ADVERTISEMENT

യാത്ര ചെയ്യാന്‍ പണം പോലും വേണ്ടെന്നു തെളിയിക്കുകയാണ് ജിബിന്‍ മധു എന്ന കുമ്പു ട്രാവലര്‍. ദിവസങ്ങളും ആഴ്ചകളുമൊന്നുമല്ല, ഒരു വര്‍ഷവും നാലു മാസവുമാണ് ജിബിന്‍ തന്റെ ബൈക്കില്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയത്. തങ്ങുന്ന ഓരോ സ്ഥലത്തും ബൈക്കില്‍ത്തന്നെ തയാറാക്കിയ ചെറിയ തട്ടുകടയില്‍ ഭക്ഷണം വിറ്റാണ് ജിബിന്‍ മുന്നോട്ടുള്ള യാത്രയ്ക്കുവേണ്ട പണം സംഘടിപ്പിച്ചത്. യാത്ര പോകാന്‍ മനസ്സുണ്ടെങ്കില്‍ വഴി താനേ തെളിയുമെന്ന് അനുഭവത്തിലൂടെ പറഞ്ഞു തരികയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. 

jibin-madhu5
Image: Kumbu travel/Instagram

കോട്ടയം പാലാ സ്വദേശി ജിബിന്‍ 5,000 രൂപയും തന്റെ യമഹ എഫ്സി ബൈക്കുമായാണ് 2021 മാര്‍ച്ച് ഒന്നിന് കര്‍ണാടകയിലേക്കു യാത്ര തിരിച്ചത്. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലുമെല്ലാം കിട്ടുന്ന ജോലി ചെയ്ത് പൈസയുണ്ടാക്കിയായിരുന്നു യാത്ര. ആദ്യം അന്വേഷിക്കുന്നിടത്തൊന്നും ജോലി കിട്ടില്ല. പത്തോ പതിനഞ്ചോ സ്ഥലത്തൊക്കെ ചോദിക്കുമ്പോഴായിരിക്കും ഒരിടത്ത് ജോലി ശരിയാവുക. ജോലി കിട്ടുന്നിടത്തു തമ്പടിച്ചുകൊണ്ടായിരുന്നു ജിബിന്റെ യാത്ര. ഹോട്ടല്‍ പണിക്ക് പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കേണ്ടി വരും. രാത്രി പതിനൊന്ന്, പന്ത്രണ്ടു വരെ ജോലി നീളും. ദിവസം 130 രൂപയൊക്കെ കൂലി കിട്ടിയിട്ടുണ്ട്. യാത്രക്കാരനാണെന്നു മനസ്സിലാക്കി ജോലി കൊടുത്തവരുണ്ട്. ചില യാത്രാപ്രേമികൾ ജിബിനെ കൂട്ടിക്കൊണ്ടുപോയി ജോലി വാങ്ങിക്കൊടുത്ത അനുഭവവും ഉണ്ട്.

ബൈക്കു തന്നെ തട്ടുകട

യാത്രയുടെ തുടക്കത്തില്‍ കയ്യിലുണ്ടായിരുന്ന 5,000 രൂപ മഹാരാഷ്ട്രയിലെത്തിയപ്പോൾ തീർന്നു. പിന്നെ പണിയെടുത്ത് പൈസയുണ്ടാക്കുക, മുന്നോട്ടുപോവുക എന്നതായിരുന്നു രീതി. ഇത്ര ദീര്‍ഘമായ യാത്രയാകുമെന്ന ധാരണ ജിബിനു പോലുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ക്ക് അത്രപോലും അറിവില്ലായിരുന്നു. ‌പല കാരണങ്ങൾ കൊണ്ട് ജോലി മാറുന്നുവെന്നാണ് അവർ കരുതിയത്. മധ്യപ്രദേശും കഴിഞ്ഞ് ഉത്തര്‍പ്രദേശിലേക്കെത്തിയപ്പോഴാണ് ബൈക്കിനു പിന്നില്‍ ടോപ്പ് ബോക്‌സും വെള്ളവും ഇന്ധനവും വയ്ക്കാനുള്ള സ്റ്റാന്‍ഡുകളുമൊക്കെ വച്ചത്. കയ്യില്‍ നൂറു രൂപ മാത്രം ശേഷിച്ചപ്പോൾ ഇനിയെന്ത് എന്നാലോചിച്ചു. അപ്പോഴാണ് ബൈക്ക് തന്നെ തട്ടുകടയാക്കിയാലോ എന്ന ചിന്ത വരുന്നത്. യാത്രയ്ക്കിടെ ബൈക്കുകളിലുള്ള ഇത്തരം കുഞ്ഞു കടകള്‍ കണ്ടതും പ്രചോദനമായി. 

