ഹിമാചലിന്‍റെ മിനി തായ്‌ലൻഡ്; അധികമാരും കാണാത്ത അപൂര്‍വ കാഴ്ച

mini-thailand-Jibhi3
Sondipon/shutterstock
SHARE

ഹിമാചൽ പ്രദേശിലെ കുളു ജില്ലയില്‍, ജലോരി ചുരം മുതൽ ജൻജെലിയിലെ ശിക്കാരി ദേവി വരെ നീളുന്ന സെറാജ് മേഖലയുടെ ഭാഗമാണ് ബഞ്ചാർ. വളരെ പ്രശസ്തമായ രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ബഞ്ചാര്‍ മേഖലയിലാണ് ഉള്ളത്, തീർത്ഥൻ താഴ്‌വരയും ജിഭിയും. തീർത്ഥൻ നദിയും, ജിഭിയിലൂടെ ഒഴുകുന്ന പോഷകനദിയായ പുഷ്പഭദ്രയും ചേര്‍ന്നാണ് ബഞ്ചാറിലെ ജീവിതം പച്ചപിടിപ്പിക്കുന്നത്. ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണം കൂടിക്കൂടി വരുന്ന ജിഭിയുടെ വിശേഷങ്ങളിലൂടെ...

ഹിമാചലിന്‍റെ കുഗ്രാമം

ജൈവസമൃദ്ധമായ ഹരിത വനങ്ങളും ഹിമവാന്‍റെ ഭാഗമായ പർവതങ്ങളും ചുറ്റും അതിരിടുന്ന ജിഭിയെ ഹിമാചൽ പ്രദേശിലെ ‘കുഗ്രാമം’ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇടതൂർന്ന പൈൻ മരക്കാടുകളും ശാന്തമായ ശുദ്ധജല തടാകങ്ങളും പുരാതന ക്ഷേത്രങ്ങളുമെല്ലാം ചേരുന്ന ഇവിടം സഞ്ചാരികളെ ഏതോ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വിക്ടോറിയൻ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരം കോട്ടേജുകളും സഞ്ചാരികള്‍ക്ക് താമസത്തിനായി ലഭ്യമാണ്. 

ജലോരി ചുരത്തിലെ ട്രെക്കിങ്

രൺബീർ കപൂറും ദീപിക പദുകോണും അഭിനയിച്ച "യേ ജവാനി ഹേ ദീവാനി" എന്ന ബോളിവുഡ് ചിത്രത്തില്‍ കാണിക്കുന്ന മനോഹരമായ മഞ്ഞുമൂടിയ കൊടുമുടി ഓര്‍ക്കുന്നില്ലേ? കുളു, ഷിംല ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലോരി പർവതനിരയാണ് അത്.  ൽ നിന്ന് 10,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജലോരി ചുരം കാണേണ്ട കാഴ്ച തന്നെയാണ്. 5 കിലോമീറ്റർ അകലെയുള്ള ഷോജയില്‍ നിന്നാണ് ജലോരി പാസ് ട്രെക്ക് ആരംഭിക്കുന്നത്. വിശാലമായ കോണിഫറസ് വനങ്ങൾക്കിടയിലുള്ള ഈ യാത്ര അത്ര ബുദ്ധിമുട്ടേറിയ ഒന്നല്ല. അടുത്തുള്ള സെറോൾസർ തടാകവും 'ബുദ്ധി നാഗിൻ' ക്ഷേത്രവുമെല്ലാം ഈ യാത്രയില്‍ കാണാം. മാർച്ച് രണ്ടാം വാരത്തിൽ തുറക്കുന്ന ചുരം മഞ്ഞുവീഴ്ച കാരണം ഡിസംബറിൽ അടച്ചിടും.

