പിന്നെയും വിളിക്കുന്ന കൊല്ലൂര്‍

Kollur-Travel4
കൊല്ലൂര്‍ യാത്ര; ചിത്രങ്ങൾ ജി.എസ്. മനോജ്കുമാർ
SHARE

കൗമാരത്തില്‍ കുടജാദ്രിയെക്കുറിച്ച് ആദ്യമായി കേട്ടപ്പോള്‍, അവിടുത്തെ ഒാഫ് റോഡ് ജീപ്പ് യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തോന്നിയ ആഗ്രഹമായിരുന്നു അവിടേക്ക് ഒരു യാത്ര. തിരുവനന്തപുരത്തു നിന്നുള്ള തീവണ്ടിയാത്ര അതുവരെ അപരിചിതമായിരുന്ന ബൈന്ദൂർ എന്ന റെയില്‍വേ സ്റ്റേഷനില്‍ രാത്രി 2 മണിയോടെ അവസാനിച്ചു. ഒരു ചെറിയ സ്റ്റേഷന്‍, പുറത്തിറങ്ങിയപ്പോള്‍ കുറച്ച് ടാക്സിവണ്ടികള്‍ മാത്രം. ചുറ്റും ഇരുട്ടു പരന്നു കിടക്കുന്ന ഒരു സ്ഥലമായിരുന്നു. അവിടെ യാത്രക്കാരെ ഇറക്കി ഒരു വലിയ ഗുഹയ്ക്കുള്ളിലൂടെ കയറി പോവുകയാണ് ട്രെയിന്‍ എന്ന് പിന്നീടുള്ള യാത്രകളിലാണ് മനസ്സിലായത്. ബൈന്ദൂരില്‍നിന്ന് പിന്നെയും 40 ഓളം കിലോമീറ്റര്‍ കന്നട ഗ്രാമങ്ങളിലൂടെയും കാട്ടുപാതയിലൂടെയുമാണ് യാത്ര. അത് ടാക്സി കാറിന്‍റെ വെളിച്ചത്തിലൂടെ മനസ്സിലായി. 

kollur-travel5
കൊല്ലൂര്‍ യാത്ര; ചിത്രങ്ങൾ ജി.എസ്. മനോജ്കുമാർ

യാത്രാക്ഷീണം മാറ്റി കുളി കഴിഞ്ഞ് മുറിയില്‍നിന്ന് മൂകാംബികയെ കാണാനായി നടക്കുമ്പോള്‍ അദ്ഭുതം തോന്നി. വഴിയില്‍ മുഴുവന്‍ മലയാളം സംസാരിക്കുന്ന ആളുകള്‍, മലയാളം ബോര്‍ഡുകള്‍, ഉയരം കുറഞ്ഞ പശുക്കള്‍. കേരളത്തിലെ ഏതോ ഒരുക്ഷേത്ര വീഥിയെന്നേ തോന്നൂ. അന്ന് ആദ്യമായി കൊല്ലൂര്‍ മൂകാംബികയെ കണ്ടു. കരിങ്കല്‍ ഭിത്തി, കല്ലില്‍ തീര്‍ത്ത വലിയ നിരവിളക്ക്, ശില്പചാരുതയുള്ള, തടിയില്‍ തീര്‍ത്ത കൂറ്റന്‍രഥം, ക്ഷേത്രാങ്കണത്തിലെ സ്വര്‍ണരഥം, തങ്കമോതിരം കൊണ്ട് നാവില്‍ ഹരിശ്രീ കുറിക്കുന്ന കുരുന്നുകള്‍.  അക്ഷരങ്ങളുടെ വലിയ ലോകത്തേക്ക് ചിണുങ്ങി കരഞ്ഞുകൊണ്ട് പ്രവേശിക്കുന്ന അവരെ കണ്ടപ്പോള്‍ ഓർത്തു, എനിക്കും ഇങ്ങനെ  ഒരു നാള്‍ ഉണ്ടായിരുന്നു. 