Travel

ബ്രഡ് ഓംലെറ്റ്, ചായ, നൂഡില്‍സ്, ഓംലെറ്റ് ഇങ്ങനെ പരിമിതമായ വിഭവങ്ങള്‍ മാത്രമായിരുന്നെങ്കിലും കച്ചവടം പലയിടത്തും പൊടിപൊടിച്ചു. നേരത്തേ ഹോട്ടലില്‍ ജോലിക്കു നിന്നതിന്റെ പരിചയം ആത്മവിശ്വാസം കൂട്ടി. താഴ്‌വരകളില്‍നിന്നു ഭക്ഷണ സാധനങ്ങള്‍ വാങ്ങി മലമുകളിലേക്കു പോയിട്ടായിരുന്നു തന്റെ ബൈക്ക് തട്ടുകട ജിബിന്‍ സെറ്റാക്കിയിരുന്നത്. കൈവശമുണ്ടായിരുന്ന സ്റ്റൗവും പാത്രങ്ങളും തട്ടുകടയിലേക്കു സഹായമായി. പിന്നെ പൈസയൊക്കെ കിട്ടിയ ശേഷമാണ് കൂടുതല്‍ പാത്രങ്ങള്‍ വാങ്ങിയത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്കുവേണ്ടി പേപ്പര്‍ പ്ലേറ്റും ഗ്ലാസുമൊക്കെ വാങ്ങി.

jibin-madhu4
Image: Kumbu travel/Instagram

ഒറ്റയടിക്ക് മുന്നൂറും നാനൂറും കിലോമീറ്ററൊക്കെ പോകുന്നതല്ലായിരുന്നു ജിബിന്റെ യാത്രാരീതി. എത്തുന്ന സ്ഥലങ്ങളില്‍ ടെന്റും മടക്കുകട്ടിലുമൊക്കെ ഇട്ട് ആഴ്ചകളോളം താമസിച്ച് തട്ടുകടയില്‍ ഭക്ഷണവും വിറ്റാണ് ജിബിന്‍ ഇന്ത്യയെ അറിഞ്ഞത്. യാത്രയുടെ ശൈലി മാറ്റിയതിനൊപ്പം കുമ്പു ട്രാവല്‍ എന്ന പേരില്‍ യുട്യൂബ് ചാനൽ തുടങ്ങി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. 

jibin-madhu8
Image: Kumbu travel/Instagram

യുട്യൂബ് വിഡിയോ കണ്ടാണ് നാട്ടുകാര്‍ പലരും ‘കുമ്പുക്കിലെ ചെറുക്കന്‍’ യാത്രയിലാണെന്ന് അറിഞ്ഞതു തന്നെ. അപ്പോഴേക്കും ജിബിന്‍ വീട്ടില്‍ നിന്നിറങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരുന്നു. വിവരം അറിഞ്ഞതോടെ ‘കട്ടയ്ക്ക് പിന്തുണ’യുമായി പുലിയന്നൂരുകാര്‍ ജിബിനൊപ്പമുണ്ട്.

വീട്ടിലേക്ക് പണമയച്ച കുമ്പു

പണിക്കു പോയ മകന്‍ ഇന്ത്യ ചുറ്റുകയാണെന്നറിഞ്ഞപ്പോള്‍ ആദ്യം വീട്ടുകാര്‍ക്ക് വിഷമമുണ്ടായിരുന്നു. പിന്നീട് ജിബിന് യാത്രയോടുള്ള ഇഷ്ടം പറഞ്ഞു മാറ്റാനാവില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാരും വലിയ സമ്മര്‍ദം ചെലുത്താതെയായി. ചേട്ടന്‍ ജിതിന്‍ വീട്ടില്‍ ഉണ്ടെന്നതായിരുന്നു ജിബിന്റെ ധൈര്യം. പിതാവ് പുലിയന്നൂര്‍ കുമ്പുക്കല്‍ മധുവിനും ഉഷയ്ക്കും ഇവര്‍ക്ക് പുറമേ ജിഷയെന്നൊരു മകള്‍ കൂടിയുണ്ട്. കുമ്പുക്കലെന്ന വീട്ടു പേരില്‍ നിന്നാണ് കുമ്പു ട്രാവല്‍ എന്ന പേര് ജിബിന്‍ ഇടുന്നതും. 

