ADVERTISEMENT

പാല് നിറഞ്ഞു കവിഞ്ഞൊഴുകുന്നതുപോലെയാണ് ദൂത്‌സാഗർ വെള്ളച്ചാട്ടം. തൂവെള്ള നിറത്തിൽ നിറഞ്ഞു പതഞ്ഞൊഴുകുന്ന മനം മയക്കുന്ന ജലപ്രവാഹം. ചെന്നൈ എക്സ്പ്രസ് എന്ന സിനിമ കണ്ടവർക്കറിയാം, ദൂത്‌സാഗറിന്റെ സൗന്ദര്യം. അത്തരമൊരു കാഴ്ച കാണാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈയടുത്ത ദിവസങ്ങളിൽ ദൂത്‌സാഗറിൽ പോയി വന്ന ഒരു യുവാവിന്റെ യാത്രയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആള് മലയാളിയാണ്– തളിപ്പറമ്പുകാരനായ ഹഫീൽ കെ.പി. എന്നാൽ ഈ ചിത്രങ്ങളിൽ പലതും ഹഫീലിന്റെ പേരിലല്ല, മറ്റു പലരുടെയും പേരിലാണ് പ്രചരിച്ചത്. പക്ഷേ പരക്കെ പ്രശംസ നേടിയ ആ ചിത്രങ്ങളും വിഡിയോയും എടുത്തത് ഹഫീലാണെന്ന് ഇപ്പോൾ പലരും തിരിച്ചറിയുന്നുണ്ട്.

ഇരുപത്തിയഞ്ചുകാരനായ ഹഫീൽ യാത്രാ പ്രേമിയാണ്. ജീവിതം തന്നെ യാത്രയ്ക്കായി പകുത്തു കൊടുക്കാനാഗ്രഹിക്കുന്ന ഒരാൾ. ഹഫീലിന്റെ യാത്രയും അനുഭവങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു. 

നാളുകളായുള്ള ആഗ്രഹം

dudhsagar-travel2
ചിത്രങ്ങൾ: ഹഫീൽ

വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു ദൂത്‌സാഗറിൽ പോകണമെന്നത്. കർണാടക -ഗോവ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം. ബെംഗളൂരുവിൽനിന്ന് 570  കിലോമീറ്റർ ദൂരം. എപ്പോഴും അവിടെ പ്രവേശനമില്ല, ഒക്ടോബറിലാണ് സീസൺ. ഞാൻ ജൂലൈ ആദ്യമാണ് പോയത്. കുലോങ്ങിൽനിന്ന് യാത്ര തുടങ്ങിയപ്പോൾത്തന്നെ കാഴ്ചകൾ കാണാനായി കാത്തിരിക്കുകയായിരുന്നു. 

ദൂത്‌സാഗറിന്റെ അടുത്ത് ട്രെയിനിന് സ്റ്റോപ്പില്ല. പക്ഷേ ആ ഒരു രീതിയിൽ മാത്രമാണ് അതി മനോഹരമായ ആ കാഴ്ച കാണാനാവുക. ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ടും മഴ കൂടിയതുകൊണ്ടും ഞങ്ങൾ പോയി മടങ്ങിയെത്തി രണ്ടു ദിവസത്തിനു ശേഷം അതുവഴിയുള്ള യാത്രകൾ നിർത്തിലാക്കിയെന്നാണ് അറിഞ്ഞത്. സീസൺ സമയങ്ങളിൽ കുലോങ്ങിൽ ഇറങ്ങി അവിടെനിന്ന് ട്രെക്കിങ്ങിനുള്ള സംവിധാനമുണ്ട്. പക്ഷേ ഇപ്പോൾ യാത്രാനുമതിയില്ല.

dudhsagar-travel25
ചിത്രങ്ങള്‍: ഹഫീൽ

മനം മയക്കുന്ന ദൂത് സാഗർ 

ഹൃദയം നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. വെള്ളച്ചാട്ടത്തിന്റെ ഒന്നര കിലോമീറ്റർ അകലെ തുടങ്ങും ആ ദൃശ്യ ഭംഗി. അവിടെ വണ്ടിക്കു സ്റ്റോപ്പില്ല, എന്നാൽ സ്പീഡ് കുറയ്ക്കും. ആ സമയമാണ് നമ്മുടെ കാഴ്ചകളുടെ പരിധി. അടുത്തേക്കു വരുന്തോറും ഹൃദയമിടിപ്പ് കൂടി വരും. അടുത്തുനിന്നു നോക്കുമ്പോൾ ഒരു പാൽക്കടൽ ആർത്തലച്ചു താഴേക്കു വീഴുന്നതു പോലെയാണ് തോന്നുക. അപ്പോൾത്തന്നെ അതിനെ ഫോണിൽ പകർത്തി. അത്ര ക്വാളിറ്റി ക്യാമറയൊന്നുമല്ല, പക്ഷേ പകർത്താതിരിക്കാനാവില്ല. 