ജിഭി വെള്ളച്ചാട്ടവും പാലങ്ങളും

മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സുന്ദരിയായ ഒരു വനകന്യകയെപ്പോലെയാണ് ജിഭിയിലെ വെള്ളച്ചാട്ടം. നിബിഡ വനത്തിനുള്ളിൽ എത്തുന്നതുവരെ ഈ വെള്ളച്ചാട്ടം കാണാനാവില്ല. വെള്ളച്ചാട്ടത്തിന് സമീപം ചെറിയ തടി പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്, വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്.

mini-thailand-Jibhi
Ujjayan Purkayastha/shutterstock

ആധികാരിക അനുഭവം നല്‍കും ഹോംസ്റ്റേകള്‍

ആധികാരിക ഹിമാലയൻ ഹോംസ്റ്റേ അനുഭവം നല്‍കുന്ന നിരവധി ഹോംസ്റ്റേകള്‍ ജിഭിയിലുണ്ട്. ഹിമാലയത്തിന്‍റെ ചുറ്റുമുള്ള മനോഹര കാഴ്ചകള്‍ കാണാനാവുന്ന വിധത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഹണിമൂണ്‍ യാത്രകള്‍ക്കും മറ്റും ഏറെ അനുയോജ്യമാണ് ഇത്തരം ഇടങ്ങള്‍. പോക്കറ്റില്‍ ഒതുങ്ങാവുന്ന ചിലവില്‍ താമസിക്കാം എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ഗ്രാമപ്രദേശമാണെങ്കിലും ടൂറിസ്റ്റുകള്‍ക്ക് വേണ്ട എല്ലാ വിധ ആധുനില സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ബുദ്ധി നാഗിന്‍ ദേവിയുടെ സെറോൾസർ തടാകം

ജലോരി ചുരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമായ സെറോൾസർ തടാകം. ബുദ്ധി നാഗിൻ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. ദേവി ഈ സ്ഥലത്തിനു കാവലിരിക്കുന്നു എന്നും ദേവിക്ക് നൂറ് പുത്രന്മാരുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ജലോരി ചുരത്തിൽ നിന്ന് തടാകത്തിലേക്കുള്ള നടത്തം ആകർഷകമായ കാഴ്ചകള്‍ നിറഞ്ഞതാണ്‌.

mini-thailand-Jibhi1
Kandarp/shutterstock

കാടിനുള്ളിലെ മിനി തായ്‌ലൻഡ്

ജിഭിയില്‍ അധികമാരും കാണാത്ത മറ്റൊരു അപൂര്‍വ കാഴ്ചയാണ് മിനി തായ്‌ലൻഡ് എന്നു വിളിക്കപ്പെടുന്ന പ്രദേശം. ഹിമാലയത്താൽ ചുറ്റപ്പെട്ട നദിയുടെ പാതയിൽ രൂപംകൊണ്ട പ്രകൃതിദത്ത കുളമാണിത്. ജിഭിയിൽ നിന്നും ജലോരി ചുരത്തിലേക്ക് 250-300 മീറ്റർ നടന്നാല്‍ ഇടതുവശത്ത് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിന്‍റെ മഞ്ഞ ബോർഡ് കാണാം. ഈ ബോർഡിന് നേരെ താഴേക്ക് ട്രെക്ക് ചെയ്താണ് ഇവിടേക്ക് എത്തുന്നത്. കാടിന്‍റെ ശാന്തതയില്‍ മുങ്ങി ഇരിക്കാനും നീന്തിത്തുടിക്കാനുമെല്ലാം ഈ സ്ഥലം അനുയോജ്യമാണ്.

പുരാതന കോട്ട- ചൈനി കോത്തി

ചൈനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന, 40 മീറ്ററോളം ഉയരമുള്ള ഒരു തടി ഗോപുരമാണ് ചൈനി കോത്തി എന്നറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ പരമ്പരാഗത പ്രാദേശിക വാസ്തുവിദ്യയിൽ നിർമ്മിച്ച ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണിത്. 1500 വർഷം പഴക്കമുള്ള ഈ കോട്ട പഹാഡി ശൈലിയിൽ നിർമ്മിച്ചതാണ്. യഥാർത്ഥത്തിൽ 7 നിലകളുള്ള ഒരു ടവറായിരുന്നു ഈ കോട്ട, 1905 ലെ ഭൂകമ്പത്തിൽ ഇതിനു കേടുപാടുകൾ സംഭവിക്കുകയും രണ്ട് പ്രധാന ടവറുകൾ നിലംപതിക്കുകയും ചെയ്തു. കോട്ടയ്ക്ക് ഭൂമിക്കടിയിൽ ഒരു രഹസ്യ തുരങ്കമുണ്ട്.

English Summary: Mini Thailand- A hidden Gem in Jibhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}