jibin-madhu10
Image: Kumbu travel/Instagram

ചെറുപ്പക്കാരായ യാത്രക്കാര്‍ പലരും വീട്ടില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ പണം വാങ്ങിയാണ് യാത്ര പോയിരുന്നതെങ്കില്‍ ജിബിൻ പോകും വഴിയില്‍ കിട്ടുന്ന പണിയെല്ലാം ചെയ്തു. പുണെയിലും കര്‍ണാടകയിലുമെല്ലാം ഹോട്ടല്‍ പണിക്കാരനായി. ചണ്ഡീഗഡ് മാര്‍ക്കറ്റില്‍ പണിയെടുത്തു. പലയിടത്തും പെട്രോള്‍ പമ്പില്‍ നിന്നു. പിന്നെ സ്വന്തം തട്ടുകടയും ഇട്ടു. തട്ടുകടയില്‍ നല്ല കച്ചവടം നടക്കുമ്പോഴും യാത്രയെ ഇഷ്ടപ്പെടുന്നവര്‍ അറിഞ്ഞു സഹായിക്കുമ്പോഴുമെല്ലാം ചെറുതെങ്കിലും ഒരു തുക ജിബിന്‍ വീട്ടിലേക്ക് അയച്ചുകൊടുക്കുക പോലും ചെയ്തിരുന്നു. 

റോത്തങിലെ മഞ്ഞു വീഴ്ച

ആദ്യം മഞ്ഞു വീഴുന്നത് കണ്ടത് ഹിമാചല്‍ പ്രദേശില്‍ വച്ചായിരുന്നു; റോത്തങ്ങിൽ. പിന്നീട് ഉത്തരാഖണ്ഡിലൊക്കെ പല തവണ മഞ്ഞുവീഴ്ചയുണ്ടായി.  റോത്തങ് പാസിലേക്കു പോകുന്ന വഴി രാത്രികളില്‍ മൈനസിലെത്തിയ തണുപ്പാണ് വലിയ വെല്ലുവിളിയായത്. കയ്യിലുണ്ടായിരുന്നത് ആയിരം രൂപയുടെ സാധാരണ ടെന്റായിരുന്നു. സ്ലീപ്പിങ് ബാഗ് ഉണ്ടായിരുന്നുമില്ല. അതിനുള്ളില്‍ കിടക്കുമ്പോള്‍ എത്ര ലെയര്‍ വസ്ത്രങ്ങളും ജാക്കറ്റും ഇട്ടാലും തണുപ്പ് തുളച്ചു കയറും. അസഹ്യമായ തണുപ്പകറ്റാൻ ചൂടിനുവേണ്ടി വസ്ത്രങ്ങള്‍ വരെ കത്തിക്കേണ്ടി വന്നിട്ടുണ്ട്. 

jibin-madhu6
Image: Kumbu travel/Instagram

തണുപ്പിനൊപ്പം ഓക്‌സിജന്റെ കുറവും ബൈക്കിനും ജിബിനും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബൈക്ക് വലിക്കാന്‍ ബുദ്ധിമുട്ടായതോടെ എയര്‍ ഫില്‍ട്ടര്‍ തുറന്നു വച്ച് ഓടിച്ചു. 

jibin-madhu1
Image: Kumbu travel/Instagram

മേഘാലയയില്‍ വച്ച് ടെന്റ് കീറിപ്പോയി. ഇതോടെ താമസം കൂടുതല്‍ പ്രതിസന്ധിയിലായി. എങ്ങനെയൊക്കെ ടെന്റടിച്ചാലും തണുപ്പ് ഉള്ളിലേക്കു കയറും. പലപ്പോഴും ഗുഹകളിലും നാട്ടുകാരുടെ വീടുകളിലുമൊക്കെയാണ് കഴിഞ്ഞത്. കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞ് അസമില്‍ വച്ച് പരിചയപ്പെട്ട ഒരാളാണ് പുതിയ ടെന്റ് വാങ്ങി നൽകിയത്. 

