ADVERTISEMENT

ഇന്ത്യയെ കാണാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥലമാണ് വാരാണസി അഥവാ കാശി. ബിസി ആറാം നൂറ്റാണ്ട് മുതല്‍ മനുഷ്യവാസമുള്ള വാരാണസി ലോകത്തെ തന്നെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വടക്ക് കശ്മീരിലെ അമര്‍നാഥ് ഗുഹ മുതല്‍ തെക്ക് കന്യാകുമാരി വരെയും കിഴക്ക് പുരി മുതല്‍ പടിഞ്ഞാറ് ദ്വാരക വരെയും നീളുന്ന ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളുടെ ഏതാണ്ട് മധ്യഭാഗത്താണ് വാരാണസിയുള്ളത്. 

varanasi-1

ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ സ്ഥലമായി വാഴ്ത്തപ്പെടുന്ന വാരാണസി ക്ഷേത്രങ്ങളുടെ നാടു കൂടിയാണ്. ഗംഗാ തീരത്തുള്ള വാരാണസിയില്‍ വച്ചു മരണപ്പെട്ടാല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നും ഹിന്ദുവിശ്വാസികള്‍ കരുതുന്നു. ഹിന്ദുക്കളെപ്പോലെ ബുദ്ധ മതക്കാരുടേയും ജൈനരുടെയും പുണ്യ സ്ഥലം കൂടിയാണ് വാരാണസി. 

Varanasi-Travel4

ഗംഗയിലേക്ക് ഇറങ്ങിപ്പോകാനുള്ള കല്‍പടവുകള്‍ വാരാണസിയില്‍ ഒരുപാടു സ്ഥലത്തുണ്ട്. ഘട്ട് എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. എന്നും സന്ധ്യാ സമയത്ത് ഗംഗയുടെ തീരത്ത് നടക്കുന്ന ഗംഗാ ആരതി കാണാന്‍ പതിനായിരങ്ങളാണ് എത്താറ്. ദശാശ്വമേധ് ഘട്ടില്‍ നടക്കുന്ന ഗംഗാ ആരതി വളരെ പ്രസിദ്ധമാണ്. 

Varanasi-travel3

പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ വാരാണസിയിലെ ഇടവഴികളായ ഗല്ലികളും പ്രസിദ്ധമാണ്. ഭൂതകാലത്തിലൂടെ എന്നു തോന്നിപ്പിക്കുന്ന ഇത്തരം നടത്തങ്ങളെല്ലാം അവസാനിക്കുക ഗംഗയുടെ ഏതെങ്കിലും ഭാഗത്തായിരിക്കും. പരമ്പരാഗതമായി ഗുസ്തി പരിശീലിപ്പിക്കുന്ന അഖാഡകളും വാരാണസിയില്‍ നിരവധിയാണ്. 

താമസം

നഗരത്തിന്റെ അതിര്‍ത്തികളിലാണ് വാരാണസിയിലെ വലിയ ഹോട്ടലുകളുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പ്രദേശത്തിന്റെ ജീവിതം നേരിട്ടറിയണമെങ്കില്‍ ഘട്ടുകള്‍ക്കും ഓള്‍ഡ് സിറ്റിക്കും സമീപത്ത് എവിടെയെങ്കിലും മുറിയെടുക്കുന്നതാവും ഉചിതം. മുകള്‍ നിലയില്‍ മുറിയെടുക്കാനും ശ്രദ്ധിക്കണം. ഇത് കൂടുതല്‍ വിശാലമായ കാഴ്ചയ്ക്കും സൂര്യപ്രകാശം ലഭിക്കാനും സഹായിക്കും. 

Varanasi-travel7

യുപിയിലെ ഒരു സാധാരണ കുടുംബത്തിനൊപ്പം കഴിയാന്‍ താല്‍പര്യമുണ്ടോ? അതിനും ഇവിടെ വഴിയുണ്ട്. യുപി ടൂറിസത്തിന്റെ സ്റ്റേഷന്‍ ഓഫിസുമായി ബന്ധപ്പെട്ടാല്‍ മതി. ഇവര്‍ നാട്ടുകാരുടെ ഗെസ്റ്റ് ഹൗസുകളെക്കുറിച്ചുള്ള വിവരം തരും. 

ഭക്ഷണം

വാരാണസിയിലെ ഓള്‍ഡ് സിറ്റിയില്‍ കൂടുതലും സസ്യാഹാരമാണ് ലഭിക്കുക. ഇവിടെ പൊതുവേ മദ്യ നിരോധന മേഖലയുമാണ്. എന്നാല്‍ കന്റോണ്‍മെന്റിലെ ഹോട്ടലുകളില്‍ ബാറുകളുമുണ്ട്. 

