഹൃദ ഡൈനിങ് ഓപ്ഷനുകളുടെ പട്ടികയിൽ ഇടം നേടി.

English Summary: Mumbai Emerges As The Least Family-Friendly Destination In The World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS