ADVERTISEMENT

ഹംപിയില്‍ കാണാന്‍ എന്തൊക്കെയുണ്ട്? പതിനാലാം നൂറ്റാണ്ടിലെ ശില്‍പകല, അപൂര്‍വ നിര്‍മിതികള്‍, വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകള്‍... എന്നിങ്ങനെ പല ഉത്തരങ്ങളും വരുമെങ്കിലും 'കുട്ടവഞ്ചി യാത്ര' എന്നു അധികം പേരില്‍ നിന്ന് ലഭിക്കണമെന്നില്ല. നൂറ്റാണ്ടുകളായി ഘടികാരങ്ങള്‍ നിലച്ചു പോയ ഹംപിയോട് ചേര്‍ന്ന് വേറെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അവിടെ കുട്ട വഞ്ചിയാത്ര അടക്കമുള്ള സാഹസിക വിനോദങ്ങളുമുണ്ട്.

hampi

ഒറ്റനോട്ടത്തില്‍ കുട്ട മലര്‍ത്തിയിട്ടതു പോലെയുള്ള കുട്ടവഞ്ചി മനുഷ്യര്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ ആദ്യം ഉപയോഗിച്ച വള്ളങ്ങളിലൊന്നാണ് കുട്ടവഞ്ചികള്‍. ജൂലിയസ് സീസറിന്റെ സൈന്യത്തില്‍ കുട്ടവഞ്ചി വിഭാഗവുമുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. ഇന്ത്യക്ക് പുറമേ വിയറ്റ്‌നാം, ഇറാഖ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലണ്ട് തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും കുട്ടവഞ്ചികള്‍ യാത്രാമാര്‍ഗങ്ങളായിരുന്നു.

കാണുന്നവര്‍ക്കും കയറുന്നവര്‍ക്കും ആദ്യമേ സുരക്ഷിതമാണോ എന്ന ആശങ്ക ഉയര്‍ത്തും കുട്ടവഞ്ചിയാത്രകള്‍. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ സാധാരണ വലുപ്പമുള്ള കുട്ടവഞ്ചികളില്‍ അഞ്ച് - ആറ് പേര്‍ സുഖമായി കയറും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഹംപിയിലെ കുട്ടവഞ്ചി യാത്രക്ക് പറ്റിയ കേന്ദ്രങ്ങള്‍ പലതുണ്ട്.

തുംഗഭദ്ര നദി- ഹംപിയിലെ ഏറ്റവും പ്രസിദ്ധമായ വിരുപാക്ഷ ക്ഷേത്രത്തിനോട് ചേര്‍ന്നു തന്നെയാണ് തുംഗഭദ്ര നദിയുള്ളത്. ക്ഷേത്രത്തിന്റെ ചരിത്രവും കഥകളും അറിഞ്ഞു കഴിഞ്ഞാല്‍ തുംഗഭദ്ര നദിയിലൂടെ ഒരു കുട്ടവഞ്ചി യാത്രയുമാവാം.

hogenakkal-03-gif

സാനാപുര്‍ തടാകം - മറ്റൊരു പ്രധാന കുട്ടവഞ്ചി യാത്ര കേന്ദ്രമാണ് സാനാപുര്‍ തടാകം. പാറക്കല്ലുകള്‍ നിറഞ്ഞ തടാകമാണിത്. വലിയ പാറകള്‍ക്കിടയിലൂടെ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാം. 

സാനാപുര്‍ വെള്ളച്ചാട്ടം - സാനാപുര്‍ തടാകത്തിനോട് ചേര്‍ന്നാണ് സനാപുര്‍ വെള്ളച്ചാട്ടവും. കുട്ടവഞ്ചി യാത്രക്ക് പുറമേ വെള്ളത്തിലേക്കുള്ള ചാട്ടവും യാത്രികര്‍ക്ക് അപൂര്‍വ അനുഭവം സമ്മാനിക്കും. 

കുട്ടവഞ്ചി യാത്ര കൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങള്‍ വേറെയുമുണ്ട് കര്‍ണാടകയില്‍. ഹൊഗനക്കല്‍ വെള്ളച്ചാട്ടം, ഹൊന്നെമാരഡു, കബനി നദി എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

English Summary: Coracle Ride in Hampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com