സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ലഡാക്ക്. സാഹസിക സഞ്ചാരികള്‍ക്കും ബൈക്കേഴ്സിനും ബാക്ക്പാക്കേഴ്സിനുമെല്ലാം ഒരുപോലെ ഇത്രയധികം ഇഷ്ടമുള്ള ഒരു സ്ഥലം ഇന്ത്യയില്‍ വേറെയുണ്ടാവില്ല. ഇപ്പോഴിതാ ലഡാക്കിനെ ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടി. ഇനി ലഡാക്കില്‍ പോകുമ്പോള്‍ മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ക്ക് മുകളിലൂടെ ഹെലികോപ്റ്റർ സവാരിയും നടത്താം! ജൂൺ 28 ചൊവ്വാഴ്ച ലേയിൽ ആദ്യ ബാച്ച് വിനോദസഞ്ചാരികൾ ഹെലികോപ്റ്റർ സവാരി നടത്തി.
ലഡാക്കിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ആണ് യാത്ര ഒരുക്കുന്നത്. ലേ, പാടും, കാർഗിൽ, ലിംഗ്ഷെഡ്, നെയ്റക്, ശ്രീനഗർ, ജമ്മു, ദ്രാസ്, സൺസ്കർ എന്നീ പ്രദേശങ്ങളിലാണ് തുടക്കത്തിൽ ഹെലികോപ്റ്റര്‍ സർവീസ് ഉണ്ടാവുക. യാത്രക്കാരുടെ എണ്ണം, കാലാവസ്ഥ, പ്രവർത്തന നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ടിക്കറ്റുകളുടെ ലഭ്യത. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഹെലികോപ്റ്റർ സേവനം ലഭ്യമാണ്. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്; അഞ്ച് സീറ്റുള്ള ബി-3 ഹെലികോപ്റ്ററും വലിയ ഒരു എംഐ-172 ഹെലികോപ്റ്ററും.

താൽപ്പര്യമുള്ള ആളുകൾക്ക് heliservice.ladakh.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഹെലികോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യാം. ലഡാക്കിലെ താമസക്കാർ ഒഴികെയുള്ള യാത്രക്കാർക്കായി ഒരു പ്രത്യേക ബുക്കിങ് സംവിധാനം വെബ്സൈറ്റിൽ ലഭ്യമാണ്. ബുക്ക് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ചുവടെ പറയും പ്രകാരമാണ്.
∙heliservice.ladakh.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
∙തീയതി, യാത്രക്കാരുടെ എണ്ണം,സ്ഥലം എന്നിവ തിരഞ്ഞെടുത്ത് ലഭ്യത പരിശോധിക്കുക.
∙ continue booking ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
∙ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക.
∙ഹെലികോപ്റ്റർ സേവനത്തിനുള്ള പെയ്മെന്റ് ചെയ്യുക.
∙രസീത് പ്രിന്റ് ചെയ്തെടുക്കുക.
ഹെലികോപ്റ്റര്‍ സവാരി ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി ഉദ്യോഗസ്ഥർ ചില മാർഗനിർദേശങ്ങളുമുണ്ട്. സന്ദർശകർ ലേയിൽ ഇറങ്ങുന്ന/എത്തിച്ചേരുന്ന സമയം മുതൽ 48 മണിക്കൂറിന് ശേഷമല്ലാതെ ഖാർഡോംഗ്ല, ചംഗ്ല, പാങ്കോങ് തടാകം, സോമോറിരി, പെൻസേല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഔദ്യോഗിക വെബ്സൈറ്റിൽ നല്‍കിയിട്ടുള്ള അറിയിപ്പില്‍ പറയുന്നു.

സവാരി നടത്തുന്ന എല്ലാ യാത്രക്കാർക്കും സാധുവായ ഫോട്ടോ ഐഡി പ്രൂഫ് ഉണ്ടായിരിക്കണം. യാത്ര റദ്ദാക്കുന്ന യാത്രക്കാർക്ക് താമസവും ഭക്ഷണവും നൽകില്ല. ഹെലികോപ്റ്ററിന്റെ ലഭ്യതയ്ക്കും നിലവിലുള്ള കാലാവസ്ഥയ്ക്കും വിധേയമായി ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കുകയാണെങ്കില്‍ തീയതി മാറ്റിനല്‍കുകയോ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുകയോ ചെയ്യുന്നതായിരിക്കും.

ലഡാക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണ് ജൂലൈ മാസം. ഈ മാസത്തിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇവിടേക്ക് ഉണ്ടാകാറുള്ളത്. പ്രകൃതി സ്നേഹികളും സാഹസികരും ഹണിമൂൺ ആഘോഷിക്കുന്ന ആളുകളുമെല്ലാം ഈ സമയത്ത് ലഡാക്കിലേക്ക് എത്തുന്നു. വര്‍ഷം മുഴുവനുമെന്ന പോലെ മഞ്ഞില്‍ മൂടിക്കിടക്കുന്ന ലഡാക്കില്‍ ഈ സമയത്ത് താരതമ്യേനെ ഊഷ്മളമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
English Summary: Helicopter services in Ladakh open for tourists