തമിഴന്റെ അന്‍പ്

ജിബിന്റെ യാത്രകളും രീതികളും കണ്ടിഷ്ടപ്പെട്ടും കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയും സഹായിക്കാന്‍ തയാറായത് തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. തമിഴ്‌നാട്ടുകാരനായ കായല്‍ 92 എന്ന ട്രാവല്‍ വ്‌ളോഗര്‍ ഷെയര്‍ ചെയ്തതിന്റെ കൂടി സഹായത്തിലാണ് കുമ്പു ട്രാവലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 16.5k കടന്നത്. അതുകൊണ്ടുതന്നെ തമിഴിലും ജിബിന്‍ വ്‌ളോഗ് ചെയ്യാറുണ്ട്. കുമ്പു ട്രാവല്‍ എന്ന യുട്യൂബ് ചാനല്‍ നോക്കിയാല്‍ പല വിഡിയോകളുടേയും തലക്കെട്ട് തമിഴിലാണെന്നു കാണാം. തമിഴ്‌നാട്ടില്‍നിന്നു ലഭിച്ച സഹായത്തിനുള്ള ജിബിന്റെ മറുപടിയാണത്.

Image: Kumbu travel/Instagram
Image: Kumbu travel/Instagram

നാടറിഞ്ഞു പോകുമ്പോള്‍ ലഭിക്കുന്ന ഭാഷ കൊണ്ട് ഹിന്ദിയിലും ജിബിന്‍ വ്‌ളോഗ് ചെയ്യാറുണ്ട്. അസമില്‍നിന്നും യുപിയില്‍നിന്നും പഞ്ചാബില്‍നിന്നുമെല്ലാമുള്ള പല വിഡിയോകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കര്‍ഷക സമരത്തിന്റെ സമയത്ത് പഞ്ചാബില്‍നിന്നു പല സഹായങ്ങളും കിട്ടി. എവിടെ ചെന്നാലും യാത്രയെ ഇഷ്ടപ്പെടുന്ന മനുഷ്യരെ കാണാം. അവര്‍ ഒരിക്കലും നമ്മളെ നിരുത്സാഹപ്പെടുത്തില്ലെന്നും ജിബിന്‍ അനുഭവം പങ്കുവയ്ക്കുന്നു. ഈ മനുഷ്യര്‍ നല്‍കുന്ന പോസിറ്റീവ് വൈബാണ് യാത്രകളിലെ പ്രധാന ഊര്‍ജം. 

തവാങിലെ എൻജിന്‍ പണി

തവാങ്ങിലേക്കു പോകും വഴി ജംഗില്‍ വച്ച് വണ്ടിക്കു പണി കിട്ടി. പിസ്റ്റണ്‍ പിടിച്ച് ഒരടി മുന്നോട്ടു പോവാത്ത നില വന്നു. വണ്ടിയുടെ പല പണികളും ജിബിന്‍ തന്നെയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത് എൻജിന്‍ പണിയോളം എത്തിയിരുന്നതിനാല്‍ വര്‍ക്ക് ഷോപ്പില്‍ കയറ്റാതെ വഴിയില്ലെന്നായി. യാത്രക്കാരായ തമിഴ്‌നാട്ടുകാരും കര്‍ണാടകക്കാരുമൊക്കെ സഹായിച്ചു. പിന്നെ ജംഗിലെ നാട്ടുകാരും നല്ല പിന്തുണയായിരുന്നു. അവിടെനിന്നു 350 കിലോമീറ്റർ പിക്ക് അപ്പില്‍ വണ്ടിയും കൊണ്ട് അസം വരെ വരേണ്ടി വന്നു. അതൊക്കെ നാട്ടുകാരുടെ ചെലവിലാണ് സാധ്യമായത്. ഒരു സംസ്ഥാനം തന്നെ ഇറങ്ങി വന്നാണ് വണ്ടി പണിതതെന്നു പറയാം.

jibin-madhu9
Image: Kumbu travel/Instagram

 

യാത്രയില്‍ തവാങ് അങ്ങനെയങ്ങ് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ എൻജിന്‍ പണി കഴിഞ്ഞ വണ്ടിയുമായി വീണ്ടും തവാങ്ങിലേക്കു കയറി. തവാങ്ങിലെ ഹോളി വെള്ളച്ചാട്ടം കാണാനുള്ള യാത്രയ്ക്കിടയിലും വണ്ടിക്ക് പണി കിട്ടി. എന്നാല്‍ ഇത്തവണ നാട്ടുകാര്‍ക്കൊപ്പം നമ്മുടെ സൈന്യത്തിന്റെയും സഹായത്തില്‍ ജിബിന്‍ തന്നെ ബൈക്ക് ശരിയാക്കുകയായിരുന്നു. 

