ADVERTISEMENT

ഈ മണ്‍സൂണ്‍ കാലത്ത് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് യാത്ര പോവാന്‍ ആലോചിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍, ഈ മാസം പോകാന്‍ ഏറ്റവും മികച്ച ഇടം ഗുജറാത്താണ്. അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തോടൊപ്പം സാംസ്കാരികത്തനിമയുടെ വര്‍ണമേളങ്ങള്‍ക്കും സക്ഷിയാകാം. എല്ലാ വര്‍ഷവും മണ്‍സൂണില്‍ അരങ്ങേറുന്ന മേഘമല്‍ഹാര്‍ ഉത്സവത്തിന് ഇക്കുറിയും ഗുജറാത്തില്‍ തിരിതെളിഞ്ഞു. 

ഗുജറാത്തിലെ ഏക ഹിൽ സ്റ്റേഷനായ സപുതാരയിലാണ് മേഘമല്‍ഹാര്‍ ഉത്സവം നടക്കുന്നത്. ജൂലൈ 30 ന് ആരംഭിച്ച ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കും. ഗുജറാത്ത് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉത്സവത്തിന്‍റെ ഭാഗമായി നിരവധി വിനോദങ്ങളും കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. വീക്കെന്‍ഡില്‍ പ്രശസ്ത കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ആഗസ്റ്റ്‌ 19 ജന്മാഷ്ടമി ദിനത്തില്‍ ദഹി ഹാൻഡി മത്സരം നടത്തും. സോക്കറിനൊപ്പമുള്ള റെയിൻ റൺ മാരത്തൺ, ബോട്ട് റേസിംഗ് മുതലായവയും നിധി വേട്ട തുടങ്ങിയ മത്സരങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഡാംഗി നൃത്ത പരിപാടികൾ, ക്വിസ് മത്സരം, സെമിനാറുകൾ, മ്യൂസിക്കൽ, രംഗോലി, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ ഉണ്ടാകും. ഫോട്ടോഗ്രാഫി, ആർട്ട് പെയിന്റിങ്, ബാംബൂ ക്രാഫ്റ്റിങ്, വാർലി പെയിന്റിങ്, തുടങ്ങിയ സർഗാത്മക ശിൽപശാലകളും ഉത്സവത്തിൽ ഉണ്ടായിരിക്കും.

ഗുജറാത്തിലെ ഡാങ് ജില്ലയില്‍, പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സപുതാര. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, മഴക്കാലത്തെ അതിമനോഹരമായ പ്രകൃതിയുടെ കാഴ്ചകള്‍ കാരണം സപുതാര ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. 

ഗവർണർ ഹിൽ, ബാലസിനോർ ദിനോസർ മ്യൂസിയം,  ഇക്കോ പോയിന്റ്, റോപ്പ്-വേ, ശബരി ധാം, വാഗായ് ബൊട്ടാണിക്കൽ ഗാർഡൻ, ഹട്ഗഡ് ഫോർട്ട്, വൻസ്ഡ നാഷണൽ പാർക്ക്, സൂര്യോദയ സൂര്യാസ്തമയ പോയിന്റുകൾ, സപുതാര തടാകം, സപുതാര ട്രൈബൽ മ്യൂസിയം, സപ്തശ്രിംഗി ദേവി ക്ഷേത്രം, പൂർണ സാങ്ച്വറി എന്നിവ ഇവിടത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ട്രക്കിംഗും ക്യാമ്പിംഗും നടത്താനുള്ള ഒട്ടേറെ ഇടങ്ങളും അടുത്തുണ്ട്. പൂർണ വന്യജീവി സങ്കേതവും ഗിർമർ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാന്‍ മികച്ച സ്ഥലങ്ങളാണ്.

ശീതകാലമാണ് സപുതാര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഗാന്ധിധാമിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, സപുതാരയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് വാഘായി റെയിൽവേ സ്റ്റേഷൻ.

English Summary: Gujarat Tourism’s month-long ‘Megh Malhar’ festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com