ADVERTISEMENT

വർണിച്ചു തീരാത്തത്ര ഭംഗിയുള്ള ഇടമാണ് ഹിമാചൽ പ്രദേശ്. മഞ്ഞു മൂടിയ മലനിരകളും, നീല നിറത്തിലൊഴുകുന്ന പുഴകളും, താഴ്വാരങ്ങളും ചേർന്ന് കണ്ണിനും മനസ്സിനും സുഖമേകുന്ന സൗന്ദര്യം. നഗരത്തിലെ തിരക്കു പിടിച്ച, പുകയും,ചൂടും നിറഞ്ഞ ദിവസങ്ങള്‍ മടുപ്പിക്കുമ്പോൾ ഒരു രക്ഷപ്പെടലെന്നോളം ചെന്നെത്താവുന്ന കൊച്ചു സ്വർഗമാണ് ഇന്ത്യയുടെ സ്വിറ്റ്സർലൻഡായ ഖജ്ജിയാർ. 

ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലെ പടിഞ്ഞാറൻ ഹിമാലയത്തിലെ ധൗലദർ നിരകളുടെ താഴ്‍‍‍‍വാരത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖജ്ജിയാർ. പൈൻ, ദേവതാരു മരങ്ങളും പുൽമേടുകളും കൊണ്ട് ഹരിതാഭയിൽ സമ്പന്നമായ ഖജ്ജിയാർ സഞ്ചാരികളുടെ പറുദീസയാണ്.പ്രധാന പട്ടണവും ഹിൽസ്റ്റേഷനുമായ ഡൽഹൗസിയിൽ നിന്നും ഒരു മണിക്കൂർ കാർ യാത്ര ചെയ്താൽ ഖജ്ജിയാറിലെത്താം. ശാന്തമായ തടാകങ്ങളും, പുൽമേടുകളും, പൈൻ കാടുകളുമൊക്കെയായി വശ്യമായ ഭംഗിയിൽ ഖജ്ജിയാർ നിങ്ങളെ കാത്തിരിക്കും.

khajjiar2
Jyoti Kala/shutterstock

വേനലിലെ ഖജ്ജിയാർ കാണേണ്ടതു തന്നെയാണ്. കാഴ്ചകള്‍ കണ്ടു വെറുതെയിരുന്നാൽ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ? പാരാഗ്ലൈഡിങ്, ട്രക്കിങ്, വൈൽഡ് ലൈഫ് സ്പോട്ടിങ് സൗകര്യങ്ങളും ഇവിടെയുണ്ട്.

ഖജ്ജിയാറിൽ എന്തൊക്കെ കാണാം

1.ഖജ്ജിയാർ തടാകം

പച്ചപ്പരവതാനിക്കും ഒഴുകുന്ന ദ്വീപിനും നടുവിലെ ചെറിയ തടാകമാണ് ഇത്. തടാകത്തിനു ചുറ്റുമുള്ള കട്ടിയുള്ള പുൽത്തകിടിയിൽ പേടിയില്ലാതെ മുതിർന്നവർക്കും കുട്ടികൾക്കും ഓടിക്കളിക്കാം. സുന്ദരവും സുരക്ഷിതവുമായ പ്രദേശമാണിത്.

2. ദെയ്ൻകുൻ‌ട് നിര

സഞ്ചാരികളെ ഖജ്ജിയാറിൽ ആകർഷിക്കുന്ന മറ്റൊരു സ്ഥലമാണ് ഡൽഹൗസിയിലെ 2755 മീറ്റർ ഉയരമുള്ള ഈ പർവതനിര. ഇതിനു മുകളിൽ നിന്നു നോക്കിയാൽ താഴ്‍‍‍വര മുഴുവനായി കാണാൻ സാധിക്കും. മരങ്ങൾക്കിടയിലൂടെ തട്ടിത്തടഞ്ഞു പോകുന്ന കാറ്റ് മധുരമായ ഒരു പാട്ടു പോലെയാണ് അനുഭവപ്പെടുക, അതുകൊണ്ടു തന്നെയാണ് പാടുന്ന കുന്ന് എന്ന അർത്ഥത്തിലുള്ള പേര് ഈ സ്ഥലത്തിനു ലഭിച്ചതും. ശുദ്ധമായ വായുവും മനംമയക്കുന്ന കാഴ്ചകളുമൊക്കെയായി അതിഥികളെ അതിശയിപ്പിക്കുന്ന ഭംഗിയാണ് ദെയ്ൻകുൻ‌ട് നിര സമ്മാനിക്കുന്നത്.

3. കാലാടോപ് ഖജ്ജിയാർ സാങ്ച്വറി

ഖജ്ജിയാറിലും കാലാടോപിലുമായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് ഇത്. ഇടതൂർന്ന ദേവതാരു,ഫിർ വനങ്ങളും ഓക്ക് മരങ്ങളും കൊണ്ടു ചുറ്റപ്പെട്ട പ്രദേശം. ഭാഗ്യമുണ്ടെങ്കിൽ പ്രത്യേകയിനം പക്ഷികളെയും സെറൊ, കരടി എന്നിവയെയും നിങ്ങൾക്കു കാണാനാകും.

khajjiar1
Shankhanil Ghosh/shutterstock

4. സാഹസികത ഇഷ്‌ടപ്പെടുന്നവരാണോ? 

ഹിമാചലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഖജ്ജിയാറിൽ ട്രെക്കിങ്, പാരാഗ്ലൈഡിങ്, കുതിരസവാരി എന്നിവ മുഖ്യ ആകർഷണങ്ങളാണ്. നിങ്ങളെ ആവേശഭരിതരാക്കുന്ന അനുഭവങ്ങൾ സമ്മാനിക്കാൻ ഖജ്ജിയാറിനു കഴിയും.

സ്വിറ്റ്‌സർലൻഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ലോകത്തെ 160 സ്ഥലങ്ങളിലൊന്നാണ് ഖജ്ജിയാർ. ഹിമാചൽപ്രദേശ് ടൂറിസം വിനോദസഞ്ചാരികൾക്ക് താമസിക്കാനായി ഹോട്ടലുകളും കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. സമയം കിട്ടുമ്പോൾ വെറുതെയിരിക്കണ്ട. ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. ഖജ്ജിയാറിലേക്കു തന്നെയാകട്ടെ അടുത്ത യാത്ര.

English Summary: Visit Mini Switzerland of India Khajjiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com