ADVERTISEMENT

ഡാർജിലിങ്ങിന് 30 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് കുർസിയോങ്ങ്. ‘വെളുത്ത ഓര്‍ക്കിഡ് പുഷ്പങ്ങളുടെ നാട്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയുള്ള ഈ മലമ്പ്രദേശം വളരെയധികം ശാന്തവും ഹരിതഭംഗി തുളുമ്പുന്നതുമാണ്. അത്രത്തോളം പ്രശസ്തമല്ലാത്തതു കൊണ്ടുതന്നെ അധികം തിരക്കില്ലാത്ത ഇടമെന്ന പ്രത്യേകതയുമുണ്ട്. ബഹളങ്ങള്‍ ഇല്ലാത്ത ഒരിടത്തു പോയി വീക്കെന്‍ഡ് ചെലവഴിക്കാം എന്നു കരുതുന്നവര്‍ക്കൊക്കെ ഇവിടേക്ക് ധൈര്യമായി പോരാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കാലങ്ങളായി നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന കഥകളും കുർസിയോങ്ങിനെ ചുറ്റിപ്പറ്റിയുണ്ട്. ഇവിടെ ഇത്തരത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥലമാണ് ഡൗ ഹില്‍. ഈ ഹിൽ സ്റ്റേഷനില്‍ പ്രേതബാധയുള്ളതായി പലരും പറയുന്നു. ഇവിടം സന്ദര്‍ശിച്ചിട്ടുള്ള നിരവധിപ്പേര്‍ അസാധാരണ സംഭവങ്ങൾക്ക് സാക്ഷികളായിട്ടുണ്ടത്രേ. 

dow-hill-of-kurseong3
Kakoli Dey/shutterstock

ഡൗ ഹില്‍ കൂടാതെ വേറെയും നിരവധി കാഴ്ചകള്‍ കുർസിയോങ്ങിലുണ്ട്. എവിടെ നോക്കിയാലും മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു പ്രദേശമാണിവിടം. ഡാർജിലിങ് ടോയ് ട്രെയിനിന്‍റെ ട്രാക്കുകൾ ഇതിലൂടെ കടന്നുപോകുന്നു. കൂടാതെ, അംബൂട്ടിയ ശിവക്ഷേത്രം, ജഗദീഷ് മന്ദിർ, മോണ്ടെവിയോട്ടിലെ ബുദ്ധ ഗോമ്പ, അപ്പർ നയാ ബസ്റ്റിയിലെ കുൻസങ് ചോയിലിംഗ് മൊണാസ്ട്രി, ഹാറ്റ് ബസാറിലെ ജുമാ മസ്ജിദ്, നേതാജി സുഭാഷ് ചന്ദ്രബോസ് മ്യൂസിയം തുടങ്ങിയ മറ്റു നിരവധി കാഴ്ചകളും ഇവിടെയുണ്ട്.

dow-hill-of-kurseong1
DB786/shutterstock

ഡൗ ഹില്ലിനും കുർസിയോങ്ങിലെ ഫോറസ്റ്റ് ഓഫീസിനും ഇടയിൽ ഒരു ചെറിയ റോഡുണ്ട്, നാട്ടുകാർ ഈ റോഡിനെ 'മരണപാത' എന്നാണ്  വിളിക്കുന്നത്. രാത്രികാലങ്ങളില്‍ തലയില്ലാത്ത ഒരു ആണ്‍കുട്ടിയുടെ രൂപം ഈ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും പിന്നീട് കാട്ടിലേക്ക് മറഞ്ഞു അപ്രത്യക്ഷമാകുന്നതായും ആളുകള്‍ കണ്ടിട്ടുണ്ടത്രേ. ഇതു പേടിച്ച് പലരും പകല്‍ പോലും ഈ വഴി നടക്കാന്‍ മടിക്കുന്നു. കാട്ടിലേക്ക് പോയവരാകട്ടെ, എപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നതായി തോന്നുന്നതു പോലെയുള്ള ഒരു അനുഭവവും പങ്കുവച്ചിട്ടുണ്ട്. 

ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണ് ജ്വലിക്കുന്നത് കണ്ടെന്നു പറയുന്ന ആളുകളും ഉണ്ട്. ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ പ്രേതത്തെയും ഇവിടെ കണ്ടിട്ടുണ്ടത്രേ. 

dow-hill-of-kurseong
Saurav022/shutterstock

ഡൗ ഹില്ലിലെ ഈ കാട്ടുപ്രദേശത്താണ് 100 വർഷം പഴക്കമുള്ള വിക്ടോറിയ ബോയ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശീതകാല അവധിക്കാലത്ത് സ്‌കൂൾ അടഞ്ഞുകിടക്കുമ്പോൾ അതിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള പിറുപിറുക്കലും കാൽപെരുമാറ്റവും കേട്ടതായി നാട്ടുകാർ പറയുന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത് നിരവധി അസ്വാഭാവിക മരണങ്ങള്‍ നടന്നിട്ടുണ്ട് എന്നതാണ് നാട്ടുകാര്‍ ഇത്തരം കഥകള്‍ക്ക് നല്‍കുന്ന വിശദീകരണം.

English Summary: Indias Most Haunted Hill Station Dow Hill of Kurseong 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com