ADVERTISEMENT

മഹാരാഷ്ട്രയിലെ പെഞ്ച്‌ ടൈഗര്‍ റിസര്‍വിനുള്ളില്‍ കടുവയെ കാണാന്‍ പോയ കഥ പറഞ്ഞ് നടി സദ. കാടിനുള്ളിലൂടെ കടുവയെ തിരഞ്ഞുള്ള നടത്തത്തെക്കുറിച്ചും ഒടുവില്‍ കടുവയെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തെക്കുറിച്ചുമെല്ലാം ഹൃദയസ്പര്‍ശിയായ കുറിപ്പും സദ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

'ഖുർസാപറിലെ രാജ്ഞി 'ബരാസ്'

രണ്ടു ദിവസം അടുപ്പിച്ചുള്ള  സഫാരികള്‍ക്കിടെ പോലും കടുവകളെ കണ്ടുകിട്ടാത്ത സമയത്താണ് തങ്ങള്‍ പാര്‍ക്കില്‍ എത്തിയതെന്നും ബരാസ് എന്ന രാജ്ഞിയെ കാണാന്‍ കഴിയുമെന്ന ഒരൊറ്റ പ്രതീക്ഷയില്‍ തങ്ങളുടെ മറ്റ് സോൺ ബുക്കിങ്ങുകൾ റദ്ദാക്കി സഫാരി തുടര്‍ച്ചയായി നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും സദാ കുറിപ്പിൽ കുറിച്ചിട്ടുണ്ട്.

3 സഫാരികൾ കഴിഞ്ഞ് പ്രതീക്ഷ നഷ്‌ടപ്പെട്ട് അവസാനത്തെ സവാരിക്കായി പാർക്കിൽ പ്രവേശിച്ചു ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ ആ വഴിയിൽ ചില അടയാളങ്ങൾ കാണുകയും ഇതുവഴി പോയാൽ ബാരാസിനെ കാണാൻ സാധിക്കുമെന്നും അറിഞ്ഞതോടെ ആ പാത പിന്തുടർന്നു, ആ സമയം മുഴുവന്‍ താന്‍ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ഒരൊറ്റ തവണ ഒന്ന് കണ്ടാല്‍ മതിയായിരുന്നുവെന്നായിരുന്നു പ്രാർത്ഥനയെന്നും സദാ കുറിച്ചിട്ടുണ്ട്. 

ദേശീയോദ്യാനത്തിലൂടെ

മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ ജില്ലയിലും മധ്യപ്രദേശ് സംസ്ഥാനത്തിലെ സിയോണി, ഛിന്ത്‌വാര ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പെഞ്ച് ദേശീയോദ്യാനം. പാർക്കിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന പെഞ്ച് നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മധ്യപ്രദേശിൽ 299 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 256 ചതുരശ്ര കിലോമീറ്ററുമാണ് ഇതിന്‍റെ വിസ്തൃതി. കടുവ, പുലി, ചിങ്കാര, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, കാട്ടുപോത്ത് തുടങ്ങിയ ഒട്ടനവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെ ഇനം പക്ഷികളും ഇവിടെ കാണപ്പെടുന്നു. 

രണ്ടു സംസ്ഥാനങ്ങളിലും ടൂറിസ്റ്റുകള്‍ക്ക് സഫാരി നടത്താം. ദേശീയോദ്യാനത്തിന്‍റെ ഭൂരിഭാഗവും മധ്യപ്രദേശ് സംസ്ഥാനത്താണ്, അതിനാൽ ടൂറിസ്റ്റുകള്‍ക്കിടയില്‍, മധ്യപ്രദേശിലെ പെഞ്ച് ദേശീയ ഉദ്യാനം കൂടുതൽ പ്രശസ്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്ര പെഞ്ചില്‍ കോളിത്മാര, ചോർബാഹുലി, ഖുബാദ, പയോനി, സില്ലാരി, ഖുർസാപ്പർ തുടങ്ങിയ സഫാരി സോണുകളുണ്ട്. 

കടുവയെ കാണാം

പെഞ്ച് ടൈഗർ റിസർവ് ഭാഗത്തെ പ്രശസ്തമായ സഫാരി മേഖലയാണ് ഖുർസാപ്പർ. വേനൽക്കാലത്ത് ഈ പ്രദേശത്ത് കടുവയെ എളുപ്പത്തില്‍ കാണാവുന്നതിനാല്‍ ഖുർസാപ്പർ ജനപ്രിയ സഫാരി മേഖലയായി മാറി. യഥാർത്ഥത്തിൽ, ഖുർസാപർ സോൺ വനം മാൻസിംഗ്ദിയോ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ്. ഇത് പെഞ്ച് ടൈഗർ റിസർവുമായി ബന്ധിപ്പിക്കുകയും പെഞ്ച് വനത്തിന്‍റെ ഭാഗമായി മാറുകയുമായിരുന്നു. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇത് സഞ്ചാരികൾക്കായി തുറന്നിരിക്കും. മഹാരാഷ്ട്ര വനം വകുപ്പിന്‍റെ എല്ലാ വന നിയമങ്ങളും ഇവിടെ ബാധകമാണ്. 

ഖുർസാപർ സോൺ എല്ലാ ദിവസവും രാവിലെയും ഉച്ചതിരിഞ്ഞും സഫാരിക്കായി തുറന്നിരിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഡിസംബർ 20 മുതൽ ജനുവരി 02 വരെയുള്ള പീക്ക് സീസൺ സമയത്ത് തിരക്കേറുന്നതിനാല്‍ സഫാരി പെർമിറ്റുകൾ കൂടുതലും മുൻകൂട്ടി വിറ്റുതീരും.

English Summary: sadaa shares picture from Pench Khursapar Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com