പണം വേണ്ട, ആഗ്രഹം മതി

യാത്രകൾക്കു തടസ്സമാകുന്ന പ്രധാന വെല്ലുവിളി പണമാണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. യാത്രകള്‍ക്കു വഴികാട്ടിയാവുന്നത് യാത്ര ചെയ്യാനുള്ള ആഗ്രഹം മാത്രമാണെന്ന് ജിബിന്‍ ആവര്‍ത്തിക്കുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നാണ്. ഒരു മാസം ഏതു പണിയെടുത്താലും 10,000 രൂപ കിട്ടും. അതുവച്ച് ഇന്ത്യയാകെ കറങ്ങാമെന്ന് ജിബിന്‍ പറയുന്നു. വെറുതേ പറയുക മാത്രമല്ല എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞ് നമ്പറും യുട്യൂബില്‍ ജിബിന്‍ പങ്കുവയ്ക്കുന്നുണ്ട്.

jibin-madhu7
Image: Kumbu travel/Instagram

കൊങ്കണ്‍ വഴി പടിഞ്ഞാറന്‍ തീരത്തു കൂടി തുടങ്ങിയ കുമ്പുവിന്റെ യാത്ര മഹാരാഷ്ട്രയില്‍നിന്നു മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും കടന്ന് പഞ്ചാബ്, ഡല്‍ഹി വഴിയാണ് കശ്മീരിലെത്തിയത്. അവിടെനിന്ന് ഉത്തരാഖണ്ഡിലേക്കും തുടര്‍ന്ന് നേപ്പാളിലേക്കും കുമ്പു എത്തി. നേപ്പാളില്‍നിന്നു ബിഹാറിലേക്കിറങ്ങിയ ശേഷമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഒഡിഷയും ആന്ധ്രയും വഴി തമിഴ്‌നാട്ടിലേക്കും തിരിച്ച് പാലായിലേക്കും എത്തിയത്. ഒരു വര്‍ഷവും മൂന്നു മാസവും 17 ദിവസവും നീണ്ട യാത്രയ്ക്കു ശേഷം 2022 ജൂലൈ 17 ന് ജിബിന്‍ സ്വന്തം നാടായ പുലിയന്നൂരില്‍ തിരിച്ചെത്തി. അസമില്‍ താമസിച്ച പ്രദേശത്തെ കുട്ടികളില്‍നിന്നു സ്‌കേറ്റിങ് പഠിച്ചിരുന്നു. 

മ്യാൻമര്‍ അതിര്‍ത്തി തുറന്നിരുന്നെങ്കില്‍ അതുവഴി സ്‌കേറ്റിങ് ചെയ്ത് തായ്‌ലൻഡ് വരെ പോകാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം മ്യാൻമര്‍ അതിര്‍ത്തി തുറന്നില്ല. ഇപ്പോഴും തായ്‌ലൻഡിലേക്ക് ഒരു ബൈക്ക് യാത്ര ജിബിന്‍ സ്വപ്‌നം കാണുന്നുണ്ട്. അതിനായി ബൈക്ക് വാങ്ങാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. യാത്രകളില്‍ മാത്രമല്ല തിരിച്ച് നാട്ടിലെത്തിയിട്ടും, കിട്ടുന്ന പണിക്ക് പോവാന്‍ മടിയില്ലാത്ത ജിബിന്‍ ഇപ്പോള്‍ ടൈല്‍സിന്റെ പണിക്കു പോവുന്നുണ്ട്. ലക്ഷ്യം മ്യാൻമര്‍ വഴിയുള്ള തായ്‌ലൻഡ് യാത്രയാണ്. ഓരോ ദിവസം കഴിയുംതോറും തന്റെ സ്വപ്ന യാത്രയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഈ യുവാവ്.

English Summary: Meet jibin who travel around india with a food stall on his bike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com