Varanasi-Travel6

വാരാണസിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മലിനമായ വെള്ളമാണ് വില്ലന്‍. അതുകൊണ്ടുതന്നെ തിളപ്പിച്ചാറിയ വെള്ളമോ കുപ്പിവെള്ളമോ മാത്രം ഉപയോഗിക്കുക. പുലര്‍ച്ചെ ഗംഗയില്‍ ഒരു ബോട്ട് യാത്ര നടത്തിയ ശേഷം വന്ന് പ്രാദേശിക ഭക്ഷണമായ കച്ചോരി രുചിക്കാം. നദിയിലെ വെള്ളത്തില്‍ പാത്രം കഴുകുന്ന ശീലമുള്ള ചായക്കടകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. 

ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്നാണ് ബനാറസ് പാന്‍. പാനും അതുപോലുള്ള ഉത്പന്നങ്ങളും മാത്രം വില്‍ക്കുന്ന കടകളുള്ള ഒരു തെരുവു തന്നെ ഇവിടെയുണ്ട്. സഞ്ചാരികളില്‍ പലരും ബനാറസ് പാനിന്റെ ആരാധകരായാണ് ഇവിടെനിന്നു മടങ്ങാറ്.

ഷോപ്പിങ്

വാരാണസിയുടെ മറ്റൊരു പേരാണ് ബനാറസ്. ബനാറസ് പട്ട് എന്ന് കേട്ടിട്ടില്ലേ. ബനാറസ് പട്ടില്‍ മനോഹരമായ സാരികള്‍ നെയ്‌തെടുക്കുന്ന നിരവധി നെയ്ത്തുശാലകളുണ്ടിവിടെ. ഗൈഡുമാരെയും റിക്ഷാക്കാരെയും കൊണ്ട് ഒരിക്കലും സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങരുത്. ഇവര്‍ക്ക് കമ്മിഷന്‍ ലഭിക്കുന്ന സ്ഥലത്തേക്കു മാത്രമായിരിക്കും അവര്‍ നിങ്ങളെ കൊണ്ടുപോവുക. തത്തേരി ബസാര്‍, ജിനാനാ വാപി, വിശ്വനാഥ ഗലി, ടെംപിള്‍ ബസാര്‍ എന്നിവയെല്ലാം വാരാണസിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാവുന്ന സ്ഥലങ്ങളാണ്. 

ഘട്ടുകളും ബോട്ടു യാത്രയും

ഗംഗയിലേക്ക് ഇറങ്ങിപ്പോകുന്ന പടികളാണ് വാരാണസിയുടെ മുഖമുദ്രകളിലൊന്ന്. പതിനെട്ട് -പത്തൊമ്പത് നൂറ്റാണ്ടുകളിലാണ് ഈ പടിക്കെട്ടുകള്‍ നിര്‍മിച്ചത്. പലതും കാലപ്പഴക്കംകൊണ്ട് നശിച്ചിട്ടുണ്ടെങ്കിലും കാലത്തെ അതിജീവിച്ചവയും ഇവിടുണ്ട്. ഓരോ സമയത്തും ഓരോ ഭാവമാണ് ഈ പടിക്കെട്ടുകള്‍ക്കും ഗംഗാ നദിക്കും. കാലാവസ്ഥയ്ക്കും രാപകല്‍ വ്യത്യാസത്തിനും അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളാണ് ഘട്ടുകള്‍ നല്‍കുക. 

വാരാണസിയിലെത്തുന്നവര്‍ക്ക് ഗംഗയിലൂടെയുള്ള ബോട്ടു യാത്ര തികച്ചും വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുക. ദശാശ്വമേധ് ഘട്ട് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍നിന്നു ബോട്ട് പിടിക്കാന്‍ ശ്രമിക്കരുത്. ഇടനിലക്കാരുടെ കമ്മിഷനും യാത്രക്കൂലിയും കൂടിയാവുമ്പോള്‍ വലിയ തുക നിങ്ങള്‍ക്ക് നഷ്ടമായേക്കാം. 

തിരക്കു കുറഞ്ഞ ഇടങ്ങള്‍ അല്‍പം മുകളിലേക്കോ താഴേക്കോ മാറി കണ്ടെത്തുക. മിര്‍ ഘട്ട് പോലുള്ള സ്ഥലങ്ങളില്‍ ഇടനിലക്കാരുടെ ആക്രമണം കുറയും. ചില ഹോട്ടലുകള്‍ താമസക്കാര്‍ക്ക് ബോട്ട് യാത്രയ്ക്കുള്ള സൗകര്യം കൂടി ഒരുക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി താമസസ്ഥലം തെരഞ്ഞെടുക്കും മുമ്പ് ചോദിച്ചറിയുന്നത് ഗുണം ചെയ്യും.

English Summary: Varanasi Travel Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com