മരണംവരെ സംഭവിക്കാം, അതികഠിനം ഇൗ യാത്ര; ട്രെയിൽപാസ് കീഴടക്കിയ ആദ്യ മലയാളി

jibin
ട്രെയിൽപാസ് യാത്രയ്ക്കിടെ ജിബിൻ
SHARE

ഹിമാലയത്തിലെ ട്രെയിൽപാസ് കീഴടക്കിയ ആദ്യ മലയാളി ജിബിൻ ജോസഫ്. ഇടുക്കി ഉപ്പുതോട് സ്വദേശിയാണ്. സാഹസികതയുടെ ഹിമാലയം കയറിയ ജിബിൻ സംസാരിക്കുന്നു.

ട്രെയിൽപാസ് കീഴടക്കുകയെന്ന സ്വപ്നം ഉപ്പുതോട് സ്വദേശി ജിബിൻ ജോസഫ് കണ്ടുതുടങ്ങിയത് കോവിഡിനു മുൻപാണ്. ഇക്കഴിഞ്ഞ ജൂണിൽ ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ട്രെയിൽപാസ് കീഴടക്കിയ ആദ്യ മലയാളി കൂടിയാവുകയാണ് ജിബിൻ. 5 പേരടങ്ങുന്ന സംഘത്തിൽ ജിബിൻ മാത്രമാണു മലയാളി.

1830ൽ മലാക് സിങ്, സുപി എന്നിവരാണ് ആദ്യമായി ട്രെയിൽപാസ് കീഴടക്കുന്നത്. അന്നുമുതൽ ഇന്നുവരെ 90ൽ പരം ടീമുകൾ ഈ ദൗത്യത്തിനു ശ്രമിച്ചെങ്കിലും 20 ടീമുകൾക്കു മാത്രമാണ് അതു സാധിച്ചിട്ടുള്ളത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോഗ്രഫറായ ജിബിൻ ആ യാത്രാനുഭവങ്ങളെപ്പറ്റി പറയുന്നു...

കഠിനയാത്ര

ഇന്ത്യൻ മൗണ്ടനീറിങ് ഫൗണ്ടേഷന്റെ അനുമതിയോടു കൂടിമാത്രം ചെയ്യാൻ കഴിയുന്ന പർവതാരോഹണമാണിത്. ജൂൺ 5ന് ഉത്താരാഖണ്ഡിലെ ഭഗേശ്വരിൽ എത്തിച്ചേർന്ന ഞങ്ങൾ അവിടെനിന്നു ജയ്കുനി എന്ന മലയോര ഗ്രാമത്തിലെത്തി. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഒരു ഹിമാലയൻ ഗ്രാമമാണ് ജയ്കുനി. അടുത്ത ദിവസം മുതൽ ഇവിടെ നിന്നു 140 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര. ട്രെക്കിങ്ങിനു പോകുന്നവരെ ഒഴിച്ചാൽ ഈ വഴിയിൽ മനുഷ്യരെ കാണുക വിരളമാണ്.

പാലമില്ലാത്ത പിണ്ടാരി പുഴ കടക്കലായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന കടമ്പ. ശക്തമായ ഒഴുക്കിനെയും അതികഠിനമായ തണുപ്പിനെയും വകവയ്ക്കാതെ നദി കടക്കാൻ ആരംഭിച്ചു. സൂര്യൻ ഉദിക്കുന്നതുമുതൽ ചൂടു കൂടുന്നതനുരിച്ചു മഞ്ഞുരുകാനും തുടങ്ങും. അതിനാൽ, ഉച്ചയാകുന്നതോടെ നദിയിലെ വെള്ളത്തിന്റെ അളവും ഒഴുക്കും കൂടും.

കയറ്റം, വീണ്ടും കയറ്റം

അപകടം നിറഞ്ഞ ചെങ്കുത്തായ കുന്നുകളും മലകളും ഓരോന്നായി പതിയെപ്പതിയെ ഞങ്ങൾ നടന്നുകയറി. മരങ്ങളില്ലാതെ, പച്ചപരവതാനി വിരിച്ചപോലെ പുൽമേടുകളും പൂക്കളും നിറഞ്ഞ കുന്നുകൾ വളരെ മനോഹരമാണ്. ആ കുന്നുകൾക്കും മുകളിൽ അങ്ങു ദൂരെയായി കൈവിരലുകൾ നിവർത്തിപ്പിടിച്ചപോലെ തലയുയർത്തി നിൽക്കുന്ന മഞ്ഞുമൂടിയ കൊടുമുടികൾ.

