ഒരിക്കലെങ്കിലും പോകണം; ഇന്ത്യയിലെ ഏറ്റവും മനോഹരമായ റോഡ്‌ ട്രിപ്പുകള്‍

road-trip1
AFZAL KHAN MAHEEN/shutterstock
SHARE

ഏതൊരു കാലാവസ്ഥയിലും റോഡ്‌ യാത്ര ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ ഇടങ്ങള്‍ ഇന്ത്യയിലുണ്ട്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമായതിനാല്‍ ഓരോ സംസ്ഥാനവും ഓരോ രാജ്യം പോലെ വ്യത്യസ്തമാണ്. പര്‍വതങ്ങളും വനങ്ങളും കടലും പുഴകളുമെല്ലാം താണ്ടി, പലതരം ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ടതു തന്നെയാണ്. ഇന്ത്യയില്‍ റോഡ്‌ ട്രിപ്പ് ചെയ്യാന്‍ ഏറ്റവും മികച്ച ചില റൂട്ടുകള്‍ പരിചയപ്പെടാം. 

ഡാർജിലിങ്- പെല്ലിങ്

സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 115 കിലോമീറ്റർ അകലെയായി, കാഞ്ചൻജംഗയുടെ താഴ്‌വരയില്‍, സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിലാണ് പെല്ലിംഗ് സ്ഥിതി ചെയ്യുന്നത്. 

road-trip4
saiko3p/shutterstock

ഡാർജിലിങ്ങും പെല്ലിങ്ങും തമ്മിലുള്ള ദൂരം ഏകദേശം 72 കിലോമീറ്ററാണ്, റോഡ്‌ വഴിയാണെങ്കില്‍ ഏകദേശം നാല് മണിക്കൂര്‍ നീളുന്ന യാത്രയാണിത്. സമൃദ്ധമായ തേയിലത്തോട്ടങ്ങളും ഗാംഭീര്യമുള്ള പർവതങ്ങളുമെല്ലാം കണ്ട്, മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം. പോകുംവഴി ഏതെങ്കിലും തേയിലത്തോട്ടത്തിൽ നിർത്തി ഒരു കപ്പ് ചായ കുടിച്ച് യാത്ര തുടരാം.

സുവർണ ത്രികോണം(ഡൽഹി-ആഗ്ര-ജയ്പൂർ)

വടക്കേ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഡൽഹി, ആഗ്ര (താജ് മഹൽ), ജയ്‌പൂർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ് സുവർണ്ണ ത്രികോണം അഥവാ ഗോൾഡൻ ട്രയാംഗിൾ. ഈ റൂട്ട് പ്രകൃതിരമണീയമാണ്, കൂടാതെ വഴിനീളെ നിരവധി ധാബകളും റെസ്റ്റോറന്റുകളും കാണാം. റോഡ് മാർഗം ഏകദേശം 720 കിലോമീറ്റർ ദൂരമുണ്ട്.

road-trip3
Ultimate Travel Photos/shutterstock

ഡല്‍ഹിയില്‍ നിന്നുമാണ് സാധാരണയായി യാത്ര ആരംഭിക്കുന്നത്. ചരിത്രപ്രസിദ്ധമായ താജ്മഹല്‍ കണ്ടശേഷം രാജസ്ഥാനിലെ മരുഭൂ പ്രദേശങ്ങളിലേക്ക് നീങ്ങുന്നു. ഒറ്റയടിക്കോ അല്ലെങ്കില്‍ ഘട്ടംഘട്ടമായോ യാത്ര പൂര്‍ത്തിയാക്കാം. ഈ റൂട്ടില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന നിരവധി ടൂറിസ്റ്റ് കമ്പനികളും ഉണ്ട്. 

മണാലി- ലഡാക്ക്

ബൈക്ക് യാത്രക്കാർക്കും സാഹസികര്‍ക്കുമിടയില്‍ ഇത്രയേറെ പോപ്പുലര്‍ ആയ ഒരു യാത്ര ഇന്ത്യയില്‍ വേറെയുണ്ടാവില്ല. മനോഹരമായ ഹിമാലയൻ ഭൂപ്രകൃതിയിലൂടെയുള്ള യാത്രയുടെ അനുഭവം വാക്കുകളാൽ വിവരിക്കാനാവില്ല. 

road-trip2
Soloviova Liudmyla/shutterstock

474 കിലോമീറ്റർ നീളമുള്ള ഹൈവേ മണാലിയിൽ നിന്ന് ആരംഭിക്കുന്നു. കഠിനമായ മഞ്ഞുവീഴ്ച കണക്കിലെടുത്ത്, ഈ റൂട്ട് എല്ലാ വർഷവും സാധാരണയായി ജൂൺ 1 മുതൽ തുറന്ന് സെപ്റ്റംബർ 15 ന് ഔദ്യോഗികമായി അടയ്ക്കും. 

ബെംഗളൂരു മുതൽ ഊട്ടി വരെ

road-trip
Sagar Keluskar/shutterstock

ഈ റോഡ് യാത്ര ഓരോ ഫോട്ടോഗ്രാഫറുടെയും പ്രകൃതി സ്നേഹികളുടെയും സ്വപ്ന യാത്രയാണ്. ബന്ദിപ്പൂരിലെ ജൈവസമൃദ്ധമായ വനങ്ങളിലൂടെയും പുരാതന നഗരമായ മൈസൂരുവിലൂടെയും ഈ യാത്രയില്‍ കടന്നുപോകുന്നു.

കൊൽക്കത്ത – പുരി

പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഹൈവേകൾ പൊതുവേ സുഗമവും റോഡ് യാത്രകള്‍ക്ക് സുരക്ഷിതവുമാണ്. കൊൽക്കത്തയിൽ നിന്ന് പുരിയിലേക്ക് ഏകദേശം 500 കിലോമീറ്റർ ആണ് ദൂരം. ഇതിനായി ഏകദേശം പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ സമയമെടുക്കും. മനോഹരമായ ഗ്രാമങ്ങളും റോഡുകളിൽ പച്ചപ്പ് നിറഞ്ഞ വഴിയോരങ്ങളും യാത്ര കൂടുതല്‍ ഉല്ലാസകരമാക്കുന്നു. 

ചില്‍ക്ക തടാകം, ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, പുരി ബീച്ച്, പിപ്ലിയിലെ കരകൗശല വസ്തുക്കൾ മുതലായ കാഴ്ചകളെല്ലാം ഈ യാത്രയില്‍ കാണാം. ജൂലൈ മുതൽ മാർച്ച്‌ വരെയും ഡിസംബർ മതൽ ഫെബ്രുവരി വരെയുമാണ് സാധാരണയായി ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.

വിശാഖപട്ടണം- അരക്കു താഴ്‍‍‍വര

അതിമനോഹരമായ കടൽത്തീരങ്ങളും പച്ചയുടെ വകഭേദങ്ങളില്‍ തിളങ്ങുന്ന മനോഹരമായ കുന്നുകളും കുതിച്ചുയരുന്ന വെള്ളച്ചാട്ടങ്ങളും പർവതങ്ങളുമെല്ലാം വിശാഖപട്ടണം സഞ്ചാരികള്‍ക്കായി കാത്തുവെച്ച കാഴ്ചകളില്‍ ചിലതാണ്.

Araku-Valley

വിശാഖപട്ടണത്ത് നിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അരക്കു വാലി ഏറെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. 14 വർഷത്തെ വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദർശിച്ചതായി പറയപ്പെടുന്ന ഇടമാണിത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഇവിടേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.

English Summary: Unforgettable driving holidays in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}