പക്ഷേ എത്ര ശ്രമിച്ചുനോക്കിയിട്ടും എനിക്കത് ഓര്‍ത്തെടുക്കാനാകുന്നില്ല. ക്ഷേത്ര പരിസരത്തും പുറത്തും കാഷായധാരികള്‍. വലിയ മീശയുള്ള, പുരാണ കഥാപാത്രത്തെപോലെ ഒരാള്‍ പഴയ രാജാപാര്‍ട്ട് ബാലെയിലേത് പോലെ വേഷം കെട്ടി അവിടെ നില്‍ക്കുന്നു. അദ്ദേഹത്തോട് കൂടുതല്‍ ചോദിച്ചറിയണം എന്നുണ്ടായിരുന്നു. ഞാന്‍ നിരാശനായി.അദ്ദേഹത്തിന് കന്നടയല്ലാതെ മറ്റൊരു ഭാഷയും അറിയില്ലായിരുന്നു. ക്ഷേത്രാനുഷ്ഠാനവുമായി ബന്ധപ്പെട്ട ആരോ ആയിരുന്നു അത്. പിന്നീടുള്ള യാത്രയില്‍, അദ്ദേഹം മരിച്ചുപോയി എന്നറിഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയെ കാണാറുണ്ട്. ഈ യാത്രയിലും കണ്ടു. ക്ഷേത്രത്തില്‍ ഒരു തൂണില്‍ ചാരി ഇരിക്കുന്നു. എല്ലാ യാത്രയിലും ആ അമ്മയെ കാണാറുണ്ട് എന്നതിനേക്കാള്‍ ഞാൻ തിരയാറുണ്ട് എന്നു പറയുന്നതാവും ശരി. എന്നെ അറിയില്ലെങ്കിലും എനിക്ക് എത്രയോ നാളായി പരിചിതമാണ് ആ മുഖം. 

Kollur-Travel1
കൊല്ലൂര്‍ യാത്ര; ചിത്രങ്ങൾ ജി.എസ്. മനോജ്കുമാർ

കുടജാദ്രി യാത്ര ഒരിക്കലും മറക്കാനാകില്ല. യാത്രികരില്‍ അദ്ഭുതം നിറഞ്ഞതും ഭീതി ജനിപ്പിക്കുന്നതുമാണ് ആ യാത്ര. ഗണപതി ഗുഹയും മൂകാസുരനെ കൊന്ന ഇടവും ചിത്രമൂലയും ശങ്കരപീഠവും ചുറ്റപ്പെട്ടു കിടക്കുന്ന മഴക്കാടുകളും നവീകരണങ്ങള്‍ ഉയര്‍ന്നു വരുന്ന മാമലകളും കണ്ടു നില്‍ക്കുമ്പോള്‍ 4400 അടി മുകളില്‍ നിന്ന്, അന്ന് എന്‍റെ ശരീരത്തിന്‍റെ അകത്തും പുറത്തും ഞാന്‍ അനുഭവിച്ച തണുപ്പ് എത്രയോ നാള്‍ എന്നെ പിന്‍തുടര്‍ന്നു.  

ഉരുളന്‍ കല്ലില്‍ കാലമര്‍ത്തി സൗപര്‍ണികാ നദിയില്‍ നില്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ശാന്തത അനുഭവപ്പെട്ടു. കൈകളില്‍നിന്ന് ഭയം കൂടാതെ നിലക്കടലയും കൊത്തിപ്പോകുന്ന കുഞ്ഞു മീനുകള്‍ക്ക് സൗപര്‍ണികാ തീരത്ത് ഇടക്കിടയ്ക്ക് വന്നു പോകുന്ന എന്നെ ഓര്‍മയുണ്ടാകുമോ? ഇല്ല. ഈ മീനുകള്‍ എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാവില്ല. ഈ നദിയുടെ മറ്റേതോ തീരത്തേക്ക് മുന്‍ഗാമികളെ  പോലെ ഈ മീനുകളും അകന്നു പോകുന്നുണ്ടാകും. മരങ്ങളും മലകളും പിന്നിലേക്ക് പോകുന്നത്  തീവണ്ടിയുടെ ജനാലയിലൂടെ വെറുതെ നോക്കിയിരിക്കുമ്പോള്‍ മറ്റൊരു കരയിലേക്ക് പായുന്ന ഞാനും ആ മീനും തുല്യരാണെന്ന് തോന്നി. 

