ADVERTISEMENT

‘‘മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്. അതൊന്നും കാണാതെ ഈ ഭൂമി വിട്ടു പോകുക എന്നത് എനിക്ക് സങ്കൽപിക്കാൻ പോലുമാകില്ല. പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക– എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമാണിത്’’. നർത്തകിയും റിയാലിറ്റി ഷോ ജേതാവുമായ ദിൽഷ പ്രസന്നൻ യാത്രകളെക്കുറിച്ച് പറയുമ്പോൾ ആവേശഭരിതയാകും.

dilsha-prasanann4
Image Source: Dilsha Prasannan/Instagram

യാത്രകൾക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ദില്‍ഷ കൂടുതൽ യാത്രകൾക്കായുള്ള ഒരുക്കത്തിലാണിപ്പോൾ. പ്രിയപ്പെട്ടതും മറക്കാനാവാത്തതുമായ യാത്രകളെക്കുറിച്ചും അവ നൽകിയ അനുഭവങ്ങളെക്കുറിച്ചും ദിൽഷ മനോരമ ഓൺലൈൻ വായനക്കാരുമായി സംസാരിക്കുന്നു.

∙ യാത്രകളോട് പ്രണയം

യാത്രകളോട് എന്നും പ്രണയമാണ്. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും യാത്രകൾ നടത്താറുണ്ട്. ഞാനൊരു റൈഡർ ആണ്. വീട്ടിലൊരു ഹിമാലയൻ ബൈക്കുണ്ട്. ജോലി ചെയ്തിരുന്ന ബെംഗളൂരുവിൽനിന്ന് സ്വദേശമായ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകൾ അതിലായിരുന്നു.

dilsha-prasanann22
Image Source: Dilsha Prasannan/Instagram

ഞാനും അനിയത്തിയും ചേർന്ന് ബൈക്കില്‍ ഒരു ഉത്തരേന്ത്യൻ ട്രിപ്പിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ആ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. അതോടെ ആ ആഗ്രഹം നീണ്ടു പോയി. എങ്കിലും വൈകാതെ അതു സാധിക്കുമെന്നാണ് പ്രതീക്ഷ. കുടുംബസമേതം നടത്തുന്ന യാത്രകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

അതിനായി ഇടയ്ക്കിടെ സമയം മാറ്റിവയ്ക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണം. കാരണം നല്ല കുറേ നിമിഷങ്ങളും മനോഹരമായ ഓർമകളും അത്തരം യാത്രകൾ സമ്മാനിക്കും. ജീവിതത്തിൽ സൂക്ഷിച്ചു വയ്ക്കാൻ നമുക്ക് അതൊക്കെയല്ലേ ഉണ്ടാകൂ.

dilsha-prasanann7
Image Source: Dilsha Prasannan/Instagram

∙ കശ്മീർ എന്ന സ്വർഗം

ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന സമയത്ത് രണ്ടാഴ്ച ലീവ് എടുത്തു നോർത്തിന്ത്യൻ ട്രിപ് പോയിരുന്നു. അനിയത്തിയും എന്റെ ഒരു സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, കശ്മീർ എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. കശ്മീര്‍ എന്റെ ഹൃദയം കീഴടക്കി. ഭൂമിയിലെ സ്വർഗമാണ് കശ്മീർ എന്നു തോന്നിപ്പോയി. അത്രയേറെ മനോഹരമാണ് അവിടം. 

‌ഗുൽമാര്‍ഗിലാണ് ഒരു ദിവസം ചെലവഴിച്ചത്.‌ കൂടുതൽ ദിവസം അവിടെ നിൽക്കാൻ തോന്നി. പക്ഷേ ലീവ് ഉണ്ടായിരുന്നില്ല. അവിടെയുള്ള തടാകങ്ങൾ എല്ലാമൊന്നും കാണാനായില്ല. വളരെ ദുഃഖത്തോടെയാണ് മടങ്ങിയത്. രണ്ടോ മൂന്നോ ദിവസം നിൽക്കാൻ സാധിക്കുന്ന രീതിയിൽ വീണ്ടും പോകണമെന്ന് അന്ന് മനസ്സിലുറപ്പിച്ചു.

