ADVERTISEMENT

ഐസ്ക്രീം ദോശയും ചൂടന്‍ മോമോസും; ഇത് രുചിപ്രേമികളുടെ നാട്മഹാരാഷ്ട്രയിലെ നാവില്‍ കപ്പലോടിക്കുന്ന രുചികളും വ്യത്യസ്തതയാര്‍ന്ന വിഭവങ്ങളുമെല്ലാം രുചിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ഒരിടമാണ് മുംബൈയിലെ ‘ഖാവു ഗലി’കള്‍ എന്നു വിളിക്കപ്പെടുന്ന തെരുവോരങ്ങള്‍. ഭക്ഷണത്തെരുവുകള്‍ തീറ്ററപ്പായിമാര്‍ക്ക് പോക്കറ്റ് കാലിയാകാതെ വയറുനിറയെ അതീവരുചികരമായ ഭക്ഷണം കഴിക്കാന്‍ ഈയിടങ്ങള്‍ അവസരമൊരുക്കുന്നു. മുംബൈ നഗരത്തിന്‍റെ മിക്കവാറും എല്ലാ കോണുകളിലും ഇത്തരം ഗലികള്‍ കാണാം. മുംബൈ നഗരം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട അത്തരം ചില രസകരമായ ഇടങ്ങള്‍ ഇതാ.

കാർട്ടർ റോഡ് ഖാവു ഗലി

ബാന്ദ്ര പ്രൊമെനേഡിന് സമീപമാണ് കാർട്ടർ റോഡ് ഖാവു ഗലി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് കടക്കുമ്പോള്‍ത്തന്നെ ചുറ്റുമുള്ള ഭക്ഷണശാലകളിൽ നിന്നുള്ള സുഗന്ധം തണുത്ത കടൽക്കാറ്റിലേറി മൂക്കിനുള്ളിലേക്ക് ഒരു ഘോഷയാത്ര നടത്തുന്നത് അനുഭവിച്ചറിയാം. 

eatouts11
Image: Sergii Koval/shutterstock

ഫലാഫെൽസ്, മോമോസ് , വോക്ക്-ഫ്രൈഡ് ചൈനീസ് തുടങ്ങിയ സകല വിഭവങ്ങളും ഇവിടെ കിട്ടും. കൂടാതെ, ചോളം, തൈര്, ഫ്രഷ് കപ്പ് കേക്കുകൾ, മഞ്ചി വാഫിൾസ് തുടങ്ങിയ പലഹാരങ്ങളുമുണ്ട്. കാർട്ടേഴ്‌സ് ബ്ലൂ, കെപ്ചാക്കി മോമോസ്, ലസ്സി ടെ പരോന്ത് എന്നിവ ഇവിടെ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളാണ്.

ഖാർഘർ ഖാവു ഗലി

ഉത്സവ് ചൗക്കിന് സമീപമുള്ള ഖാർഘർ ഖാവു ഗലി, വൈകുന്നേരമാകുന്നതോടെ ഊർജ്ജസ്വലമാകും. ജോലിക്കാരും വിദ്യാർത്ഥികളുമെല്ലാം ലഘുഭക്ഷണങ്ങൾക്കായി പുറത്തിറങ്ങുന്ന സമയമാണ്. ആവിയിൽ വേവിച്ചതോ വറുത്തതോ ആയ മോമോകൾക്ക് പ്രശസ്തമാണ് ഇവിടുത്തെ ഈറ്റ്-സ്ട്രീറ്റ്. 

eatouts
StockImageFactory.com/shutterstock

മാംസമോ അല്ലെങ്കില്‍ കാബേജ്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളോ ധാരാളമായി നിറച്ച്, വിവിധ സോസുകള്‍ക്കൊപ്പം അവ ചൂടോടെ വിളമ്പുന്നു. ഡാർജിലിംഗ് സിക്കിം മോമോസ്, ഖാർഘർ ഫ്രൈ കോർണർ, ലിറ്റിൽ ചൈന ഫാസ്റ്റ് ഫുഡ് എന്നിവയാണ് ഇവിടുത്തെ ചില പ്രധാന ഫാസ്റ്റ്ഫുഡ് കടകള്‍.