Kollur-Travel

കാറ്റേറ്റ് കണ്ണുകള്‍ പാതിയടഞ്ഞപ്പോള്‍ ആ കാഴ്ച വീണ്ടും കണ്ടു. വേണ്ടായെന്ന് എത്ര പറഞ്ഞിട്ടും പിന്നെയും എനിക്കു പിന്നാലെ നടന്നു വന്ന കൗമാരം അവസാനിച്ചിട്ടില്ലാത്ത ഒരു പെണ്ണ്, കൈക്കുഞ്ഞുമായി പുറകെ വരുന്നു. അവളിലും കുഞ്ഞിലും വിശപ്പ് പടര്‍ന്ന് കിടക്കുന്നതായി കാണാം. എണ്ണ അറിയാത്ത മുടി കാറ്റില്‍ പാറിക്കളിക്കുന്നു. കൈയില്‍ തൂക്കിയിട്ടിരിക്കുന്ന കാഡ്ര്‍ബോര്‍ഡ് നിറയെ കുടമണി കമ്മലുകള്‍. അഞ്ചോ പത്തോ രൂപയാകും വില. വാങ്ങി സഹായിക്കണം എന്ന് തോന്നി. എങ്കിലും എനിക്ക് എന്തിനാണ് ഈ ജിമിക്കി? ഞാന്‍ നടന്നകന്നു. എന്‍റെ യാത്ര തുടര്‍ന്നപ്പോള്‍, വണ്ടിയുടെ വേഗം കൂടിയപ്പോള്‍ അവള്‍ എവിടേയ്ക്കോ അകന്നുപോയി. ഇനി ഒരിക്കലും കാണാത്ത ഇടത്തേയ്ക്ക്. എന്‍റെ പാതിമയക്കത്തില്‍  എവിടയോ മണികിലുക്കം നല്‍കി ഒരോര്‍മ വന്നു നിന്നു. ആഭരണങ്ങളോടും അലങ്കാരങ്ങളോടും എന്നും മാറി നിന്ന എനിക്ക് കൗമാരത്തിലെപ്പോഴോ ഇങ്ങനെ ഒരുപാട് കൂടമണികളുള്ള ഒരു ജിമിക്കിയും അതിന്‍റെ ഉടമയേയും ഇഷ്ടമായിരുന്നു.  

Kollur-Travel2

ഞങ്ങളുടെ സ്വകാര്യതകളില്‍ പലപ്പോഴും ആ കുടമണിക്കമ്മലില്‍ വിരലുകൊണ്ട് ചെറിയ ശബ്ദമുണ്ടാക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.  വിസ്മൃതികളില്‍ ആണ്ടു കിടന്ന, ഞങ്ങള്‍ മാത്രം കേട്ട ആ കുഞ്ഞു മണികിലുക്കം ഇന്ന് എന്റെ കാതുകളില്‍ ഒന്നു തൊട്ടു. എന്‍റെ കണ്ണു നനഞ്ഞിട്ടുണ്ടോ? ഇമ ചിമ്മാതെ പുറത്തേക്ക് നോക്കിയിരുന്നതോ ജനാലയിലൂടെ വന്ന കാറ്റോ ആവാം കണ്ണിനെ നനയിച്ചത്.

ഉറക്കമുണര്‍ന്നപ്പോള്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി. ഷോള്‍ഡര്‍ ബാഗിലേക്ക് സീറ്റില്‍ കിടന്ന ബുക്കും വെള്ളക്കുപ്പിയും തിരുകി കയറ്റി പുറത്തേക്കിറങ്ങി. വീണ്ടും എന്‍റെ നാട്ടില്‍. തീർഥാടകനില്‍നിന്ന് എന്നിലേക്ക് പ്രവേശിച്ചു. തീവണ്ടി ശബ്ദമുണ്ടാക്കി ദൂരേക്കു പാഞ്ഞു.  യാത്ര അവസാനിച്ചു എന്നു ബോധ്യമായപ്പോള്‍, ഇരുവശത്തേക്കും റെയിൽ വിരിച്ച് ആരോ അടുത്ത യാത്രയ്ക്കായി എന്നെ വിളിക്കുന്നതു പോലെ...

English Summary: Sri Mookambika Temple Kollur Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}