ADVERTISEMENT

ഡല്‍ഹിയിലെ പ്രസിദ്ധമായ കുത്തബ് മിനാറിനോടു ചേര്‍ന്നാണ് ജമാലി കമാലി മസ്ജിദ് സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍, തെക്കൻ ഡൽഹിയിലെ ഖുതുബ് സമുച്ചയത്തിനു പുറത്ത് മെഹ്‌റൗളിയിൽ. മുഗൾ കാലഘട്ടത്തിന്‍റെ ഓര്‍മകള്‍ നിറഞ്ഞ മറ്റൊരു പ്രധാന സ്മാരകമാണിത്. എന്നാല്‍ സഞ്ചാരികള്‍ക്കിടയില്‍ അത്രയ്ക്ക് പ്രശസ്തമല്ല ഇവിടം. 

ജമാലി കമാലി മസ്ജിദിനെക്കുറിച്ച് നിറം പിടിപ്പിച്ച ധാരാളം കഥകള്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ഇവിടെ പ്രേതങ്ങളും ജിന്നുകളും വസിക്കുന്നുവെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇവിടെ നന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതായും പലരെയും കണ്ടതായും സാക്ഷ്യം പറഞ്ഞ നിരവധി ആളുകളുണ്ട്.

ഇന്ത്യയിലെ മുഗൾ മസ്ജിദ് വാസ്തുവിദ്യ

ഇന്ത്യയിലെ മുഗൾ മസ്ജിദ് വാസ്തുവിദ്യയുടെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നാണ് ഈ പള്ളി. ചുവന്ന മണൽക്കല്ലിൽ മാർബിൾ അലങ്കാരങ്ങളോടെ നിര്‍മിച്ച പ്രവേശനകവാടം തെക്കുവശത്തായി കാണാം. വലിയ നടുമുറ്റത്തിന്‍റെ മുൻവശത്തുള്ള പ്രാർഥനാ ഹാളിൽ അഞ്ചു കമാനങ്ങളുണ്ട്. മധ്യ കമാനത്തിന് ഒരു താഴികക്കുടം മാത്രമേയുള്ളൂ. ഇവയും മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

jamalikamalimosque
Image: Azhar_khan/shutterstock

പരന്ന മേൽക്കൂരയോടു കൂടി, ചതുരാകൃതിയിലുള്ള ഒരു ഒരു ഘടനയാണ് ശവകുടീരം. ഇത്, വടക്കുഭാഗത്ത് പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഖുർആൻ ലിഖിതങ്ങൾക്കൊപ്പം, ജമാലിയുടെ കവിതകൾ ആലേഖനം ചെയ്ത വർണ ടൈലുകൾ കൊണ്ട് ചുവരുകൾ അലങ്കരിച്ചിരിക്കുന്നു. ശവകുടീരത്തിന്‍റെ അറയിൽ രണ്ടു മാർബിൾ ശവക്കുഴികളിലായി ജമാലിയും കമാലിയും വിശ്രമിക്കുന്നു. 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ സ്മാരകം. ഡല്‍ഹിയുടെ ഏതു ഭാഗത്തുനിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ കുത്തബ് മിനാർ ആണ്, പള്ളിയിൽനിന്ന് നടക്കാവുന്ന ദൂരത്താണ് ഇത്. സ്മാരകമായതു കൊണ്ടുതന്നെ ഇവിടെ സാധാരണയായി സ്ഥിരം പ്രാർഥനകള്‍ നടത്താറില്ല.

അറിയാം

ഒരു മസ്ജിദും ജമാലിയുടെയും കമാലിയുടെയും ശവകുടീരവുമാണ് ഇവിടെയുള്ളത്. 1528-1529 കാലഘട്ടത്തിലാണ് പള്ളിയും ശവകുടീരവും നിർമിച്ചത്. സിക്കന്ദർ ലോധിയുടെ കാലത്തു തുടങ്ങി, ബാബറിന്‍റെ കാലം വരെ ജീവിച്ചിരുന്ന പ്രശസ്ത സൂഫി സന്യാസിയായ ഷെയ്ഖ് ജമാലി കംബോഹ് ആണ് ‘ജമാലി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്. ഏഷ്യയിലും മധ്യപൂർവദേശത്തുമെല്ലാം സഞ്ചരിച്ച ഒരു ജനപ്രിയ കവിയായിരുന്നു ജമാലി. ലോധി രാജവംശത്തിന്‍റെ ഭരണകാലത്ത് അദ്ദേഹം കൊട്ടാരംകവിയായിരുന്നു. അക്കാലത്തെ പേർഷ്യൻ മിസ്റ്റിസിസത്തെ പ്രതിഫലിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ കവിതകള്‍. ജമാലിയുടെ ശിഷ്യനായ ഒരു യുവാവായിരുന്നു കമാലി. ശിഷ്യന്‍ മാത്രമല്ല, കമാലിയും ജമാലിയും പ്രണയികളായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അവരുടെ സ്നേഹത്തിന്‍റെ പ്രതീകമായാണ് ഇരു ശവകുടീരങ്ങളും അടുത്തടുത്തായി സ്ഥാപിച്ചത്.

English Summary:  Jamali Kamali Mosque 16th Century Monument In Mehrauli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com