സവേരി ബസാർ ഖാവു ഗലി

ആഭരണങ്ങൾ, മാണിക്യം, വജ്രം എന്നിവയ്ക്ക് പേരുകേട്ട മുംബൈയിലെ സ്ഥലമാണ് സവേരി ബസാര്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ ഇവിടെ എല്ലായ്പ്പോഴും ജനനിബിഡമാണ്. താങ്ങാനാവുന്ന വിലയിൽ സ്വാദിഷ്ടമായ ഫ്രൈകളും മറ്റ് ലഘുഭക്ഷണങ്ങളും നല്‍കുന്ന നിരവധി കടകള്‍ ഇവിടെയുണ്ട്.

eatouts2
Image: Aqib Yasin/shutterstock

ഗുജറാത്തി വിഭവങ്ങള്‍ ഈ മേഖലയില്‍ പ്രബലമാണെന്ന് കാണാം. കച്ചോറിസ്, പുഡ്‌ല, പാപ്പി ചാട്ട്, മൂംഗ് ദാൽ ഫ്രൈകൾ, മധുരമുള്ള കരിമ്പ് ജ്യൂസ്, ബദാം മിൽക്ക് ഷേക്ക് തുടങ്ങിയവ ഇവിടെ ലഭിക്കുന്ന ചില വിഭവങ്ങളാണ്. ഭഗത് താരാചന്ദ്, മോഹൻഭായ് പുഡ്‌വാല, ജഗന്നാഥ് ചതുർഭുജ് എന്നിവ ഇവിടെയുള്ള പ്രശസ്തമായ ഭക്ഷണശാലകളിൽ ചിലതാണ്.

മുഹമ്മദ് അലി റോഡ് ഖാവു ഗലി

മുഹമ്മദ് അലി റോഡില്‍, മിനാര മസ്ജിദിന് സമീപമാണ് ഖാവു ഗലി. വിവിധതരം ടിക്കകൾ, കബാബുകൾ തുടങ്ങിയ നോണ്‍വെജ് വിഭവങ്ങള്‍ക്ക് ഏറെ പ്രശസ്തമാണ് ഇവിടം. റംസാന്‍ കാലത്ത് ഇവിടം കൂടുതല്‍ സജീവമാകും. മാൽപുവ, ഫിർണി തുടങ്ങിയ മധുര പലഹാരങ്ങളും ഇവിടെകിട്ടുന്ന ചില പ്രശസ്തമായ വിഭവങ്ങളാണ്.  സുലൈമാൻ ബേക്കറി, ബദേമിയാൻ, നൂർ മുഹമ്മദി ഹോട്ടൽ, സുലൈമാൻ ഉസ്മാൻ മിഠായിവാല തുടങ്ങിയ ഭക്ഷണശാലകളാണ് ഇവിടെ ഏറ്റവും ജനപ്രീതിയുള്ള ചില ഇടങ്ങള്‍.

ചെമ്പൂർ ഖാവു ഗലി

സിന്ധി, പഞ്ചാബി വിഭവങ്ങൾക്ക് പ്രശസ്തമാണ് ചെമ്പൂര്‍ ഖാവു ഗലി. കൊക്കി, കുൽച്ച, റഗ്ദ പട്ടീസ്, ദാൽ പക്വാൻ തുടങ്ങി പലതരം മധുര പലഹാരങ്ങള്‍ ഇവിടെ കിട്ടും. ഭട്ട് വിശ്രമി ഗൃഹ, വിഗ് റിഫ്രെഷ്‌മെന്റ്‌സ്, സായ്‌നാഥ് ധാബ എന്നിവ നിർബന്ധമായും പരീക്ഷിക്കേണ്ട ഇടങ്ങളാണ്.

ഘട്‌കോപർ ഖാവു ഗലി

വിവിധതരം ദോശകള്‍ക്ക് പ്രസിദ്ധമാണ് ഘട്‌കോപർ ഖാവു ഗലി. നൂഡിൽ ദോശ, ചീസ് ബർസ്റ്റ് ദോശ, ഐസ്‌ക്രീം ദോശ തുടങ്ങി വ്യത്യസ്തമായ വിവിധതരം ദോശകള്‍ വിളമ്പുന്ന നിരവധി സ്റ്റാളുകൾ ഇവിടെ കാണാം. വെജിറ്റേറിയന്‍ ഭക്ഷണപ്രേമികളുടെ പറുദീസയായാണ് ഈ ഭാഗം അറിയപ്പെടുന്നത്. ജിന്നി ദോശ, സായ് സ്വാദ് ദോശ, ഹോട്ട് സ്പോട്ട്, വിക്രാന്ത് സർക്കിൾ എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട ചില ഭക്ഷണശാലകളാണ്.

English Summary: Mumbai's Khau Gallis are a must for those who travel to eat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com