dudhsagar-travel1
ചിത്രങ്ങള്‍: ഹഫീൽ

ചിത്രങ്ങളും വിഡിയോയും എടുത്തിരുന്നു. അടുത്ത ദിവസം തന്നെ അത് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അതിനു ശേഷം ആ ചിത്രം ഷെയർ ചെയ്യപ്പെട്ടു തുടങ്ങി. നാഷനൽ മീഡിയ ഒക്കെ റിപ്പോർട്ട് ചെയ്തപ്പോഴാണ് ഞാനും സംഭവമറിഞ്ഞത്. സാധാരണ വാട്ടർമാർക്ക് ചെയ്യുന്ന ശീലമില്ല, കാരണം എന്റെ പേര് ഒരു ചിത്രത്തിലോ വിഡിയോയിലോ മാർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ ആ പേരാകും ഹൈലൈറ്റ് ചെയ്യപ്പെടുക. അത് വൃത്തികേടാണ്, അതുകൊണ്ടാണ് ഒഴിവാക്കുന്നത്, അത് ഇത്ര വലിയ അബദ്ധമാകുമെന്നറിഞ്ഞില്ല. പിന്നീട് കണ്ടു കഴിഞ്ഞപ്പോൾ വിഷമം തോന്നി. സ്വന്തമായി ക്യാമറ ഇല്ലാഞ്ഞിട്ടും ഇഷ്ടം കൊണ്ടെടുത്ത വിഡിയോയാണ് മറ്റൊരാളുടെ പേരിൽ കറങ്ങി നടക്കുന്നത്. പിന്നീട് പലരും അറിഞ്ഞു, അത് വാർത്തയായി, ഇപ്പോൾ കുറച്ചു പേരൊക്കെ അറിഞ്ഞിട്ടുണ്ട് ആ വിഡിയോ എന്റേതു തന്നെയെന്ന്.

യാത്രയാണ് ഉയിർ

കിൻഫ്രയിലായിരുന്നു ജോലി. ഒരു ട്രിപ്പ് പ്ലാൻ ചെയ്താൽ എല്ലാ മാസവും ശമ്പളത്തിൽനിന്ന് ഒരുപങ്ക് മാറ്റിവയ്ക്കും. ആവശ്യമുള്ള പൈസ ആവുമ്പോൾ യാത്ര പോകും. ഇപ്പോൾ കിൻഫ്രയിലെ ജോലി രാജി വച്ചു. ഇനിയെന്ത് എന്ന ആലോചന നടക്കുന്നതേയുള്ളൂ. യാത്രയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹം. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ യാത്ര പോകാറുണ്ട്. എങ്ങനെ പോയാലും കുറെ പുതിയ മനുഷ്യരെ ഓരോ യാത്രയിലും കണ്ടെത്തുകയും കൂടെ കൂട്ടുകയും ചെയ്യും. 

ചിലപ്പോൾ ട്രെയിനിലാണ് പോകാറുള്ളത്. അപ്പോൾ ഒരു പരിചയവുമില്ലാത്ത കുറേപ്പെരെ കൂടി കിട്ടും. അവരോടു സംസാരിക്കും, അവരുടെ അനുഭവങ്ങൾ കേൾക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. ട്രെയിൻ, കാർ, ബസ്, ബുള്ളറ്റ് റൈഡ് തുടങ്ങി യാത്രയ്ക്കായി എല്ലാ വഴികളും ഞാനുപയോഗിക്കാറുണ്ട്. ഏറ്റവും കൂടുതൽ തവണ എനിക്കൊപ്പം വന്നിട്ടുള്ളത് സമീർ പൂത്തേരി എന്ന സുഹൃത്താണ്. എന്നെക്കാളും ലോകം കണ്ട മനുഷ്യനാണ് അദ്ദേഹം. ഏതാണ്ട് ഇന്ത്യയുടെ 95 ശതമാനവും കണ്ടു തീർത്ത ഒരാൾ എന്നു പറയുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് ധാരണ കിട്ടുമല്ലോ. ഞാൻ അത്രയും ആയിട്ടില്ല. പക്ഷേ ഇന്ത്യ മുഴുവൻ യാത്ര പോകണം, അതാണ് ആഗ്രഹം. 

dudhsagar-travel
ചിത്രങ്ങള്‍: ഹഫീൽ

അടുത്തത് പ്ലാൻ ചെയ്തു.

അടുത്ത യാത്ര നോർത്ത്ഈസ്‌റ്റിലേക്കാണ്‌. വ്യത്യസ്തമായ സംസ്കാരമുള്ള അന്തരീക്ഷമുള്ള ഇടങ്ങളാണ് നോർത്ത് ഈസ്റ്റിലുള്ളത്. അവിടേക്കാണ് ഇനി പോകേണ്ടത്. അതിനിടയ്ക്ക് സ്വന്തമായി ഒരു ജീവിതവും കണ്ടെത്തണം. 

English Summary: dudhsagar travel experience and captured in all its monsoon glory Shot by hafeel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com