dilsha-prasanann9
Image Source: Dilsha Prasannan/Instagram

അച്ഛനെയും അമ്മയെയും ഒരിക്കൽ അവിടേക്ക് കൊണ്ടു പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. തണുപ്പ് പറ്റാത്തതു കൊണ്ട് അമ്മ പെട്ടെന്നൊന്നും സമ്മതിക്കില്ല. പക്ഷേ ആ സൗന്ദര്യം അവരും ആസ്വദിക്കണം. ഇല്ലെങ്കിൽ ജീവിതത്തിലെ വലിയ നഷ്ടമാകും.

∙ സ്വർഗമാണ് പക്ഷേ

കശ്മീർ യാത്രയിൽ വളരെയേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. റിപ്പബ്ലിക് ദിനത്തിലാണ് കശ്മീരിൽ എത്തിയത്. അവിടമാകെ കനത്ത സുരക്ഷയായിരുന്നു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. വാഹനമൊന്നും ബുക്ക് ചെയ്യാനാവില്ല. ടൂറിസ്റ്റുകൾക്ക് കടുത്ത നിയന്ത്രണം  ഉണ്ടായിരുന്നു. എല്ലായിടത്തും പൊലീസുകാർ. ഒരുപാട് ദൂരം നടപ്പോഴാണ് ഓട്ടോറിക്ഷ കിട്ടിയത്. ഒരുപാട് അപേക്ഷിച്ചപ്പോഴാണ് ഡ്രൈവർ യാത്രയ്ക്ക് സമ്മതിച്ചത്.

ഇടയ്ക്കിടെ പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. ആളുകൾ പുറത്തിറങ്ങുന്നില്ല. കടകളൊന്നും തുറന്നിട്ടില്ല. സത്യത്തിൽ പകച്ചു പോയി. വല്ലാതെ ഭയപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇനി കശ്മീരിലേക്ക് വരില്ല എന്നാണ് അപ്പോൾ മനസ്സില്‍ തീരുമാനിച്ചത്. പക്ഷേ പിറ്റേന്ന് ഗുൽമാർഗിൽ എത്തിയപ്പോഴാണ് ഭൂമിയിലെ സ്വർഗമാണ് കശ്മീരെന്നു തിരിച്ചറിഞ്ഞത്. അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം അതോടെ മറന്നു. അവിടെനിന്നു തിരിച്ചു പോകണമല്ലോ എന്നതായിരുന്നു പിന്നീടുള്ള വിഷമം. 

dilsha-prasanann3
Image Source: Dilsha Prasannan/Instagram

∙ ആദ്യം ഇന്ത്യ, പിന്നെ ലോകം

ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങി വിവിധ വിദേശരാജ്യങ്ങളിൽ ഷോ ചെയ്യാനായി പോയിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം മനോഹരമായിരുന്നു. എല്ലായിടത്തും ഹൃദയത്തിൽ തൊടുന്ന കാഴ്ചകളുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ യാത്രയിൽ ലഡാക്കിൽ പോകണം എന്ന് ആഗ്രഹിച്ചിരുന്നു. 

dilsha-prasanann2
Image Source: Dilsha Prasannan/Instagram

എന്നാൽ അപ്രതീക്ഷിതമായി നേരിട്ട തടസങ്ങൾ കാരണം അതു മാറ്റി വച്ചു. ലഡാക്കിൽ പോകണം എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. പിന്നെയും ഒരുപാട് സ്ഥലങ്ങൾ മനസ്സിലുണ്ട്. നമ്മുടെ രാജ്യം കാഴ്ചകളുടെ ഒരു കലവറ ആണല്ലോ. അതെല്ലാം കാണണം. ഹിമാലയം, കൈലാസം... ആ പട്ടിക അങ്ങനെ നീളും. യാത്രകൾ തുടരും.

English Summary: Memorable Travel Experience by Dilsha Prasanann

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com