13നു ഗ്ലേസിയർ ഫീൽഡി‍ൽ എത്തി. 4 ദിവസം നടത്തവും താമസവും അവിടെയാണ്. ഹിമാലയൻ കാലവസ്ഥയുമായി പൊരുത്തപ്പെടാൻ നമുക്ക് അൽപം ബുദ്ധിമുട്ടാണ്. ധാരാളം വെള്ളം കുടിക്കണം. തണുത്ത കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുക എന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഉയരത്തിലേക്കു പോകുംതോറും ഓക്സിജന്റെ അളവു കുറഞ്ഞുവരും. സ്വാഭാവികമായി നടക്കാനും ബുദ്ധിമുട്ടും. ഉയരത്തിൽ സൂര്യപ്രകാശത്തിനു ചൂടു കൂടുതലായതിനാൽ സൂര്യാതപം ഏൽക്കാനും സാധ്യതയുണ്ട്.

14നു ട്രെയിൽപാസിന്റെ റോക്‌വോൾ ബേസ് ക്യാംപിലെത്തി. ദൂരെ നിന്നു കണ്ടതുപോലെയല്ല, മുന്നിൽ ആരെയും ഭീതിപ്പെടുത്തുന്ന കുത്തനെയുള്ള ഭീമാകാരനായ മതിൽ പോലെ ഒരു മല!. ട്രെയിൽപാസ് കീഴടക്കാനെത്തിയ ഭൂരിഭാഗം പേരും പിൻവാങ്ങിയത് ഈ റോക്‌വോളിനു മുന്നിലായിരുന്നു. 200 മീറ്ററോളം കുത്തനെ നിൽക്കുന്ന അപകടകരമായ റോക്‌വോളിൽ റോപ് ഉപയോഗിച്ചു ഞങ്ങൾ കയറാൻ തുടങ്ങി. മഞ്ഞുപാളികൾക്കിടയിലെ വിള്ളലുകൾ നിറഞ്ഞ പ്രദേശമാണ്. ചില വിള്ളലുകൾ നേർത്ത മഞ്ഞുമൂടിക്കിടക്കുന്നതിനാൽ നമുക്കു മനസ്സിലാകില്ല. അതിൽ ചവിട്ടിയാൽ വിള്ളലിൽ വീഴുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

ലക്ഷ്യത്തിലേക്ക്

അടുത്ത ദിവസത്തെ യാത്ര വളരെ അപകടം പിടിച്ച മഞ്ഞു വഴികളിലൂടെയായിരുന്നു. ഞങ്ങളെ എല്ലാവരെയും ഒരു റോപ്പുമായി ബന്ധിപ്പിച്ചാണു നടത്തം. ആരെങ്കിലും വീണാൽ അയാളെ രക്ഷപ്പെടുത്താൻ പറ്റുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 

15നു രാവിലെ 9ന് ഞങ്ങൾ 17,400 അടി ഉയത്തിലുള്ള ട്രെയിൽപാസിനു മുകളിലെത്തി.  മുന്നിൽ തലയുയർത്തി നിൽക്കുന്ന നന്ദദേവി കൊടുമുടിയെ സാക്ഷിയാക്കി ദേശീയപതാക പാറിച്ചു. മനസ്സിൽ ലോകം കീഴടക്കിയ സന്തോഷം. അതോടെ ട്രെയിൽപാസ് കീഴടക്കുന്ന ഇരുപത്തൊന്നാമത്തെ ടീം എന്ന ബഹുമതി  സ്വന്തമാക്കി.

ഏകദേശം മുക്കാൽ കിലോമീറ്റർ കുത്തനെ ഇറക്കമുള്ളതും മഞ്ഞും പറയും ഇടകലർന്നതുമായ ട്രെയിൽപാസ് തിരിച്ചിറങ്ങുന്നതും വലിയ കടമ്പയാണ്. 9.30ന് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾ വൈകിട്ട് 7ന് താഴെയെത്തി.

English Summary: First Malayali to Conqure Himalayan Trail Pass

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS