ADVERTISEMENT

നോട്ടം പാളിയാൽ, ശ്രദ്ധയൊന്നു പിഴച്ചാൽ കാൽ വഴുതി വീഴുന്നത് രണ്ടായിരം അടി താഴ്ചയിലേക്ക്. മലയുടെ അടിവാരത്തുകൂടി ചെനാബ് നദി കുതിച്ചൊഴുകുന്നുണ്ട്. കൈവരി നിർമിച്ചിട്ടില്ലാത്ത പാതയിലെ അപകടങ്ങളെ വെല്ലുവിളിച്ച്സ ഞ്ചാരികൾ മലയുടെ മുകളിലെ റോഡിലൂടെ വാഹനം ഓടിക്കുന്നു. എതിർവശത്തു നിന്നു വാഹനം വന്നാൽ ഇരുവർക്കും കടന്നു പോകാൻ ഇടം കിട്ടും വരെ റിവേഴ്സ് ഗിയറിൽ സഞ്ചരിക്കേണ്ടി വരും. ഹിമാചൽപ്രദേശിനെയും ജമ്മുകശ്മീരിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ‘കില്ലര്‍ കിഷ്ത്‌വാര്‍’ ഒറ്റവരിപ്പാതയെക്കുറിച്ചാണു പറയുന്നത്. ഇംഗ്ലണ്ടിൽ നഴ്സായി ജോലി െചയ്യുന്ന മൂന്നാർ സ്വദേശി സിന്ധു ഈ പാതയിലൂടെ യാത്ര നടത്തി. ഓഫ് റോ‍ഡ് സഞ്ചാരങ്ങളിലൂടെ സാഹസിക യാത്രകളുടെ കൂട്ടുകാരിയെന്ന് അറിയപ്പെടുന്ന സിന്ധു ‘സിന്ധു വാഗബോണ്ട്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

‘‘മുന്നൊരുക്കമില്ലാത്ത യാത്രകള്‍ രസകരമായിരിക്കും എന്നു പറയാറില്ലേ? ഇക്കഴിഞ്ഞ ഏപ്രിൽ മാസം നടത്തിയ കില്ലര്‍ കിഷ്ത്‌വാര്‍ യാത്ര അതായിരുന്നു’’ – ട്രെക്കിങ്ങും ഹൈക്കിങ്ങും ഉൾപ്പെടുന്ന സാഹസിക യാത്രയിലെ അനുഭവങ്ങൾ സിന്ധു ഓർത്തെടുത്തു. മനസ്സിൽ എപ്പഴോ കയറിക്കൂടിയ ഭയം ഇല്ലാതാക്കാനാണ് സാഹസിക യാത്രയ്ക്ക് ഒരുങ്ങിയത്. കുട്ടിക്കാലം മുതൽ സ്വപ്നഭൂമിയായി കരുതിപ്പോരുന്ന ഹിമാലയത്തിലേക്ക് അതിനുള്ള അവസരം ലഭിച്ചു. യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തി. മണാലിയിൽ താമസിക്കുന്ന സുഹൃത്തിനെ സന്ദർശിച്ചപ്പോൾ സാഹസിക യാത്രയ്ക്കുള്ള ആഗ്രഹം പങ്കുവച്ചു.

killar-to-kishtwar3

അപ്പോഴാണ് കില്ലര്‍ കിഷ്ത്‌വാര്‍ റോഡിനെക്കുറിച്ച് അറിഞ്ഞത്. മനോഹരമായ പുഴകളും താഴ്‌വരയുമാണ് എന്നു മാത്രമേ അപ്പോൾ മനസ്സിലാക്കിയുള്ളൂ. ഡല്‍ഹിയില്‍ നിന്ന് ‘ടിയാഗോ’ കാർ വാടകയ്ക്ക് എടുത്തു. യാത്ര എളുപ്പമാക്കാനായി ഡ്രൈവറേയും ഏർപ്പാടാക്കി. ആദ്യത്തെ രണ്ടു ദിവസം കുണ്ടും കുഴിയും കല്ലുകളും നിറഞ്ഞ പാതയിലൂടെ ഓടിയപ്പോഴേയ്ക്കും ടിയാഗോ കിതച്ചു. പക്ഷേ, അത്രയും ദൂരം പിന്നിലേക്കു യാത്ര ചെയ്യുക സാധ്യമല്ലാത്തതിനാൽ അതേ കാറിൽ യാത്ര തുടർന്നു.

യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഫോട്ടോ സഹിതം വഴിയോരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘മരണം നിങ്ങളുടെ തൊട്ടുമുന്നില്‍, കൂടെയുണ്ട് – ജാഗ്രത’... ഇതു വായിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുമ്പോൾ നെഞ്ചിടിപ്പു കൂടി. വഴിയോരത്ത് കടകൾ ഇല്ല. ഭക്ഷണ സാധനങ്ങളും അരിയും പാലും സ്റ്റൗവും കെറ്റിലും നേരത്തേ വാഹനത്തിൽ കരുതിയിരുന്നത് ആശ്വാസമായി. കുറേ ദൂരം താണ്ടിയപ്പോൾ ഭക്ഷണം പാകം ചെയ്യാനായി അരുവിയുടെ സമീപത്തു കാർ നിർത്തി. പാറയിൽ നിന്നു നുരഞ്ഞൊഴുകിയ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കിയത്.

ഭക്ഷണത്തിനു ശേഷം കാറിലിരുന്നപ്പോൾ എത്തിച്ചേരാനുള്ള ദൂരത്തിന്റെയും കാണാൻ പോകുന്ന സ്ഥലത്തിന്റെയും ചരിത്രം ചികഞ്ഞു. ജമ്മുവിലെ കിഷ്ത് വാര്‍ ജില്ലയുടെ കിഴക്കേ അറ്റത്താണ് കില്ലര്‍ കിഷ്ത്‌വാര്‍ റോഡ്. ദൈർഘ്യം 114 കിലോമീറ്റർ.ഹിമാചലിലെ സ്പിതി, ലാഹോള്‍ ജില്ലകളിലെ കില്ലാര്‍ എന്ന സ്ഥലത്താണ് റോഡ് ആരംഭിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 8,280അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണു സ്പിതി. അവിടം മുതൽ ജമ്മുവിലെ കിഷ്ത് വാര്‍ ജില്ലയിലെ കിഷ്ത് വാർ വരെ നീണ്ടു കിടക്കുന്നു സാഹസിക പാത. ചെനാബ് നദിയുടെ തീരത്തുകൂടി കടന്നു പോകുന്ന ദേശീയപാത 26ന്റെ ഭാഗമാണ് റോഡ്.

അടിവാരത്തുള്ള ഗ്രാമങ്ങൾ റോഡിൽ നിന്ന് രണ്ടായിരം അടി താഴ്‌ചയിലാണ്. പാതയ്ക്ക് കൈവരി (ഗാർഡ് റെയിൽ) നിർമിച്ചിട്ടില്ല.കിഴുക്കാംതൂക്കായി നിൽക്കുന്ന പാറകളുടെ സമീപത്തുകൂടി കടന്നു പോകുന്ന സഞ്ചാരികളുടെ നെഞ്ചിടിപ്പിന്റെ കനംപറഞ്ഞറിയിക്കാനാവില്ല.

കിഷ്ത്‌വാര്‍ കൈലാസ് എന്ന പര്‍വതനിരയുടെ ബേസ് ക്യാംപിലേക്കുള്ള പ്രധാന കവാടമാണ് ഈ റോഡ്. മണാലിയില്‍ നിന്നുള്ള റൊഥാങ് പാസിലൂടെ ചെനാബ് വാലിയിൽ എത്തിയ ശേഷം ദര്‍ലങ് വാലി പിന്നീടാണ് പര്‍വതത്തിന്റെ അടിവാരത്ത്ചെല്ലുക. മലയുടെ മുകളിലേക്കുള്ള പാതയിൽ ഓക്സിജൻ അളവ് കുറവാണ്. മുകളിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള അൻപത് കിലോമീറ്റർ യാത്ര ദുഷകരമെന്നു പറയാതെ വയ്യ.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com