നൂറൂകാര്യങ്ങള്‍ ഒത്തിണങ്ങിയതുകൊണ്ടു മാത്രം സംഭവിച്ചതാണ്; കാമാഖ്യക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ

mohanlal-travel
കാമാഖ്യക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ, Image Source: Mohanlal Facebook Page and Mazur Travel/shutterstock
SHARE

സ്ത്രീ എന്ന വാക്കു പോലും അബല എന്നതിന്റെ ചുരുക്കെഴുത്തായി വായിക്കപ്പെടുന്ന കാലമാണിത്. പക്ഷേ സ്ത്രീയുടെ ശക്തിയെപ്പറ്റി അറിയാൻ പഴയ മിത്തുകളിലേക്കു തിരികെ പോയാൽ മതി, അത്തരമൊരു മിത്താണ് കാമാഖ്യ ദേവീക്ഷേത്രത്തിനു പറയാനുള്ളതും. അസമിലെ  ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻമുകളിലുള്ള ദേവീക്ഷേത്രമാണ് കാമാഖ്യ. 

താന്ത്രിക ക്ഷേത്രമായ കാമാഖ്യയിലേക്ക് നടത്തിയ അവിസ്മരണീയ യാത്രാനുഭവം പങ്കുവച്ച് മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. നൂറൂകാര്യങ്ങള്‍ ഒത്തിണങ്ങിയതുകൊണ്ടു മാത്രം സംഭവിച്ചത് എന്നാണ് കാമാഖ്യയാത്രയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ കാമാഖ്യദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ കുറിപ്പിലൂടെ

തന്ത്രയെക്കുറിച്ച് താന്‍ ആദ്യം കേട്ടത് അമ്മാവന്‍ ഗോപിനാഥന്‍ നായരില്‍ നിന്നാണെന്ന് മോഹൻലാല്‍ പറയുന്നു. ഭാരതത്തിലെ തന്ത്രപാരമ്പര്യത്തിന്റെ തൊട്ടിലായാണ് കാമാഖ്യ അറിയപ്പെടുന്നത്. തന്ത്രയെക്കുറിച്ച് താന്‍ എന്ത് പറഞ്ഞാലും അത് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ പോലെയാകുമെന്നാണ് അദ്ദേഹം പറയുന്നത്. 

Kamakhya-Temple
Image Source: Mohanlal Facebook Page

കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചുള്ള മഹത്തായ വിശേഷങ്ങൾ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. 'യോനി എന്നാല്‍ വരുന്നയിടം എന്നാണര്‍ത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പല്‍ നമ്മില്‍ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം' എന്നും അദ്ദേഹം പറയുന്നു. 

അസമിലെ ഗുവാഹത്തിയിലുള്ള ഈ പ്രദേശത്തിന്റെ അറിഞ്ഞ മിത്തും ചരിത്രവും മോഹന്‍ലാല്‍ കുറിക്കുന്നു. 'ഏതാണ്ട് അറുന്നുറു വര്‍ഷം അഹോം രാജാക്കന്മാര്‍ ഭരിച്ചയിടം. മുഗള്‍ - ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാന്‍ ചരിത്ര പാഠപുസ്തകത്തില്‍ പഠിച്ചതായി ഓര്‍ക്കുന്നില്ല. അസമുള്‍പ്പടെയുള്ള  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചു നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. 

കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളില്‍ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകള്‍ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു. നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാല്‍ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്ഠ. 

ഞങ്ങളോടൊപ്പം ക്ഷേത്രത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന പണ്ഡിറ്റ് നയന്‍ ജ്യോതി ശര്‍മ്മ ക്ഷേത്രത്തിന്റെ പഴക്കം ദ്വാപരയുഗത്തോളം എന്നാണ് പറഞ്ഞത്. ചരിത്രപരമായി ഇതിന്റെ പഴക്കം ഏഴാം നൂറ്റാണ്ടില്‍ വരെ കൊണ്ട് ചെന്നെത്തിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്. തീര്‍ച്ചയായും കാമാഖ്യയിലെ യോനീ സങ്കല്‍പത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരേയും സ്വാഗതം ചെയ്യുന്നയിടമാണ്'

Kamakhya-Temple.jpg1
Kamakhya Temple,Image Source: Mohanlal Facebook Page

കാമാഖ്യക്ക് ശേഷം ബ്രഹ്‌മപുത്രയിലെ ചെറു ദ്വീപിലേക്കാണ് മോഹന്‍ ലാലിന്റെ അടുത്ത യാത്ര. എന്നോ ആഗ്രഹിച്ച ഈ യാത്രക്ക് അദ്ദേഹത്തിന് കൂട്ട് ആര്‍ രമാനന്ദാണ്. ഭാരതത്തില്‍ പോകാനുള്ള മറ്റു അദ്ഭുത സ്ഥലങ്ങള്‍ കൂടി പോകാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രം

ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്. 

ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ ദിവ്യമായി കരുതുന്നു.

കാമാഖ്യയിലെത്താൻ:  ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20  കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.

English Summary: Mohanlal Visited Kamakhya Temple Assam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}